ഒരു കലയുടെ ഉല്‍പ്പത്തിയും വികാസവും ഉണ്ടാകുന്നത് നദീതടങ്ങളുമായി ബന്ധപ്പെട്ടാണെന്ന് പറയപ്പെടുന്നു. എറണാകുളം-തൃശ്ശൂര്‍ ജില്ലകളുമായി ബന്ധപ്പെട്ടുകിടക്കുന്ന പെരിയാര്‍, ചാലക്കുടി, മുവ്വാറ്റുപുഴ എന്നീ പുഴകളുടെ തീരത്തുളള ചെങ്ങമനാട്, മൂഴിക്കുളം, കുഴൂര്‍, അന്നമനട, രാമമംഗലം ക്ഷേത്രങ്ങളോടനുബന്ധിച്ചാണ് പഞ്ചവാദ്യത്തിന്റെ ആദിമരൂപം. തൃപുട താളത്തിന്റെ ഉത്ഭവവും വികാസവും ഈ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടാണത്രെ ഉണ്ടായത്. ഒരുനൂറ്റാണ്ട് മുന്‍പുവരെ ക്ഷേത്ര സോപാനത്തില്‍ ദീപാരാധന, കലശമെഴുന്നളളിപ്പ് എന്നിവയുടെ ഭാഗമായി ഉണ്ടായിരുന്ന കലയാണ് പഞ്ചവാദ്യം.
പിന്നീട് അത് ക്ഷേത്ര നടപ്പുരയിലേക്കും അവിടെനിന്ന് പള്ളിവേട്ട ആല്‍ത്തറയിലേക്കും, ആറാട്ട് കടവിലേക്കും വ്യാപിച്ചു. നൂറ് കൊല്ലങ്ങള്‍ക്ക് മുന്‍പ് അന്നമനട സീനിയര്‍ പരമേശ്വര മാരാരാണ് ഇന്നത്തെ രൂപത്തിലുള്ള പഞ്ചവാദ്യത്തിന്റെ സ്രഷ്ടാവ്. കഴുത്തില്‍ തൂക്കി കൊട്ടിയിരുന്ന തൊപ്പിമദ്ദളം മാറ്റി പഞ്ചവാദ്യത്തിന് അരയില്‍ ശുദ്ധമദ്ദളം ആക്കുന്നതിന് തിരുവില്വാമല വെങ്കിച്ചന്സ്വാമിക്ക് പ്രധാന പങ്കുണ്ട്. അത്തരത്തില്‍ പഞ്ചവാദ്യം തൃശ്ശൂര്‍ തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തില്‍ വരവിനാണ് ആദ്യമായി അവതരിപ്പിച്ചത് എന്ന് പറയപ്പെടുന്നു.
ആയിരത്തിത്തൊളളായിരത്തി ഇരുപതുകളില്‍ അന്നമനട അച്യുതമാരാര്‍ പ്രമാണിയായ കാലംമുതല്‍ 59 വര്‍ഷം തിരുവമ്പാടിയിലെ എല്ലാ വിശേഷങ്ങള്‍ക്കും കൂട്ടുതിമിലക്കാരനും, അച്യുതമാരാര്‍ക്ക് ശേഷം പ്രമാണിയും ആയിരുന്നു പഞ്ചവാദ്യ തിലകം പൊറുത്തുവീട്ടില്‍ നാണുമാരാര്‍. പഞ്ചവാദ്യനിരയുടെ നായകനായി നിറഞ്ഞുനിന്നിരുന്ന കലാകാരനാണ് നാണുമാരാര്‍. പഞ്ചവാദ്യരംഗം അച്ചടക്കത്തോടുകൂടി കൊണ്ടുനടന്നിരുന്ന കലാകാരനായിരുന്നു അദ്ദേഹം. അദ്ദേഹം കലാരംഗത്ത് ഉണ്ടായിരുന്നപ്പോഴാണ് പഞ്ചവാദ്യരംഗം അച്ചടക്കത്തോടെ നിലനിന്നിരുന്നതെന്ന് പ്രശസ്ത തിമിലകലാകാരന്‍ കേളത്ത് കുട്ടപ്പമാരാര്‍ ഓര്‍ക്കുന്നു. നാണുമാരുടെ മകനും തൃശ്ശൂര്‍ പൂരത്തില്‍ പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യ പ്രമാണിയുമായ തിമിലകലാകാരനാണ് പരയ്ക്കാട്ട് തങ്കപ്പമാരാര്‍.
പഞ്ചവാദ്യപഞ്ചാനനന്‍ അന്നമനട അച്യുതമാരാര്‍ അസുഖബാധിതനായപ്പോള്‍ തന്റെ തിമില സമ്മാനിച്ചത് തനിക്ക് പ്രിയപ്പെട്ട തങ്കപ്പമാരാര്ക്കാണ്. ഇന്നും ആ തിമിലയിലാണ് തങ്കപ്പമാരാര്‍ നാദപ്രപഞ്ചം തീര്‍ക്കുന്നത്. ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യമുളള തിമിലയില്‍ അറുപത് പിന്നിട്ട തങ്കപ്പമാരാര്‍ താളമിടുമ്പോള്‍ കൊട്ടിന് ഇന്നും മുപ്പതുകാരന്റെ ചെറുപ്പം.
തിമിലയില്‍ കാലം താഴ്ത്തി പഞ്ചവാദ്യം കാലമിട്ടു തുടങ്ങുന്ന പ്രമാണിമാരിലൊരാളാണ് തങ്കപ്പമാരാര്‍. ചിട്ടപ്രധാനവും കണക്കിലധിഷ്ഠിതവുമായ ഗാംഭീര്യം നിറഞ്ഞ താളവട്ടങ്ങള്‍ അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. പതിഞ്ഞ ഇടകാലവും കൂട്ടിക്കൊട്ടുമെല്ലാം തലമുറവ്യത്യാസമില്ലാതെ ആസ്വാദ്യകരമാണ്. മുറുകിയ ഇടകാലത്തില്‍ ഒറ്റപിടിച്ച് ( തത്തകിട) എല്ലാ വാദ്യോപകരണങ്ങളും മാറി മാറി കൊട്ടുമ്പോള്‍ അത് നടമാറ്റിക്കൊട്ടി പഞ്ചവാദ്യത്തെ തങ്കപ്പമാരാര്‍ ആസ്വാദ്യകരമാക്കാറുണ്ട്. ത്രിപുടയുടെ തനിയാവര്‍ത്തനം വിവിധ നടകളിലൂടെ സഞ്ചരിക്കുമ്പോള്‍ പഞ്ചവാദ്യ ആസ്വാദകരുടെ മനസ് നിറഞ്ഞു തുളുമ്പും. സഹപ്രവര്‍ത്തകരെ ജോലി ചെയ്യുവാന്‍ പ്രോത്സാഹിപ്പിച്ചും, അരുതുകളെ സ്നേഹപൂര്‍ണ്ണമായ ശാസനവഴി വിലക്കിയും അദ്ദേഹം തന്റെ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുന്നു. കൂട്ടുതിമിലക്കാരനാണെങ്കിലും പഞ്ചവാദ്യത്തിന്റെ തികവിനുവേണ്ടി തന്റെ കടമ ഭംഗിയാക്കുന്ന അപൂര്‍വ്വം കലാകാരന്മാരിലൊരാളാണ് തങ്കപ്പമാരാര്‍.
1957 മെയ് മാസത്തില്‍ പഞ്ചവാദ്യതിലകം പൊറുത്തുവീട്ടില്‍ നാണുമാരാരുടെയും മഠത്തില്‍ മാരാത്ത് അമ്മുമാരാസ്യാരുടെയും ഇളയ മകനായി തങ്കപ്പമാരാര്‍ (നാരായണന്‍കുട്ടി) ജനിച്ചു. വിദ്യാഭ്യാസ കാലഘട്ടത്തില്‍ അച്ഛന്റെ അടുത്ത് തിമില പഠനം പൂര്‍ത്തിയാക്കി. 1973 പാലക്കാട് നല്ലേപ്പിളളി ദേശവിളക്കിന് അരങ്ങേറ്റം നടത്തി. വിദ്യാഭ്യാസത്തിനുശേഷം മകനെ സര്‍ക്കാര്‍ ജോലിക്കാരനാക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. പക്ഷേ കൊട്ടിനോടുള്ള ആവേശം മൂത്ത് അദ്ദേഹം അച്ഛന്റെ കൂടെ കൊട്ടിന് പോയിത്തുടങ്ങി. തുടര്‍ന്ന് അച്ഛന്റെ നിര്‍ദ്ദേശാനുസരണം പല്ലാവൂര്‍ കുഞ്ഞുകുട്ടന്‍മാരാരുടെ കീഴില്‍ തിമിലയില്‍ ഉപരിപഠനം നടത്തി. 1975-ലെ തൃശ്ശൂര്‍ പൂരത്തിന് തിരുവമ്പാടി വിഭാഗം മഠത്തില്‍വരവ് പഞ്ചവാദ്യത്തിലെ തിമിലക്കാരനായി ചേര്‍ന്ന തങ്കപ്പമാരാര്‍ എട്ടുവര്‍ഷത്തിനുശേഷം 1984 മുതല്‍ പാറമേക്കാവ് വിഭാഗത്തിലെ കുഴൂര്‍ നാരായണമാരാരുടെ നേതൃത്വത്തിലെ പഞ്ചവാദ്യത്തിലെ തിമിലക്കാരനായി. തുടര്‍ന്ന് ചോറ്റാനിക്കര നാരായണമാരാര്‍, ചോറ്റാനിക്കര വിജയന്‍മാരാര്‍ എന്നിവര്‍ക്കൊപ്പം നിരവധി വര്‍ഷം കൊട്ടി. കഴിഞ്ഞ രണ്ട് വര്‍ഷമായി പാറമേക്കാവ് വിഭാഗം പഞ്ചവാദ്യത്തിന്റെ നായകനുമായി.
തൃശ്ശൂരിനടുത്ത് ചൊവ്വൂര്‍ മഹാലക്ഷ്മി ക്ഷേത്രത്തിലാണ് തങ്കപ്പമാരാര്‍ ആദ്യമായി പഞ്ചവാദ്യ പ്രമാണിയാവുന്നത്. കേരളത്തിലങ്ങോളമിങ്ങോളം അനവധി ക്ഷേത്രങ്ങളിലെ പഞ്ചവാദ്യ പ്രമാണിയും സഹപ്രമാണിയുമാണ്. 2003 മുതല്‍ പ്രസിദ്ധമായ ഉത്രാളിക്കാവ് പൂരത്തിന് വടക്കാഞ്ചേരി നടപ്പുരപഞ്ചവാദ്യ പ്രമാണിയും തങ്കപ്പമാരാരാണ്. നെന്മാറ വേല, ഗുരുവായൂര്‍, കൂടല്‍മാണിക്യം ഉല്‍സവം, കാലടി പഞ്ചവാദ്യം, കൂട്ടനെല്ലൂര്പൂരം, പെരുവനം പൂരം തുടങ്ങി നിരവധി ക്ഷേത്രോല്‍സവങ്ങളില്‍ ഇപ്പോഴും അദ്ദേഹത്തിന്റെ സക്രിയ സാന്നിധ്യമുണ്ട്. റഷ്യ, സിംഗപ്പൂര്‍, ആഫ്രിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളിലും അദ്ദേഹം പഞ്ചവാദ്യം അവതരിപ്പിച്ചിട്ടുണ്ട്.
2012-ല്‍ സ്വദേശമായ പരയ്ക്കാട്ട് വച്ച് നല്കിയ വീരശൃംഖല, പാറമേക്കാവ് ദേവസ്വം സുവര്‍ണ്ണമുദ്ര, കാലടി സുവര്‍ണ്ണമുദ്ര തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ക്ക് തങ്കപ്പമാരാര്‍ അര്‍ഹനായിട്ടുണ്ട്. കണ്ടംകുളങ്ങര മാരാത്ത് ധനലക്ഷ്മി മാരാസ്യാരാണ് സഹധര്‍മ്മിണി. യുവ തിമിലകലാകാരന്മാരായ മഹേശ്വരന്, മഹേന്ദ്രന് എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: