പടുവൃദ്ധനായ ഒരു ആല്‍മരം തെലങ്കാനയിലെ മെഹ്ബൂബ് നഗറിലുണ്ട്. പേര് പില്ലാലമാരി. വയസ്സ് 700. ആരോഗ്യം വല്ലാതെ മോശമായതിനെത്തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലാണ് വൃദ്ധന്. ശരീരമാസകലം സലൈന്ഡ്രിപ്പുകള് കെട്ടിത്തൂക്കിയിട്ട് സൂചികളിലൂടെ മരുന്നുകള്‍ കയറ്റിക്കൊണ്ടിരിക്കുന്നു. ചുവട്ടില്‍ കുഴികളെടുത്ത് രാസവസ്തുക്കളും മരുന്നുകളും നിറയ്ക്കുന്നു. രാപകലെന്യേ ഡോക്ടര്‍മാരുടെ പരിചരണം. എന്നിട്ടും പില്ലാലമാരിയുടെ ആരോഗ്യം ആശങ്കാജനകമായി തുടരുകയാണ്.
എഴുനൂറ് വയസ്സുള്ള ആല്‍മരം. സസ്യലോകത്തിലെ അത്ഭുതമാണെന്ന് പറയാം. മെഹബൂബ്നഗറില് നാലേക്കറില്‍ പരന്നുകിടക്കുകയാണ് ഈ ആല്‍മരത്തിന്റെ ശാഖകള്‍. കാഴ്ചക്കാരുടെ വിശ്രമകേന്ദ്രം. കമിതാക്കളുടെ സങ്കേതം, കുട്ടികളുടെ കളിസ്ഥലം, വയോജനങ്ങളുടെ വിശ്രമകേന്ദ്രം…തുടങ്ങിയ നിലകളിലൊക്കെ ആല്‍മരം തലമുറകള്‍ക്ക് അഭയം നല്കിവരുന്നു. പക്ഷേ അതിന് പെട്ടെന്നാണ് തളര്‍ച്ച ബാധിച്ചത്. കാണക്കാണെ മരത്തിന്റെ ശാഖകള്‍ ഉണങ്ങിത്തുടങ്ങി. അവയില്‍ ചിതലുകള്‍ കോളനി കെട്ടി. ഒടുവില്‍ ഒരു കൂറ്റന്‍ ശിഖരം ഒടിഞ്ഞ് താഴെവീണു.
അതോടെയാണ് പില്ലാലമാരിയുടെ ദയനീയാവസ്ഥ ജനശ്രദ്ധയാകര്‍ഷിച്ചത്. ആളുകള്‍ പില്ലാലമാരിയെ സമീപിക്കുന്നതും സ്പര്‍ശിക്കുന്നതും ജില്ലാ കളക്ടര്‍ നിരോധിച്ചു. വിനോദസഞ്ചാരവകുപ്പ് മരത്തെ വനംവകുപ്പിന് കൈമാറി. വാറംഗലിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധ ശാസ്ത്രജ്ഞരും ചികിത്സകരും മെഹബൂബ് നഗറില്‍ കുതിച്ചെത്തി. ചിതലാണ് വില്ലനെന്ന് അവര്‍ വിലയിരുത്തി. ചിതലിനെയും പൂപ്പലുകളെയും ഇല്ലാതാക്കുന്നതിന് നൂറുകണക്കിന് കുപ്പികളില്‍നിന്ന് സദാ കീടനാശിനി കയറ്റുകയാണ്. നേര്‍പ്പിച്ച ക്ലോര്‍പൈറിഫോസ് എന്ന മാരകവിഷം വേരുകളിലാകെ ബോര്‍ഡോ മിശ്രിതം തേച്ച് കുമിളുകളെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു. ശാഖകള്‍ ഒടിഞ്ഞുവീഴാതിരിക്കാന്‍ ഇടയ്ക്കിടെ കോണ്‍ക്രീറ്റ് താങ്ങുകള്‍ സ്ഥാപിക്കാന്‍ പോകുന്നു.
പില്ലാലമാരിയെ ഒരു ആഡംബരവസ്തുവായി കണ്ടതാണ് ഈ അപചയത്തിനു കാരണമെന്ന് നിരീക്ഷകര്‍ പറയുന്നു. ആദ്യത്തെ കാരണം വിനോദസഞ്ചാരികളുടെ പെരുപ്പം. അവര്‍ പില്ലാലമാരിയുടെ ശാഖകളില്‍ വലിഞ്ഞുകയറി. ചില്ലകള്‍ ഒപ്പിയെടുത്തു. മറ്റു ചിലര്‍ കത്തികൊണ്ട് മരത്തൊലിയില്‍ സ്വന്തം പേരുകള്‍ കോറിയിട്ട് അനശ്വരത്വം നേടി. മരത്തില്‍നിന്ന് പൊഴിഞ്ഞുവീഴുന്ന ഇലകള്‍ അപ്പാടെ തൂത്തുവാരിക്കളയാന്‍ തുടങ്ങിയതോടെ മരത്തിന്റെ പ്രകൃതിദത്തമായ ജൈവകവചവും അതില്‍നിന്ന് ലഭിക്കുന്ന പോഷകങ്ങളും നഷ്ടപ്പെട്ടു. വിനോദസഞ്ചാരികളുടെ സൗകര്യത്തിന് മരത്തിന്റെ ചില്ലകള്‍ പലേടത്തും വെട്ടിമാറ്റിയത് മറ്റൊരു വിന. ആളുകള്‍ക്ക് തണലില്‍ ഇരിക്കാന്‍ സിമന്റ് ബെഞ്ചുകള്‍ തീര്‍ത്തപ്പോള്‍ ഒട്ടേറെ വേരുകളാണ് പൊട്ടിനശിച്ചത്. അതിനൊക്കെ പുറമെ ജലത്തിന്റെ ദൗര്‍ലഭ്യവും. തുടര്‍ച്ചയായുണ്ടായ വരള്‍ച്ചയില്‍ അവിടെ ഭൂഗര്‍ഭജലവിതാനം താഴേക്കുപോയി.
ഈയൊരു സാഹചര്യത്തിലാണ് പില്ലാലമാരിക്ക് അകാല വാര്‍ധക്യം ബാധിക്കുന്നത്. മരത്തിന്റെ വിതാനം താഴ്ന്നുതുടങ്ങി. ചിതലും പൂപ്പലും പുഴുക്കളും അതിനെ കൂട്ടത്തോടെ ആക്രമിച്ചു.
പക്ഷേ ആലോചന കൂടാതെയുള്ള വൃക്ഷചികിത്സയില്‍ പരിസ്ഥിതിപ്രവര്‍ത്തകര്‍ക്ക് ഏറെ ആശങ്കയുണ്ട്. ചിതലിനെ കൊല്ലാനായി മരത്തിലെങ്ങും മാരകമായ കീടനാശിനി കുത്തിക്കയറ്റുന്നതിന്റെ ഫലം എന്താവുമെന്നതാണ് അവരുടെ ആശങ്ക. മരത്തിന്റെ പല ശാഖകളും കേവലം ശൂന്യമാണ്. അകത്തുള്ളതൊക്കെ ചിതല് തിന്നു തീര്‍ത്തിരിക്കുന്നു. കീടനാശിനി ഒരുപക്ഷേ താല്‍ക്കാലിക ആശ്വാസം നല്‍കിയേക്കാം. പക്ഷേ മരത്തില്‍ കുടിപാര്‍ക്കുന്ന ആയിരക്കണക്കിന് കിളികളും അണ്ണാനും പൂത്തുമ്പികള്ക്കുമൊക്കെ എന്തു സംഭവിക്കുമെന്ന് നിരീക്ഷകര്‍ ചോദിക്കുന്നു. മരത്തിന്റെ കോശകലകളില്‍ ഊറിക്കൂടുന്ന രാസവിഷം ദോഷകരമാവുമെന്ന് അവര്ആശങ്കിക്കുന്നു. മരച്ചുവട്ടിലെ അമിതമായ വിഷപ്രയോഗം പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്ന് ചോദിക്കുന്നവരും മെഹ്ബൂബ് നഗറിലുണ്ട്.
പില്ലാലമാരി നമുക്കൊരു പാഠമാവണം. സ്വന്തം ആത്മത്യാഗത്തിലൂടെ ആ മരം നമ്മെ ഒരുപാട് കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നുണ്ട്. മരം നട്ടുവച്ചതുകൊണ്ടുമാത്രമാവില്ലെന്നും, അതിനെ പരിപാലിക്കുന്നതിലാണ് കാര്യമെന്നും പില്ലാലമാരി നമ്മോട് പറയുന്നു. സസ്യങ്ങള്‍ കൗതുകവസ്തുക്കളല്ല. അവയെ സ്വതന്ത്രമായി വളരാന്‍ അനുവദിക്കണം. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൂട്ടനൃത്തവും കൂട്ടപ്പാട്ടും കൂട്ടയോട്ടവും നടത്തി, മരം നട്ട് സ്ഥലം കാലിയാക്കുന്നവര്ക്കുള്ള ഓര്‍മ്മപ്പെടുത്തല്‍കൂടിയാണിത്. മരം നടുക; നട്ട മരത്തെ പരിപാലിക്കുക; അതിനെ അതിന്റെ ജൈവ അന്തരീക്ഷത്തില്‍ സ്വതന്ത്രമായി വളരാന്‍ അനുവദിക്കുക….പില്ലാലമാരി നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഇതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: