ന്യൂദല്‍ഹി: രജനീകാന്ത് ചിത്രമായ ‘കാലാ’ യുടെ റിലീസ് തടയാനാവില്ലെന്ന് സുപ്രീം കോടതി. ഇന്നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. റിലീസ് ചെയ്യുന്നത് നിരോധിക്കാനാവശ്യപ്പെട്ട് കെ. എസ്. രാജശേഖരന് സമര്‍പ്പിച്ച അപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
‘ നിങ്ങള്‍ റിലീസ് തടയാനാവശ്യപ്പെടുന്നു; മറ്റെല്ലാവരും ചിത്രം റിലീസ് ചെയ്യുന്നതും പ്രതീക്ഷിച്ചിരിക്കുന്നു’വെന്ന് എ.കെ. ഗോയലും അശോക് ഭൂഷണും ഉള്‍പ്പെട്ട അവധിക്കാല ബെഞ്ച,് പരാതിക്കാരന്റെ അഭിഭാഷകനെ അറിയിച്ചു. ഇതേ അപേക്ഷയുമായി മദ്രാസ് ഹൈക്കോടതിയെ രാജശേഖരന്, സമീപിച്ചെങ്കിലും ജൂണ്‍ 16 ന് വാദകേള്ക്കാനായി മാറ്റിവെയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. സിനിമയിലെ ദൃശ്യങ്ങളും പാട്ടുകളുമായി ബന്ധപ്പെട്ട് കോപ്പിറൈറ്റ് സംരക്ഷണമുള്ള തന്റെ ചില സൃഷ്ടികള്‍ അനുമതിയില്ലാതെ സിനിമാ നിര്‍മ്മാതാവ് ഉപയോഗിച്ചുവെന്നാണ് പരാതിക്കാരന്റെ വാദം.
അതേസമയം കര്‍ണാടകയില്‍ ‘കാലാ’ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന കന്നഡ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് ചിത്രം പ്രദര്‍ശിപ്പിക്കുന്നിടത്ത് മതിയായ സംരക്ഷണം വേണമെന്ന് രജനീകാന്ത് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയോട് ആവശ്യപ്പെട്ടു. കാവേരി പ്രശ്നത്തില്‍ രജനീകാന്തെടുത്ത നിലപാടില്‍ പ്രതിഷേധിച്ചാണ് കന്നഡ സംഘടനകള്‍ രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: