ഭാരതഭൂമിയിലെ 62 കോടിയിലേറെ സ്ത്രീകള്‍, ചീനയിലൊഴികെ ലോകത്ത് ഏതു രാജ്യത്തെയും മൊത്തം ജനങ്ങളുടെ ഇരട്ടിയിലേറെ, ലോകത്തെ ഏറ്റവും ആപല്‍കരമായ പരിസ്ഥിതിയിലാണെന്ന്, സ്ത്രീകള്‍ക്കു കഴിഞ്ഞുകൂടാന്‍ ഏറ്റവും ആപത്തുനിറഞ്ഞ രാജ്യമാണെന്ന്, ഈയിടെ അന്താരാഷ്‌ട്ര പ്രശസ്തമായ, തോംസണ്‍ റോയിട്ടേഴ്‌സ് ഫൗണ്ടേഷന്‍ നടത്തിയ പഠനത്തില്‍നിന്നു കണ്ടതായി കഴിഞ്ഞ ദിവസം പത്രങ്ങളില്‍ വായിച്ചു. ”യത്രനാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ” എന്ന് വിധിച്ച മനുവിന്റെ നാട്ടിലാണീ സ്ഥിതിയെന്നത് അത്യന്തം ആശങ്കാജനകമായിത്തോന്നി.
എന്നാല്‍ ഈ പഠനവും വിലയിരുത്തലുകളും നടത്തിയതാരായിരുന്നു, അവര്‍ സ്വീകരിച്ച രീതി എന്തായിരുന്നുവെന്നു നോക്കുമ്പോള്‍ ആശങ്കയും സംശയവുമുണ്ടാകുന്നത് സ്വാഭാവികമാണ്. തോംസണ്‍ എന്ന സ്ഥാപനവും റോയിട്ടേഴ്‌സും ഒന്നര നൂറ്റാണ്ടുകാലമായി ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നീരാളിക്കൈകളായി ലോകമെങ്ങും പ്രവര്‍ത്തിച്ചുവരുന്ന മാധ്യമ സ്ഥാപനങ്ങളാണ്. ലോഡ് തോംസണ്‍ എന്ന പത്രപ്രഭുവിന്റെ സാമ്രാജ്യം എല്ലാ ഭൂഖണ്ഡങ്ങളിലും വ്യാപിച്ചതാണ്. അരനൂറ്റാണ്ടു മുന്‍പ് ദല്‍ഹിക്കടുത്ത് ഫരീദാബാദില്‍ തോംസണ്‍ പ്രസ്സും റീഡേഴ്‌സ് ഡയജസ്റ്റ് മാസികയുടെ ഇന്ത്യന്‍ പതിപ്പുമായിട്ടാണവര്‍ സ്വതന്ത്രഭാരതത്തില്‍ പ്രവേശിച്ചത്. ഇന്ത്യാ ടുഡേ എന്ന ബഹുഭാഷാ വാരിക അവരുടെ പ്രസ്സുകളില്‍നിന്നാണ് പുറത്തിറങ്ങുന്നത്. ചെന്നൈയ്‌ക്കടുത്ത് മറൈമലൈ നഗറിലെ അവരുടെ അച്ചടി സംവിധാനം പ്രയോജനപ്പെടുത്തുന്നവരില്‍ ‘മാതൃഭൂമി’യും പെടുന്നുണ്ട്. ഇന്ത്യയില്‍ ഇന്നുള്ള ഏറ്റവും മികച്ച അച്ചടി സംവിധാനം അവരുടേതാണ്.
റോയിട്ടേഴ്‌സ് ഏറ്റവും വലിയ റിപ്പോര്‍ട്ടിംഗ് ശൃംഖലയുമാണ്. പാശ്ചാത്യ ചായ്വോടെ മാത്രം വാര്‍ത്തകള്‍ നല്‍കുന്നതാണവരുടെ ശൈലി. ഭാരതത്തില്‍ വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോഴും, നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോഴും അവരുടെ റിപ്പോര്‍ട്ടിങ്ങിന്റെ ഊന്നല്‍ തികച്ചും നിഷേധാത്മകമായിരുന്നു. ഈ രണ്ട് ആഗോള മാധ്യമസാമ്രാജ്യങ്ങളും സംയുക്തമായി രൂപംനല്‍കിയതാണ് തോംസണ്‍ റോയിട്ടേഴ്‌സ് ഫൗണ്ടേഷന്‍. അവര്‍ കണ്ടെത്തിയ 548 വിദഗ്ധരുടെ കണ്ടെത്തലിലാണ് ലോകത്ത് സ്ത്രീകള്‍ക്ക് കഴിഞ്ഞുകൂടാന്‍ ഏറ്റവും ആപല്‍ക്കരമായ രാജ്യമാണ് ഇന്ത്യ എന്ന് ബോധ്യമായതത്രേ. ബലാല്‍സംഗംപോലുള്ള സ്ത്രീപീഡനങ്ങളാണ് ഈ തീരുമാനത്തിനുപോല്‍ബലകമായ ഒരു കാരണം. തീര്‍ച്ചയായും ഏറ്റവും ഹീനമായ പാതകങ്ങളില്‍പ്പെടുന്നതാണ് സ്ത്രീപീഡനം. എന്നാല്‍ ഈ സ്ത്രീപീഡനത്തെക്കുറിച്ചുള്ള മാധ്യമ വീക്ഷണവും മനോഭാവവും പ്രധാനമാകുന്നു. ഭാരതത്തിലെയും മറ്റ് രാജ്യങ്ങളിലെയും ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പാശ്ചാത്യ മാധ്യമ വീക്ഷണവും ശ്രദ്ധിക്കപ്പെടേണ്ടതാണ്. അമേരിക്കയില്‍ ചായ കുടിക്കുന്ന ലാഘവത്തോടെയാണ് ബലാല്‍സംഗം നടക്കുന്നതെന്ന്, കേരളത്തില്‍ നടന്ന ഒരു സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ പ്രസ്താവിച്ചത് ഒട്ടേറെ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയത് ഓര്‍ക്കാം.
ഇന്ത്യയില്‍ നടക്കുന്ന ഇത്തരം അതിക്രമങ്ങളെപ്പറ്റി എട്ടുകോളം തലക്കെട്ടില്‍ ക്ഷോഭജനകമായ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന പാശ്ചാത്യ മാധ്യമങ്ങള്‍ സ്വന്തം ചാരിത്ര്യശുദ്ധിയുടെ ഹിമാലയത്തില്‍നിന്നെന്നപോലെയാണ് പെരുമാറുന്നത്. ഇന്ത്യയിലെ ഇത്തരം വാര്‍ത്തകള്‍ മാത്രം വായിച്ച് തങ്ങളടെ പിന്നാമ്പുറങ്ങളില്‍ പടര്‍ന്നുപിടിച്ച ആഭാസ വിളയാട്ടങ്ങള്‍ക്കുനേരെ കണ്ണടയ്‌ക്കുകയായിരുന്നു 548 സദാചാര വിദഗ്ധര്‍ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇവരുടെകൂടെ ഭാരതത്തില്‍നിന്നുള്ള 52 വിദഗ്ധരുമുണ്ടെന്നതാണ് രസകരം. അവരില്‍ ആരൊക്കെയുണ്ടെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. ഫൗണ്ടേഷനില്‍ അംഗങ്ങളായി അദിതി തോറാട്ട്, അപര്‍ണ സോണി എന്നീ ഭാരതീയരുമുണ്ടത്രേ.
ഇന്ന് ലഭ്യമായ കണക്കനുസരിച്ച് ബലാല്‍സംഗത്തിന്റെ സ്ഥിതിവിവരം ഒരുലക്ഷം സ്ത്രീകള്‍ക്ക്, ഭാരതത്തില്‍ 1.8 ആണ്. ജര്‍മനിയില്‍ 9.4, ഇംഗ്ലണ്ടില്‍ 17, നോര്‍വെയില്‍ 19.2, അമേരിക്കന്‍ ഐക്യനാടുകളില്‍ 27.4. ഭൂമുഖത്തെ ഏറ്റവും പുരോഗമിച്ച രാജ്യമായ സ്വീഡനില്‍ 63.5 എന്നിങ്ങനെയാണ്. ഇത്തരം സംഭവങ്ങള്‍ രേഖപ്പെടുത്താന്‍ ഇവിടങ്ങളില്‍ കൂടുതല്‍ സൗകര്യമുണ്ട് എന്നത് മറക്കുന്നില്ല. ഭാരതത്തില്‍ സ്ത്രീകള്‍ ഇത്തരം സംഭവങ്ങളില്‍ പരാതിപ്പെടാന്‍ ഭയപ്പെടുന്നുവെന്നതു ഒരു കാരണമായി ചൂണ്ടിക്കാട്ടാന്‍ കഴിയുമെങ്കിലും ഈ സ്ഥിതിവിവരങ്ങളുടെ ഗൗരവം അവഗണിക്കാവുന്നതല്ല.
ഇന്ത്യയാണ് സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഏറ്റവും ആപല്‍കരമായ രാജ്യമെന്ന് മറ്റൊരു ആഗോള മാധ്യമസ്ഥാപനമായ സിഎന്‍എന്നും ഘോഷിക്കുന്നുണ്ട്. റോയിട്ടര്‍ തോംസണ്‍ കൂട്ടുകെട്ടിനെപ്പോലെതന്നെ ലോകവ്യാപകമാണ് സിഎന്‍എന്‍ എന്ന മാധ്യമ സിന്‍ഡിക്കേറ്റും. മലയാളമടക്കം മിക്ക ഭാരതീയ ഭാഷകളിലും അവര്‍ക്ക് ചാനലുകളുണ്ട്. റൂപര്‍ട്ട് മര്‍ദോക് എന്ന മാധ്യമചക്രവര്‍ത്തിയുടെ നിയന്ത്രണത്തിലാണത് പ്രവര്‍ത്തിക്കുന്നതത്രേ.
ലണ്ടനില്‍ ബലാല്‍സംഗങ്ങള്‍ 20% വര്‍ധിച്ചതായി കണക്കുകള്‍ വന്നപ്പോള്‍ ബിബിസിയുടെ ആഗോള വാര്‍ത്താബുള്ളറ്റിനുകള്‍ അതാഘോഷിച്ചില്ല. സ്ത്രീകള്‍ക്കെതിരായ ഈ അക്രമങ്ങളുടെ പിന്നിലെ സാംസ്‌കാരികത്തകര്‍ച്ചയും ചര്‍ച്ച ചെയ്തില്ല. അതിനേപ്പറ്റി പത്രങ്ങളും വെണ്ടക്കാ നിരത്തിയില്ല. ഈ വര്‍ധനയ്‌ക്കു കാരണമായ ഘടകങ്ങളെന്തെല്ലാമാണെന്ന് പോലീസിന് ശരിക്കും മനസ്സിലായില്ലത്രേ! എത്ര ശാന്തവും പരിപക്ഷവുമായ വിശകലനം! എന്നാല്‍ ഭാരതത്തിലെ ബലാല്‍സംഗത്തെപ്പറ്റിയാവുമ്പോള്‍, ചാനല്‍ അവതാരകര്‍, ഇന്ത്യന്‍ സമൂഹത്തില്‍ കാണുന്നതെന്തും പിന്തിരിപ്പനും, മൃഗസമാന പുരുഷന്മാരും, ക്രൂരരായ കാരണവന്മാരുമായിരിക്കും. ഇന്ത്യയില്‍ നടന്ന ഇത്തരം ക്രൂരതകളുടെ കഥകള്‍ വര്‍ഷങ്ങളായി വിവരിച്ചു വിലപിക്കുമ്പോള്‍, ഓരോ വര്‍ഷവും ഇംഗ്ലണ്ടിലും വെയില്‍സിലും നടക്കുന്ന 85000-ല്‍പ്പരം സ്ത്രീകളുടെയും 12000 ബാലന്മാരുടെയും പീഡനങ്ങള്‍ ഒറ്റവരി വാര്‍ത്തയായിത്തീരുന്നു.
പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് ഭാരതം മൃഗീയ ജനത അധിവസിക്കുന്ന രാജ്യമാണ്. കോളനിവാഴ്ചയുടെ കാലം മുതലേ ഇവിടത്തെ ജീവിതരീതികളെയും ആചാരങ്ങളെയും പാശ്ചാത്യ ലേഖകര്‍ അധിക്ഷേപിച്ചുവന്നു. അവരുടെ സാമ്രാജ്യനയത്തിന്റെയും സുവിശേഷ പ്രചാരണ അജണ്ടയുടെയും അവിഭാജ്യ ഭാഗമായേ അതിനെ കാണാന്‍ കഴിയൂ. കേരളത്തില്‍ കഴിഞ്ഞ രണ്ടുമൂന്നു ദശകങ്ങള്‍ക്കിടയില്‍ നടന്ന അഭയക്കേസും ജെസി കേസുമടക്കമുള്ള മുപ്പതില്‍പരം കന്യാസ്ത്രീകളുമായി ബന്ധപ്പെട്ട പീഡന കൊലപാതക സംഭവങ്ങളിലെ കുറ്റവാളികളെ പാശ്ചാത്യ മാധ്യമങ്ങള്‍ അറിഞ്ഞില്ലെന്നുവരുമോ? ഏതാനും ആഴ്ചയ്‌ക്കകം ഒരു ക്രിസ്തീയസഭയിലെ അച്ചന്മാര്‍ കുമ്പസാര രഹസ്യത്തെ മറയാക്കി നടത്തിയ പീഡനങ്ങള്‍ പുറത്തുവന്നതും, ഡസന്‍കണക്കിന് ലൗ ജിഹാദ് സംഭവങ്ങളും, ഓരോ വര്‍ഷവും നടന്നുവരുന്ന നൂറുകണക്കിന് ബാലികാനിക്കാഹുകളും വെളിച്ചംകാണാതെ പോകുന്നു.
ഇതിന്റെയെല്ലാം പിന്നിലെ പ്രച്ഛന്നതന്ത്രം മറ്റൊന്നുമല്ല. ലോകരാജ്യനീതിയെ നിയന്ത്രിക്കാന്‍ കാത്തിരിക്കുന്ന മാധ്യമചക്രവര്‍ത്തിമാര്‍ക്കും, അവരെ ഭരിക്കുന്ന മതമേലധ്യക്ഷന്മാര്‍ക്കും അനിഷ്ടകരമായ ഒരു ഭരണം, ഹൈന്ദവശക്തികള്‍ക്കു മേല്‍ക്കൈയുള്ള ഭരണം, ഭാരതത്തില്‍ വന്നിരിക്കുന്നു. അതിനെ അട്ടിമറിക്കാനുള്ള അജണ്ടയിലെ നിഗൂഢ നീക്കങ്ങളില്‍ ഒന്നു മാത്രമായേ ഇതിനെ കാണാന്‍ കഴിയൂ.
കേരളത്തിലെ മാധ്യമങ്ങള്‍ ചാടിക്കയറി ഈ അവസരവും ഉപയോഗിക്കുന്നതു കൗതുകകരമാണ്. അവരുടെ നാട്യം കാണുമ്പോള്‍ 2014 മെയ് മാസം മുതലാണ് ഈ പ്രതിഭാസം തുടങ്ങിയതെന്നു തോന്നും. സ്ത്രീകളെ മാതൃതുല്യം ബഹുമാനിക്കണമെന്ന ശാസനമാണ് ഭാരതീയ സംസ്‌കാരം നല്‍കുന്നത്. അതിന് വിപരീതമായ സംസ്‌കാരത്തിന്റെ മേല്‍ക്കോയ്‌മയില്‍ നൂറ്റാണ്ടുകള്‍ കടന്നുപോയതിന്റെ ലോപം കടന്നുകൂടിയെന്നത് സമ്മതിച്ചേ പറ്റൂ. പാശ്ചാത്യ, മധ്യപൗരസ്ത്യ സംസ്‌കാരങ്ങളുടെ അധിനിവേശം കൊണ്ട് വന്നു ഭവിച്ച വൈകല്യങ്ങളാണ് പെരുമാറ്റത്തിലുണ്ടായ ലോപകാരണം. സാംസ്‌കാരിക വീണ്ടെടുപ്പിന്റെ പാതയിലൂടെയുള്ള ഭാരതത്തിന്റെ മുന്നേറ്റത്തെ തടയുന്നതിനു പഴയ അധിനിവേശ ശക്തിയുടെ പിണിയാളുകള്‍ നടത്തിവരുന്ന നീക്കത്തിന്റെ ഭാഗമായേ തോംസണ്‍ റോയിട്ടര്‍ അടവിനെ കാണാന്‍ കഴിയൂ.
(ഇതിലെ ചില വിവരങ്ങള്‍ക്ക് ശ്രീമതി അമിത് ധില്ലണ്‍ ‘ടൈംസ് ഓഫ് ഇന്ത്യ’യിലെഴുതിയ ലേഖനത്തോട് കടപ്പാട്).
പി നാരായണൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക: