തൊഴിലില്ലായ്മ രൂക്ഷമായ സംസ്ഥാനങ്ങളില്‍ മുന്‍പന്തിയിലാണ് കേരളം. വിദ്യാഭ്യാസവും കഴിവുമുള്ള യുവജനങ്ങളാല്‍ സമ്പുഷ്ടമായ ഈ സംസ്ഥാനം പക്ഷേ, അവര്‍ക്ക് അര്‍ഹതപ്പെട്ട സ്ഥാനം കൊടുക്കുന്നതില്‍ എന്നും പിന്നാക്കമാണ്. അതുകൊണ്ടു തന്നെയാവാം പ്രവാസികളില്‍ ബഹുഭൂരിപക്ഷവും ചെറുപ്പക്കാരാവുന്നതും. ഇത്തരമൊരവസ്ഥ എങ്ങനെയുണ്ടാവുന്നു എന്നതിനെക്കുറിച്ച് കൂലങ്കഷമായ ചര്‍ച്ച നടത്തിയേ മതിയാവൂ. അതിനെതുടര്‍ന്ന് സാധ്യമായ നടപടികള്‍ സ്വീകരിക്കുകയും വേണം. എന്നാല്‍ അത്തരം നടപടിക്രമങ്ങളിലേക്ക് കടക്കാന്‍ ബന്ധപ്പെട്ടവര്‍ തുനിയുന്നില്ലെന്നതോ പോകട്ടെ തികച്ചും മനുഷ്യത്വ രഹിതമായ നടപടികളാണ് സ്വീകരിക്കുന്നതും.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ അവസരമുള്ള രണ്ട് സ്ഥാപനങ്ങളാണ് കെഎസ്ആര്‍ടിസിയും വൈദ്യുതി ബോര്‍ഡും. കാലാകാലങ്ങളില്‍ അധികാരത്തില്‍ വരുന്നവര്‍ പല തരത്തില്‍ കൈയിട്ടുവാരുന്ന സ്ഥാപനങ്ങളാണ് ഇവ. ഇരു സ്ഥാപനങ്ങളിലും നിലവില്‍ ഒട്ടേറെ ഒഴിവുകളാണുള്ളത്. കെഎസ്ആര്‍ടിസി പൊതുവെ ദുര്‍ബലാവസ്ഥയിലാണെന്ന് ചൂണ്ടിക്കാണിച്ച് ജോലിയ്ക്ക് അഡൈ്വസ് മെമ്മോ ലഭിച്ച നാലായിരത്തോളം പേരെ അവഗണിച്ചിരിക്കുകയാണ്. ഇവരില്‍ പലരും പ്രായപരിധി കഴിയാനിരിക്കുന്നവരും കഴിഞ്ഞവരുമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഇത്തരക്കാരുടെ ഭാവി അനിശ്ചിതത്വത്തിലാവുമെന്ന് ഉറപ്പ്. കെഎസ്ആര്‍ടിസിയുടെ ചുവട് പിടിച്ച് വൈദ്യുതി ബോര്‍ഡും രംഗത്തെത്തിയിരിക്കുകയാണ്.
വൈദ്യുതി ബോര്‍ഡില്‍ ചെലവുചുരുക്കലിന്റെ ഭാഗമായാണ് നിയമന നിരോധനം നടപ്പാക്കിയിരിക്കുന്നത്. മീറ്റര്‍ റീഡര്‍, മസ്ദൂര്‍, അസി. എന്‍ജിനീയര്‍ തസ്തികകളില്‍ ഏതാണ്ട് 1247 ഒഴിവുകളാണുള്ളത്. ഈ അവസരത്തില്‍ പുതിയ നിയമന ശുപാര്‍ശകള്‍ നീട്ടിവെക്കാന്‍ വൈദ്യുതി ബോര്‍ഡ് പിഎസ്സിയോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. കെഎസ്ആര്‍ടിസിക്കും, വൈദ്യുതി ബോര്‍ഡിനും എളുപ്പത്തില്‍ ചെയ്യാവുന്നതാണ് ഇത്തരം അഭ്യര്‍ത്ഥനകള്‍.
എന്നാല്‍ ധൂര്‍ത്തും വഴിവിട്ട നടപടിക്രമങ്ങളും ഒഴിവാക്കി കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനോ ജനസേവനം ചെയ്യാനോ ഇവര്‍ തയ്യാറാവുകയില്ല. എങ്ങനെ കൈയിട്ടുവാരി തടിച്ചുകൊഴുക്കാം എന്നു ചിന്തിക്കുന്നവരുടെ കൂട്ടായ്മയാണ് ഇരു സ്ഥാപനങ്ങളിലുമുള്ളത്. അതുകൊണ്ടുതന്നെ തൊഴിലിനായി അലയുന്ന യുവജനങ്ങളെ അവര്‍ കാണുകയേയില്ല.
യുവാക്കളുടെ കഴിവും കരുത്തും കണ്ടറിയുന്ന സര്‍ക്കാരാണ് ഭരിക്കുന്നതെന്ന് ആവേശം കൊള്ളുന്ന രാഷ്ട്രീയ കക്ഷി തന്നെയാണ് ഇതിന് പരിഹാരം കാണേണ്ടത്. നിയമന നിരോധനം ഏര്‍പ്പെടുത്തിയതിന്റെ പിന്നാമ്പുറത്തെന്താണുള്ളതെന്ന് അന്വേഷിക്കുകയും ഉചിതമായ നടപടികള്‍ സ്വീകരിക്കുകയും വേണം. യുവജനങ്ങളെ പെരുവഴിയിലാക്കുന്ന സമീപനം സ്വീകരിക്കുന്നത് ആത്മഹത്യാപരമാണെന്ന് തിരിച്ചറിയണം.
ജോലിയും കൂലിയും ഇല്ലാത്ത ചെറുപ്പക്കാരെ സാമൂഹിക ദ്രോഹ ശക്തികള്‍ സ്വാധീനിച്ച് അപകടകരമായ മേഖലകളിലേക്ക് തള്ളിവിടും. അവിടെ നിന്ന് അവരെ നേര്‍വഴിയിലേക്ക് കൊണ്ടുവരാന്‍ പിന്നീട് ഏറെ പ്രയാസപ്പെടേണ്ടിവരും. അതിന് ഇടവെക്കാത്തതല്ലേ നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: