ഭൂതകാലം മറക്കാന്‍ കിം. വൈറ്റ് ഹൗസില്‍ കിമ്മിനെ വരവേല്‍ക്കാന്‍ ട്രംപും സന്നദ്ധമായിരിക്കുകയാണ്. അരനൂറ്റാണ്ടിലധികം തുടര്‍ന്നുവരുന്ന അമേരിക്ക-ഉത്തര കൊറിയ ശത്രുത അഞ്ചുമണിക്കൂറുകൊണ്ട് അലിഞ്ഞില്ലാതായ പ്രതീതിയാണ് സിംഗപ്പൂരിലെ ഉച്ചകോടി സൃഷ്ടിച്ചത്. സിംഗപ്പൂര്‍ സാന്റോസ് ദ്വീപിലെ ആഡംബര ഹോട്ടലായ കാപെല്ലയിലാണ് ഇരു രാഷ്ട്രതലവന്മാരും ഒത്തുകൂടിയത്. വെറും 38 മിനിറ്റാണ് ട്രംപും കിമ്മും കൂടിക്കാഴ്ച നടത്തിയത്. അതിനുമുന്‍പ് കരാര്‍ സംബന്ധിച്ച അണിയറ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റായി റൊണാള്‍ഡ് ട്രംപ് അധികാരമേറ്റശേഷം നടത്തിയ പ്രസ്താവനകളും ഇടപെടലുകളും സംഘര്‍ഷാത്മക സാഹചര്യത്തിലേക്ക് ലോകം പോകുമോ എന്ന ശങ്കപരത്തിയതാണ്. പക്ഷേ, അതിന് അല്‍പ്പായുസ്സേ ഉണ്ടായിരുന്നുള്ളൂ എന്നാണ് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഉത്തരകൊറിയയും അമേരിക്കയും തമ്മിലുണ്ടായ ഉടമ്പടിയുടെ ഉള്ളടക്കം പൂര്‍ണമായും പുറത്തുവന്നിട്ടില്ലെങ്കിലും കേട്ടെടുത്തോളം വെളുത്തപുക തന്നെയാണ്.
ഇനി ഇരു രാജ്യങ്ങളുടെയും നിര്‍ണായക മാറ്റമായിരിക്കും ലോകം കാണുന്നതെന്നും പുതിയ ചരിത്രമെഴുതാനാണ് കൂടിക്കാഴ്ച നടത്തിയതെന്നും ഇതു വിജയമായിരുന്നെന്നുമാണ് പ്രസിഡന്റുമാര്‍ അറിയിച്ചത്. ഒറ്റയടിക്ക് എല്ലാ ആയുധങ്ങളും ഒഴിവാക്കാനാകില്ലെന്ന നിലപാടിലായിരുന്നു കിം. ഘട്ടംഘട്ടമായേ ഇത് നടക്കുകയുള്ളൂ, പക്ഷേ ഇതിന് യുഎസിന്റെ ചില ഉറപ്പുകള്‍ ലഭിക്കേണ്ടതുണ്ട്. കൊറിയയ്ക്കു മേലുള്ള ഉപരോധത്തില്‍ ഇളവ്, സാമ്പത്തിക സഹായം, രാജ്യാന്തര തലത്തില്‍ നയതന്ത്രബന്ധം ശക്തിപ്പെടുത്താനുള്ള ഇടപെടല്‍, കൊറിയന്‍ സമാധാന കരാര്‍ ഒപ്പിടാനുള്ള ഇടപെടല്‍ തുടങ്ങിയവയെല്ലാം കിം മുന്നോട്ടു വച്ചിട്ടുണ്ട്. ഇക്കാര്യത്തിലെല്ലാം ട്രംപ് ഭാഗികമായേ ഉറപ്പ് നല്‍കിയിട്ടുള്ളൂ. ഏതായാലും കൊറിയയ്ക്ക് മേലുള്ള ഉപരോധം എളുപ്പം നീക്കില്ലെന്നാണ് ട്രംപ് നല്കിയ സൂചന. ഉത്തര കൊറിയയിലെ മിസൈല്‍ പരീക്ഷണശാല നശിപ്പിക്കാന്‍ കിം സമ്മതിച്ചതോടെ ആണവ നിരായുധീകരണവ്യവസ്ഥകളുള്‍പ്പെടെയുള്ള സമഗ്ര കരാറില്‍ ഇരു നേതാക്കളും ഒപ്പുവയ്ക്കുന്നത് എളുപ്പമാക്കി.
ഇരു രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ ശ്രമിച്ച സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സെയ്ന് ലൂങ്, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍, ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ അബെ, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് എന്നിവര്‍ സമാധാന ഉടമ്പടിക്ക് സാഹചര്യമൊരുക്കിയവരാണ്. ലോകസമാധാനത്തിനായി ഇന്ത്യ നടത്തിക്കൊണ്ടിരുന്ന പരോക്ഷ സാന്നിധ്യവും ഇതോടൊപ്പം നിഴലിക്കുന്നുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉലകംചുറ്റം വാലിബനെന്ന് പരിഹസിച്ചവരുണ്ട്. ലോകത്ത് എവിടെ ചെന്നാലും സൗഹൃദവും സമാധാനവും നിലനിര്‍ത്താന്‍ നരേന്ദ്രമോദി കിട്ടാവുന്ന വേദികളിലെല്ലാം ശബ്ദിച്ചു.
അതിന് അമേരിക്ക, ജപ്പാന് ഉള്‍പ്പെടെ പല രാജ്യങ്ങളില്‍ നിന്നും രാഷ്ട്രത്തലവന്മാരില് നിന്നും അനുകൂല പ്രതികരണമുണ്ടായത് വിസ്മരിച്ചുകൂടാ. പ്രധാനമന്ത്രിയായി നാലുവര്‍ഷം മുന്‍പ് നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ സാര്‍ക്ക് രാഷ്ട്രത്തലവന്മാരെയെല്ലാം ക്ഷണിക്കുകയും എല്ലാവരും പങ്കെടുക്കുകയും ചെയ്തത് മറന്നുകൂടാ. അതില്‍ ചിലരുമായുണ്ടായ അകല്‍ച്ച അവരുടെ രാജ്യങ്ങളിലെ ആഭ്യന്തരപ്രശ്നങ്ങളായിരുന്നു. ഏറ്റവും ഒടുവില്‍ പ്രധാനമന്ത്രി പറഞ്ഞതും രാഷ്ട്രങ്ങള്‍ തമ്മിലുള്ള ശത്രുത തീര്ന്നേപറ്റൂ എന്നാണ്. ഏതായാലും സിംഗപ്പൂരില്‍ ഒരു പൂവിരിയുമെന്നേ പ്രതീക്ഷിച്ചുള്ളൂ. എന്നാല്‍ ലോകമാകെ പരിമളം പരത്തുന്ന വലിയൊരു പൂന്തോട്ടമാണുണ്ടായിരിക്കുന്നത്. ഇതുവഴി പുതിയ ഭൂമിയും പുതിയ ആകാശവും വരുമെങ്കില്‍ അതില്‍പ്പരം ആഹ്ലാദം മറ്റൊന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: