ഹോളിവുഡ് സൂപ്പര്‍ താരം ടോം ക്രൂസ് തന്റെ പുതിയ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് മുംബൈയില്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു. മിഷന് ഇംപോസിബിള്‍ 6ാം ഭാഗം അടുത്തമാസം തിയറ്ററുകളില്‍ എത്തുകയാണ്. അനില്‍ കപൂര്‍ ചില സീനുകളില്‍ എത്തുന്നുവെന്നതും ഈ ചിത്രത്തിന്റെ പുതുമയാണ്.
ത്രസിപ്പിക്കുന്ന ആക്ഷനുമായി കാണികളെ അമ്പരിപ്പിച്ച ഈ പരമ്പരയിലെ ആദ്യ ചിത്രം തന്നെ വമ്പന്‍ ഹിറ്റായിരുന്നു. ലോകത്തിലെ പണംവാരി ചിത്രങ്ങളിലൊന്നായ മിഷന് ഇംപോസിബിള്‍ സുന്ദരനായ ടോമിന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍കൊണ്ട് ശ്രദ്ധേയമായിരുന്നു. തുടര്‍ന്നു വന്ന നാല് ഭാഗങ്ങളും കോടികളാണ് വാരിയത്. അതിന്റെ ചുവടുപിടിച്ചാണ് മാറിയ കാലത്തിനനുസരിച്ച് മിഷന് ഇംപോസിബിള്‍-ഫാള്‍ഔട്ട് പ്രദര്‍ശനത്തിനെത്തുന്നത്. ജപ്പാനിലും ഫ്രാന്‍സിലും ന്യൂസിലന്റിലുമായിരുന്നു ചിത്രീകരണം.
1996 ല്‍ അമേരിക്കന്‍ ആക്ഷന്‍ സ്പൈ ചിത്രമെന്ന ലേബലില്‍ ആദ്യ മിഷന്-ഇംപോസിബിള്‍ റിലീസായി. ബ്രയാന്‍ ഡി പാല്മയാണ് സംവിധായകന്. ചിത്രത്തിന്റെ നിര്‍മാതാവും നായകനുമായ ടോം ക്രൂസിനെ ഹോളിവുഡില്‍ സൂപ്പര്‍ താരമാക്കിയ സിനിമയാണിത്. പുതിയ ഭാഗത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് ക്രിസ്റ്റഫര്‍ മക്യുരിയാണ്. ടോം ക്രൂസിനെ കൂടാതെ റെബേക്ക ഫര്ഗൂസന്, വനിസ കിര്‍ബി, ഹെന്‍ട്രി കവില്, സൈമണ്‍ പെഗ് തുടങ്ങിയ വലിയൊരു താരനിരതന്നെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: