ബിജെപിയെ അധികാരത്തിനുപുറത്തുനിര്ത്തി കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞത് അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കും നരേന്ദ്രമോദിക്കുമെതിരായി രൂപംകൊള്ളാന്‍ പോകുന്ന വിശാലസഖ്യത്തിന്റെ തുടക്കമായി ചിത്രീകരിച്ച് പ്രതിപക്ഷ പാര്‍ട്ടികളും ചില മാധ്യമങ്ങളും ആഹ്ലാദിക്കുകയാണ്. 2014-ലെ ലോകസഭാ തെരഞ്ഞെടുപ്പിലും, പിന്നീട് നടന്ന നിരവധി നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിജെപിയും മോദിയും നേടിയ വിജയ പരമ്പരയില്‍ അമ്പരന്ന് കോണ്‍ഗ്രസ്സും, അവസരവാദം കൈമുതലാക്കിയ ചില പ്രാദേശിക പാര്‍ട്ടികളും കര്‍ണാടകയില്‍ കുമാരസ്വാമിക്ക് മുഖ്യമന്ത്രിയാവാന്‍ കഴിഞ്ഞതില്‍ ആശ്വസിക്കുന്നുണ്ട്. പരസ്പരം കടിച്ചുകീറാന്‍ നില്ക്കുന്ന ഈ പാര്‍ട്ടികള്‍ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത് കുശലപ്രശ്നം നടത്തിയതും കൈകൊടുത്തതും കെട്ടിപ്പിടിച്ചതുമൊക്കെ ഇനിയുള്ള കാലം മോദിയുടെ മുന്നറ്റത്തിന് തടയിടുമെന്ന് വ്യാമോഹിക്കുന്നവര്‍, മിതമായ ഭാഷയില്‍ പറഞ്ഞാല്‍ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ കഴിയുന്നവരാണ്.
ആരൊക്കെയാണ് കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തതെന്ന് നോക്കിയാല്‍ത്തന്നെ ഇക്കൂട്ടര്‍ സ്വപ്നം കാണുന്ന വിശാലസഖ്യത്തിന്റെ അപ്രായോഗികത വ്യക്തമാവും. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിനെത്തിയിരുന്നു. ഇതിനര്‍ത്ഥം തൃണമൂല്‍ കോണ്‍ഗ്രസ്സും സിപിഎമ്മും സഖ്യമുണ്ടാക്കുമെന്നാണോ? ഒരേ വേദിയില്‍ മണിക്കൂറുകള്‍ തങ്ങിയിട്ടും ഒന്നുമിണ്ടുന്നതു പോയിട്ട് നേര്‍ക്കുനേരെ നോക്കാന്‍പോലും മമതയും പിണറായിയും തയ്യാറായില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലും അമ്മ സോണിയയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ചടങ്ങിനെത്തിയിരുന്നു. ഇതിനര്‍ത്ഥം കേരളം പോലൊരു സംസ്ഥാനത്ത് ഇരുപാര്‍ട്ടികളും പരസ്യമായ സഖ്യത്തിലേര്പ്പെടുമെന്നാണോ? ഇതുപോലെയാണ് മറ്റ് പല സംസ്ഥാനങ്ങളിലെയും പാര്‍ട്ടിയുടെ അവസ്ഥ.
ബിജെപിക്കും നരേന്ദ്ര മോദിക്കും ഒന്നിനുപുറകെ ഒന്നായി വിജയങ്ങള്‍ സമ്മാനിക്കുന്നത് ജനങ്ങളാണ്. അഴിമതിരഹിതവും സുതാര്യവും വികസനോന്മുഖവുമായി ഭരണം നടത്തുന്ന കേന്ദ്രസര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസമാണ്. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങായ പത്ത് വര്‍ഷത്തെ യുപിഎ ഭരണവുമായാണ് ജനങ്ങള്‍ മോദി സര്‍ക്കാരിനെ താരതമ്യം ചെയ്യുന്നത്. അഞ്ച് വര്‍ഷം അധികാരത്തില്‍നിന്ന് മാറിനിന്നതുകൊണ്ട് കോണ്‍ഗ്രസ് വിശുദ്ധന്മാരുടെ പാര്‍ട്ടിയായി മാറിയെന്ന് ജനങ്ങള്‍ കരുതുന്നില്ല. മോദിയെ മാറ്റി അധികാരത്തില്‍ തിരിച്ചെത്താന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത് കുടുംബവാഴ്ച പുനഃസ്ഥാപിക്കാനും, പൂര്‍വാധികം കേമമായി അഴിമതി നടത്താനുമാണെന്ന് ജനങ്ങള്‍ക്ക് നല്ലപോലെ അറിയാം. നിലനില്‍പ്പ് അപകടത്തിലായ ചില പ്രാദേശിക പാര്‍ട്ടികള്‍ കോണ്‍ഗ്രസ്സിന്റെ താളത്തിന് തുള്ളുന്നുണ്ട്. അവസരവാദികളായ ഇവരെയും ജനങ്ങള്‍ ഇരുത്തേണ്ടിടത്ത് ഇരുത്തും. കര്‍ണാടക കണ്ടാണ് പുതിയ പുറപ്പാടെങ്കില്‍ അത് വെറുതെയാവും. കര്‍ണാടകയില്‍ ജയിച്ചത് 104 സീറ്റു നേടിയ ബിജെപിയാണ്. കോണ്‍ഗ്രസ്സും ജനതാദള്‍ എസും ചേര്‍ന്ന് ജനവിധിയെ കൊലചെയ്യുകയാണ്. 2019-ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇത് സാധ്യമാവില്ല. തിളക്കമാര്‍ന്ന വിജയത്തോടെ നരേന്ദ്രമോദി വീണ്ടും അധികാരത്തിലേറുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: