ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയാണെങ്കിലും മുന്‍ഗാമികളില്‍നിന്ന് തികച്ചും വ്യത്യസ്തനാണ് ചരിത്രംകുറിച്ച നിരവധി കാര്യങ്ങള്‍ ആദ്യമായി ചെയ്ത നരേന്ദ്ര മോദി. ഇന്ത്യയുടെ ഭരണമേധാവി എന്ന നിലയില്‍ മോദിയെപ്പോലെ രാജ്യത്തിനകത്തും പുറത്തും ചുരുങ്ങിയ കാലയളവിനുള്ളില്‍ അതിശക്തമായ പ്രഭാവം ചെലുത്താന്‍ കഴിഞ്ഞ മറ്റൊരാളില്ല.
മാറ്റത്തിനുള്ള ദാഹംകൊണ്ടും, അവ നടപ്പില്‍ വരുത്താനുള്ള അമാനുഷമെന്നു വിശേഷിപ്പിക്കാവുന്ന ഇച്ഛാശക്തികൊണ്ടും മഹാരഥന്മാരെപ്പോലും ഈ ‘പ്രധാന സേവകന്’ ബഹുദൂരം പിന്തള്ളിയിരിക്കുന്നു. വ്യക്തി, രാഷ്ട്രീയ നേതാവ്, ഭരണാധികാരി എന്നീ നിലകളില്‍ മോദിയുടെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും പ്രവര്‍ത്തനങ്ങളെയും ദൗത്യങ്ങളെയും സമഗ്ര സ്വഭാവത്തോടെ പ്രതിപാദിക്കുകയാണ് ഡോ. വി. മോഹന്‍ദാസിന്റെ ‘നരേന്ദ്ര മോദി- ദ സെലസ് ഇന്ത്യന്‍ വിഷണറി’ എന്ന ആധികാരിക ഗ്രന്ഥം.
മോദിയുടെ ബാല്യകാലത്തെക്കുറിച്ചും, പരിമിതമായ ചുറ്റുപാടുകളെക്കുറിച്ചും, ആര്‍എസ്എസ് പ്രവര്‍ത്തകനാകുന്നതിനെക്കുറിച്ചും പറയുന്ന ആദ്യ അധ്യായംതന്നെ ഉജ്വലമായ തുടക്കമാണ്. ഗുജറാത്ത് മുഖ്യമന്ത്രിയുടെ പദവിയിലെത്തുന്നതുവരെയുള്ള മോദിയുടെ ജീവിതത്തെ വളരെ കുറച്ച് വാക്കുകളിലൂടെ വരച്ചുകാട്ടുമ്പോള്‍ ഗ്രന്ഥകാരന്റെ കൃതഹസ്തത പ്രകടമാകുന്നു. മോദിയെ ആധുനിക ഭാരതത്തിന്റെ നരേന്ദ്രനാക്കിമാറ്റിയ ആര്‍എസ്എസിന്റെ ചരിത്രത്തിലേക്കുള്ള എത്തിനോട്ടമാണ് രണ്ടാം അധ്യായമെങ്കിലും, ആ മഹാപ്രസ്ഥാനം സഞ്ചരിച്ചെത്തിയ നാള്‍വഴി കൃത്യമായിത്തന്നെ രേഖപ്പെടുത്തുന്നുണ്ട്. ആര്‍എസ്എസിന്റെ ആദര്‍ശം, ആശയം, ലക്ഷ്യം എന്നിവയെക്കുറിച്ചും, ഇന്ത്യാ വിഭജനം, ചൈനയുമായുള്ള യുദ്ധം, അടിയന്തരാവസ്ഥയിലെ ധീരോദാത്തമായ പോരാട്ടം, സേവനപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയിലെ പങ്കാളിത്തത്തെക്കുറിച്ചും കൃത്യമായ വിവരങ്ങളാണ് ഗ്രന്ഥകാരന് അവതരിപ്പിക്കുന്നത്.
ആര്‍എസ്എസിന്റെ എക്കാലത്തേയും ആദര്‍ശബിംബമായ സ്വാമി വിവേകാനന്ദന്, ഗുജറാത്തിലെ ആദ്യ ആര്‍എസ്എസ് പ്രചാരകന് ലക്ഷ്മണ്‍റാവു ഇനാംദാര്‍, സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍, പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ, ഡോ. എ.പി.ജെ. അബ്ദുള്‍കലാം എന്നിവര്‍ നരേന്ദ്ര മോദിയുടെ പ്രേരണാ പുരുഷന്മാരായതിന്റെ വിശദാംശങ്ങള്‍ മൂന്നാം അധ്യായത്തില്‍ വായിക്കാം. ഈ മഹാന്മാരുടെ ജീവിതങ്ങളെ തൊട്ടറിഞ്ഞ് മോദി എങ്ങനെയാണ് തന്റെ കാഴ്ചപ്പാടുകള്‍ കരുപ്പിടിപ്പിച്ചതെന്ന് ആവേശദായകമായി ഈ പുസ്തകത്തില്‍ ചിത്രീകരിക്കുന്നുണ്ട്.
അടിയന്തരാവസ്ഥയില്‍ എന്തു നടന്നു എന്നതിന്റെ ശരിയായ കണക്കെടുപ്പാണ് അക്കാലത്തെ മോദിയുടെ പങ്കിനെക്കുറിച്ച് പരാമര്‍ശിക്കുന്ന നാലാം അധ്യായം. ഇന്ദിരാഗാന്ധി സ്വേച്ഛാധിപതിയായി മാറിയ അക്കാലത്തെ നായകന്മാരും വില്ലന്മാരും ആരൊക്കെയെന്ന് ഗ്രന്ഥകാരന് അക്കമിട്ടു നിരത്തുന്നു. പലര്‍ക്കും ഇന്നുപോലും അജ്ഞാതമായിരിക്കുന്ന നിരവധി വിവരങ്ങള്‍ ഇതിലുണ്ട്.
എല്‍.കെ. അദ്വാനി നടത്തിയ അയോധ്യ രഥയാത്ര, ഡോ. മുരളി മനോഹര്‍ ജോഷിയുടെ ഏകതായാത്ര എന്നിവയിലെ പങ്കാളിത്തത്തിലൂടെയും മറ്റും ശ്രദ്ധേയനായ രാഷ്ട്രീയ നേതാവായിത്തീര്‍ന്ന മോദി, പിന്നീട് ഗുജറാത്ത് മുഖ്യമന്ത്രിയായതും, മൂന്നുതവണ ആ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതുമാണ് അഞ്ചും ആറും അധ്യായങ്ങളില്‍ വിവരിക്കുന്നത്. ‘ഗുജറാത്ത് മോഡല്‍’ വികസനത്തിന് മോദി എങ്ങനെയാണ് അടിത്തറയിട്ടതെന്നും ഈ ഭാഗത്ത് വായിക്കാം.
ചരിത്രപരമായ ഭൂരിപക്ഷം നേടി മോദി പ്രധാനമന്ത്രിയാവുന്നതും മന്ത്രിസഭാ രൂപീകരണവും അടുത്ത രണ്ട് അധ്യായങ്ങളില്‍ വിശദമായിത്തന്നെ അവതരിപ്പിക്കുന്നു. സാംസ്കാരിക ദേശീയതയില്‍ അധിഷ്ഠിതമായ ബിജെപിയുടെ നയനിലപാടുകള്‍ ചര്‍ച്ച ചെയ്യുന്നിടത്ത് പാര്‍ട്ടിയെ അടുത്തറിഞ്ഞ ഒരാളാണ് ഗ്രന്ഥകാരനെന്ന് വായനക്കാര്‍ക്ക് ബോധ്യപ്പെടും.
ഇന്ത്യയുടെ ശോഭനമായ ഭാവി ലക്ഷ്യംവച്ച് മോദിസര്‍ക്കാര്‍ കൊണ്ടുവന്ന വികസന പദ്ധതികളെക്കുറിച്ചും, സാമൂഹ്യക്ഷേമ പദ്ധതികളെക്കുറിച്ചും, ഇവയുടെ നടത്തിപ്പിനായി ആവിഷ്കരിച്ച ഭരണപരിഷ്കാരങ്ങളെക്കുറിച്ചും സാമ്പത്തിക വിദഗ്ധന്റെ കാഴ്ചപ്പാടിലൂടെയും ടെക്നോക്രാറ്റിന്റെ സൂക്ഷ്മതയോടെയും ഡോ. മോഹന്‍ദാസ് അവതരിപ്പിക്കുന്ന കാര്യങ്ങള്‍ മോദി സര്‍ക്കാരിന്റെ വിമര്‍ശകര്‍ക്കുള്ള മറുപടിയാണ്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലോകത്തിനു വന്ന മാറ്റം കാണാതെ കാലഹരണപ്പെട്ട ധാരണകളില്‍ അടയിരിക്കുന്ന രാഷ്ട്രീയ നേതാക്കളെയും നയതന്ത്രജ്ഞരെയും അത്ഭുതപ്പെടുത്തുന്ന നീക്കങ്ങളാണ് അന്താരാഷ്ട്ര രംഗത്ത് മോദിസര്‍ക്കാര്‍ കാഴ്ചവച്ചത്. ഇന്ത്യയുടെ താല്പര്യങ്ങളില് ഒരിഞ്ചുപോലും വിട്ടുവീഴ്ച ചെയ്യാത്ത, എന്നാല്‍ മറ്റ് രാജ്യങ്ങളോട് ശത്രുത പുലര്‍ത്താത്ത ‘മോദി ഡോക്ട്രിന്‍’ നമ്മുടെ വിദേശനയത്തെ പുനര്‍നിര്‍വചിച്ചിരിക്കുകയാണെന്ന് ഗ്രന്ഥകാരന് തെളിവുകള്‍ നിരത്തുന്നുണ്ട്. മോദിയുടെ വിദേശസന്ദര്‍ശനങ്ങളെ വിമര്‍ശിക്കുന്നവരെയും പരിഹസിക്കുന്നവരെയും തുറന്നുകാണിക്കുകയും ചെയ്യുന്നു.
യുഎന്‍ പൊതുസഭ, അമേരിക്കന്‍ കോണ്‍ഗ്രസ്സ്, ബ്രിട്ടീഷ് പാര്‍ലമെന്റ് എന്നിവയടക്കമുള്ള രാജ്യാന്തര വേദികളിലും, ഇന്ത്യയുടെ സ്വാതന്ത്ര്യദിനങ്ങൡലും, പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലും മറ്റും മോദി നടത്തിയ തെരഞ്ഞെടുത്ത പ്രസംഗങ്ങളുടെയും പ്രസ്താവനകളുടെയും സമാഹാരമാണ് ഒരധ്യായം. ഇത് നല്ലൊരു വായനാനുഭവം സമ്മാനിക്കും. മോദിയുടെ ജീവിതത്തിലെ അപൂര്‍വ്വ ചിത്രങ്ങളും, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ഒ. രാജഗോപാല്‍ എംഎല്‍എ, കേന്ദ്രമന്ത്രിമാര്‍, പ്രമുഖ ബിജെപി നേതാക്കള്‍ തുടങ്ങിയവരുടെ ആശംസകളും ഉള്‍പ്പെടുത്തി രൂപകല്‍പ്പന ചെയ്തിരിക്കുന്ന പുസ്തകം തികച്ചും ആകര്‍ഷകമാണ്.
നരേന്ദ്ര മോദിയെക്കുറിച്ച് കേവലം ഒരു പുസ്തകമെഴുതുക എന്നതിനപ്പുറം മതിയായ വിവരശേഖരണം നടത്തിയും, വസ്തുതകളെ ശരിയായി അപഗ്രഥിച്ചുമാണ് ഡോ. മോഹന്‍ദാസ് 384 പേജുള്ള രചന നിര്‍വഹിച്ചിരിക്കുന്നത്. ഇതുകൊണ്ടുതന്നെ ആര്‍ക്കും ആശ്രയിക്കാവുന്ന ഡോക്യുമെന്റ്കൂടിയായി പുസ്തകം മാറുന്നു. നരേന്ദ്ര മോദിയെ അടുത്തറിയാന്‍ സഹായിക്കുന്നതിനൊപ്പം മോദി ഭരണത്തിന്‍കീഴില്‍ മാറുന്ന ഇന്ത്യയുടെ മുഖം തിരിച്ചറിഞ്ഞ് ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. ചായവില്‍പ്പനക്കാരനില്‍നിന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭരണാധികാരിയായിമാറിയ രാഷ്ട്ര നായകന്റെ ഐതിഹാസിക ജീവിതം രേഖപ്പെടുത്തിയശേഷം ഗ്രന്ഥകാരന് ഇങ്ങനെ കുറിക്കുന്നു: ”ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’ എന്ന മന്ത്രവുമായി ഉത്സാഹിയായ ഈ ഇന്ത്യന്‍ ദാര്ശനികന് മുന്നോട്ടുതന്നെ പോവുകയാണ്.” ഡോ. മോഹന്‍ദാസിന്റെ പുസ്തകം വായിക്കുന്ന ഏതൊരാളും ചരിത്രപരമായ ഈ യാത്രയ്ക്ക് ശുഭാശംസ നേരും.
ഡോ. വി. മോഹന്‍ദാസിന്റെ ഇ-മെയില്‍: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: