സംസ്ഥാനത്തെ 14 സര്‍ക്കാര്‍ നഴ്സിംഗ് സ്കൂളുകളിലും കൊല്ലം ആശ്രാമത്തെ പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കുള്ള നഴ്സിംഗ് സ്കൂളിലും പ്രതിമാസം 700 രൂപ സ്റ്റൈപ്പന്റോടെ ജനറല്‍ നഴ്സിംഗ് ആന്റ് മിഡ്വൈഫറി കോഴ്സ് പഠിക്കാന്‍ അവസരം. ഒക്ടോബര്‍ മാസത്തിലാരംഭിക്കുന്ന കോഴ്സില്‍ പ്രവേശനത്തിന് ജൂലൈ 21 വരെ അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷാഫോറവും പ്രോസ്പെക്ടസും www.dhskerala.gov.in- ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
പൂരിപ്പിച്ച അപേക്ഷകള്‍ അതത് ജില്ലയിലുള്ള ഗവണ്മെന്റ് നഴ്സിംഗ് സ്കൂള്‍ പ്രിന്‍സിപ്പലിന് ജൂലൈ 21 ന് മുമ്പായി സമര്‍പ്പിക്കണം. അപേക്ഷാ ഫീസ് 250 രൂപയാണ്. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 75 രൂപ മതി. കൊല്ലം ആശ്രാമത്തെ പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കായുള്ള സ്കൂളിലേക്ക് പ്രത്യേകം അപേക്ഷിക്കേണ്ടതാണ്. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രോസ്പെക്ടസിലുണ്ട്. 20% സീറ്റുകളില്‍ ആണ്‍കുട്ടികളെ പ്രവേശിപ്പിക്കും.
ആകെ 365 സീറ്റുകള്‍. ഓരോ ജില്ലയ്ക്കും ലഭ്യമായ സീറ്റുകള്‍- തിരുവനന്തപുരം-28, കൊല്ലം-25, പത്തനംതിട്ട-20, ആലപ്പുഴ-23, ഇടുക്കി-20, കോട്ടയം-20, എറണാകുളം-30, തൃശൂര്‍-28, പാലക്കാട്-25, മലപ്പുറം-26, കോഴിക്കോട്-50, വയനാട്-20, കണ്ണൂര്‍-30, കാസര്‍കോഡ്-20. കൊല്ലം ആശ്രാമം-20. ഓരോ ജില്ലയിലും ലഭ്യമായ സീറ്റുകളില്‍ 60% മെരിറ്റിലും 40% സംവരണചട്ടങ്ങള്‍ പാലിച്ചും പ്രവേശനം നല്‍കും.
അപേക്ഷകര്‍ക്ക് 2018 ഡിസംബര്‍ 31 ന് 17 വയസ്സ്തികയണം. 27 വയസ്സ് കവിയരുത്. ഒബിസികാര്‍ക്ക് 3 വര്‍ഷവും എസ്സി/എസ്ടിക്കാര്‍ക്ക് 5 വര്‍ഷവും പ്രായപരിധിയില്‍ ഇളവുണ്ട്. പട്ടികജാതിയില്‍നിന്നും മതപരിവര്‍ത്തനം ചെയ്തിട്ടുള്ളവര്‍ക്കും സന്താനങ്ങള്‍ക്കും 5 വര്‍ഷത്തെ വയസ്സിളവ് ലഭിക്കും.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളോടെ പ്ലസ്ടു/തത്തുല്യ പരീക്ഷ 40% മാര്‍ക്കില്‍ കുറയാതെ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. എസ്സി/എസ്ടിക്കാര്‍ക്ക് മിനിമം പാസ്മാര്‍ക്ക് മതി.
സീറ്റുകള്‍: ഗവണ്മെന്റ് നഴ്സിംഗ് സ്കൂളുകള്‍ തിരുവനന്തപുരം (ജനറല്‍ ആശുപത്രിക്ക് സമീപം), കൊല്ലം, പത്തനംതിട്ട (ഇലന്തൂര്‍), ഇടുക്കി (മുട്ടം), ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം (മഞ്ചേരി), വയനാട് (പനമരം), കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് (കാഞ്ഞങ്ങാട്) എന്നിവിടങ്ങളിലാണുള്ളത്. കൂടുതല്‍ വിവരങ്ങള്‍ www.dhskerala.gov.in ല്‍ പ്രോസ്പെക്ടസിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: