കേരളം, ‘രാക്ഷസകേരളം നമ്പര്‍ വണ്‍’ എന്ന വിശേഷണത്തിന് തികച്ചും യോഗ്യമാണെന്ന് വന്നിരിക്കുന്നു. പൊതുറോഡില്‍ ഒരു വീട്ടമ്മയെ കൈയേറ്റം ചെയ്യുകയും അവരുടെ മകനെ അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്ത ജനപ്രതിനിധി മാപ്പപേക്ഷ വഴി വിജയശ്രീലാളിതനായതിലൂടെ ഇതല്ലാതെ മറ്റെന്ത് സന്ദേശമാണ് സമൂഹത്തിന് ലഭിച്ചിരിക്കുന്നത് ? സാക്ഷര സമൃദ്ധിയുടെയും ദൈവത്തിന്റെ അനുഗ്രഹത്തിന്റേയും പേരില്‍ കോള്മയിര്കൊള്ളിക്കുന്ന അവകാശവാദങ്ങളുടെ അടിയില്‍ പുഴുവരിക്കുന്ന സാംസ്കാരിക മ്ലേച്ഛതയാണ് ഉള്ളതെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. ഗുണ്ടകളെ പോലും വെല്ലുന്ന തരത്തിലുള്ള ട്രാക് റിക്കോര്‍ഡുള്ള ജനപ്രതിനിധിക്ക് ഇതില്പരം മറ്റെന്ത് ഗുഡ്സര്‍വീസ് എന്‍ട്രിയാണ് ലഭിക്കാനുള്ളത്. അപമാനിതരും ദുഃഖിതരുമായ ഒരു കുടുംബത്തെ മാപ്പപേക്ഷയുടെ പടുകുഴിയിലേക്ക് ചവിട്ടിത്താഴ്ത്തിയവര്‍ ആരായിരുന്നാലും ഏത് സംഘടനയായാലും അവര്‍ മനുഷ്യത്വത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നവരല്ലെന്ന് വ്യക്തം.
ഇത്ര പരസ്യമായ കൈയേറ്റം നടന്നിട്ടും നിശ്ശബ്ദ സാക്ഷിയായി നിന്ന കാക്കിയുടുപ്പുകാരന്‍, കേസ് കഴിവതും തേച്ചുമാച്ചുകളയാന്‍ സര്‍വസന്നാഹത്തോടെ രംഗത്തിറങ്ങിയ ആഭ്യന്തരവകുപ്പ്, തൊട്ടതിനും പിടിച്ചതിനും മഹാഭാരത പ്രസ്താവനയിറക്കുന്ന സാംസ്കാരിക നായകന്മാര്, ആവശ്യമില്ലാത്തിടങ്ങളില്‍ വലിഞ്ഞുകേറിച്ചെന്ന് മേനി നടിക്കുന്ന വനിതാകമ്മീഷന് തുടങ്ങിയ സംവിധാനങ്ങളും മറ്റും കൊടിയ ഗുണ്ടായിസത്തിന് അരുനില്‍ക്കുന്ന തരത്തിലേക്ക് കൂപ്പുകുത്തി. സ്ത്രീത്വത്തെ അപമാനിക്കുന്നതുള്‍പ്പെടെയുള്ള ഗുരുതര കുറ്റങ്ങള്‍ ചെയ്ത എംഎല്‍എയെ എങ്ങനെയും രക്ഷിക്കാന്‍ കാണിച്ച താല്പര്യം ദുര്‍ബലര്‍ക്ക് ആശ്വാസം എത്തിക്കുന്നതില്‍ പരാജയപ്പെട്ടു. ഇതിലെ ഏറ്റവും ഗുരുതരമായ വശം അവിടെയാണ്.
ജനപ്രതിനിധിയായാല്‍ എന്തു ഗുണ്ടായിസം കാണിച്ചാലും കുഴപ്പമില്ല എന്ന നിലയിലേക്കെത്തിയാല്‍ സംസ്ഥാനത്തിന്റെ അവസ്ഥ പിടിച്ചാല്‍ കിട്ടാത്ത തരത്തിലാവും. പൊലീസില്‍ നിന്നും ആഭ്യന്തര വകുപ്പില്‍ നിന്നും അസാധാരണമായ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഗണേഷ്കുമാര് എംഎല്‍എ ഇന്ന് ജയിലിലാവേണ്ടതായിരുന്നു. താന്‍ നിരപരാധിയാണ് എന്ന് ബൈബിള്‍ വാക്യത്തിന്റെ ബലത്തില്‍ നിയമസഭയില്‍ നല്ലപിള്ളചമഞ്ഞ എംഎല്‍എയെ ‘തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്’ എന്ന രീതിയില്‍ സര്‍ക്കാര്‍ എല്ലാ കുറ്റങ്ങളില്‍ നിന്നും മോചിപ്പിക്കുകയായിരുന്നു. ‘ദുഷ്ടന്മാര് ന്യായ വിസ്താരത്തിലും പാപികള്‍ നീതിമാന്മാരുടെ സഭയിലും നിവര്‍ന്നു നില്ക്കുകയില്ല’ എന്നതും ബൈബീള്‍ വാക്യമാണെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ക്കണം. മാപ്പ് പറഞ്ഞത് താന്‍ ചെയ്ത ഗുണ്ടായിസത്തിന് ന്യായീകരണമാവുന്നില്ല എന്ന പ്രാഥമിക തിരിച്ചറിവ് ഇല്ലാത്തിടത്തോളം ഈ എംഎല്‍എ തന്റെ തനി സ്വഭാവം പുറത്തുകാണിച്ചുകൊണ്ടേയിരിക്കും. മാപ്പപേക്ഷയിലേക്കെത്തിച്ച കൊടിയ ദുര്‍വൃത്തിക്ക് ചൂട്ട് പിടിച്ചവര്‍ കേരളത്തിന്റെ അഭിമാനത്തെയാണ് പണയപ്പെടുത്തിയിരിക്കുന്നത്.
നിരപരാധിയെ പാതിരാത്രിയില്‍ പിടിച്ചുകൊണ്ടുപോയി ചവിട്ടിക്കൊന്ന, ചെറുപ്പക്കാരനെ ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ നിസ്സംഗത കാണിച്ച, നടുറോഡില്‍ മധ്യവയസ്കന്റെ മൂക്കിടിച്ച് ചോരയൊഴുക്കിയ, ചെറുപ്പക്കാരന്റെ ആത്മഹത്യക്ക് വഴിവെച്ച, പെണ്‍കുട്ടിയെ പീഡിപ്പിച്ചവനെ തഴുകിത്തലോടിയ, ഉദ്യോഗസ്ഥന്റെ മകളുടെ കിരാതമര്‍ദ്ദനത്തിന് ഇരയായ പോലീസുകാരനെതിരെ കേസ്സെടുത്ത കേരളത്തിന്റെ സ്വന്തം ആഭ്യന്തര വകുപ്പും അതിന്റെ കൂലിപ്പടയായ പൊലീസും സംസ്ഥാനത്തെ അനുനിമിഷം രാക്ഷസ കേരളമാക്കാനുള്ള വെമ്പലിലാണ്. ഇടതുമുന്നണി സര്‍ക്കാര്‍ അതിനൊക്കെ ഒത്താശയുമായി കൂടെയുണ്ടുതാനും. ഗുണ്ടകള്‍ക്ക് മാത്രമല്ല ജനപ്രതിനിധികള്‍ക്കും ഇനി, അഴിഞ്ഞാടാം എന്ന ‘സുന്ദര സന്ദേശം’ തല്ലുകേസിലെ മാപ്പപേക്ഷയിലൂടെ നല്കിയ ഈ സര്‍ക്കാരിനോട് ‘കടക്ക് പുറത്ത്’ എന്നു പറയാനുള്ള ആര്‍ജവമാണ് സമൂഹം കാണിക്കേണ്ടത്. അങ്ങനെയേ എല്ലാം ശരിയാക്കാനായില്ലെങ്കിലും ചിലതെല്ലാം ശരിയാക്കാനാവൂ. ഗുണ്ടായിസമാണ് ജനാധിപത്യത്തെ നിലനിര്‍ത്തുന്നതെന്ന വ്യാഖ്യാനമാണ് സര്‍ക്കാറിനുള്ളതെങ്കില്‍ സമൂഹം സ്വരക്ഷയ്ക്കായി മറ്റുവഴി നോക്കിയാല്‍ തെറ്റുപറയാനാവില്ല. ‘ഇതെന്താ വെള്ളരിക്കാപ്പട്ടണമോ’ എന്ന് ഉന്നത ന്യായാലയം അടുത്തിടെ ചോദിച്ചത് വെറുതെയല്ലെന്ന് ഓര്‍ത്താല്‍ നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: