കൊല്ലം: കശുവണ്ടിമേഖലയിലെ ജപ്തിനടപടികളിന്മേല്‍ ബാങ്കുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മോറട്ടോറിയം ഡിസംബര്‍ 31വരെ നീട്ടണമെന്ന് ആവശ്യവുമായി വ്യവസായികള്‍. മോറട്ടോറിയത്തിന് ഈ മാസം 31 വരെയാണ് നേരത്തെ കാലാവധി അനുവദിച്ചത്. ഇക്കാലയളവ് വരെ സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ബാങ്കുകള്‍ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിച്ചിട്ടുള്ള കശുവണ്ടിമേഖലയിലെ സ്ഥാപനങ്ങളിന്മേല് നടപടികള്‍ സ്വീകരിക്കില്ല എന്നതായിരുന്നു വ്യവസായികളുടെ ആശ്വാസം. എന്നാല്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമായതോടെ കാലാവധി നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് കാഷ്യു എക്സ്പോര്‍ട്ടേഴ്സ് പ്രമോഷന് കൗണ്‍സില്‍, സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റിക്ക് നിവേദനം സമര്‍പ്പിച്ചിരിക്കുകയാണ്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നില്‍ പുനരുദ്ധാരണത്തിനായി കൗണ്‍സില്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളും പദ്ധതികളും പ്രായോഗികതലത്തില്‍ എത്താന്‍ ആറുമാസം വേണ്ടിവരുന്നതിനാലാണ് മോറട്ടോറിയം കാലയളവ് നീട്ടണമെന്ന് ആവശ്യപ്പെടുന്നത്. തോട്ടണ്ടി ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും 2025 ആകുമ്പോഴേക്കും ആഭ്യന്തര ഉപയോഗത്തിന് ആവശ്യമായ തോട്ടണ്ടിശേഖരത്തില് സ്വയംപര്യാപ്തത നേടാനുമുള്ള റോഡ് മാപ്പ് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. ഈ പദ്ധതി പ്രകാരം പ്രതിവര്‍ഷം 20 ലക്ഷം ടണ്‍ തോട്ടണ്ടിയാകും രാജ്യത്ത് ഉല്പാദിപ്പിക്കുക.
കഴിഞ്ഞ ആറുമാസ കാലയളവില്‍ മൂന്ന് കശുവണ്ടിഫാക്ടറി ഉടമകളാണ് സാമ്പത്തികപ്രതിസന്ധിയും ബാങ്കുകളില്‍ നിന്നുള്ള ജപ്തിനടപടികളും കാരണം കൊല്ലത്ത് മാത്രം ജീവനൊടുക്കിയത്. നിലവില്‍ നിഷ്ക്രിയ ആസ്തിയായ സ്ഥാപനങ്ങളിന്മേല് ബാങ്കുകള്‍ ചുമത്തിയ പലിശയും പിഴപ്പലിശയും ഒഴിവാക്കാന്‍ ബാങ്കേഴ്സ് കമ്മിറ്റിക്ക് നല്കിയ നിവേദനത്തില്‍ പറയുന്നു. കൂടാതെ സ്ഥാപനങ്ങള്‍ വായ്പാതുകയിന്മേലുള്ള സാധാരണപലിശയുടെ അമ്പത് ശതമാനം ഒഴിവാക്കുക, വായ്പാതുക ഏഴുവര്‍ഷം തിരിച്ചടവ് വരുന്ന നിലയില്‍ ടേം ലോണായി ക്രമീകരിക്കുക, ആധുനികവല്‍ക്കരണത്തിന് സര്‍ക്കാരിന്റെ പദ്ധതികളില്‍പെടുത്തി കുറഞ്ഞ പലിശയില്‍ വായ്പ അനുവദിക്കുക, നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 33 ശതമാനം ഓവര്‍ഡ്രാഫ്റ്റ് സൗകര്യം അനുവദിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും മുന്നോട്ടുവയ്ക്കുന്നു.
ഉല്പാദനചെലവിലെ വര്‍ധനവും 2015 മാര്‍ച്ച് ഒന്നുമുതല്‍ പ്രാബല്യത്തിലായ 35 ശതമാനം വേതന വര്‍ധനവുമാണ് തകര്‍ച്ചക്ക് ആക്കം കൂട്ടി. കൂടാതെ സംസ്കരണരംഗത്തെ യന്ത്രവല്‍ക്കരണം തുച്ഛമായതും ഗതകാലപ്രൗഢിയിലേക്കുള്ള തിരിച്ചുപോക്ക് അസാധ്യമാക്കിയെന്നും വ്യവസായികള്‍ പറയുന്നു.
എ.ശ്രീകാന്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: