ബ്രഹാമിന്റെ സന്തതികള്‍’ കണ്ടിറങ്ങിയവരുടെയെല്ലാം ഉള്ളില്‍ പതിഞ്ഞ കഥാപാത്രം- ഫിലിപ്പ് എബ്രഹാം. ഡെറിക് എബ്രഹാം എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിനൊപ്പം നില്ക്കുന്ന, ‘എബ്രഹാമിന്റെ സന്തതികളി’ലൊരാള്‍. ആറടി ഉയരമുള്ള ദൃഢഗാത്രനായ ആ ചെറുപ്പക്കാരന്റെ മുഖം ഒട്ടുമിക്ക പ്രേക്ഷകര്‍ക്കും ചിരപരിചിതം പോലെ തോന്നിക്കും. വിരലിലെണ്ണാവുന്ന സിനിമകളാണെങ്കിലും വ്യത്യസ്ത വേഷങ്ങള്‍കൊണ്ട് പ്രേക്ഷകര്‍ക്ക് പരിചിതനായ ആന്‍സണ്‍ പോള്‍ എന്ന തൃശൂര്‍ക്കാരന്റെ ഉൗഴമാണ് മലയാള സിനിമയില്‍ ഇനി. എബ്രഹാമിന്റെ സന്തതികളിെല വേഷത്തെക്കുറിച്ചും സിനിമാസ്വപ്നത്തെക്കുറിച്ചും ആന്‍സണ്‍ പോള്‍.
$സിനിമ എന്ന സ്വപ്നം
തൃശൂര്‍ പുതുക്കാട് ആണ് വീട്. അച്ഛന് പോള്‍ അയണിക്കലിന് ബിസിനസാണ്. ഞങ്ങള്‍ സെറ്റില്‍ ചെയ്തിരിക്കുന്നത് ചെന്നൈയിലാണ്. അതുകൊണ്ടുതന്നെ പഠിച്ചതും വളര്‍ന്നതുമെല്ലാം ചെന്നൈയിലാണ്. വീട്ടില്‍ കലയുമായി ബന്ധമുള്ള ആരുമില്ല. കുട്ടിക്കാലം മുതല്‍ സിനിമ ഹരമായിരുന്നു. അവസരം കിട്ടുമ്പോഴൊക്കെ സിനിമ കണ്ടിരുന്നു. എഞ്ചിനീയറിംഗ് കഴിഞ്ഞാണ് സിനിമയുടെ പിറകേ കൂടിയത്. മുംബൈയില്‍ അനുപം ഖേറിന്റെ അക്കാദമിയില്‍ മൂന്നുമാസം ഉണ്ടായിരുന്നു. അതിനുശേഷം പോണ്ടിച്ചേരിയിലെ ആദിശക്തി എന്ന തീയേറ്റര്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ടായിരുന്നു പ്രവര്‍ത്തനം. ഇതിനിടെ ചില ഡോക്യുമെന്ററികളിലും ഷോര്‍ട്ട് ഫിലിമുകളിലുമൊക്കെ അഭിനയിച്ചിരുന്നു. സാമൂഹ്യവിഷയങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ പരിപാടികളിലും പങ്കെടുക്കുമായിരുന്നു.
സിനിമയെ അടുത്തറിയാനാണ് ‘കെക്യു’ എന്ന സിനിമയില്‍ സഹസംവിധായകനായെത്തുന്നത്. പാര്‍വ്വതി ഓമനക്കുട്ടന്റെ ആദ്യ മലയാളചിത്രമായ ‘കെക്യു’വില്‍ ആര്യയെയാണ് നായകനായി നിശ്ചയിച്ചിരുന്നത്. ആര്യയും പിന്നീട് വെട്രിയും സാങ്കേതിക കാരണങ്ങളാല്‍ പിന്മാറിയതോടെയാണ് എനിക്ക് ചിത്രത്തില്‍ അവസരം ലഭിച്ചത്. 2013-ല്‍ ‘കെക്യു’ പുറത്തിറങ്ങിയെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ‘കെക്യു’വിനുശേഷം രണ്ട് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒരു സിനിമ തേടിയെത്തുന്നത്.
$സു..സു..സുധി വാത്മീകത്തിലെ വിജയബാബു
ഫിലിം ഫെയര്‍ അവാര്‍ഡ് ചടങ്ങിനിടെ ജയസൂര്യയെ കണ്ടുമുട്ടിയതാണ് വഴിത്തിരിവായത്. ജയേട്ടന്റെ തൊട്ടടുത്താണ് അന്ന് ഇരുന്നത്. പരിചയപ്പെട്ടപ്പോള്‍ അത് സൗഹൃദമായി മാറി. രണ്ട് മാസങ്ങള്‍ക്കുശേഷം ദല്‍ഹിയില്‍വച്ച് വീണ്ടും കണ്ടുമുട്ടി. അത് കഴിഞ്ഞ്, ഒന്നര മാസം കഴിയുമ്പോഴാണ് ‘സുധി വാത്മീക’ത്തിലേക്ക് വിളി വരുന്നത്. എന്നാല്‍ ഞാനൊട്ടും പ്രതീക്ഷിക്കാത്ത കഥാപാത്രമായിരുന്നു ‘സുധി വാത്മീക’ത്തിലെ വിജയ്ബാബു. കഥാപാത്രത്തിനുവേണ്ടി വണ്ണം കൂട്ടേണ്ടിവന്നു. അതിനിടെയാണ് ‘ഊഴ’ത്തിലും അവസരം ലഭിക്കുന്നത്.
$തമിഴിലേക്ക്
‘റെമോ’യാണ് തമിഴിലെ ആദ്യചിത്രം. ബോക്സ് ഓഫീസില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചി്രതമാണ്. തമിഴ് പ്രേക്ഷകര്‍ ‘റെമോ’യിലെ കഥാപാത്രത്തിലൂടെയാണ് എന്നെ തിരിച്ചറിയുന്നത്. ദുല്‍ഖറിന്റെ ‘സോളോ’യിലേക്ക് അവസരം ലഭിച്ചതിനു കാരണം ‘റെമോ’ ആയിരുന്നു. മലയാളത്തിലും തമിഴിലും ‘സോളോ’ ചെയ്തിരുന്നു. ‘സോളോ’യില്‍ അഭിനയിക്കാന്‍ പറ്റിയതാണ് എന്നെ ‘എബ്രഹാമിന്റെ സന്തതികളി’ലേക്ക് എത്തിച്ചത്.
$’എബ്രഹാമിന്റെ സന്തതികള്‍’
‘ആട്-2’ ല്‍ അഭിനയിക്കുമ്പോഴാണ് നിര്‍മാതാവും നടനുമായ വിജയ് ബാബു ആന്ഡ്രൂസാര് നിന്നെ വിളിക്കുമെന്ന് പറയുന്നത്. അങ്ങനെയാണ് ആന്ഡ്രൂസാറിനെയും ഹനീഫിക്കയെയും പോയി കാണുന്നത്.
‘എബ്രഹാമിന്റെ സന്തതികളു’ടെ പൂജാവേള. അന്നാണ് മമ്മൂക്കയെ നേരിട്ടു കാണുന്നത്. സിനിമയുടെ കഥയും എന്റെ കഥാപാത്രത്തെക്കുറിച്ചുമൊക്കെ നേരത്തെ ധാരണയുണ്ടായിരുന്നു. ഒരുപാട് പ്രമുഖര്‍ പങ്കെടുത്ത ചടങ്ങായിരുന്നു. സിനിമയെക്കുറിച്ച് പറഞ്ഞു തുടങ്ങിയ മമ്മൂക്കയാണ് എന്നെ സദസ്സിന് പരിചയപ്പെടുത്തുന്നത്. ‘എബ്രഹാമിന്റെ സന്തതികളി’ല്‍ ഒരാള്‍ ഞാനാണെന്ന വിശേഷണത്തോടെയായിരുന്നു അത്. പൂജാവേളയില്‍ സംവിധായകനോ മറ്റാരെങ്കിലും സാധാരണ രീതിയില്‍ ഒരു പരിചയപ്പെടുത്തല്‍ നടത്തും. അതുമാത്രമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പക്ഷേ ‘ആ പരിചയപ്പെടുത്തല്‍’ ശരിക്കും ഞെട്ടിച്ചുകളഞ്ഞു. എന്റെ ജീവിതത്തിലെ വലിയ ഗിഫ്റ്റായാണ് ആ നിമിഷത്തെ കാണുന്നത്.
$മമ്മൂട്ടിയെന്ന നടന്
കുട്ടിക്കാലം മുതല്‍ കണ്ടുവളര്‍ന്ന, മനസ്സില്‍ ആദരവോടെ കാണുന്ന നടന്. ആദ്യമൊക്കെ ഒപ്പം എങ്ങനെ അഭിനയിക്കുമെന്ന ടെന്‍ഷനുണ്ടായിരുന്നു. മമ്മൂക്കക്കൊപ്പം മുഴുനീള കഥാപാത്രമായതിനാല്‍ ആദ്യദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ടെന്‍ഷന്‍ മാറി. ഒരു നടന് എന്ന നിലയില്‍ വര്‍ഷങ്ങളുടെ പരിചയസമ്പത്തുണ്ടെങ്കിലും അദ്ദേഹം ഓരോ സീനിലും പുലര്‍ത്തുന്ന ‘ഡെഡിക്കേഷന്’ എന്നെപ്പോലുള്ളവര്‍ക്ക് വല്ലാത്ത അനുഭവമായിരുന്നു. ചില നടന്മാര് കുറച്ച് സിനിമയില്‍ അഭിനയിച്ചാല്‍ വളരെ ലാഘവത്തോടെയാവും കഥാപാത്രത്തെ സമീപിക്കുക. പക്ഷേ ഓരോ ചെറിയ കാര്യവും വളരെ തയ്യാറെടുപ്പോടെയാവും മമ്മൂക്ക സമീപിക്കുക.
$ഓരോ സിനിമയിലും വ്യത്യസ്ത കഥാപാത്രങ്ങള്‍
‘റെമോ’ കഴിഞ്ഞപ്പോള്‍ തമിഴില്‍ തന്നെ സമാനരീതിയിലുള്ള നിരവധി കഥപാത്രങ്ങള്‍ വന്നിരുന്നു. ഒരേതരം കഥാപാത്രങ്ങള്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. വില്ലനായാലും കൊമേഡിയനായാലും എത്ര ചെറിയ കഥാപാത്രമായാലും വ്യത്യസ്തതയുണ്ടെങ്കില്‍ ചെയ്യും. ‘സുധി വാത്മീക’ത്തിലും ഊഴത്തിലും ‘ആട്-2’ വിലും എന്റെ വേഷങ്ങള്‍ വ്യത്യസ്തമായിരുന്നു. വില്ലന്വേഷമായാലും എന്നെ സംബന്ധിച്ച് ആ കഥാപാത്രത്തിലെ നായകന് ഞാന്‍ തന്നെയാണ്.
$വിനോദങ്ങള്‍
സിനിമ തന്നെയാണ് ഏറ്റവും വലിയ വിനോദം. പലരും മോഡലിംഗ് ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചിട്ടുണ്ട്. പക്ഷേ ഇതുവരെ ഞാന്‍ മോഡലിംഗ് ചെയ്തിട്ടില്ല. യാത്രകള്‍ ഹരമാണ്. ട്രക്കിംഗും മറ്റും. ‘എബ്രഹാമിന്റെ സന്തതികള്‍’ കഴിഞ്ഞ് ചൈനയില്‍ പോയിരുന്നു.
$അടുത്ത സിനിമ
തമിഴില്‍ റീലീസാവുന്ന 90 എംഎല്. നായകവേഷമാണ്. പ്രണയമാണ് പ്രമേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: