ഒരു ജൂണ്‍ 25 കൂടി വന്നുചേരുകയാണ്. നാല്‍പത്തിമൂന്ന് കൊല്ലങ്ങള്‍ക്കു മുന്‍പ് നമ്മുടെ നാടിന്റെ ചരിത്രത്തില്‍ ഒരു പുതിയ കരാളതയുടെ ആവിര്‍ഭാവത്തിനു അന്ന് സാക്ഷിയാകേണ്ടിവന്നതിന്റെ നടുക്കുന്ന ഓര്‍മകള്‍ ഉണര്‍ന്നുവരുന്നു. അന്നാണ് ഇന്നത്തെ കോണ്‍ഗ്രസ്സ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയുടെ മുത്തശ്ശി ഇന്ദിരാഗാന്ധി ഭാരതത്തിനുമേല്‍ അടിയന്തരാവസ്ഥ എന്ന സ്വേച്ഛാധിപത്യം അടിച്ചേല്‍പ്പിച്ചത്. തുടര്‍ന്നുള്ള പത്തൊന്‍പത് മാസം രാജ്യം മുഴുവനും തടവറയായി മാറ്റപ്പെട്ടു. ജനായത്തത്തിന്റെ നെടുംതൂണുകളായി കരുതപ്പെടുന്ന പാര്‍ലമെന്റും, ജനതയുടെ ജീവിത സ്വാതന്ത്ര്യാവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന ഭരണഘടനയും, നീതിന്യായത്തിന്റെ കാവല്‍മാടമായ പരമോന്നത നീതിപീഠവും അപമാനിക്കപ്പെട്ടു. വരിഞ്ഞുകെട്ടപ്പെട്ടു. എല്ലാം ഒരൊറ്റ വ്യക്തിയുടെ അധികാരാസക്തി പൂര്‍ത്തീകരിക്കാന്‍ വേണ്ടി. സ്വതന്ത്രഭാരത ചരിത്രത്തിലെ ഇരുളടഞ്ഞ കാലമായിരുന്നു അത്. ഉറക്കമില്ലാത്ത നീണ്ടരാത്രിയായിരുന്നു ആ 630 നാളുകള്‍; ജനായത്ത വിശ്വാസികളുടെ വിശ്വാസദാര്‍ഢ്യത്തിന്റെ പരീക്ഷണഘട്ടവും.
അടിയന്തരാവസ്ഥ ചരിത്രത്തിന്റെ ഭാഗമായി. അതിന്റെ ഓര്‍മകള്‍ ഉള്‍ക്കൊള്ളുന്ന തലമുറ മധ്യവയസ്സുകള്‍ പിന്നിട്ട് വാര്‍ധക്യത്തിലേക്കു പ്രവേശിച്ചുകഴിഞ്ഞു. പലരും കാലധര്‍മം പ്രാപിച്ചു. പുതിയ രണ്ടുമൂന്നു തലമുറകള്‍ വളര്‍ന്നുവന്നിരിക്കുന്നു. അവര്‍ക്ക് അടിയന്തരാവസ്ഥക്കാലം ചരിത്രപുസ്തകത്തിലെ ഏതാനും താളുകള്‍ മാത്രമായിരിക്കും. അക്കാലവും, അന്നു നടന്ന സംഭവപരമ്പരകളും സംഘര്‍ഷങ്ങളും മറ്റും ചരിത്രകൗതുകമോ അക്കാദമികതാല്‍പര്യമോ മാത്രമായിരിക്കും അവരില്‍ ഉണര്‍ത്തുക.
എന്നാല്‍ അതിലെ ആസുരികശക്തിയും ദൈവികശക്തിയും ഇന്നും സജീവമാണ്. എന്തിനായിരുന്നു ഈ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്? അതിനുതക്ക എന്തു സന്ദിഗ്ധഘട്ടമായിരുന്നു രാഷ്‌ട്രം അഭിമുഖീകരിച്ചത് എന്നു ചിന്തിക്കുന്നതു രസകരമായിരിക്കും. പൊതുവായ രാഷ്‌ട്രതാല്‍പര്യത്തിന് ഹാനികരമായ ഒരു സ്ഥിതിവിശേഷവും 1975 കാലത്ത് ഭാരതത്തില്‍ നിലനിന്നിരുന്നില്ല. ഒരൊറ്റ വ്യക്തിയുടെ സ്വാര്‍ഥതാല്‍പര്യം കാരണമായാണ് രാജ്യം മുഴുവന്‍ തടവറയായതും, ലക്ഷക്കണക്കിനാളുകളെ നരകയാതന അനുഭവിപ്പിച്ചതും.
1971-ല്‍ ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തില്‍നിന്ന് ഇന്ദിരാഗാന്ധി ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1972-ലാണ് സാധാരണ മട്ടില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. അതിനുമുന്‍പ് ഇന്ദിരാഗാന്ധി കോണ്‍ഗ്രസ്സില്‍ പിളര്‍പ്പുണ്ടാക്കുകയും, മുതിര്‍ന്ന നേതാക്കളെ എതിര്‍ചേരിയിലേക്കു തള്ളിവിടുകയും ചെയ്തിരുന്നു. പിന്തിരിപ്പന്‍ ബൂര്‍ഷ്വാ മുതലാളിത്ത ആശയങ്ങള്‍ വച്ചുപുലര്‍ത്തിയവരില്‍നിന്ന് കോണ്‍ഗ്രസ്സിനെയും രാജ്യത്തെയും രക്ഷിക്കാനായിരുന്നത്രേ അത്. തന്റെ നടപടിക്കു സാധൂകരണമായി മുന്‍ രാജാക്കന്മാര്‍ക്കു നല്‍കിവന്ന പ്രിവിപേഴ്‌സ് അടക്കം പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കപ്പെടുകയും, പ്രധാനപ്പെട്ട 15 സ്വകാര്യബാങ്കുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും മറ്റുമായിരുന്നു ആ നയങ്ങളിലെ പ്രദര്‍ശന വസ്തുക്കള്‍. സാധാരണ ജനങ്ങള്‍ക്ക് ജീവിതം മെച്ചപ്പെടുത്താനായി ബാങ്കുകള്‍ പ്രയോജനപ്പെടുമെന്നായിരുന്നു വാഗ്ദാനം. ഈ നയങ്ങള്‍ക്ക് പിന്തുണ നേടുന്നതിനായി പുതിയ ജനവിധി ആവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് ഒരു വര്‍ഷം നേരത്തെ 1971-ലേക്ക് കൊണ്ടുവന്നത്.
1971-ല്‍ നടന്ന ബംഗ്ലാദേശ് വിമോചനത്തിന് സൈനികസഹായം നല്‍കിയതിനെ കക്ഷിഭേദമെന്യേ മുഴുവന്‍ ജനങ്ങളും പിന്തുണയ്‌ക്കുകയും ചെയ്തു. പലരും ഇന്ദിരാഗാന്ധിയെ ദുര്‍ഗയോട് ഉപമിച്ചിരുന്നു. ഈ നടപടിയും അവര്‍ക്കനുകൂലമായി. അങ്ങനെ ആ തെരഞ്ഞെടുപ്പില്‍ ഇന്ദിരയും അവര്‍ നയിച്ച കോണ്‍ഗ്രസ്സ് വിഭാഗവും വന്‍വിജയം നേടി. ഇന്ദിരയെ പരാജയപ്പെടുത്താന്‍ മുതിര്‍ന്ന നേതാക്കള്‍ ഒരു സിന്‍ഡിക്കേറ്റ് സൃഷ്ടിച്ചിരുന്നു. ആ വിഭാഗത്തിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് എന്ന അംഗീകാരം നല്‍കിയത്. അവരെ സിന്‍ഡിക്കേറ്റ് എന്നും ഇന്ദിരാപക്ഷത്തെ ഇന്‍ഡിക്കേറ്റ് എന്നുമാണ് ജനങ്ങള്‍ വിളിച്ചുവന്നത് (കോണ്‍-എസ്, കോണ്‍-ഐ). ”ഇന്ദിര നാടു ഭരിച്ചാലേ പാവങ്ങള്‍ക്കൊരു ഗതിയുള്ളൂ”, ”ഇന്ത്യയെന്നാല്‍ ഇന്ദിര, ഇന്ദിരയെന്നാല്‍ ഇന്ത്യ” മുതലായ ഘോഷിപ്പുകളും അന്തരീക്ഷത്തില്‍ മുഴങ്ങി.
ഏതായാലും എതിരാളിയായിരുന്ന രാജ്‌നാരായണന്‍ പെരുമാറ്റദൂഷ്യം, അധികാര ദുരുപയോഗം മുതലായ കുറ്റങ്ങള്‍ ആരോപിച്ച് നല്‍കിയ ഹര്‍ജി വിചാരണ ചെയ്ത അലഹബാദ് ഹൈക്കോടതി 1975 ജൂണ്‍ 12- ന് ഇന്ദിരാഗാന്ധിയുടെ സഭാംഗത്വം റദ്ദുചെയ്ത് ആറ് കൊല്ലത്തേക്ക് അയോഗ്യത കല്‍പ്പിക്കുകയും ചെയ്തു.
അടുത്ത ദിവസം അയല്‍സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ സര്‍ക്കാര്‍ വാഹനങ്ങളുപയോഗിച്ച് ആയിരക്കണക്കിന് ജനങ്ങളെ അവരുടെ വസതിക്കു മുന്‍പില്‍ എത്തിച്ച് പിന്തുണ പ്രഖ്യാപിച്ചു. അതിനിടെ സുപ്രീംകോടതിയില്‍ വി.ആര്‍. കൃഷ്ണയ്യരുടെ ബെഞ്ചില്‍ ഇന്ദിരാഗാന്ധി നല്‍കിയ അപ്പീല്‍ ജൂണ്‍ 24-ന് വിധി പറഞ്ഞു. അലഹബാദ് വിധി ശരിവച്ചു; ലോക്‌സഭയില്‍ ഹാജരാകാനും ഹാജര്‍ രേഖപ്പെടുത്താനും കഴിയുമെങ്കിലും നടപടികളില്‍ പങ്കെടുക്കാന്‍ പാടില്ല, പ്രധാനമന്ത്രിസ്ഥാനത്ത് തുടര്‍ന്ന് ശമ്പളം വാങ്ങാം എന്നായിരുന്നു വിചിത്രമായ ആ വിധി.
അടുത്ത ദിവസം ദല്‍ഹിയില്‍ ഇന്ദിരയുടെ രാജി ആവശ്യപ്പെട്ട് നടത്തപ്പെട്ട വന്റാലിയില്‍ ജയപ്രകാശ് നാരായണന്‍, ഒരു നിമിഷം പോലും അവര്‍ അധികാരത്തില്‍ തുടരരുതെന്നാവശ്യപ്പെട്ടു.
അന്നുരാത്രി ഇന്ദിരയുടെ വസതിയില്‍ ചേര്‍ന്ന ഉത്തതല യോഗത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള രേഖ തയ്യാറാക്കി രാഷ്‌ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിനെക്കൊണ്ട് തുല്യം ചാര്‍ത്തിച്ച്, രാത്രി പന്ത്രണ്ട് മണിക്ക് പ്രഖ്യാപനം ആകാശവാണിയിലൂടെ നടത്തുന്നതിനു മുന്‍പുതന്നെ ദല്‍ഹിയിലും, ബെംഗളൂരു മുതലായ മറ്റിടങ്ങളിലും ഔദ്യോഗികാവശ്യങ്ങള്‍ക്കു പോയിരുന്ന എ.ബി.വാജ്‌പേയി, എല്‍.കെ.അദ്വാനിയടക്കം പ്രതിപക്ഷ നേതാക്കളെയും, ജയപ്രകാശ്, മൊറാര്‍ജി ദേശായി തുടങ്ങിയവരെയും, കെ.ആര്‍. മല്‍ക്കാനിയെപ്പോലുള്ള പത്രാധിപന്മാരെയും ആഭ്യന്തര സുരക്ഷാനിയമപ്രകാരം തടങ്കലിലാക്കി. ‘വിനാശകാലേ വിപരീതബുദ്ധി’ എന്നു പറഞ്ഞാണ് ജെപി പോലീസുകാരോടൊപ്പം പോയത്.
അതോടെ രാഷ്‌ട്രം സുദീര്‍ഘമായൊരു രാത്രിയിലേക്കു പ്രവേശിക്കുകയായിരുന്നു. പത്രമാരണചട്ടം നടപ്പായതോടെ സെന്‍സര്‍ പരിശോധനയ്‌ക്കുശേഷമേ ഏതു വാര്‍ത്തയും പ്രസിദ്ധീകരിക്കാവൂ എന്നു വന്നു. ഭരണഘടനയെത്തന്നെ സസ്‌പെന്‍ഡ് ചെയ്തു. സ്വതന്ത്രമനസ്‌കരായ സുപ്രീംകോടതി ജഡ്ജിമാരെ മറികടന്നു. ആത്മാഭിമാനമുള്ള ജഡ്ജിമാര്‍ സലാം പറഞ്ഞു പിരിഞ്ഞു. പ്രതിബദ്ധ നീതിന്യായം (കമ്മിറ്റഡ് ജുഡീഷ്യറി) നിലവില്‍വന്നു. ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ പിന്‍വലിക്കപ്പെട്ടു. പോലീസിന് ആരെയും വെടിവച്ചുകൊല്ലാമെന്ന് ഒരു ന്യായാധിപന്‍തന്നെ അന്ന് അഭിപ്രായപ്പെട്ടു.
19 മാസം ദുശ്ശാസനം തുടര്‍ന്നു. അതിനിടെ രാഷ്‌ട്രീയ സ്വയംസേവക സംഘത്തെ നിയമവിരുദ്ധമാക്കി. മുതിര്‍ന്ന സംഘാധികാരികള്‍ക്കെതിരെ മിസാ വാറണ്ട് പുറപ്പെടുവിച്ചു. ആയിരക്കണക്കിനുപേരെ രാജ്യരക്ഷാ നിയമപ്രകാരം ജയിലിലാക്കി. ഇന്ദിരാഗാന്ധിയുടെ പ്രസംഗങ്ങളിലും പ്രവൃത്തികളിലും നിന്ന് മുഖ്യലക്ഷ്യം സംഘംതന്നെയെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു. ജനായത്തവും പൗരസ്വാതന്ത്ര്യവും പുനഃസ്ഥാപിക്കാന്‍ എല്ലാ ജനാധിപത്യവിശ്വാസികളെയും ഒരുമിച്ചു കൂട്ടി ലോകസംഘര്‍ഷസമിതി രൂപീകരിച്ച് (ജയപ്രകാശിന്റെ നേതൃത്വത്തില്‍ നേരത്തെ നിലനിന്ന സമിതിയുടെ തുടര്‍ച്ചയായി) സാധ്യമായ സകല അടവുകളും പയറ്റി. തികച്ചും അഹിംസാത്മകമായ വിധത്തില്‍ സംഘര്‍ഷം നിലനിര്‍ത്തി ഐതിഹാസികമായ ആ മഹാഭാരത സംഗ്രാമം ബ്രിട്ടീഷുകാര്‍ക്കെതിരായി നടന്ന സ്വാതന്ത്ര്യസമരത്തിന്റെ തീവ്രതയെപ്പോലും കവച്ചുവയ്‌ക്കുന്നതായിരുന്നു.
ഇന്ദിരാഗാന്ധി പക്ഷേ, താന്‍ സൃഷ്ടിച്ച ലോകത്തായിരുന്നു. ഉപദേഷ്ടാക്കളും രഹസ്യവിഭാഗവും നല്‍കിയ വിവരങ്ങളില്‍നിന്ന് തെരഞ്ഞെടുപ്പ് നടത്തിയാല്‍ വിജയം സുനിശ്ചിതമാണെന്നു ധരിച്ചു. നാടിന്റെ നാനാഭാഗങ്ങളില്‍ ജനങ്ങളില്‍ വളര്‍ന്നുവന്ന വികാരങ്ങളെ അളക്കാനും അറിയാനും കഴിയാതെ അവര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ആ പ്രഖ്യാപനം സ്വന്തം വിധിയെഴുത്താവുമെന്ന് ഇന്ദിരാഗാന്ധി പ്രതീക്ഷിച്ചില്ല. 1977 മാര്‍ച്ചിലെ തെരഞ്ഞെടുപ്പ് ചരിത്രം തിരുത്തി. ഇന്ദിരയും അവരുടെ ഉപജാപകസംഘവും ഇന്ത്യയുടെ ഹൃദയഭൂമിയിലെ നിരക്ഷരരെന്നു കരുതപ്പെട്ടുവന്ന ജനസഞ്ചയത്താല്‍ തൂത്തെറിയപ്പെട്ടു. പ്രബുദ്ധരും അഭ്യസ്തവിദ്യരും, പുരോഗാമികളുമെന്ന ഹുങ്ക് കൈമുതലായ, ദക്ഷിണ ഭാരതത്തില്‍ മാത്രമാണ് ഇന്ദിരാ കോണ്‍ഗ്രസ്സിന് നില്‍ക്കക്കള്ളി കിട്ടിയത്.
അടിയന്തരാവസ്ഥയിലെ കൊടിയ പീഡനങ്ങള്‍ക്കിരയായവര്‍ ആയിരക്കണക്കിന് ഇനിയും നരകജീവിതം നയിക്കുന്നുണ്ട്. അവരെക്കുറിച്ച് വ്യക്തിസ്വാതന്ത്ര്യം കൈവരിച്ചവരും, പിന്നീട് അധികാരത്തിലെത്തിയവരുമായ നേതാക്കള്‍ കൃതജ്ഞതാപൂര്‍വ്വം എന്തെങ്കിലും ചെയ്തുവോ എന്ന് മനഃസാക്ഷിയോട് ചോദിക്കേണ്ടതാണ്. തങ്ങള്‍ ഇന്നനുഭവിക്കുന്ന സ്ഥാനമാനാദികള്‍ക്കും സ്വാതന്ത്ര്യത്തിനും കാരണം അവരുടെ ത്യാഗങ്ങളാണെന്ന് ഒരു നിമിഷം ചിന്തിച്ച് പ്രതികരിക്കാനുള്ള ദിവസമാണ് ജൂണ്‍ 25 എന്ന് ഓര്‍മ്മിപ്പിക്കട്ടെ.
പി നാരായണൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക: