മല്‍സ്യം, കുപ്പിവെള്ളം, പാല്, ഇപ്പോള്‍ വെളിച്ചെണ്ണയും. മായവും വിഷവും ഇല്ലാത്തതൊന്നും മലയാളികള്‍ക്കു വിധിച്ചിട്ടില്ലെന്ന അവസ്ഥയായിരിക്കുന്നു. ഇനി എന്തൊക്കെയാണു വരാനിരിക്കുന്നതെന്ന് വന്നാലേ അറിയൂ. ശ്വസിക്കുന്ന വായുവും ദാഹമകറ്റാനുള്ള വെള്ളവും വരെ മായത്തില്‍ മുങ്ങിയ നാടിനെക്കുറിച്ച് എന്തു പറയാന്‍? കേരളത്തില്‍ ഏറ്റവും ലാഭകരമായ വ്യവസായം ചികില്സയാണെന്ന വിലയിരുത്തലില്‍ ഒട്ടും അപാകതയില്ല. അനാരോഗ്യം വിലയ്ക്കു വാങ്ങുന്നതില്‍ നമ്മള് മുന്‍പന്തിയിലായിരിക്കുന്നു. നിലവാരമില്ലാത്തതിന്റെ പേരില്‍ 51 ബ്രാന്‍ഡ് വെളിച്ചെണ്ണകൂടി ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചതോടെ സംസ്ഥാനത്തു നിരോധിക്കപ്പെട്ട ബ്രാന്‍ഡുകള്‍ 96 ആയി. സര്‍ക്കാര്‍ ബ്രാന്‍ഡ് ആയ കേരയോടു സാമ്യമുള്ള പേരുകള്‍ ഉപയോഗിച്ചു നാട്ടുകാരെ വിഢ്ഢികളാക്കി മുതലെടുപ്പു നടത്തി വരികയായിരുന്നു ചിലര്‍ എന്ന് അര്‍ഥം. മരുഭൂമിയില്‍ മണല്‍ കച്ചവടം നടത്തുന്നതു പോലെയാണ് നാളികേരത്തിന്റെ നാട്ടില്‍ വെളിച്ചെണ്ണ മായം കലര്ത്തിവിറ്റു കാശാക്കുന്നത്. വെളിച്ചെണ്ണയ്ക്കു ബ്രാന്‍ഡ് രജിസ്ട്രേഷന് നിര്‍ബന്ധമാക്കി ഇതിനെ ചെറുക്കാനുള്ള നീക്കം സ്വാഗതാര്‍ഹം തന്നെ. പക്ഷേ, പഴുതുകള്‍ കൃത്യമായി അടയ്ക്കാനുള്ള സംവിധാനം കൂടി കണ്ടെത്തേണ്ടിയിരിക്കുന്നു. നിയമങ്ങള്‍ ലംഘിക്കാനുള്ളതാണ് എന്ന പൊതുധാരണ മാറണമെങ്കില്‍ നടപടികള്‍ ശക്തമാവുക തന്നെ വേണം.
എന്തിന്റെ പേരിലാണ് നമുക്ക് ഈ വിധിവരുന്നത് എന്നു പൊതുജനം തുറന്നു ചിന്തിക്കേണ്ട കാലമായി. അവനവന്റെ രക്ഷയ്ക്ക് അവനവന് തന്നെ എന്ന നിലയിലേക്കാണല്ലോ കാര്യങ്ങളുടെ പോക്ക്. സംസ്ഥാനത്ത് നെടുനീളത്തില്‍ കടല്ത്തീരമുണ്ടായിട്ടും നമുക്കു കിട്ടുന്നതു വിഷം കലര്‍ന്ന മല്‍സ്യം. തെങ്ങിന്റെ നാടായിട്ടും വെളിച്ചെണ്ണയിലും കരിക്കില്‍ പോലും വ്യാജന്. മഴയുടേയും ദൈവത്തിന്റെയും നാടായിട്ടും കുടിക്കാന്‍ നല്ല വെള്ളമില്ല. സമൃദ്ധമായ പച്ചപ്പും പുല്‍മേടുകളും നെല്‍പ്പാടങ്ങളും ഉണ്ടായിരുന്ന നാട്ടില്‍ പശുക്കളില്ലാതാകുന്നു, നല്ല പാല് കിട്ടാനില്ലാതാകുന്നു. അനുഗ്രഹിച്ചു കിട്ടിയ സമ്പത്ത് ഉപയോഗപ്പെടുത്താന്‍ അറിയാത്ത നമ്മുടെ പിടിപ്പുകേടിന് ഭരണ സംവിധാനവും കൂട്ടായി. ഇതു രണ്ടിന്റെയും മറവിലാണു വ്യാജന്മാര് തഴച്ചുവളരുന്നത്.
ഓരോ വീട്ടിലും ഒരു തെങ്ങെങ്കിലും ഉണ്ടായിരുന്ന ഒരു കാലം കേരളത്തിനുണ്ടായിരുന്നു. മലയാളിയുടെ ആരോഗ്യ രഹസ്യങ്ങളില്‍ ഒന്ന് കല്പവൃക്ഷമായ തെങ്ങും അതില്‍നിന്നുള്ള ഉല്‍പ്പന്നങ്ങളുമായിരുന്നു താനും. കാലാകാലങ്ങളിലെ സര്‍ക്കാരിന്റെ ദര്ഘവീക്ഷണവും യാഥാര്‍ഥ്യബോധവും ഇല്ലാത്ത കൃഷിപരിഷ്കാരങ്ങളും ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണമായിട്ടുണ്ടാകാം. എങ്കിലും ജനസമൂഹത്തിന്റെ ചിന്താഗതിയും സമീപനവും അതിനു സഹായകമാവുന്നുണ്ട്. എന്തും വിലകൊടുത്തു വാങ്ങാമെന്ന ചിന്തയില്‍നിന്നാണ് നാണ്യവിളകളോടുള്ള അമിതമായ സ്നേഹം ഉടലെടുക്കുന്നത്. ആ ഭ്രമം പിന്നീടു കൃഷിവിട്ടു മണ്ണും മണലും അടക്കം വില്‍ക്കുന്നതിലേക്കു കടന്നു. കൃഷിയുടെ അടിത്തറ തകര്‍ന്നപ്പോള്‍ മറ്റുള്ളവര്‍ക്കു വഞ്ചിച്ചു മുതലെടുക്കാനുള്ള ഒരു വിഭാഗമായി നാം നിന്നുകൊടുത്തു. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്ക് യാഥാര്‍ഥ്യബോധമോ ദീര്‍ഘവീക്ഷണമോ ഇല്ലായ്മ തുടരുന്നിടത്തോളം പരിഹാരം ജനങ്ങളില്‍ നിന്നു തന്നെ ഉണ്ടാകേണ്ടിയിരിക്കുന്നു. തെങ്ങുവേണം, നാളികേരം വേണം, പച്ചക്കറികള്‍ വേണം, പാല് വേണം, ശുദ്ധജലം വേണം.
മുന്‍പ് കൊളസ്ട്രോളിന്റെ പേരില്‍ വെളിച്ചെണ്ണയെ പ്രതിയാക്കി അകറ്റിനിര്‍ത്താനും ആ സ്ഥാനത്തേക്ക് പാമോലിനേയും സൂര്യകാന്തി എണ്ണയേയുമൊക്കെ കൊണ്ടുവരാനും ഗൂഢശ്രമം നടന്നിരുന്നതായി ആരോപണമുണ്ടായിരുന്നു. വെളിച്ചെണ്ണയെ അതു കാര്യമായി ബാധിക്കുകയും ചെയ്തിരുന്നു. വടക്കേ ഇന്ത്യന്‍ ലോബിയുടെ കളിയാണ് അതെന്നാണ് അന്ന് കേട്ടിരുന്നത്. വെളിച്ചെണ്ണയ്ക്ക് ഈ പറയുന്ന കുഴപ്പമൊന്നുമില്ലെന്നു പിന്നാലെ വിശദീകരണവും വന്നു. ഇന്നിപ്പോള്‍ കേരളത്തിന്റെ ഉല്‍പ്പന്നമായിരുന്ന വെളിച്ചെണ്ണ നമുക്കുതന്നെ മായം കലര്‍ത്തി വിറ്റ് മറ്റുള്ളവര്‍ ലാഭം കൊയ്യുന്ന സ്ഥിതി വന്നിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: