ഡോക്ടറുടെ കരുതലും അതിലൂടെ രോഗത്തിനെതിരെയുള്ള ജാഗ്രതയും.ഈ കരുതലും ജാഗ്രതയും രോഗിയുടെ വിശ്വാസമാണ്.ശാസ്ത്രമോ യുക്തിയോ കൊണ്ടല്ല ആ വിശ്വാസം.അതൊരു സഹജാവബോധമാണ്.അദൃശ്യനായ ദൈവത്തെ ചിലപ്പോള്‍ ഡോക്ടറായി ഭൂമിയില്‍ കാണുന്നതിന്റെ പിന്നിലും ഈ ബോധം തന്നെയാണ്.രോഗിക്കു വേണ്ടി രോഗത്തിനെതിരെ പോരാടുന്ന മധ്യസ്ഥനാണ് ഡോക്ടര്‍.ഡോക്ടേഴ്സ് ഡേ ആകുന്ന ഇന്ന് അതു കൂടുതല്‍ പ്രസക്തം.
വിവിധ രാജ്യങ്ങള്‍ പല മാസങ്ങളിലും തിയതികളിലുമാണ് ഡോക്ടേഴ്സ് ദിനം കൊണ്ടാടുന്നത്.ജോര്‍ജിയയിലാണ് ആദ്യമായി ഈ ദിനം ആഘോഷിച്ചത്.അത് 1933 മാര്‍ച്ച് 30 നായിരുന്നു.മഹാനായ ഡോ.ബിധാന്റെ പേരിലാണ് ഇന്ത്യയില്‍ ഈ ദിനംകൊണ്ടാടുന്നത്.ജനങ്ങളുടെ രോഗ ചികിത്സയും ആരോഗ്യപരിപാലനവും കൊണ്ട് രോഗിയുടെ അഭ്യുദയാകാംക്ഷിയാകുന്ന ഡോക്ടറുടെ സേവനവും അതിനോടുള്ള മതിപ്പും പരസ്പ്പരം കൂട്ടിയിണക്കുന്നതാണ് ഈ ദിവസത്തിന്റെ പ്രത്യേകത.
ഇക്കഴിഞ്ഞടുത്ത് കേരളം നിപ്പ വൈറസ് ഭീതിയില്‍ ആണ്ടിരുന്നപ്പോള് നാം അറിഞ്ഞതാണ് ഡോക്ടര്‍മാരുടെ കരുതല്‍.രോഗ ബാധിതരെ പരിചരിച്ചും അടുത്തും അകലെ നിന്നും ആശ്വാസം പകര്‍ന്നും അവര്‍ കേരളത്തിനൊപ്പം ഉണ്ടായിരുന്നു.ആ ജാഗ്രതയാണ് നിപ്പയെ വേഗം പിടിച്ചുകെട്ടിയത്.രോഗം വരുമ്പോഴോ പകര്‍ച്ച വ്യാധി ഉണ്ടാകുമ്പോഴോ മാത്രമല്ല ഈ സാന്നിധ്യം നാം അറിയുക.ശരീരത്തെക്കുറിച്ചു ചിന്തിക്കുമ്പോഴൊക്കെ ഈ മധ്യസ്ഥനെ ഓര്‍ക്കും.കൂടെ ഉണ്ടാകണമെന്ന് ആഗ്രഹിക്കും.രോഗം ഉണ്ടെങ്കില്‍ ഡോക്ടറുണ്ടല്ലോ എന്ന പ്രതീക്ഷയോടു കൂടിയാണ് നമ്മള് ജീവിക്കുന്നത്.
പുതിയ രോഗങ്ങള്‍ ഇന്ന് ഒട്ടനവധിയാണ്.പഴയ രോഗങ്ങള്‍ തന്നെ പുതിയ രൂപത്തില്‍ വരുന്നുണ്ട്.അതിനനുസരിച്ച് പുതിയ പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലുമാണ് ഡോക്ടര്‍മാരും.എന്തു രോഗത്തിനും ഇന്നു മരുന്നുണ്ട്.മരുന്നില്ലാത്ത രോഗങ്ങളും അവയ്ക്കിടയില്‍ കണ്ടേക്കാം.എന്നാലും ആശുപത്രിയിലെത്തിയാല്‍ രക്ഷപെട്ടെന്ന വിശ്വാസമാണ് രോഗിക്ക്.അത് ഡോക്ടറിലുള്ള വിശ്വാസമാണ്.ഈ വിശ്വാസവും രോഗീ-ഡോക്ടര്‍ സൗഹൃദവുമാണ് അടിസ്ഥാന ഘടകം.
ഏതു ഭരണകൂടത്തിന്റേയും മേന്മ കുടികൊള്ളുന്നത് ആരോഗ്യരംഗവുമായി ബന്ധപ്പെട്ടാണ്.ആരോഗ്യമുള്ള ജനതയാണ് രാജ്യത്തിനാവശ്യം.മികവുറ്റ ആശുപത്രികള്‍,യോഗ്യരായ ഡോക്ടര്‍മാര്‍,കിടയറ്റ ചികിത്സാ സമ്പ്രദായം തുടങ്ങിയവ ഇതിന്റെ ഭാഗങ്ങളാണ്.ഡോക്ടറെ കണ്ടാല്‍ അസുഖം മാറുമെന്നു പറയാറുണ്ട്.മാറും.അതൊരു വിശ്വാസവും മനശാസ്ത്രവുമാണ്.അത്തരം ഡോക്ടര്‍മാര്‍ എല്ലാ ദേശത്തും എല്ലായ്പ്പോഴും ഉണ്ട്.പഴയ രോഗത്തിനും പുതിയ രോഗത്തിനും അവരെ കണ്ടാല്‍ മതി അത്തരക്കാര്‍ക്ക്.പുതിയ തലമുറയും പഴയ തലമുറയും ഇക്കാര്യത്തില്‍ ഒരുപോലയാണ്.ഇവര്‍ കുടുംബ ഡോക്ടര്‍മാരോ നാട്ടു ഡോക്ടര്‍മാരോ ആകാം.പണ്ട് കുടുംബ ഡോക്ടര്‍മാരുണ്ടായിരുന്നു.ഇന്നതു കുറഞ്ഞു വന്നു.വീണ്ടുമത് വ്യാപകമാകുകയാണ്.അതിനെ സര്‍ക്കാരും പ്രോത്സാഹിപ്പിക്കുന്നു.ഡോക്ടര്‍ കരുതലാകുമ്പോള്‍ നമുക്ക് ആദരവുമാകാം.അതാകട്ടെ ഈ ദിനത്തിന്റെ പുതുമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: