ചരിത്രം സിനിമയാകുമ്പോള്‍ ഒപ്പം വിവാദങ്ങളും ഉയരാറുണ്ട്. എന്നാല്‍ വിവാദങ്ങള്‍ക്കൊന്നും അവസരം നല്‍കാതെ 1998-ലെ ‘ബുദ്ധന്റെ ചിരി’യെ പുനരാവിഷ്കരിച്ചിരിക്കുകയാണ് ‘പരമാണു.’ രാജ്യത്തിന്റെ യശസ്സ് ലോകരാജ്യങ്ങള്‍ക്കു മുന്നിലുയര്‍ത്തിയ ആണവപരീക്ഷണത്തെ വിവാദങ്ങള്‍ക്ക് വിട്ടുകൊടുക്കാതെ അതിമനോഹരമായി ദൃശ്യവല്‍ക്കരിച്ചിരിക്കുന്നു സംവിധായകന് അഭിഷേക് ശര്‍മ്മ.
1995-ലെ ചൈനയുടെ ആണവപരീക്ഷണത്തില്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. ചൈനയുടെയും പാക്കിസ്ഥാന്റെയും ആണവപരീക്ഷണം ഏഷ്യന്‍ ഭുഖണ്ഡത്തില്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായെന്ന് അശ്വത് റാണ (പ്രതിരോധ മന്ത്രാലയത്തിലെ ഐഎഎസ് ഉദ്യോഗസ്ഥന്) വിലയിരുത്തുന്നു. തന്റെ ആശങ്ക അന്നത്തെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തില്‍ അവതരിപ്പിക്കുന്നു. രാജ്യം അണുപരീക്ഷണം നടത്തണമെന്നും, അതിന് തന്റെ കൈയില്‍ പദ്ധതിയുണ്ടെന്നും റാണ യോഗത്തെ ധരിപ്പിക്കുന്നു. എന്നാല്‍ മറ്റുദ്യോഗസ്ഥരില്‍നിന്ന് പരിഹാസമാണ് ലഭിക്കുന്നത്. താന്‍ തയ്യാറാക്കിയ പദ്ധതി ഫ്ളോപ്പി ഡിസ്ക്കിലാക്കി നല്‍കുന്നുണ്ടെങ്കിലും അത് വെറും ചായ ഗ്ലാസ് മൂടിവയ്ക്കാന്‍ ഉപയോഗിക്കുകയായിരുന്നു.
പരിഹാസ്യനായ റാണ പ്രധാനമന്ത്രി കാണുന്നതിനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നു. അതിനായി കാത്തുനില്ക്കുമ്പോള് റാണ മനസ്സിലാക്കുന്നു, യാതൊരു തയ്യാറെടുപ്പുമില്ലാതെ തന്റെ പദ്ധതി നടപ്പാക്കാനൊരുങ്ങി രാജ്യം പരാജയപ്പെട്ടുവെന്ന്. 1995-ല്‍ അമേരിക്കയുടെ ചാരക്കണ്ണുകളില്പ്പെട്ട് ഇന്ത്യയുടെ ആണവപരീക്ഷണം പരാജയപ്പെടുന്നു. രാജ്യത്തിനേല്ക്കേണ്ടി വന്ന അപമാനത്തിന് മറയിടാന്‍ ഒരു ബലിയാടിനെ ആവശ്യമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അത് റാണയായി മാറി. രാജ്യത്തെ അപമാനത്തിലേക്ക് തള്ളിവിട്ട പദ്ധതിയുടെ സൂത്രധാരനെന്ന് മുദ്രകുത്തി അശ്വത് റാണയെ സര്‍വ്വീസില്‍നിന്ന് സസ്പെന്റ് ചെയ്യുന്നു. ഐഎഎസ് ഉപേക്ഷിച്ച് കുടുംബത്തോടോപ്പം ദല്‍ഹി വിടുന്നു റാണ. മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം കുടുംബത്തിനുതന്നെ ബാധ്യതയായി മറ്റൊരു ജോലിക്ക് ശ്രമിക്കേണ്ട ഗതികേടില്‍ നില്ക്കുമ്പോള് ദല്‍ഹിയിലെ ഒരു വിദ്യാലയത്തിലേക്കുള്ള ഇന്റര്‍വ്യൂവിന് ക്ഷണിക്കപ്പെടുന്നു.
ദല്‍ഹിയിലെത്തിയ റാണയെ ഇന്റര്‍വ്യൂ ചെയ്യാനെത്തുന്നത് അന്നത്തെ പ്രധാനമന്ത്രി വാജ്പേയിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹിമാന്‍ഷു ശുക്ലയാണ്. അത് അണുപരീക്ഷണത്തിനുള്ള രണ്ടാമങ്കത്തിലെ ആദ്യകൂടിക്കാഴ്ചയായിരുന്നു. റാണയുടെ പദ്ധതിപ്രകാരം അണുപരീക്ഷണം നടത്താന്‍ രാജ്യത്തിന് താല്പര്യമുണ്ടെന്ന് പറഞ്ഞുകൊണ്ട്, അതിന്റെ പൂര്‍ണ്ണചുമതലയും ശുക്ല റാണക്ക് നല്കുന്നു.
ഹിമാന്‍ഷു ശുക്ല പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കുമ്പോള്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അനുചരന്മാര് അദ്ദേഹത്തെ ബൊക്കയുമായി സ്വീകരിക്കുന്നു. അവരെ പരിഹസിക്കുന്ന ശുക്ലയിലുടെ അധികാരത്തിലെ മാറ്റവും ലക്ഷ്യവും പറഞ്ഞുവയ്ക്കുകയാണ് സംവിധായകന്.
റാണയുടെ പദ്ധതി പ്രകാരം ചാരക്കണ്ണുകളാകുന്ന കൗരവരെ നേരിടാന്‍ പഞ്ചപാണ്ഡവരും കൃഷ്ണനും ഒരുങ്ങുന്നു. ബിഎആര്‍സി, ഐഎസ്എ, ഡിആര്‍ഡിഎ, മിലിട്ടറി, ഐബി എന്നീ പാണ്ഡവരും കൃഷ്ണനായി അശ്വത് റാണയും. അമേരിക്കയുടെ ചാരഗ്രഹങ്ങള് പൊക്രാനിന്റെ ആകാശത്ത് മിഴിപൂട്ടുന്ന രാത്രിയിലെയും പകലിലെയും സമയങ്ങളില്‍ അവര്‍ അണുസ്ഫോടനത്തിന് സജ്ജരായി. ദിവസങ്ങള്‍ നീളുന്ന ശ്രമം പുരോഗമിക്കുമ്പോള്‍ 13 ദിവസത്തെ ആയുസ്സില്‍ ഭരണകൂടം നിലംപതിക്കുന്നു. പൊക്രാന്‍ പദ്ധതി വീണ്ടും ചുവപ്പുനാടയിലേക്ക്.
രാജ്യം വീണ്ടും ആ ഇച്ഛാശക്തിയെ അധികാരമേല്‍പ്പിച്ചപ്പോള്‍ ദൗത്യത്തിന് പച്ചക്കൊടി. ഇപ്രാവശ്യം മുന്നില്‍ വെറും പത്ത് ദിവസം മാത്രം. ഇതിനിടെ ഐഎസ്ഐയുടെയും സിഐഎയുടെയും ചാരന്മാര് ദൗത്യം മണത്തറിയുന്നു. പൊക്രാന്റെ ആകാശത്ത് മൂന്ന് ഗ്രഹങ്ങള്‍ക്ക് പകരം നാലാമതൊന്നുകൂടി. ഇനി പൊക്രാന്‍ അമേരിക്കയ്ക്കുമുന്നില്‍ മിഴിപൂട്ടുന്നത് ദിവസത്തില്‍ ഒരു മണിക്കൂര്‍ മാത്രം. ദൗത്യം ഉപേക്ഷിക്കേണ്ട അവസ്ഥയിലേക്ക്. ഭരണകൂടത്തിന്റെ ഇച്ഛാശക്തി അവിടെ പാണ്ഡവര്‍ക്ക് തുണയായി. അതിര്‍ത്തികളില്‍ സൈനികവിന്യാസം നടത്തി ലോകത്തിന്റെ ശ്രദ്ധ പൊക്രാന്റെ മണ്ണില്‍ നിന്ന് മാറ്റി. 1998 മെയ് 11 ന് ബുദ്ധന് വീണ്ടും ചിരിച്ചു.
ചരിത്രത്തില്‍ വെള്ളം ചേര്‍ക്കാതെ അവതരിപ്പിക്കാന്‍ സംവിധായകന് കാണിച്ച ധൈര്യം പ്രശംസനീയമാണ്. ചരിത്രം സിനിമയ്ക്ക് വഴിമാറുമ്പോള്‍ ആകാംക്ഷ നിറയ്ക്കാനായി ചില ചേരുവകള്‍. ഐഎസ്ഐ ചാരന് അശ്വത് റാണയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുന്നതും, തുടര്‍ന്നുള്ള പിരിമുറുക്കങ്ങളും സംവിധായകന്റെ സൃഷ്ടിയെങ്കിലും സിനിമയെ അലോസരപ്പെടുത്തുന്നില്ല. ലുക്കൗട്ട് നോട്ടീസ് ഇറക്കിയ ഐഎസ്ഐ ചാരനെ ഓടിച്ച് പോലീസ് സ്റ്റേഷനില്‍ കയറ്റുമ്പോള്‍ പ്രതിയെ വെറുതെവിട്ട് പിന്നാലെ വന്ന അശ്വത് റാണയെ തടഞ്ഞുവെയ്ക്കുന്ന പോലീസുകാര്‍ ചിരിക്ക് പകരം വ്യവസ്ഥിതിയോടുള്ള സംവിധായകന്റെ പരിഹാസമാണ് വ്യക്തമാക്കുന്നത്.
രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ ദൗത്യത്തെ തിരശ്ശീലയിലെത്തിച്ചപ്പോള്‍ ആവേശവും സത്യവും കൈമോശം വരാതെ സൂക്ഷിച്ചിട്ടുണ്ട് സംവിധായകന് അഭിഷേക് ശര്‍മ്മ. ബുദ്ധന് വീണ്ടും ചിരിക്കുന്നു. പരമാണുവിലൂടെ വെള്ളിത്തിരയിലും.
$
പ്രതികരിക്കാൻ ഇവിടെ എഴുതുക: