എഴുത്തുലോകം ആധുനിക സാങ്കേതിക വിദ്യയിലേക്ക് മാറുന്ന പുതിയ കാലത്ത് സാഹിത്യകാരന്മാരുടെ കൈപ്പടയിലുള്ള രചനകള്‍ ശേഖരിക്കുകയാണ് അശ്വിന് ചന്ദ്രന്. എഴുത്തിനോടുള്ള ഒടുങ്ങാത്ത സ്നേഹം എഴുത്തുകാരോടുള്ള ഇഷ്ടമായി മാറി. പെരിയ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ അശ്വിന് ചന്ദ്രന് ആദ്യം ചെയ്തത് മലയാളത്തിലെ പ്രധാന എഴുത്തുകാരുടെ വിലാസങ്ങളും ഫോണ്‍ നമ്പറുകളും ശേഖരിക്കുകയായിരുന്നു. അവരുടെ സ്വന്തം കൈപ്പടയിലുള്ള രചനകള്‍ ശേഖരിച്ച് കയ്യെഴുത്ത് പുസ്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് അശ്വിന്.
നൂറ്റിയൊന്ന് വിരലുകളിലൂടെ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിലേക്ക് എം.ടി.വാസുദേവന്‍ നായര്‍ ഉള്‍പ്പെടെയുള്ള മഹാരഥന്മാരുടെ രചനകള്‍ ലഭിച്ച് കഴിഞ്ഞു. കഥാകൃത്ത് വി.ആര് സുധീഷും പി. സുരേന്ദ്രനുമെല്ലാം ഈ പതിനാലുകാരന്റെ ആഗ്രഹത്തോട് സഹകരിച്ച എഴുത്തുകാരാണ്. ഒരു വര്‍ഷക്കാലത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ 60 ലധികം എഴുത്തുകാരുടെ രചനകള്‍ ലഭിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടും കഥാകൃത്തുമായ വൈശാഖന് അശ്വിന്റെ പരിശ്രമങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ അറിയിച്ചിട്ടുണ്ട്. കവി സച്ചിദാനന്ദനും കല്പറ്റ നാരായണനും പി.രാമനും, പി.എന്‍ ഗോപികൃഷ്ണനും ഉള്‍പ്പെടെയുള്ള എഴുത്തുകാരും സൃഷ്ടികള്‍ നല്‍കിയിട്ടുണ്ട്. ജില്ലയില്‍ എവിടെ എഴുത്തുകാര്‍ ക്യാമ്പ് ചെയ്താലും അശ്വിന്റെ സാന്നിധ്യം അവിടെ ഉണ്ടാകും. അവര്‍ക്ക് മുന്നില്‍ തന്റെ ലക്ഷ്യം അവതരിപ്പിച്ച് ക്ഷമയോടെ കാത്തിരുന്നശേഷം സാഹിത്യ സൃഷ്ടിയും ശേഖരിച്ചാവും മടങ്ങുന്നത്. ഇല്ലെങ്കില്‍ തപാലില്‍ അയച്ച് തരുമെന്നുള്ള ഉറപ്പും സ്വന്തമാക്കും.
ചെറിയ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ത്തന്നെ എഴുത്തിന്റെ വഴിയിലെത്തിയ അശ്വിന് കഥയും കവിതയും ഒരുപോലെ വഴങ്ങും ഇതിനകം നാല്പതിലധികം കവിതകളും ഇരുപതോളം കഥകളും എഴുതിയിട്ടുണ്ട്. യുപി ക്ലാസ്സുകളില്‍ നോട്ടുപുസ്തകങ്ങളില്‍ കുറിച്ചിട്ട സൃഷ്ടികള്‍ ഹൈസ്ക്കൂള് ക്ലാസ്സുകളില്‍ എത്തിയപ്പോള്‍ കൂടുതല്‍ മികവാര്‍ന്നതായി മാറി. മലയാളം അധ്യാപകനും എഴുത്തുകാരനുമായ ബിജു കാഞ്ഞങ്ങാടിന്റെ സ്നേഹപൂര്‍ണമായ ഇടപെടലും അശ്വിന്റെ വളര്‍ച്ചയ്ക്ക് തുണയായി. ചെറുപ്രായത്തില്‍ തന്നെ നിരവധി സാഹിത്യ പുരസ്കാരങ്ങള്‍ അശ്വിനെ തേടിയെത്തിയിട്ടുണ്ട്. പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം. ചന്ദ്രന്റെയും അധ്യാപികയായ കെ.വി. ജയസുധയുടെയും മകനാണ്. അമിത് ചന്ദ്രന് ഇരട്ട സഹോദരനാണ്.
വൈ. കൃഷ്ണദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: