ജലന്ധര്‍: ഇന്ത്യന്‍ വ്യവസായിയുടെ കാരുണ്യത്താല്‍ 15 ഇന്ത്യക്കാര്‍ക്ക് ദുബായില്‍ വധശിക്ഷയില്‍ നിന്ന് മോചനം. വ്യാജമദ്യം, കൊലപാതകം എന്നീ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ദുബായ് ജയിലില്‍ കഴിയുന്ന 14 പഞ്ചാബി യുവാക്കള്‍ക്കും ഒരു ബീഹാറിക്കും തിരികെ നാട്ടിലെത്തി കുടുംബത്തോടൊപ്പം ചേരാന്‍ അവസരമൊരുക്കിയത് ദുബായിലെ ഹോട്ടല്‍ വ്യവസായിയായ എസ്.പി. സിങ് ഒബ്‌റോയ്. ഇവരില്‍ 14 പേര്‍ നേരത്തേ നാട്ടിലെത്തിക്കഴിഞ്ഞു.
കൊലപാതകത്തില്‍ കലാശിക്കുന്ന തര്‍ക്കങ്ങള്‍ക്ക് ദുബായില്‍ കടുത്ത ശിക്ഷയാണ് നല്‍കുന്നത്. എന്നാല്‍ ദുബായ് നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് പ്രതി നഷ്ടപരിഹാരം (ചോരപ്പണം) നല്‍കി കുറ്റവിമുക്തനാകുന്നതിന് വ്യവസ്ഥയുണ്ട്.
ഇതനുസരിച്ച് 15 പേരും പ്രതികളായുള്ള കേസില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളിലെത്തി ഒബ്‌റോയ് നഷ്ടപരിഹാരം നല്‍കുകയായിരുന്നു. സര്‍ബത് ദാ ഭാലാ ട്രസ്റ്റ് വഴിയാണ് നഷ്ടപരിഹാരത്തുക നല്‍കിയത്. പണം നല്‍കിയുള്ള അനുരഞ്ജനം കോടതി ശരിവെച്ചതോടെയാണ് യുവാക്കളെ വിട്ടു നല്‍കിയതെന്ന് ഒബ്‌റോയ് മാധ്യമങ്ങളോട് പറഞ്ഞു.
യുപിയിലെ അസംഗഢ് സ്വദേശി വീരേന്ദ്ര ചൗഹാനെ ഷാര്‍ജയില്‍ കൊലപ്പെടുത്തിയ കേസിലാണ് അഞ്ചു പേര്‍ ശിക്ഷിക്കപ്പെട്ടത്. അബുദാബിയിലെ അല്‍ ഐനില്‍ പാക്കിസ്ഥാനി യുവാവിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിലായിരുന്നു മറ്റു പത്തുപേര്‍ക്ക് വധശിക്ഷ.
വിദേശത്തേക്ക് പോകും മുമ്പ് തൊഴില്‍ നല്‍കുന്ന കമ്പനിയെക്കുറിച്ചും തൊഴിലിന്റെ സാധുതയെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കാത്തതിനാലാണ് യുവാക്കള്‍ കബളിപ്പിക്കപ്പെടുന്നതെന്നും പണത്തിനായി നിയമവിരുദ്ധ മാര്‍ഗങ്ങള്‍ തേടുന്നതെന്നും ഒബ്‌റോയ് പറഞ്ഞു. ഇതിനകം ദുബായ് ജയിലുകളില്‍ നിന്ന് 93 ഇന്ത്യക്കാരെ അദ്ദേഹം മോചിപ്പിച്ചിട്ടുണ്ട്.














