മാലിന്യം നീക്കാന്‍ ജഡ്ജിപോലും കുത്തിയിരുന്നു പ്രതിഷേധിക്കേണ്ടി വരുന്ന അവസ്ഥയിലേക്കുപോയിരിക്കുന്നു നമ്മുടെ ഭരണസംവിധാനത്തിന്റെ അലംഭാവം. കൊച്ചി എറണാകുളം മാര്‍ക്കറ്റിലെ ചീഞ്ഞളിഞ്ഞു ദുര്‍ഗന്ധം വമിക്കുന്ന മാലിന്യം നീക്കാനാണ് സബ് ജഡ്ജിക്കു ആറുമണിക്കൂറോളം അതിനടുത്തു കുത്തിയിരിക്കേണ്ടി വന്നത്. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി എ എം ബഷീറാണ് മാലിന്യം പൂര്‍ണ്ണമായും മാറ്റുംവരെ ദുരഗന്ധംസഹിച്ചു നിന്നത്.
എറണാകുളം മാര്‍ക്കറ്റില്‍ മാലിന്യക്കൂമ്പാര പ്രശ്നം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇതുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും ഓര്‍മപ്പെടുത്തലും ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്. അധികൃതരുടെ അശ്രദ്ധമൂലം യാതൊരു നടപടിയും ഇതിനുണ്ടായിട്ടില്ല. മേയര്‍ സൗമിനി ജെയിന് ഹെല്‍ത്ത് സൂപ്പര്‍ വൈസറോട് വിശദീകരണം തേടി.സാധാരണ മുഴുവന്‍ മാലിന്യവും ഉച്ചയോടെയാണ് നീക്കുന്നതെന്നും ജഡ്ജി ഉച്ചയ്ക്കു മുന്‍പേ വന്നതുകൊണ്ടാണ് ഇതുകണ്ടതെന്നുമാണ് ആരോഗ്യവിഭാഗം സ്ഥിരം അധ്യക്ഷ പറഞ്ഞത്. മാലിന്യം കാണാന്‍ ജഡ്ജി നേരത്തെ വന്നു. ഇത്തിരി താമസിച്ചു വരാമായിരുന്നില്ലേയെന്നും ഇവര്‍ പറഞ്ഞുകൂടായ്കയില്ല.
ഇത്തരം നാണംകെട്ട പറച്ചിലിനും വിശദീകരണം ചോദിക്കാനും വേണ്ടിയാണോ ഇത്തരം പദവികളില്‍ ഇവര്‍ ഇരിക്കുന്നതെന്നാണ് ജനത്തിന്റെ ചോദ്യം. മേയര്‍ പദവി കേവലം അലങ്കാരത്തിനുമാത്രമാണെന്നാവും മേയര്‍ ധരിച്ചിരിക്കുന്നത്. വെറുതെ ആളാകാന്‍വേണ്ടി ജനത്തെ ഇനിയും ബുദ്ധിമുട്ടിക്കണോ. അല്ലെങ്കിലും കൊച്ചി കോര്പ്പറേഷന് ജനങ്ങള്‍ക്കു ബാധ്യതയായിത്തീര്ന്നിട്ട് പതിറ്റാണ്ടുകളായി. കേരളം മുഴുവന്‍ മാലിന്യംകൊണ്ടു നാറുകയാണ്. കൊച്ചിയുടെ കാര്യം പ്രത്യേകിച്ചു പറയാനുമില്ല. മഴകൊണ്ടാണ് പ്രശ്നം ഇത്ര രൂക്ഷമെന്നു സമ്മതിച്ചാല്‍ തന്നെ അല്ലാത്ത നേരത്തും മാലിന്യം കെട്ടിക്കിടക്കാന്‍ ഉള്ളതാണെന്നാണല്ലോ നമ്മുടെ അനുഭവം.
വേണ്ടപ്പെട്ടവര്‍ ഇടപെട്ടപ്പോള്‍ നടപടിയുണ്ടായെന്ന് സാധാരണ ഗതിയില്‍ നമുക്കുപറയാം. പക്ഷേ വേണ്ടപ്പെട്ടവര്‍ ഇടപെടുമ്പോള്‍ മാത്രം നടക്കേണ്ടതാണോ മാലിന്യം നീക്കം ചെയ്യല്പോലുള്ള കാര്യങ്ങള്‍. പിന്നെ എന്താണ് ഇതുമായി ബന്ധപ്പെട്ടവരുടെ പണി. അല്ലെങ്കില്‍ ജഡ്ജിമാര്‍ കേരളത്തിലൂടനീളം മാലിന്യക്കൂമ്പാരത്തിനടുത്തുവന്നു പ്രതിഷേധിച്ചാല്‍ മാത്രമേ ഇനി മാലിന്യം നീക്കപ്പെടൂ എന്നുണ്ടോ. ജനദ്രോഹത്തിനുമാത്രം പദവിയിലിരിക്കുന്ന രാഷ്ട്രീയക്കാരെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് കേരളം. ഇത്തരക്കാരെ എന്തു ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: