ബംഗാള്‍ നാസി ക്യാമ്പായി മാറുമ്പോള്‍ രാജ്യം നിസ്സഹായതയോടെ നോക്കി നില്‍ക്കേണ്ടി വരുന്നു. അക്കാദമിക് മികവിന്റെ പേരില്‍ ലോക ശ്രദ്ധ നേടിയ സംസ്ഥാനമാണു ബംഗാള്‍. ഇന്നിപ്പോള്‍ രാഷ്ട്രീയ ഗുണ്ടകളുടെ ക്രൂരമായ മനുഷ്യവേട്ടയാണതിന്റെ മുഖമുദ്ര. രാജ്യം തന്നെ നിസ്സഹായതയോടെ നോക്കിനില്‍ക്കേണ്ട സ്ഥിതിയിലേയ്ക്കാണ് അവിടത്തെ കാര്യങ്ങളുടെ പോക്ക്. ബിജെപിക്കാരനായാല്‍ അയാള്‍ മൗലികാവകാശങ്ങളെല്ലാം അടിയറ വച്ചുകൊള്ളണമെന്നതാണിപ്പോള്‍ ബംഗാളിലെ അലിഖിത നിയമം. ഒരു ദളിതന് ബിജെപിക്കാരനായാല്‍ അയാള്‍ ദളിതനായി അംഗീകരിക്കപ്പെടുകയില്ല. അവര്‍ക്ക് എന്തു സംഭവിച്ചാലും ഒരു പത്രവും എഡിറ്റോറിയല്‍ എഴുതുകയുമില്ല, മാധ്യമങ്ങളൊന്നും അപലപിക്കില്ല, സ്വാതന്ത്ര്യസംരക്ഷകരെന്നു നടിക്കുന്ന സംഘടനകളൊന്നും ഒന്നുംതന്നെ ഉരിയാടില്ല, അംനെസ്റ്റി ഇന്ത്യ പോലും വായ്തുറക്കില്ല. ഇന്ത്യയില്‍ അംനെസ്റ്റി എന്നാല്‍ മോദി വിരുദ്ധരുടെ കൈമാത്രമായി മാറിയിട്ടു നാളുകുറച്ചായല്ലോ.
കൊല്ലും കൊലയും തുടരുമ്പോഴും ഒരൊറ്റ പ്രതിപക്ഷ നേതാവുപോലും ഇന്നു വരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ രാജി ആവശ്യപ്പെട്ടിട്ടില്ല. ഒരു മാധ്യമവും പ്രതികരിച്ചു കാണുന്നില്ല. രാഷ്ട്രീയ പ്രതിയോഗികളും താത്വിക എതിരാളികളും നിയമത്തിന്റെയോ ഭരണഘടനയുടേയോ സംരക്ഷണം അര്‍ഹിക്കുന്നില്ല എന്നതാണിപ്പോള്‍ മതേതര മുഖംമൂടി ധരിച്ചവരുടെ നിലപാട്. മോദിയോടും അദ്ദേഹം പ്രതിനിധീകരിക്കുന്ന ഹിന്ദുത്വ സംഘടനകളോടും ഉള്ള അസഹിഷ്ണുതയും യുദ്ധ പ്രഖ്യാപനവും എത്രശക്തമെന്ന്, മാധ്യമങ്ങളിലെ പക്ഷപാതപരമായ, നിറംപിടിപ്പിച്ച പ്രചാരണങ്ങളില്‍ നിന്നു തന്നെ വ്യക്തം. ഇടതു പക്ഷത്തിനും കോണ്‍ഗ്രസ്സിനും സംസ്ഥാനങ്ങളില്‍ ഭരണം നഷ്ടപ്പെട്ടതോടെയാണ് ഈ പ്രവണതയ്ക്കു ശക്തികൂടിയത്.
ബംഗാളിലെ ബിജെപി പ്രവര്‍ത്തകനായ ത്രിലോചന്‍ മഹാതോ എന്ന ദളിത് യുവാവിന്റെ കൊലപാതകം രക്തം മരവിപ്പിക്കുന്നത്ര ക്രൂരമായിരുന്നു. തട്ടിക്കൊണ്ടുപോയി മൃഗീയമായി കൊന്നു കെട്ടിത്തൂക്കുകയായിരുന്നു ഈ ഇരുപതുകാരനെ. നിന്നെ നേരത്തേ നോക്കിവച്ചിരുന്നതാണെന്ന് കുറിപ്പും. ആ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യപ്പെട്ട രീതി നോക്കൂ. അപ്പോള്‍ മനസ്സിലാകും നമ്മുടെ മതേതര മാധ്യമങ്ങളുടെ ശരിയായ മുഖം. 560 ഓളം വാക്കുകളില്‍ ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത എന്‍ഡിടിവി ഒരിടത്തുപോലും ദളിത് എന്നു പരാമര്ശിക്കാതിരിക്കാന് ശ്രദ്ധിച്ചു. കാരണം ത്രിലോചന്‍ ബിജെപിക്കാരനായിരുന്നു. പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ തൃണമൂലിനു ക്ഷീണം തട്ടിയ പുരുലിയയില്‍നിന്നുള്ള പ്രവര്‍ത്തകനാണു താനും. രോഹിത് വെമുലയുടെ കാര്യത്തില്‍ ആവേശത്തോടെ ദളിത് വിഷയം പറഞ്ഞു വാദിച്ചവരാണെന്ന് ഓര്‍ക്കണം. വെമുല ദളിത് അല്ലായിരുന്നു എന്നതു വേറെ കാര്യം. ഇടത് അനുകൂല മാധ്യമങ്ങളുടെ എല്ലാം നിലപാട് ഇതു തന്നെയായിരുന്നു.
വാര്‍ത്തയിലെ ഒരു വാചകം ഇങ്ങനെ- ഇക്കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കു വേണ്ടി ത്രിലോചന്‍ മികച്ച പ്രവര്‍ത്തനം നടത്തിയിരുന്നു എന്നു ബിജെപി അവകാശപ്പെട്ടു.
ത്രിലോചനെ സംബന്ധിച്ച കാര്യങ്ങള്‍ എല്ലാം അവകാശപ്പെട്ടതു മാത്രമായിരുന്നു റിപ്പോര്‍ട്ടില്‍. ഒന്നുകില്‍ ലേഖകന്‍ ഒന്നും പഠിക്കാന്‍ മെനക്കെട്ടില്ല. അല്ലെങ്കില്‍ അറിഞ്ഞതെല്ലാം മറച്ചുവച്ചു. ഇക്കണോമിക് ടൈംസ് മാത്രമാണതിന് അപവാദം. അവരുടെ റിപ്പോര്‍ട്ട് വ്യക്തമായിരുന്നു. ബിജെപിക്കാരനായ ദളിത് യുവാവിനെ കൊന്നു കെട്ടിത്തൂക്കി എന്നു തന്നെ അവര്‍ റിപ്പോര്‍ട്ടു ചെയ്തു. സമാധാനം! സത്യം പറയാന്‍ ചിലരെങ്കിലും ബാക്കിയുണ്ടല്ലോ.
ഇന്ത്യന്‍ നിയമത്തിനു വഴങ്ങി ജീവിക്കുന്നവര്‍ക്കു ബംഗാളില്‍ കിട്ടുന്നത് ഇതൊക്കെയാണ്. പരിഗണനകളും അംഗീകാരങ്ങളും കശ്മീര്‍ ഭീകരര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. ബുര്‍ഹാന്‍ വാനി എന്ന ഭീകരന്റെ മരണത്തില്‍ അനുശോചിച്ച ശൈലിമാത്രം മതി ദേശവിരുദ്ധര്‍ക്കും ദേശീയ വാദികള്‍ക്കും ലഭിക്കുന്ന പരിഗണനയുടെ വ്യത്യാസമറിയാന്‍. ഓര്‍ക്കണം- ത്രിലോചന്‍ ഒരിക്കലും ഒരു ഭീകരനായിരുന്നില്ല, ഭീകര സംഘത്തിലേയ്ക്ക് ആളെ കൂട്ടിയിരുന്നില്ല, ആയുധധാരിയായിരുന്നില്ല, അക്രമപ്രവര്‍ത്തകനുമായിരുന്നില്ല. ഇന്ത്യന്‍ ഭരണഘടനയും നിയമങ്ങളും അനുസരിച്ചു ജീവിച്ച ഇന്ത്യന്‍ പൗരമായിരുന്നു.
ദളിതന് കൊല്ലപ്പെട്ടാല്‍ മതേതര കക്ഷികള്‍ വിലപിക്കണമെങ്കില്‍ കൃത്യമായ മോദി, ബിജെപി വിരുദ്ധതയുടെ മേല്‍വിലാസം വേണം. ത്രിലോചന്റെ കൊലപാതകത്തെ ഒരു ബിജെപി ഇതര കക്ഷിപോലും അപലപിച്ചു കണ്ടില്ല. തൃണമൂല്‍ ഗുണ്ടകള്‍ കൊന്നു തള്ളിയവര്‍ പിന്നെയും ഏറെയുണ്ട്. ബംഗാള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ തൃണമൂലിനു വോക്കോവര്‍ വിജയമായിരുന്നുവത്രെ. ശരിയായിരിക്കാം. പക്ഷേ. അവര്‍ നടന്നു കയറിയത് എതിരാളികളുടെ ശവശരീരങ്ങളില്‍ ചവിട്ടിയാണെന്നു മാത്രം.
തരുണ്‍ വിജയ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: