കൊച്ചി മഹാനഗരത്തിന്റെ ഭാഗമായ വെല്ലിങ്ടണ്‍ ഐലന്റിനെ തോപ്പുംപടിയുമായി ബന്ധിപ്പിക്കുന്ന വെണ്ടുരുത്തി പാലം കടന്നാല്‍ തീരത്തോട് ചേര്‍ന്നുകിടക്കുന്നത് വിശാലമായ ഭൂപ്രദേശമാണ്. ഇന്ത്യന്‍ നാവികസേനയുടെ ദക്ഷിണമേഖലാ ആസ്ഥാനം. രാജ്യത്തിന്റെ സമുദ്രാതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ സദാ ഉണര്‍ന്നിരിക്കുന്നവരുടെ താവളം-ഐഎന്‍എസ് വെണ്ടുരുത്തി. ഇവിടെ കണ്ടുമുട്ടുന്ന ഓരോ സൈനികന്റെയും മുഖത്ത് ജ്വലിക്കുന്നത് കരുത്താണ്. ഈ നാടിനോടുള്ള ഒടുങ്ങാത്ത കൂറും, രാജ്യത്തിന് കണ്ണിമ ചിമ്മാതെ കാവല്നില്ക്കുമെന്ന നിശ്ചയദാര്‍ഢ്യവും.
പ്രധാന കവാടം കടന്ന് ഉള്ളിലെത്തിയാല്‍ കാണുക തൂവെള്ള വസ്ത്രം ധരിച്ച നാവികരെയാണ്. രാവിലെ തുടങ്ങുന്നു പരിശീലനത്തിന്റെയും പരിശോധനകളുടെയും തിരക്കുകള്‍. കൊച്ചിക്കും കേരളത്തിനും മാത്രമല്ല, ഭാരതത്തിനാകെ അഭിമാനമായ ഒരു സൈനിക കേന്ദ്രം.
2018 ജൂണ്‍ 23. ഇന്ത്യന്‍ നാവിക സേനയുടെ കരുത്തായി കടലിലും കടലിന്നടിയിലും, കരയിലും ആകാശത്തും ഒരേപോലെ ഐഎന്‍എസ് വെണ്ടുരുത്തി മാറിയിട്ട് 75 വര്‍ഷം. കടലിലും കടലിന്നടിയിലും കരയിലും ആകാശത്തും ഒരേപോലെ ഐഎന്‍എസ് വെണ്ടുരുത്തി സുരക്ഷാ വലയം തീര്‍ത്തിരിക്കുകയാണ്. ഭീകരാക്രമണം അടക്കം ഏത് അടിയന്തര സാഹചര്യത്തേയും നേരിടാനും, പ്രത്യാക്രമണം നടത്താനും ഐഎന്‍എസ് വെണ്ടുരുത്തിക്ക് നിമിഷനേരം മതി. ശത്രുരാജ്യങ്ങളില്‍ നിന്നും ആക്രമണം ഉണ്ടായാല്‍ പ്രത്യാക്രമണത്തിന്റെ ആദ്യ കാഹളം മുഴങ്ങുന്നത് ഐഎന്‍എസ് വെണ്ടുരുത്തിയില്‍ നിന്നായിരിക്കുമെന്നത് ഏതൊരു കേരളീയനും അഭിമാനിക്കാം. കൊച്ചി കാണാത്ത ഒരു നാവികസേനാ ഉദ്യോഗസ്ഥനും ഭാരതത്തില്‍ ഉണ്ടാവില്ല. ദക്ഷിണ നാവിക ആസ്ഥാനത്തെ പരിശീലനം ഓരോ നാവികനും അത്രയ്ക്കും പ്രധാനപ്പെട്ടതാണ്.
ഭാരതീയരുടെ ഹൃദയത്തിലേക്ക്
1943-ലാണ് കൊച്ചിയില്‍ ഐഎന്‍എസ് വെണ്ടുരുത്തി എന്ന പേരില്‍ നാവിക സേനയുടെ കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുന്നത്. 1955 ആയപ്പോഴേക്കും കൂടുതല്‍ പരിശീലന യൂണിറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങി. 1977-ല്‍ കൊച്ചി ദക്ഷിണ നാവിക ആസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു. 1999 വരെ ഐഎന്‍എസ് വെണ്ടുരുത്തിയില്‍ പ്രവര്‍ത്തിക്കുന്ന ഐഎന്‍എസ് ഗരുഡ വിമാനത്താവളം സിവില്‍ ഫ്ളൈറ്റുകള്‍ക്കായി ഉപയോഗിച്ചിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളം വന്നതോടെ ഐഎന്‍എസ് ഗരുഡ നാവിക സേനയുടെ മാത്രമായി മാറുകയായിരുന്നു. സേനയുടെ ഭാഗമാകുന്ന പുതിയ ഹെലികോപ്ടറുകളുടെയെല്ലാം പരീക്ഷണപ്പറക്കല്‍ നടക്കുന്നത് കൊച്ചി കമാന്ഡിലാണെന്നതും പ്രത്യേകതയാണ്.
തരംഗിണിയും സുദര്‍ശിനിയും
ഭാരതത്തിന്റെ അഭിമാനമാണ് തരംഗിണിയും സുദര്‍ശിനിയും. ഇന്ത്യയടക്കം വളരെ കുറച്ച് രാജ്യങ്ങളിലെ നാവിക സേനകള്ക്കുമാത്രമേ പായ്ക്കപ്പലുകള്‍ സ്വന്തമായുള്ളു. രണ്ട് പായ്ക്കപ്പലുകളാണ് ഇന്ത്യന്‍ നാവിക സേനയ്ക്കുള്ളത്. ഐഎന്‍എസ് തരംഗിണിയും ഐഎന്‍എസ് സുദര്‍ശിനിയും. ഇവ രണ്ടും ദക്ഷിണ കമാന്‍ഡിന്റെ ഭാഗമാണ്. 2002-ല്‍ ലോകം മുഴുവന്‍ ചുറ്റിസഞ്ചരിച്ച നേട്ടം ഐഎന്‍എസ് തരംഗിണി സ്വന്തമാക്കിയിരുന്നു. നാവികര്‍ക്ക് കടലിനെ അടുത്തറിയുന്നതിനും, ഏത് പ്രതികൂല സാഹചര്യങ്ങളെയും തരണംചെയ്യുന്നതിനുമുള്ള പരിചയമാണ് പായ്ക്കപ്പലിലെ പരിശീലനംകൊണ്ട് ഉദ്ദേശിക്കുന്നത്.
ശത്രുവിനെതിരെ ഐയുഎച്ച്ഡി
കടലിലൂടെയും കരയിലൂടെയും എത്തുന്ന ശത്രുവിനെ തിരിച്ചറിയാനുള്ള നാവികസേനയുടെ ഏറ്റവും പുതിയ സംവിധാനങ്ങളിലൊന്നാണ് ഇന്റഗ്രേറ്റഡ് അണ്ടര്‍ വാട്ടര്‍ ഹാര്‍ബര്‍ ഡിഫന്‍സ് ആന്‍ഡ് സര്‍വയലന്‍സ് സിസ്റ്റം (ഐയുഎച്ച്ഡി). ഇന്ത്യയില്‍ ഈ സംവിധാനമുള്ളത് കൊച്ചി കമാന്‍ഡില്‍ മാത്രമാണ്. 2014-ലാണ് ഐയുഎച്ച്ഡി കൊച്ചിയില്‍ കമ്മീഷന് ചെയ്ത് പ്രവര്‍ത്തനമാരംഭിച്ചത്.
റഡാറും ഹൈപവര്‍ സെന്‍സറുകളും വഴി വെള്ളത്തിനടിയിലും ആകാശത്തും നീരീക്ഷണം നടത്തുവാനും, ശത്രു സാന്നിദ്ധ്യം തെളിഞ്ഞാല്‍ ഉടനടി പടക്കപ്പലുകള്‍ക്ക് അപായ സൂചന നല്‍കാനുമുള്ള സജ്ജീകരണങ്ങള്‍ ഇതിലുണ്ട്. ഇസ്രായേലി എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ് (ഐഎഐ) ആണ് ഇതിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചത്. തീരദേശ സുരക്ഷകൂടി കണക്കിലെടുത്താണ് കൊച്ചിയില്‍ ഇന്റഗ്രേറ്റഡ് ഹാര്‍ബര്‍ ഡിഫന്‍സ് സംവിധാനം സജ്ജമാക്കിയത്.
ഇതിനുപുറമേ മറ്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജോയിന്റ് ഓപ്പറേഷന് സെന്ററും ഐഎന്‍എസ് വെണ്ടുരുത്തിയില്‍ സദാ സജ്ജമാണ്. മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ജോയിന്റ് ഓപ്പറേഷന് സെന്റര്‍ കൊച്ചി കമാന്‍ഡില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. രാജ്യത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്ത് ആക്രമണമുണ്ടായാല്‍, കടലില്‍ സഹായങ്ങള്‍ ആവശ്യമായി വന്നാല്‍ ജോയിന്റ് ഓപ്പറേഷന് സെന്റര്‍ വഴി എല്ലാ കമാന്ഡുകളില്നിന്നുള്ള സേനാ സഹായം ലഭ്യമാക്കുന്ന സംവിധാനമാണിത്. ഭീകരാക്രമണം പോലുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിന് ഏറ്റവും വേഗത്തില്‍ മുഴുവന്‍ സേനാബലവും ലഭ്യമാക്കുകയെന്നതാണ് ഈ സജ്ജീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.
സമുദ്രമാകെ നിരീക്ഷണ വലയം
പടക്കപ്പലുകള്‍ സമുദ്രത്തിന് മുകള്‍ത്തട്ടില്‍ സുരക്ഷയൊരുക്കുമ്പോള്‍ അടിത്തട്ടില്‍ അന്തര്‍വാഹിനികള്‍ സുരക്ഷാ വലയം തീര്‍ക്കുകയാണ്. അതിര്‍ത്തി കടന്ന് ശത്രുക്കള്‍ പ്രവേശിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ദക്ഷിണ നാവിക സേനാ ആസ്ഥാനത്തെ ഐഎന്‍എസ് ഗരുഡയില്‍നിന്ന് സദാസമയവും വിമാനങ്ങളും ഹെലികോപ്ടറുകളും നിരീക്ഷണ പറക്കലുകള്‍ നടത്തുന്നു. ഇതിനായി വ്യത്യസ്ത സമയവും തെരഞ്ഞെടുക്കുന്നു.
ഫാസ്റ്റ് ഇന്‍ര്‍സെപ്റ്റ് ക്രാഫ്റ്റ് അഥവാ എഫ്ഐസി അടിയന്തര സാഹര്യങ്ങളെ നേരിടാന്‍ സേന ഉപയോഗിക്കുന്ന പ്രധാന ജലവാഹനമാണ്. നിമിഷ നേരംകൊണ്ട് തൊണ്ണൂറ് കിലോമീറ്റര്‍ വേഗതയിലെത്തി ശത്രുവിനെ പ്രഹരിക്കുവാനും കീഴ്പ്പെടുത്തുവാനും ശേഷിയുള്ള വാഹനമാണ് എഫ്ഐസി. ദിവസേന പട്രോളിങ്ങിന് സേന ഉപയോഗിക്കുന്നതും എഫ്ഐസികളാണ്. കടലില്‍ സംശയാസ്പദമായി ഏതെങ്കിലും ബോട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവിടേക്ക് ആദ്യം കുതിച്ചെത്തുന്നത് എഫ്ഐസികളായിരിക്കും.
കരയില്‍ അതിര്‍ത്തി നിര്‍ണ്ണയിക്കാന്‍ വേലികളും കല്ലുകളും മറ്റും സ്ഥാപിക്കാറുണ്ട്. എന്നാല്‍ സമുദ്രത്തിലെ അതിര്‍ത്തി നിര്‍ണ്ണയം വ്യത്യസ്തമാണ്. പുറംകടലിലേക്കുള്ള ദൂരത്തിന്റെ അടിസ്ഥാനത്തിലാണ് സമുദ്രത്തില്‍ നാവികസേന അതിര്‍ത്തി നിശ്ചയിക്കുന്നത്.
കരയില്‍നിന്ന് 12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള സമുദ്ര പ്രദേശം ഭാരതത്തിന് അവകാശപ്പെട്ടതാണ്. ഈ പ്രദേശത്ത് അനധികൃതമായി മറ്റുള്ളവര്‍ കടന്നാല്‍ നമ്മുടെ നിയമം ബാധകമാകും. 22 നോട്ടിക്കല്‍ മൈല്‍ മുതല്‍ 200 നോട്ടിക്കല്‍ മൈല്‍ വരെയുള്ള സമുദ്രോപരിതലത്തിലൂടെ ആര്‍ക്കുവേണമെങ്കിലും സഞ്ചരിക്കാം. മത്സ്യബന്ധനം നടത്താം.
എന്നാല്‍ സമുദ്രത്തിന്റെ അടിത്തട്ടിലെ വിഭവങ്ങള്‍ അനുഭവിക്കാനും, ഗവേഷണങ്ങള്‍ നടത്താനുമുള്ള അവകാശം ഭാരതത്തിന് മാത്രമാണ്. 200 നോട്ടിക്കല്‍ മൈലിനു പുറത്തുള്ള സമുദ്രപ്രദേശം എല്ലാ രാജ്യങ്ങള്‍ക്കും അവകാശപ്പെട്ടതാണ്.
വിദേശ കപ്പലുകളിലും പരിശീലനം
ദക്ഷിണ നാവിക സേനയുടെ ആസ്ഥാനത്ത് വിദേശ കപ്പലുകളിലെ പരിശീലനത്തിനും സൗകര്യമുണ്ട്. മറ്റു രാജ്യങ്ങളുമായുള്ള സൈനിക സഹകരണത്തിന്റെ ഭാഗമായാണ് വിദേശ യുദ്ധക്കപ്പലുകളെ പരിചയപ്പെടാനുള്ള സൗകര്യം കൊച്ചി നാവിക പരിശീലന കേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്നത്. വിവിധ രാഷ്ട്രങ്ങളിലെ യുദ്ധക്കപ്പലുകളില്‍ യാത്രചെയ്തു കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനും, വിവിധ രീതികള്‍ പരിചയപ്പെടാനും ഇതിലൂടെ സാധിക്കും. ഇറാന്, സിംഗപ്പൂര്‍, ഇന്തോനേഷ്യ, തായ്ലന്റ്, അള്‍ജീരിയ തുടങ്ങിയ രാഷ്ട്രങ്ങളിലെ കപ്പലുകള്‍ സാധാരണയായി കൊച്ചിയില്‍ നങ്കൂരമിടാറുണ്ട്. ഏറ്റവും അവസാനമായി തായ്വാന്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഐഎന്‍എസ് വെണ്ടുരുത്തിയില്‍ എത്തിയത്.
വിദേശ രാജ്യങ്ങളില്‍ യുദ്ധം അടക്കമുള്ള അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും രക്ഷാപ്രവര്‍ത്തനത്തിനും ഐഎന്‍എസ് വെണ്ടുരുത്തി ഭാഗമാകുന്നുണ്ട്. യെമനില്‍ യുദ്ധസമാനമായ സാഹചര്യം ഉണ്ടായപ്പോള്‍ അവിടെ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കുന്നതിനുള്ള സുപ്രധാന ദൗത്യത്തില്‍ കൊച്ചി കമാന്‍ഡ് സുപ്രധാന പങ്ക് വഹിച്ചിരുന്നു.
യാത്രക്കാരെ കൊണ്ടുവരുന്ന കപ്പലുകള്‍ക്ക് സുരക്ഷയൊരുക്കുന്ന ചുമതലയില്‍ കൊച്ചിയില്‍ നിന്ന് രണ്ടുകപ്പലുകളാണ് പോയത്. ചരക്കു കപ്പലുകള്‍ക്കു നേരെയുള്ള സോമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ ആക്രമണങ്ങള്‍ തടയുന്നതിനുള്ള ദൗത്യത്തിനും ദക്ഷിണ നാവിക കമാന്‍ഡിന്റെ നിരീക്ഷണ കപ്പലുകള്‍ പങ്കാളിയായിരുന്നു.
സാനു കെ. സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: