കേരള കലാമണ്ഡലത്തിലെ വടക്കന്‍ കളരിയുടെ സാരഥിയായിരുന്നു കലാമണ്ഡലം കൃഷ്ണകുമാര്‍. പട്ടിക്കാംതൊടി ചിട്ടയുടെ വഴിയിലേക്ക് തികഞ്ഞ നിഷ്ക്കര്ഷയോടെ ശിഷ്യരെ വാര്‍ത്തെടുക്കുന്നതില്‍ കണിശത പുലര്‍ത്തുന്ന ഗുരു. കല്ലടിക്കോടന്‍- കപ്ലിങ്ങാടന്‍ കഥകളിവഴികളുടെ സുന്ദരമായ കല്ലുവഴി സമന്വയം പുതുതലമുറയുടെ കയ്യിലേക്കും മെയ്യിലേക്കും ചിട്ടപ്രധാനമായി ആവാഹിച്ചു കൊടുത്ത അദ്ദേഹം കേരളകലാമണ്ഡലത്തിലെ പതിറ്റാണ്ടുകള്‍ പിന്നിട്ട സേവനപഥത്തില്നിന്ന് ഈയിടെ വിരമിച്ചു. വേഷം കലാകാരന് എന്ന നിലയിലും, ഗുരുവര്യന് എന്ന നിലയിലും കഥകളിലോകത്ത് സുസ്ഥിരസ്ഥാനത്ത് എത്തിയ കലാമണ്ഡലം കൃഷ്ണകുമാറിന്റെ കലാതപസ്യയിലേക്ക്, അദ്ദേഹത്തിന്റെ തന്നെ വാക്കുകളിലൂടെ…
എന്റെ അച്ഛന് കുഞ്ചുനായരാശാന്റെ അടുത്ത് മൂന്നു വര്‍ഷം കഥകളി അഭ്യസിച്ചിട്ടുണ്ട്. അപ്പോള്‍ ഞാന്‍ വേഷക്കാരന് ആവണം എന്നത് അച്ഛന്റെ മോഹമായിരുന്നു. കഥകളി അഭ്യസിക്കാനായി അച്ഛന് എന്നെ നിര്‍ബന്ധിച്ചിട്ടും ഞാന്‍ വഴങ്ങിയില്ലായിരുന്നു. വള്ളത്തോളിന്റെ സഹയാത്രികനായിരുന്ന മുകുന്ദരാജയുടെ സ്കൂള്‍, അമ്പലപുരം യുപി സ്കൂളില്‍ അന്ന് ആറാംതരത്തില്‍ പഠിക്കുന്ന സമയം. അന്നാണ് ഞാന്‍ ആദ്യമായി കഥകളി കാണുന്നത്. കോട്ടയ്ക്കല്‍ ട്രൂപ്പിന്റെ സമ്പൂര്‍ണ്ണ രാമായണം ആയിരുന്നു കഥ. അത് കണ്ടപ്പോള്‍ കഥകളിയോട് എനിക്ക് താല്പര്യം ഉണ്ടായി. പിന്നീട്, പല കളിയരങ്ങുകളും കണ്ടപ്പോള്‍ ആ താല്പര്യം വര്‍ദ്ധിച്ചു. 1973-74 കാലഘട്ടത്തിലാണ് കലാമണ്ഡലത്തില്‍ ചേരുന്നത്. കഥകളി അഭ്യസനം ആരംഭിച്ചത് മടവൂരാശാന്റെ കീഴിലാണ്. അന്നെനിക്ക് തെക്കന്‍ – വടക്കന്‍ കളരികള്‍ വ്യത്യസ്തമാണെന്ന് അറിയില്ലായിരുന്നു. രുക്മിണീസ്വയംവരത്തില് കൃഷ്ണനായി അരങ്ങേറി. മടവൂരാശാനാണ് ആദ്യമായി മുഖത്ത് മനയോല തേപ്പിച്ചു തന്നത്. രണ്ടര വര്‍ഷത്തിനു ശേഷം മടവൂരാശാന് രാജിവച്ചുപോയ ശേഷമാണ് വടക്കന്‍ കളരിയിലേക്ക് പഠനം മാറ്റിയത്. വാഴേങ്കട വിജയനാശാന്റെ കീഴില്‍ പഠനം തുടര്‍ന്നു. പിന്നീട്, പദ്മനാഭന് നായരാശാന്, ഗോപിയാശാന്, ഷാരടിയാശാന്, ഗോപാലകൃഷ്ണനാശാന്‍ തുടങ്ങിയവരെല്ലാം ഗുരുക്കന്മാരായി.
.വേഷക്കാരന് അരങ്ങത്ത് പദാഭിനയം, ആട്ടങ്ങള്‍ എന്നിങ്ങനെ രണ്ടു ധര്‍മ്മങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. പദാഭിനയം നിയതമായ ശാസ്ത്രീയാടിത്തറയോടെ ചെയ്യേണ്ടുന്നത്, ആട്ടങ്ങള്‍ ക്രിയാത്മകതയോടെയും. എങ്ങനെയാണ് ഇത് രണ്ടും സമന്വയിപ്പിക്കാറുള്ളത്?
നടന് പദം/പദാര്‍ത്ഥം അറിഞ്ഞു പ്രവര്‍ത്തിച്ചില്ലെങ്കില്‍ അരങ്ങത്ത് കൂടെയുള്ളവര്‍ക്ക് അത് ബുദ്ധിമുട്ടാണ്. പദം മാത്രമല്ല, സംഗീതവും താളബോധവും കൂടി സ്വായത്തമാക്കിയാലേ ഒരു പൂര്‍ണ്ണത കൈവരൂ. ഏതു രാഗമാണ് എന്നതുകൂടി മനസ്സിലാക്കിയാല്‍ നടന്റെ പ്രകടനം കുറേക്കൂടി അനായാസമാകും. ഇത് പദ്മനാഭന് നായരാശാന്റെ കളരിയില്‍നിന്ന് പഠിച്ച കാര്യമാണ്. കഥാപാത്രങ്ങള്‍ക്ക് അനുസൃതമായി ആട്ടങ്ങള്‍ മനസ്സില്‍ ചിട്ടപ്പെടുത്തിയാല്‍ അതിനൊരു നിയതമായ രൂപം കൈവരും. വായനയിലൂടെ, മറ്റുള്ളവരുടെ വേഷങ്ങള്‍ നിരീക്ഷിക്കുന്നതിലൂടെ നമുക്ക് പലതും സ്വീകരിക്കാന്‍ സാധിക്കും. യുക്തിഭദ്രമാവണം ആട്ടങ്ങള്‍.
.കല്ലുവഴിച്ചിട്ടയിലുള്ള വേഷാവതരണത്തിനു രണ്ടു നൂറ്റാണ്ടുകള്ക്കടുത്ത് പാരമ്പര്യമുണ്ട്. അന്നുമുതലിങ്ങോട്ട് ശൈലിയിലും, സമ്പ്രദായങ്ങളിലും നിരവധി മാറ്റങ്ങള്‍ക്ക് നാന്ദി കുറിച്ച പ്രയോക്താക്കളുണ്ട്. കലാമണ്ഡലം കൃഷ്ണകുമാര്‍ എന്ന വടക്കന്‍ കളരി മേധാവിയുടെ എളിയതെങ്കിലും എടുത്തുപറയാവുന്ന സംഭാവനകള്‍ ഈ കൂട്ടത്തിലുണ്ടോ?
ചിട്ടകളില്‍ അന്നത്തേതില്‍നിന്ന് മാറ്റങ്ങള്‍ ഒന്നുമില്ല. പട്ടിക്കാംതൊടി സംഭാവനയായ മെയ്യ് എന്ന അഭ്യാസസൗന്ദര്യം അതേപടി പിന്തുടരുന്നതാണ് ശരിയായ കല്ലുവഴിച്ചിട്ട. അതാണ് ഇവിടെ പാലിച്ചു പോന്നതും. ഇരുപത്തൊമ്പത് വര്‍ഷങ്ങള്‍ ഞാന്‍ കലാമണ്ഡലത്തില്‍ പ്രവര്‍ത്തിച്ചുപോന്നു. എന്റെ ഗുരുക്കന്മാര് എന്താണോ എനിക്ക് പഠിപ്പിച്ചുതന്നത്, അതില്‍ മാറ്റങ്ങള്‍ ഒന്നും വരുത്താതെ അരങ്ങത്തും കളരിയിലും പാലിച്ചു പോന്നിട്ടുണ്ട്. കല്ലുവഴിച്ചിട്ടയുടെ ക്ലാസ്സിക്കലായ ആട്ടങ്ങള്‍ എന്റെ പിന്‍തലമുറയ്ക്കും പകര്‍ന്നു കൊടുക്കാന്‍ സാധിച്ചു എന്നാണു കരുതുന്നത്.
.ചൊല്ലിയാട്ടത്തിലെ കൂറടക്കമാണ് കല്ലുവഴിച്ചിട്ട എന്നാണല്ലോ. ഒന്ന് വിശദീകരിക്കാമോ?
കല്ലുവഴിച്ചിട്ടയുടെ അടിസ്ഥാനം ഒന്നാണെങ്കിലും പട്ടിക്കാംതൊടി ശൈലി, കീഴ്പ്പടം ശൈലി, പദ്മനാഭന്നായരാശാന് ശൈലി, രാമന്കുട്ടിയാശാന് ശൈലി എന്നിങ്ങനെയുള്ള അല്ലറ ചില്ലറ വ്യത്യാസങ്ങളോടെയുള്ള ശൈലികള്‍ നിലവിലുണ്ട്. ഉദാഹരണത്തിന് കിര്‍മ്മീരവധം ലളിതയുടെ ഭാഗത്ത് ‘വനമുണ്ടിവിടെ…ദുര്‍ഗ്ഗാ ഭവനവുമുണ്ട്’ എന്ന ഭാഗത്ത് പദ്മാശാന്‍ ‘ഒരു ദുര്ഗ്ഗാഭവനവുമുണ്ട്’ എന്നാണു പഠിപ്പിച്ചത്. എന്നാല്‍ രാമന്‍കുട്ടിയാശാന്റെ കളരിയില്‍ ‘വെള്ളമുണ്ട് ഇവിടെ’ എന്ന അര്‍ത്ഥത്തിലാണ് അഭ്യസിപ്പിച്ചത്. അതെങ്ങനെയാണ് വ്യാഖ്യാനം എന്നറിയില്ല. അവരുടെ കാഴ്ചപ്പാടുകള്‍ ആണ്. വ്യാഖ്യാനങ്ങളില്‍ ചില്ലറ വ്യത്യാസങ്ങള്‍ ഉണ്ടായാല്‍ക്കൂടി കല്ലുവഴിച്ചിട്ടയുടെ തികവ് തന്നെയാണ് അതിന്റെ സൗന്ദര്യം.
.നളചരിതം നാല് ഖണ്ഡങ്ങള്‍, കര്‍ണ്ണശപഥം മുതലായവയ്ക്ക് കഥകളിയുടെ വ്യവസ്ഥാപിതചിട്ടയുടെ പിന്‍ബലം കുറവാണെന്ന് പറയപ്പെടുന്നു. എന്നാല്‍, അരങ്ങുകളെടുത്ത് നോക്കിയാല്‍ ഏറ്റവും കൂടുതല്‍ ഉള്ളത് ഇവയ്ക്കാണ്. ജനപ്രിയതയും ശാസ്ത്രീയചിട്ടകളും തമ്മില്‍ എങ്ങനെ സമരസപ്പെടുന്നു, അല്ലെങ്കില്‍ സമരസപ്പെടുത്തുന്നു?
കോട്ടയം കഥകള്‍ പോലുള്ളവ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണ്. മറ്റുള്ളവയില്‍ ലോകധര്‍മ്മി അംശങ്ങള്‍ കൂടുതലാണ്. അതുകൊണ്ടുതന്നെ അവയില്‍ നടന് സ്വാതന്ത്ര്യം ധാരാളമുണ്ട്. വേര്‍പാട് രംഗത്തൊക്കെ നടന് സ്വന്തം ക്രിയാത്മകതയും ഭാവനയുമെല്ലാം നന്നായി ഉപയുക്തമാക്കാന്‍ സാധിക്കും. ആസ്വാദകപക്ഷം എടുത്തുനോക്കിയാല്‍ ലോകധര്‍മി പ്രധാനമായ വേഷങ്ങളും കഥകളുമാണ് അവര്‍ക്ക് കൂടുതല്‍ ഇഷ്ടം. അതുപോലെ ചിട്ടപ്രധാനമായ കഥകളിലെപ്പോലെ ഇത്ര തവണയെ പാടാന്‍ പാടുള്ളൂ എന്നില്ലാത്തതുകൊണ്ട് സംഗീതത്തിനും പരിധികള്‍ ഇല്ല. അപ്പോള്‍ കഥകളി സംഗീതപ്രേമികളായ ആസ്വാദകര്‍ക്കും തൃപ്തിയായി. പക്ഷേ, ഒന്നുണ്ട്, ലോകധര്‍മ്മി കാണുന്ന നൂറാളുകള്‍ ഉണ്ടെങ്കില്‍ പത്ത് പേര് മതി നാട്യധര്‍മ്മി കാണാന്‍. അതാണ് കഥകളി എന്ന കലയുടെ മഹത്വം.
.അരങ്ങിലെ സംഗീത – താളപിന്ബലത്തെക്കുറിച്ച്?
ശരിയായ താളപിന്ബലം ഇല്ലെങ്കില്‍ നടന് പ്രവര്‍ത്തിക്കാനാവില്ലല്ലോ. ഇപ്പോള്‍ അടന്ത, ചെമ്പട താളങ്ങളുടെ മാത്ര കണക്കാക്കി വേഷാവതരണം നടത്തുമ്പോള്‍ താളങ്ങള്‍ ശരിയാംവണ്ണം പിന്നില്‍ നിന്ന് കിട്ടിയില്ലെങ്കില്‍ പിഴവ് വന്നുപോകാന്‍ സാധ്യത ഏറെയാണ്. ആശാന്മാര് തിരിഞ്ഞുനോട്ടം നടത്തുന്നത് അത്തരം സന്ദര്‍ഭങ്ങളിലാണ്. ഇപ്പോള്‍ ആ പതിവൊക്കെ കുറവാണ്. അതുപോലെ, നടന്റെ ഒപ്പം സഞ്ചരിക്കണം ചെണ്ടയും മദ്ദളവും. മാനസികപൊരുത്തമുള്ള മേളക്കാര് ഉണ്ടെങ്കില്‍ അരങ്ങത്ത് നമുക്ക് കൂടുതല്‍ ഊര്‍ജ്ജം പകരാന്‍ സാധിക്കും.
നായികയുടെ പദത്തിന്റെ ഭാഗത്ത് ചെണ്ടക്കാരന് അരങ്ങത്തുനിന്നും മാറിനില്‍ക്കുന്നത് ബുദ്ധിമുട്ടായി തോന്നാറുണ്ട്. കാരണം, നായികയുടെ പദങ്ങള്‍ വരുമ്പോള്‍ അവിടെ നായകന്റെ ഭാഗത്തുനിന്ന് പ്രതികരണങ്ങള്‍ ആവശ്യമാണ്. അതിനു ചെണ്ട കൂടിയേ കഴിയു. അവിടെ ചെണ്ടയില്ലാതെ വരുമ്പോള്‍ നമ്മുടെ പ്രകടനത്തിനു ജീവന് കിട്ടില്ല എന്നുതന്നെ പറയാം. മദ്ദളവും വളരെ ആവശ്യം തന്നെയാണ്. ‘വണ്ടാര്കുഴലാളെ’ എന്ന് കാണിക്കുമ്പോള്‍ അതിനു സൗന്ദര്യം കൊടുക്കുന്നത് മദ്ദളം തന്നെയാണ്. എല്ലാം കൂടെ യഥാവിധി ചേരുമ്പോഴേ അരങ്ങ് സമ്പുഷ്ടമാവുകയുള്ളൂ എന്നതില്‍ തര്‍ക്കമില്ല.
.ദുര്യോധനന് – ദുര്ലക്ഷണങ്ങളോടെ, വിപത്തിന്റെ ആരംഭമായി ജനിച്ചവനാണ്. പുരാണത്തിലേതാവുമ്പോള് കഥാപാത്രത്തിന്റെ കാലം, ദേശം, സ്വഭാവം, ശാസ്ത്രബോധം എല്ലാം ഉള്‍ക്കൊണ്ട് അവതരിപ്പിക്കണം എന്നാണല്ലോ. ദുര്യോധനനെ എങ്ങനെയാണ് ആവാഹിക്കാറുള്ളത്?
കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനം അനവധി തവണ വായിച്ചിട്ടുണ്ട്. അതിലെ ദുര്യോധനന് ആണ് എപ്പോഴും മനസ്സില്‍ നില്‍ക്കുന്നത്. കൂടാതെ, ആശാന്മാര് അവതരിപ്പിച്ചിട്ടുള്ള ദുര്യോധനവേഷങ്ങള്. ഇതില്‍നിന്നെല്ലാം പലതും ഉള്‍ക്കൊണ്ടിട്ടുണ്ട്. രാമന്കുട്ടിയാശാന്, ഷാരടിയാശാന് എന്നിവരുടെ ദുര്യോധനന്മാര് വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. പിന്നെ, ദുര്യോധനവധത്തില്‍ ദുര്യോധനന് നന്നാവണം എങ്കില്‍ ദുശ്ശാസനനും ഒപ്പത്തിനൊപ്പം നില്‍ക്കണം. ചില ദുശ്ശാസനവേഷങ്ങള് പോരായ്ക വരും. ആ അവസരങ്ങളില്‍ അവരെ നിയന്ത്രിച്ചു നിര്‍ത്തുകയും വേണം.
ഉണ്ണിത്താനേട്ടന്റെകൂടെ ചെയ്യുമ്പോള്‍, നല്ല കൊടുക്കല്‍ വാങ്ങലുകള്‍ അരങ്ങത്ത് സാധിക്കാറുണ്ട്. അതുപോലെ, ദേവദാസ്, ഹരി ആര്. നായര്‍ – ഇവരുടെയൊപ്പവും നന്നായി ചേരുവാന്‍ സാധിക്കാറുണ്ട്. മാനസികൈക്യമില്ലെങ്കില് കളി വിജയിക്കില്ല. അത് കൂട്ടുവേഷമായാലും, സംഗീത-മേള വിഭാഗങ്ങള്‍ ആയാലും.
.ഒരു വിവാദപരമായ ചോദ്യം ചോദിക്കട്ടെ – ‘പാവങ്ങളുടെ ഗോപിയാശാന്’ എന്നൊരു വിശേഷണം താങ്കളെക്കുറിച്ച് ആസ്വാദകര്‍ വിമര്‍ശനാത്മകമായി ഉന്നയിച്ചു കേള്ക്കാകറുണ്ട്. അതേക്കുറിച്ച് എന്ത് പറയുന്നു?
എനിക്ക് ഗോപിയാശാന്റെ വേഷങ്ങളോട് വളരെ ബഹുമാനമാണ്. ഞാന്‍ വേഷങ്ങള്‍ ചെയ്യുമ്പോള്‍ ഗോപിയാശാന്റെ ശൈലിയിലാണ് കാണിക്കുന്നത് എന്ന വിമര്‍ശനം പൊതുവേ കേള്‍ക്കാറുണ്ട്. ഗോപിയാശാന്റെ ഏതു വേഷങ്ങളെക്കുറിച്ച് ചോദിച്ചാലും എത്ര ഉറക്കത്തിലായാലും എനിക്ക് പറയാന്‍ സാധിക്കും. എന്റെ ഉള്ളില്‍ അദ്ദേഹത്തിന്റെ വേഷങ്ങള്‍ അത്രയും സ്വാധീനം ചെലുത്തിയിട്ടുണ്ട്. അത് മനസ്സില്‍നിന്നും വിട്ടുപോവാന്‍ ബുദ്ധിമുട്ടാണുതാനും. അദ്ദേഹത്തിന്റെ വേഷങ്ങളുടെ അനുകരണം മാത്രമാണ് എന്റെ വേഷങ്ങള്‍ എന്ന് ആര് വിമര്‍ശിച്ചാലും എനിക്കൊന്നുമില്ല.
ഒന്ന് ചോദിക്കട്ടെ, അനുകരണമില്ലാത്ത ഏതു നടന് ഉണ്ട്? ഗോപിയാശാന്റെ നളന്/രുഗ്മാംഗദന്/കര്ണ്ണന് വേഷങ്ങളുടെ സ്വാധീനം എന്റെ രക്തത്തില്‍ ലയിച്ചു ചേര്‍ന്നിട്ടുള്ളതാണ്. പലപ്പോഴും അരങ്ങത്തേക്ക് കയറുംമുന്‍പ് ഇതില്‍നിന്നും വ്യത്യസ്തമായി ചെയ്യണം എന്നൊക്കെ മനസ്സില്‍ കരുതിയാലും അരങ്ങത്ത് എത്തുമ്പോള്‍ ആ വഴിയിലേക്ക് എത്തുകതന്നെ ചെയ്യും. എന്നുവച്ച്, കത്തിവേഷങ്ങള്‍ ചെയ്യുമ്പോള്‍ അത്തരം സ്വാധീനമോ, അനുകരണമോ ആസ്വാദകര്‍ക്ക് കാണുവാന്‍ സാധിക്കുമോ? ഇല്ല എന്നുതന്നെയാണ് വിശ്വാസം.
എഴുത്തും ചിത്രങ്ങളും നിഷ മേനോന് ചെമ്പകശ്ശേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: