ഒടുവില്‍ എന്നപേരില്‍ എല്ലാം ഉണ്ടായിരുന്നു. മലയാള സിനിമയില്‍ അത് ചിരിയും കരച്ചിലും നര്‍മവും അടക്കിയ സങ്കടവുമൊക്കെയുള്ള ഒരു മേല്‍വിലാസമായിരുന്നു. ഒടുവില്‍ യാത്രയായിട്ടും ഒടുങ്ങാതെ നില്‍ക്കുന്നുണ്ട് മലയാളിക്ക് ആ കാഴ്ചാനുഭവം. ഒടുവില്‍ ഉണ്ണികൃഷ്ണന് മരിച്ചിട്ട് ഇന്നേയ്ക്ക് 12വര്‍ഷം.
മൂന്നരപ്പതിറ്റാണ്ടിനിടയില്‍ ഇരുന്നൂറോളം സിനിമകള്‍ചെയ്തു ഒടുവില്‍ ഉണ്ണികൃഷ്ണന്. 1973ല്‍ പി.എന്‍ മേനോന് സംവിധാനം ചെയ്ത ദര്ശനത്തിലൂടെയായിരുന്നു ഒടുവിലിന്റെ വരവ്. 2009ല്‍ ആയിരത്തില്‍ ഒരുവന് വരെ അതു നീണ്ടു. മലയാളത്തിലെ വിവിധ തലമുറ നായകന്മാര്ക്കൊപ്പം ഒടുവില്‍ അഭിനയിച്ചു. മലയാളത്തിന്റെ ലോകസംവിധായകനായ അടൂരിന്റെ രണ്ടു ചിത്രങ്ങളിലും നടിച്ചു. ആ ചിത്രങ്ങളിലെ നടനത്തിന് അദ്ദേഹത്തിനു പുരസ്ക്കാരവും ലഭിച്ചു.
എല്ലാത്തരം വേഷങ്ങളും ഒടുവിലിന് ഇണങ്ങി. ഒരുപോലെ ചിരിയും വേദനയും ആ മുഖപേശികളിലും കണ്ണുകളിലും മിന്നിമറഞ്ഞു. ഒരു നാട്ടുംപുറത്തുകാരന്റെ വേഷവും ഭാവവും സംസാരവുമൊക്കെയായി കൂടെയുള്ളരൊളെപ്പോലെയായിരുന്നു സ്ക്രീനില്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്. കൃത്രിമത്വത്തിന്റെ ഏച്ചുകെട്ടില്ലാതെ തനതു ഭാവങ്ങളുള്ള കഥാപാത്രങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. കഥാപാത്രങ്ങളുടെ സ്വഭാവമനുസരിച്ചുള്ള സംഭാഷണങ്ങളിലെ ഭാവമാറ്റം ശ്രദ്ധേയമായിരുന്നു. മനസയഞ്ഞ് ഓര്‍ത്തോര്‍ത്തു ചിരിക്കാനും മനമടക്കി വേദനിക്കാനും പോന്ന എത്ര വേഷങ്ങളിലൂടെയാണ് ഈ നടന് കടന്നുപോയത്.
അച്ചുവിന്റെ അമ്മ, റണ്‍വേ, മയിലാട്ടം, അന്യര്‍,പട്ടാളം, ഗ്രാമഫോണ്‍,മീശമാധവന്, ഒരാള്‍മാത്രം, സാഗരം സാക്ഷി, ഭരതം, ധനം, കുട്ടേട്ടന്, കിരീടം തുടങ്ങി ഒടുവിലിന്റെ അഭിനയും മാറ്റുരയ്ക്കുന്ന അനവധി ചിത്രങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. ചില സംവിധായകരുടെ സ്ഥിരം നടനായിരുന്നു ഒടുവില്‍. പ്രത്യേകിച്ച് സത്യന് അന്തിക്കാടിനെപ്പോലുള്ള സംവിധായകര്‍ക്ക് ഒഴിച്ചുകൂടാനാവുമായിരുന്നില്ല ഈ നടനെ.
അടൂരിന്റെ കഥാപുരുഷനില്‍ രണ്ടാമത്തെ നല്ല നടനായും നിഴല്‍ക്കുത്തില്‍ ഏറ്റവും നല്ല നടനായും ഒടുവിലിനെ തെരഞ്ഞെടുത്തു. സത്യന് അന്തിക്കാടിന്റെ തൂവല്‍ക്കൊട്ടാരത്തിലും രണ്ടാമത്തെ നല്ല നടനായി പുരസ്ക്കാരം കിട്ടി.
തൃശൂരിലെ വടക്കാഞ്ചേരിയില്‍ 1943 ഫെബ്രുവരി 13നു ജനിച്ച ഒടുവില്‍ ഉണ്ണികൃഷ്ണന് മരിക്കുമ്പോള്‍ 62 വയസായിരുന്നു. സിനിമാക്കാര് മരിക്കുമ്പോഴും അവരുടെ സിനിമകള്‍ അവരെ പുനര്ജനിപ്പിച്ചുകൊണ്ടിരിക്കും. ഒടുവില്‍ യാത്രയായിട്ടും ഒടുങ്ങാതെ കാഴ്ചകള്‍ ബാക്കിയാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: