ഐപിഎസ് എന്നാല്‍ കിരീടംവെക്കാത്ത രാജാവിന്റെ പദവിയാണെന്നു ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അത് ഇല്ലാതാക്കാന്‍ സര്‍ക്കാരിനു കഴിയണം. മന്ത്രിമാര്‍ക്കുപോലുമില്ലാത്ത വലിയ പരിചരണമാണ് പല പോലീസ് ഉദ്യോഗസ്ഥര്‍ക്കു കിട്ടുന്നതെങ്കില്‍ ബ്രിട്ടീഷ് ഭരണമല്ല ഇവിടെ ഉള്ളതെന്നും ഇതുകേരളമാണെന്നും ഇത്തരം മാരണങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനു കഴിയണം.
നാളുകളായി നമ്മുടെ പോലീസിന്റെ ക്രൂരവിനോദങ്ങള്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കേരളം. ആഴ്ചയില്‍ ഓരോ വീഴ്ച എന്ന നിലയില്‍നിന്നും ദിവസേനെ വീഴ്ച എന്ന അവസ്ഥയിലേക്ക് പോലീസ് കൂപ്പുകുത്തുന്നതിനിടയിലാണ് പിന്നേയും പോലീസിനെ നാണംകെടുത്താന്‍ എഡിജിപി സുദേഷ് കുമാറും കുടുംബവും വികൃതികളുമായി ഇറങ്ങിയിരിക്കുന്നത്.
ഈ ഉത്തരേന്ത്യന്‍ ഗോസായിയുടേയും കുടുബത്തിന്റെയും നെറികേടുകളാണ് കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന വാര്‍ത്തകളായി മാധ്യമങ്ങളില്‍ നിറഞ്ഞന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയും മകളും ഡ്രൈവര്‍ ഗവാസ്കറെ നിരന്തരം ചീത്തപറയാറുണ്ടായിരുന്നു. ഗവാസ്കറിന്റെ പിന്കഴുത്തില് എഡിജിപിയുടെ മകള്‍ മൊബൈല്‍ ഫോണ്‍കൊണ്ടു മര്‍ദിച്ചതിനെത്തുടര്‍ന്ന് അയാള്‍ ആശുപത്രിയിലാണ്.
കീഴുദ്യോഗസ്ഥരെ അടിമപ്പണിക്കാരായി കാണുന്ന സുദേഷ് കുമാറിന്റെ അതിക്രമങ്ങളുടെ കഥകളാണ് ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പതിനഞ്ചോളം പോലീസുകാരാണ് ഇദ്ദേഹത്തിന്റെ വീട്ടില്‍ ജോലി ചെയ്യുന്നത്. ഇതില്‍ വനിതാപോലീസുകാരുണ്ട്. ഔദ്യോഗിക വാഹനം കൂടാതെ മറ്റു നാല് വാഹനങ്ങള്‍ ഇദ്ദേഹം ഉപയോഗിക്കുന്നുണ്ട്. അതിലൊന്ന് പട്ടിക്കു യാത്രചെയ്യാന്‍ വേണ്ടിമാത്രമാണ്. ബന്ധുക്കളും പുറത്തുപോകാന്‍ ഉപയോഗിക്കുന്നതും പോലീസ് വാഹനം തന്നെ.
പോലീസുകാരെ അടിമകളാക്കി ജോലിയെടുപ്പിക്കുന്ന ഇത്തരം ദിനേഷ് കുമാറുമാര്‍ ഇനിയും സേനയിലുണ്ടെന്നുള്ളത് രഹസ്യമായ പരസ്യമാണ്. ഇത് ഇന്നും ഇന്നലേയും തുടങ്ങിയതല്ല. ഇത്തരം വസ്തുതകള്‍ അറിയാമെങ്കിലും മാറിവരുന്ന സര്‍ക്കാരുകള്‍ ഇതിനെതിരെ ചെറുവിരലുകള്‍ അനക്കാറില്ല. രാഷ്ട്രീയക്കാര്‍ക്ക് എന്തും ചെയ്തുകൊടുക്കാന്‍ തയ്യാറുള്ള ഇത്തരം ഏമാന്മാരുടെ സുഖജീവിതം രാഷ്ട്രീയക്കാരായിട്ടു കളയാറുമില്ല.
ഔദ്യോഗിക പദവി രാജകീയ സുഖസൗകര്യങ്ങള്ക്കുവേണ്ടിമാത്രം ഉപയോഗിക്കുന്ന ഇവരെക്കൊണ്ട് പോലീസിനും നാടിനുമുള്ള സേവനം എന്താണെന്ന് അറിയില്ല. ഈ മേത്തരം ഉദ്യോഗസ്ഥരുടെ പ്രധാന കലാപരിപാടികള്‍ എന്താണെന്ന്് മിക്കവാറും നമ്മള് പത്രങ്ങളിലൂടെ വായിച്ചറിയാറുണ്ട്.അതു പലതും അഭികാമ്യവുമല്ല. പല രീതിയില്‍ ആരോപണങ്ങള്‍ ഉള്ളവരാണ് അതില്‍ പലരും. നല്ലവരും ഉണ്ടെന്നു സമ്മതിക്കുന്നു.
പോലീസുകാരെ അടിമയാക്കുന്നത് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിഞ്ഞുകൊണ്ടാണെന്നാണ് മുന്‍ ഡിജിപി സെന്‍കുമാറിന്റെ രൂക്ഷ വിമര്‍ശനം.തങ്ങളുടെ സഹപ്രവര്‍ത്തകര്‍ അടിമജീവിതം നയിക്കുന്നത് പോലീസ് അസോസിയേഷനിലെ നേതാക്കളായ ധീരവീരശൂര പരാക്രമികള്‍ക്ക് അറിയില്ലെന്നുണ്ടോ. അല്ലെങ്കില്‍ അവരെ ബലിയാടാക്കി ഇത്തരം ഏമാന്മാരില് നിന്നും നേട്ടങ്ങള്‍ കൊയ്യുന്നുണ്ടോ ഇവര്‍. ഇതിനിടെ സായുധ സേനയുടെ തലപ്പത്തുനിന്നും സുദേഷ് കുമാറിനെ മാറ്റി. പുതിയ ചുമതല നല്‍കിയിട്ടുമില്ല. കേരളത്തനിമ ഇത്തരക്കാരെ പഠിപ്പിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പോലീസിലെ ഇത്തരം മാടമ്പിമാര്‍ അതു പഠിച്ചാല്‍ നന്നായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: