ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് അക്രമത്തിനു കുടചൂടുകയും കൊലപാതകങ്ങള്‍ക്കുവരെ മൗനാനുവാദം നല്കുന്നുവെന്നുമുള്ള ആരോപണങ്ങള്‍ നേരത്തെ ഉണ്ടായിരുന്നു. പ്രണയവിവാഹത്തിന്റെ പേരില്‍ ദളിതനായ കെവിനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി കൊലചെയ്തുവെന്ന കുറ്റാരോപണം നിലനില്‍ക്കുന്ന കേസില്‍ പോലീസിനെതിരെ വന്‍വിമര്‍ശനമാണ് വന്നുകൊണ്ടിരിക്കുന്നത്. സര്‍ക്കാരിനെപ്പോലും ഇതു വല്ലാതെ പിടിച്ചുകുലുക്കിയിരിക്കുന്നു. പോലീസിലെ സഖാക്കള്‍ പരോക്ഷമായി ഇടതു സര്‍ക്കാരിനു സിന്ദാബാദ് വിളിച്ചതില്‍ ഗൂഢമായി മന്ദഹസിച്ചിരുന്ന സിപിഎം നേതാക്കളെ വെട്ടിലാക്കുന്നതാണ് കെവിന്റെ മരണത്തില്‍ അക്രമികളെ സഹായിച്ചുവെന്ന പോലീസിനു എതിരെയുള്ള വാര്‍ത്തകള്‍. കോട്ടയം എസ്പി, എഎസ്ഐ, എസ്ഐ തുടങ്ങിയവര്‍ സസ്പെന്‍ഷനിലാണ്. ഗുരുതര കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചാര്ത്തപ്പെടാനിടയുള്ളത്.
വിവരമറിഞ്ഞിട്ടും തക്കസമയത്ത് പോലീസ് നടപടി സ്വീകരിക്കാത്തതുകൊണ്ടാണ് കെവിന് മരണപ്പെട്ടതെന്നാണ് പൊതുവെയുള്ള ആരോപണം. മുഖ്യമന്ത്രിയെ യഥാസമയത്ത് വിവരം അറിയിക്കാതെ വീഴ്ചവരുത്തി സസ്പെന്‍ഷനിലായ കോട്ടയം മുന്‍ എസ്പി മുഹമ്മദ് റഫീഖ്, കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനു ചാക്കോയുടെ അമ്മ രഹ്നയുടെ ഉറ്റ ബന്ധുവാണെന്ന സസ്പെന്‍ഷനിലായ എഎസ്ഐയുടെ ഗുരുതരമായ ആരോപണം പോലീസ് കാലങ്ങളായി പിന്തുടര്ന്നുവരുന്ന ക്രിമില്വല്ക്കരണത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. മുഖ്യമന്ത്രി ഇതു സംബന്ധിച്ച്് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച ഈ പോലീസ് ഉദ്യോഗസ്ഥന് ഇപ്പോള്‍ പറയുന്നത് അങ്ങനെയാരു ബന്ധു തനിക്കില്ല എന്നാണ്. വിവരം കൈമാറാന്‍ കീഴുദ്യോഗസ്ഥന് വൈകി എന്നാണ് ഇദ്ദേഹത്തിന്റെ ഭാഷ്യം. ക്വട്ടേഷന്‍ കൊടുത്തവരിലുള്പ്പെട്ട രഹ്ന ഒളിവിലാണ്.
മുന്‍ സര്‍ക്കാരുകളുടെകാലത്ത് ഉണ്ടായിരുന്നതിനെക്കാള്‍ പോലീസിന്റെ ക്രിമിനല്‍വല്‍ക്കരണമാണ് പിണറായി സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിരിക്കുന്നത്. ഇത് പിണറായി തിരിച്ചറിഞ്ഞിരുന്നുവെങ്കിലും പോലീസ് നമ്മുടെ സ്വന്തക്കാര് എന്ന നയം സ്വീകരിച്ചതാണ് പ്രശ്നമായത്. പോലീസ് മേധാവികള്‍ നേതാക്കളെ സുഖിപ്പിച്ചുകൊണ്ട് തന്‍കാര്യങ്ങള്‍ നേടുകയായിരുന്നുവെന്നും അത് പോലീസിനും സര്‍ക്കാരിനും നാണക്കേടുണ്ടാക്കിയെന്നും സര്‍ക്കാര്‍ തിരിച്ചറിയാന്‍ വളരെ വൈകി. നമ്മുടെ സര്‍ക്കാരാണ് എന്തും ആകാം എന്നൊരു വഴിവിട്ട നിലപാടാണ് പോലീസ് കൈക്കൊണ്ടു വരുന്നത്. പ്രതിപക്ഷമോ പൊതുജനമോ മാത്രമല്ല ഇടതുമുന്നണിയില്‍ത്തന്നെ പോലീസിനെതിരെ കടുത്ത അമര്‍ഷമുണ്ട്. ചെങ്ങന്നൂരിലെ വിജയംകൊണ്ടുമാത്രം പിടിച്ചു നിര്‍ത്താവുന്നതല്ല പോലീസ് മൂലം സര്‍ക്കാരിനുണ്ടായിരിക്കുന്ന മാനക്കേട്. എന്തും എപ്പോഴും സംഭവിക്കാം എന്ന നിലയിലാണ് കേരളത്തിന്റെ അവസ്ഥ. ഒന്നിനും സുരക്ഷയില്ല. മറ്റൊരര്‍ഥത്തില്‍ കേരളത്തെ സ്തംഭിപ്പിക്കുന്നതാണ് പോലീസിന്റെ കിരാതമായ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: