സിനിമാക്കാര് തുമ്മിയാലും ചീറ്റിയാലും മാധ്യമ ആഘോഷമാകുന്നത് മാറിയ ഇന്നത്തെ സാഹചര്യത്തില്‍ നിലവാരത്തകര്‍ച്ചയാണ്. സിനിമാക്കാരുടെ വെള്ളിവെളിച്ചത്തിന്റെ അളിഞ്ഞ പൊങ്ങച്ചത്തിനപ്പുറമാണ് സാധാരണക്കാരന്റെ പോലും നിലയും വിലയും. വഴിപോകുന്നവന് പോലും അറിയാതെ ക്യാമറയില്‍ പതിഞ്ഞാല്‍ പിറ്റേന്നുതന്നെ താരജാഡയില്‍ വിലസാന്‍ നോക്കുംവിധം പക്വതയില്ലാത്ത മലീമസമായൊരു സാംസ്ക്കാരിക പരിസരമുള്ളൊരിടമാണ് ഇന്നു നമ്മുടെ സിനിമ.
സകലവിധ കൊള്ളരുതായ്മകളുടേയും അധാര്‍മികതയുടേയും അനധികൃതങ്ങളുടേയും മാഫിയാ പ്രവര്‍ത്തനമാണ് സിനിമയില്‍ നടക്കുന്നതെന്നു മലയാളിയെ കൂടുതല്‍ മനസിലാക്കിത്തന്നത് അമ്മ എന്നപേരില്‍ അറിയപ്പെടുന്ന സിനിമാ താരങ്ങളുടെ സംഘടന തന്നെയാണ്. ഒരു നീലച്ചിത്രം കാണുംപോലെയാണ് അമ്മയിലെ സംഭവങ്ങള്‍ ആള്ക്കാര് വായിക്കുന്നത്.ഇപ്പോള്‍ വായിച്ചുവായിച്ച് സ്വയം നാറുംപോലെയും തോന്നുന്നുണ്ടവര്ക്ക്. ഇപ്പോള്‍ അമ്മ വിശേഷങ്ങള്‍ വായിക്കുമ്പോഴും വായനക്കാര്‍ക്ക് വേറിട്ടൊന്നും തോന്നാനിടയില്ല. ദിലീപിനെ അമ്മയില്‍ എടുത്താലും ഇല്ലെങ്കിലും ഇവിടെ ആര്‍ക്കാണ് നഷ്ടം.
നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായി നില്ക്കുന്ന ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതിനെതിരെ പൊതു സമൂഹത്തിനു ധാര്‍മികതയുടെ പേരില്‍ കടുത്ത എതിര്‍പ്പുണ്ടാകാം. അഴിമതിക്കാരേയും കൊലപാതകികളേയും ബലാല്സംഘക്കാരേയും എന്തിനേറെ തീവ്രവാദ ബന്ധമുണ്ടെന്നു ആരോപിക്കപ്പെടുന്നവരുപോലും നമ്മുടെ സംസ്ഥാനസര്ക്കാരിലില്ലേ. അല്ലെങ്കില്‍ അത്തരക്കാരെപ്പോലും സര്‍ക്കാര്‍ തിരിച്ചെടുത്തിട്ടില്ലേ പിന്നെന്താണ് ദിലീപിനെ അവരുടെ സംഘടനയില്‍ തിരിച്ചെടുത്താല്‍ എന്നു ചോദിക്കാം. അതു സാങ്കേതികം.അതിനുമേലെയാണ് ധാര്‍മികത. അതുകൊണ്ടാണ് അമ്മയുടെ ദിലീപിനെ തിരിച്ചെടക്കുന്നുവെന്നതിലുള്ള അമര്‍ഷം.
പക്ഷേ നാല് നടിമാര്‍ അമ്മയില്‍ നിന്നും രാജിവെച്ച വാര്‍ത്ത കേരളത്തിന്റെ മഹാസംഭവമായി വാഴ്ത്തുന്നതാണ് മനസിലാകാത്തത്. ദിലീപിനെ തിരിച്ചെടുക്കുന്നതിലെ പ്രതിഷേധത്തിനല്ല നടിമാരുടെ രാജിക്കാണ് പ്രാധാന്യം! ആക്രമിക്കപ്പെട്ട നടിക്കു പിന്തുണ പ്രഖ്യാപിച്ചും നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ചുമാണ് ഇവരുടെ രാജി. അതവരുടെ ഇഷ്ടമെന്നോ ധാര്‍മികതയെന്നോ വിശേഷിപ്പിക്കാം. അതിലുപരി ധീരോദാത്ത വനിതകളെന്നോ സമൂഹമാതൃകയെന്നോ പറയാന്‍ മാത്രം ഇവരെന്താ കേരളത്തിനു വേണ്ടി പുതിയ സ്വാതന്ത്ര്യ സമരം വല്ലതും നടത്തിയോ.
അല്ലെങ്കില്‍ ഇവര്‍ ഓസ്ക്കാര്‍ അവാര്‍ഡുകള്‍ വല്ലതും കൊണ്ടുവന്നോ. അതുമല്ലെങ്കില്‍ കേരളീയ സമൂഹത്തിനുവേണ്ടി വല്ല ത്യാഗവും ഇവര്‍ ചെയ്തോ. അവര്‍ അവരംഗമായ സംഘടനയില്‍ നിന്നും രാജിവെച്ചു. അതേ സംഭവിച്ചുള്ളൂ. ഇനി മലയാളത്തില്‍ അഭിനയിക്കില്ലെന്നു പറഞ്ഞിരുന്നെങ്കില്‍ സമ്മതിക്കാമായിരുന്നു. ഒരു രാജികൊണ്ടു കിട്ടുന്നതാണോ ധീരോദാത്ത ഭാവം .കഷ്ടം!പ്രവര്‍ത്തിക്കുന്ന സംഘടനയില്‍നിന്നും രാജിവെക്കുന്നത് കേരളത്തില്‍ ആദ്യമാണോ. ഈ നാല് നടിമാരും വിദേശങ്ങളില്‍ ഷോകളില്‍ പങ്കെടുത്തുകൊണ്ടാണ് രാജിവെച്ചത്. അത് കേരളത്തില്‍ ആഘോഷവും. കേരളത്തില്‍ നൂറുകണക്കിന് നീറുന്ന പ്രശ്നങ്ങള്‍ ഉള്ളപ്പോഴാണ് നടിമാരുടെ രാജിക്ക് ഹിമാലയന്‍ വിശേഷണം കൊടുക്കുന്നത്.ലജ്ജിക്കണം മലയാളി.
വിവാദങ്ങള്‍ക്കിടയില്‍ നൂണ്ടുകേറി ആളായിക്കൊണ്ടിരിക്കുന്ന ചില എഴുത്തുകാരും സംസ്ക്കാരിക നേതാക്കളും രാഷ്ട്രീയക്കാരുമൊക്കെ ഈ നാല് നടിമാരെ വാഴ്ത്തി സ്വയം മറന്നിരിക്കുന്നതുകാണുമ്പോള് നാണം തോന്നുന്നു. നിപ്പ ബാധിതരെ ശുശ്രൂഷിച്ച് നിപ്പ ബാധിച്ചു മരിച്ച,എന്നെന്നും ജീവത്യാഗത്തിന്റെ ഉദാത്ത മാതൃകയായിത്തീര്‍ന്ന ലിനിയുടെ മഹത് കര്‍മത്തെക്കാളും വലുതാണോ ഈ താരങ്ങളുടെ രാജി. പറക്കമുറ്റാത്ത കുഞ്ഞുങ്ങളേയും സ്നേഹധനനായ ഭര്‍ത്താവിനേയും വിട്ട് ഒരു ഭാര്യയായും അമ്മയായും കുടുംബിനിയായും ഒന്നു ആഹ്ളാദിക്കാന്പോലും കാലം കിട്ടാതെ സഹജീവികള്‍ക്കുവേണ്ടി മരണപ്പെട്ട ആ പെണ്കുട്ടിയെയോര്ത്തു ഇപ്പോഴും കരഞ്ഞു തീര്‍ന്നിട്ടില്ല കേരളം. പ്രമുഖയാകാത്തതുകൊണ്ടാണ്ടാണോ എഴുത്തുകാരായ ഈ എഴുത്തുന്തികള് ലിനിയെക്കുറിച്ച് എഴുതാതിരുന്നത്.ലിനി മരിക്കും മുന്‍പ് തന്റെ ഭര്‍ത്താവിനെഴുതിയ കത്തിലെ നീറുന്ന ഉള്ളടക്കത്തിന്റെ ഏഴയല്പ്പക്കത്തുവരുമോ ഈ എഴുത്തുന്തികളുടെ എഴുത്തിലെ ആത്മാര്‍ഥത.
കേരളത്തില്‍ നിത്യവും അമ്മ പെങ്ങാന്മാര് അപമാനിക്കപ്പെടാറുണ്ട്.അപ്പോഴൊന്നും ഈ പ്രബുദ്ധകേരളം ഇത്രത്തോളം പ്രതികരിച്ചു കണ്ടിട്ടില്ല.പ്രതികരിച്ചാല്‍ തന്നേയും അവരുടെ രാഷ്ട്രീയവും ജാതിയും മതവും വര്‍ണ്ണവും വര്‍ഗവും നോക്കേണ്ടിവരും.പ്രമുഖരും സിനിമാക്കാരുമായപ്പോള് ചിലര്‍ക്ക് സഹിക്കാനാവുന്നില്ല.നാല് സിനിമാക്കാര് രാജിവെച്ചെന്നു കേട്ടപ്പോള്‍ വിജൃംഭിക്കുകയാണ് ആഘോഷം. അമ്മയില്‍ ഏകാധിപത്യമാണെന്നും പുരുഷാധിപത്യമാണെന്നും ഇപ്പോഴാണോ ഈ നാല് നടിമാര്‍ മനസിലാക്കിയത്. അന്നു പണിയുള്ളതു കൊണ്ടാണോ മിണ്ടാതിരുന്നത്. ഇന്നു പണിയില്ലാത്തതുകൊണ്ടാണോ മിണ്ടിയത്. തങ്ങള്‍ക്കൊന്നും ഇപ്പോള്‍ ചാന്‍സില്ലെന്നും പുതിയവര്‍ക്കാണ് ഇപ്പോള്‍ ചാന്‍സെന്നും ഈ നാലുപേരില്‍ ഒരു നടി കഴിഞ്ഞിടെ പരിതപിക്കുന്നത് മാധ്യമങ്ങളില്‍ കണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: