ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍കൊണ്ടും സാംസ്കാരിക വൈവിധ്യങ്ങള്‍കൊണ്ടും ടൂറിസം ഭൂപടത്തില്‍ സ്വന്തമായി ഒരിടം നേടിയിട്ടുള്ള നാടാണ് ഗുജറാത്ത്. അറബിക്കടലിന്റെ സൗന്ദര്യം പടര്‍ന്നുകിടക്കുന്ന ബീച്ചുകള്‍, പ്രകൃതി രമണീയത തുടിക്കുന്ന മലനിരകള്‍, സിംഹ സാന്നിധ്യമുള്ള ഗിര്‍ വനം, മഹാത്മാഗാന്ധിയുടെ സാന്നിധ്യം, ബുദ്ധ സര്‍ക്യൂട്ട്, നവരാത്രി, പട്ടം പറത്തല്‍, റാന്‍ ഓഫ് കച്ച് തുടങ്ങി നിരവധി കാഴ്ചാവിസ്മയങ്ങള്‍ ഗുജറാത്തിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നു. ടൂറിസം സാധ്യതകളെ വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ശ്രമങ്ങള്‍ ഗുജറാത്തിലെ ടൂറിസം മേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ടൂറിസം വികസനത്തിനായി അഞ്ച് വര്‍ഷത്തെ പദ്ധതി 2015-ല്‍ സര്‍ക്കാര്‍ തയ്യാറാക്കി. 2020 ആകുമ്പോഴേക്കും ഗുജറാത്ത് ടൂറിസത്തിന്റെ മുഖം മാറ്റുന്ന പദ്ധതിയാണിത്. അതിന്റെ ഗുണഫലങ്ങള്‍ പ്രതിഫലിച്ചുതുടങ്ങി.
കഴിഞ്ഞ വര്‍ഷം 4.5 കോടി പേരാണ് ഗുജറാത്ത് കാണാന്‍ എത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനം വര്‍ധന. അവരില്‍ 98 ശതമാനം ആഭ്യന്തര ടൂറിസ്റ്റുകളും രണ്ട് ശതമാനം വിദേശസഞ്ചാരികളുമാണ്. വിദേശ വിനോദ സഞ്ചാരികളുടെ എണ്ണവും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിച്ചു. ടുറിസം പ്രചാരണത്തിന് വിവര സാങ്കേതിക വിദ്യയുടെ പരമാവധി ഉപയോഗം ഉറപ്പുവരുത്തും. ഇന്ത്യയിലെത്തുന്ന സഞ്ചാരികള്‍ക്ക് വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാനും യാത്രാ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ സഹായിക്കാനും സമൂഹമാധ്യമങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കും. നിലവിലുള്ള സൗകര്യങ്ങള്‍ നവീകരിക്കുകയും, പുതിയ ടൂറിസം ആശയങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുകയാണ്. ടൂറിസ്റ്റുകള്‍ക്ക് വലിയ മ്യൂസിയങ്ങള്‍, പ്രദര്‍ശനങ്ങള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. 2015-20 ലെ സംസ്ഥാന ടൂറിസം നയം വന്‍ വിജയമാണ്. ഇതുവരെ 9000 കോടി വിലമതിക്കുന്ന ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ തുടങ്ങിയ വ്യത്യസ്ത ടൂറിസം പദ്ധതികള്‍ക്കായി 220 അപേക്ഷകള്‍ നിലവിലുണ്ട്. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ ആഭ്യന്തര ടൂറിസ്റ്റുകള്‍ക്കും വിദേശ ടൂറിസ്റ്റുകള്‍ക്കും മികച്ച അടിസ്ഥാന സൗകര്യം നല്‍കും.
സിന്ധു നദീതട സംസ്കാരത്തിന്റെ കളിത്തൊട്ടിലായ ഗുജറാത്ത് ചരിത്രത്തിലുടനീളം സുപ്രധാനമായ സാംസ്കാരിക സാമ്പത്തിക കേന്ദ്രമായിരുന്നു. സിന്ധു നദീതട സംസ്കാരം പ്രദര്‍ശിപ്പിക്കുന്ന രണ്ട് കേന്ദ്രങ്ങള്‍ ഗുജറാത്തിലുണ്ട്. ഒന്ന് കച്ചിലും മറ്റൊന്ന് അഹമ്മദാബാദില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ലോത്തലിലും. ഇവിടെയുള്ള മ്യൂസിയങ്ങള്‍ വിപുലീകരിക്കും. ആ കാലഘട്ടത്തിലെ കരകൗശല അവശിഷ്ടങ്ങളും മറ്റ് സാംസ്കാരിക പ്രതീകങ്ങളും പ്രദര്‍ശിപ്പിക്കുന്നതിന് ഒരു ദേശീയ മാരിടൈം ഹെറിറ്റേജ് കോംപ്ലക്സ് കൊണ്ടുവരും. ഗുജറാത്തി സംസ്കാരത്തിന്റെ തനിമ തെളിഞ്ഞു കാണുന്ന രാസ്, ഗര്‍ബ തുടങ്ങിയ ആഘോഷങ്ങള്‍ ഗുജറാത്തിനെ അടുത്തറിയാന്‍ സഹായിക്കും. ഗുജറാത്തിലെ പരമ്പരാഗത കൈത്തറി വസ്ത്രങ്ങള്‍ക്ക് ടൂറിസ്റ്റുകള്‍ക്കിടയില്‍ ആവശ്യക്കാരേറെയാണ്. ഗുജറാത്തികള്‍ ഉപയോഗിക്കുന്ന തലപ്പാവിനും കുപ്പായങ്ങള്‍ക്കുമാണ് സഞ്ചാരികള്‍ക്കിടയില്‍ പ്രിയം കൂടുതല്‍. ചിത്രപ്പണികളോടുകൂടിയ ചോളികള്‍, പത്താനിലെ പടോല സാരികള്‍ എന്നിവയ്ക്കും ആവശ്യക്കാര്‍ ധാരാളമുണ്ട്.തീര്‍ത്ഥാടനകേന്ദ്രങ്ങളുടെ കാര്യത്തിലും ഗുജറാത്ത് സമ്പന്നമാണ്. മതത്തിന്റേയും പുരാണങ്ങളുടെയും ചരിത്രത്തില്‍നിന്നും ഒഴിച്ചുനിര്‍ത്താനാകാത്ത ദ്വാരകയും സോമനാഥും. അംബാജി ക്ഷേത്രവും ഗിര്‍നാര്‍ കുന്നുകളിലെ ഹിന്ദു – ജൈന ക്ഷേത്രങ്ങളും തീര്‍ത്ഥാടക ഭൂപടത്തില്‍ അനിഷേധ്യമായ സ്ഥാനം രേഖപ്പെടുത്തിയിട്ടുള്ള പുണ്യസ്ഥലങ്ങളാണ്. സനാ ജില്ലയിലെ മൊധേറയിലെ സൂര്യക്ഷേത്രം ഇതിനകം കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശ് ദര്ശന് പദ്ധതിയിലാണ്. ഇത് വിപുലീകരിക്കുന്നതിനായി, സൗരാധിഷ്ഠിത സ്വയം-സുസ്ഥിരയൂണിറ്റായ മോധേറ ഗ്രാമം നിര്‍മ്മിക്കാന്‍ പദ്ധതിയിടുകയാണ്. സൂര്യക്ഷേത്രത്തെ ലോകോത്തര വിനോദ സഞ്ചാര കേന്ദ്രമാക്കാന്‍ ആഗ്രഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: