പതിനേഴ് വര്‍ഷത്തെ പഴക്കമുണ്ട് ആ സംഭവത്തിന്. കേരളക്കരയെ ഞെട്ടിച്ച പൂക്കിപ്പറമ്പ് വാഹനാപകടം. അന്തരീക്ഷത്തിലാകെ പച്ചമാംസം കത്തിയെരിഞ്ഞ ഗന്ധം. പരിസരവാസികളും മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ഭയത്തിന്റെ പിടിയിലമര്‍ന്നപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കാന് പിന്നാലെയെത്തിയ ബസ്സില്‍ നിന്നൊരാള്‍ സധൈര്യം ഇറങ്ങിച്ചെന്നു. കത്തിക്കരിഞ്ഞ ജഡങ്ങള്‍ അയാള്‍ തോളിലേറ്റി. തൃക്കുറ്റിശ്ശേരി പാലക്കാട്ടില്ലത്ത് ചിത്രഭാനു നമ്പൂതിരിയെന്ന ചിത്രന് നമ്പൂതിരിയായിരുന്നു അത്.
അന്ന് ആ അപകടത്തില്‍ പൊലിഞ്ഞത് 44 ജീവന്. കണ്മുന്നില് അത്രയും പേര് മരണത്തിന് കീഴടങ്ങിയപ്പോള്‍, ചിത്രന് നമ്പൂതിരിയുടെ മറ്റൊരു ജീവിതത്തിന് തുടക്കമാവുകയായിരുന്നു. മരണപ്പെട്ടവരുടെ ഉറ്റതോഴനാകുവാനുള്ള യാത്രയുടെ ആരംഭം. അതിന് മുമ്പുള്ള ചിത്രന്റെ ജീവിതത്തെക്കുറിച്ച് അറിഞ്ഞെങ്കില്‍ മാത്രമേ ആ ജീവിതത്തിന്റെ പരിണാമചക്രം പൂര്ണ്ണമാവൂ.
ചിത്രന് പെരുങ്കള്ളനായിരുന്നു. നാട്ടാരുടെ പേടി സ്വപ്നം. കോഴിക്കോട് ബാലുശ്ശേരിക്കടുത്ത് തൃക്കുറ്റിശ്ശേരി പാലക്കാട്ടില്ലത്ത് നീലകണ്ഠന് നമ്പൂതിരിയുടേയും ആര്യ അന്തര്‍ജ്ജനത്തിന്റേയും ഏക മകന്. സഹോദരിമാര്‍ രണ്ടുപേരുണ്ട്. മാതാപിതാക്കളുടെ ലാളന വേണ്ടുവോളമുണ്ടായിരുന്നു ചിത്രന്. അവന് ചെയ്യുന്ന തെറ്റുകുറ്റങ്ങള്‍ക്കുനേരെ അവര്‍ കണ്ണടച്ചു. സുഹൃത്തുക്കള്‍ക്കുവേണ്ടി അവന് വീട്ടില്‍ നിന്നും അമ്മ അറിയാതെ പല സാധനങ്ങളും കൈവശപ്പെടുത്തി.
15-ാം വയസ്സിലായിരുന്നു ആദ്യ മോഷണം. പുതുശ്ശേരി ഇല്ലത്തെ വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ സ്വര്‍ണ്ണ എഴുത്താണി അപഹരിച്ചു. അത് പിടിക്കപ്പെട്ടപ്പോള്‍ അപമാന ഭാരത്താല്‍ അച്ഛന് ആദ്യമായി ചിത്രനെ ശിക്ഷിച്ചു. ചട്ടുകം പഴുപ്പിച്ച് കൈത്തണ്ട പൊള്ളിച്ചു. ശിക്ഷ ചിത്രനെ രക്ഷിച്ചില്ല. വാശിയായി. ചിത്രന് പെരുങ്കള്ളനായി. തൃക്കുറ്റിശ്ശേരി ക്ഷേത്രം തന്ത്രിയുടെ മലപ്പുറം തിരൂരുള്ള പാലേരി മനയില്‍ ചിത്രന് വിരുന്നിനുപോയി. ഒരു ദിവസം അവിടെ തങ്ങി. പിറ്റേന്ന് മടങ്ങിയതാവട്ടെ മേശയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാലയുമായി. മോഷണമുതല്‍ കോഴിക്കോട്ടുള്ള ഒരു സ്വര്‍ണ ക്കടയില്‍ നല്കി പണം വാങ്ങി. അത്യാവശ്യം കാശൊക്കെ പൊടിച്ചു. രാത്രി നഗരത്തിലൂടെ നടന്നപ്പോള്‍ നൈറ്റ് പട്രോളിങ് നടത്തുന്ന പോലീസുകാരുടെ പിടിയിലായി. മോഷണ വിവരം വെളിയിലായി. ആ കേസില്‍ മൂന്ന് മാസത്തെ ജയില്‍ ശിക്ഷ.
ശിക്ഷ കഴിഞ്ഞ് വെളിയിലിറങ്ങിയത്, മോഷണത്തിന്റെ പുതിയ പുതിയ ടെക്നിക്കുകള്‍ മനസ്സിലാക്കിയാണ്. നാട്ടിലെത്തിയപ്പോള്‍ ചിത്രന് പലര്‍ക്കും പേടിസ്വപ്നമായി. ചിലര്‍ക്കാവട്ടെ അത്ഭുതവും. ആജാനബാഹുവായിരുന്നു ചിത്രന്. ആര്‍ക്കും ഒറ്റയ്ക്കൊന്നും അയാളെ കീഴ്പ്പെടുത്താനാവില്ല. ഒരു കൊമ്പനാനയ്ക്കൊപ്പം ചിത്രന്കൂടി നടന്നുപോയാല്‍ ആളുകളുടെ ശ്രദ്ധാകേന്ദ്രവും മറ്റാരും ആയിരുന്നില്ല.
വടക്കാഞ്ചേരി, മലപ്പുറം ഭാഗങ്ങളിലായിരുന്നു മോഷണങ്ങള്‍ കൂടുതലും. വലുതും ചെറുതുമായ എത്രയെത്ര മോഷണങ്ങള്‍. ചിലതിലെല്ലാം പിടിക്കപ്പെട്ടു. കുപ്രസിദ്ധനായ ആ മോഷ്ടാവിനെ എപ്പോഴും തിരിച്ചറിയാനായി പോലീസുകാര്‍ ചെവിയില്‍ ചാപ്പ അടിച്ചിരുന്നു. പല കേസുകളിലായി എട്ടുവര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചു.
ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ പുതിയൊരു മനുഷ്യനായി ജീവിക്കണമെന്ന് മോഹം തോന്നി. വിവാഹം കഴിച്ചു. നന്നായി ജീവിക്കണം എന്നാഗ്രഹിച്ച് ഭാര്യയെ വിദേശത്ത് ജോലിക്കയച്ചു. ജോലി ചെയ്ത് പണം സമ്പാദിച്ച് നാട്ടിലെത്തിയപ്പോള്‍ കള്ളനെ ഉപേക്ഷിച്ച് അവര്‍ ഒരു പോലീസുകാരനെ വിവാഹം കഴിച്ചു. തന്നെ ഉപേക്ഷിച്ചുപോയ ഭാര്യയോട് പക തോന്നി. കൊല്ലുക എന്നതായിരുന്നു ലക്ഷ്യം. അതിനായി അരയില്‍ ഒരു കത്തി കരുതി. അയാള്‍ അവര്‍ താമസിക്കുന്നിടത്തെത്തി. സംസാരിച്ച് വഴക്കായി. ഒടുവില്‍ ദേഷ്യം മുഴുവന്‍ സ്വന്തം ദേഹത്തോട് തീര്‍ത്തു. കാലിന് ആഞ്ഞുവെട്ടി. തകര്‍ന്ന ദാമ്പത്യത്തിന്റെ പ്രതീകമായി ഒരു പാട് ആ കാലില്‍ അവശേഷിച്ചു.
വീണ്ടും ചിത്രന് നമ്പൂതിരി മോഷണത്തിന്റെ വഴിയിലേക്ക്… മോഷണം നടത്തണമെന്ന് തീരുമാനിച്ചാല്‍ ഏത് വീടിന്റേയും ഓടുപൊളിച്ച് ചിത്രനെത്തും. ജനങ്ങള്‍ക്കിടയില്‍ ഒരു അതിമാനുഷ പരിവേഷം ഉണ്ടായിരുന്നു ചിത്രന് നമ്പൂതിരിക്ക്. ബാലുശ്ശേരി ചന്തയില്‍ നിന്ന് ആടിന്റെ പച്ചച്ചോര കുടിച്ച് അതിരാവിലെ അങ്ങാടിയിലൂടെ ഓടുമായിരുന്നത്രെ. വഴക്കാളികളായ കുട്ടികളെ ഭയപ്പെടുത്താന്‍ ചിത്രന് നമ്പൂതിരി വരുമെന്ന് പറയുമായിരുന്നു അക്കാലത്ത് അമ്മമാര്‍.
പരിവര്‍ത്തനത്തിന്റെ
പാതയില്‍
ഒരു ക്ഷേത്രത്തില്‍നിന്ന് വിഗ്രഹം മോഷ്ടിച്ച് കശുമാവിന് തോട്ടത്തിലൂടെ വരികയായിരുന്നു ചിത്രന്. വരുന്ന വഴിക്ക് എന്തിലോ തല മുട്ടി. വെട്ടം അടിച്ചു നോക്കുമ്പോള്‍ മരച്ചില്ലയില്‍ തൂങ്ങിയാടുന്ന ജഡം. ആദ്യമായി ഭയം എന്ന വികാരം ചിത്രനെ കീഴ്പ്പെടുത്തി. മരണത്തോട് ആദ്യമായും അവസാനമായും ഭയം തോന്നിയതും അന്നാണ്. അതിനുശേഷമാണ് പൂക്കിപ്പറമ്പ് വാഹനാപകടം. ഗുരുവായൂരില്‍ ഒരു ബന്ധുവീട്ടില്‍ പോയി മടങ്ങുകയായിരുന്ന ചിത്രന് അപകടത്തില്‍പ്പെട്ട ബസ്സിന്റെ പിന്നിലുണ്ടായിരുന്ന ബസ്സിലെ യാത്രക്കാരനായിരുന്നു.
മൃതദേഹത്തോട് മറ്റാരേക്കാളും ആദരവായിരുന്നു ചിത്രന്. എല്ലാ ജഡവും അദ്ദേഹത്തിന് ഒരുപോലെയായിരുന്നു. മറ്റുള്ളവര്‍ തൊടാന്‍ അറയ്ക്കുന്ന, പുഴുവരിക്കുന്ന, ദുര്‍ഗന്ധം വമിക്കുന്ന, അപകടത്തില്‍പ്പെട്ട് ചതഞ്ഞരഞ്ഞ അങ്ങനെ എത്തരത്തിലുള്ള ശവശരീരങ്ങളും ഒരറപ്പും പേടിയും കൂടാതെ തന്റെ കൈകളില്‍ ഏറ്റുവാങ്ങാന്‍ ചിത്രന് സദാ സന്നദ്ധനായി. കടലുണ്ടി തീവണ്ടിയപകടം, തലശ്ശേരി വെടിക്കെട്ട് അപകടം എന്നിവ നടന്നപ്പോഴും ചിത്രന് നമ്പൂതിരി രക്ഷാപ്രവര്‍ത്തനത്തിനുണ്ടായിരുന്നു. ശവക്കുഴിയില്‍ നിന്നും മൃതദേഹം പുറത്തെടുക്കേണ്ട സന്ദര്‍ഭങ്ങളിലും, എത്ര ദാരുണമായ അപകടം നടന്നാലും പോലീസ് ആദ്യം വിളിക്കുന്നതും ചിത്രന് നമ്പൂതിരിയെയായിരുന്നു.
നാട്ടില്‍ എവിടെയെങ്കിലും മോഷണം നടന്നാല്‍ പോലീസ് ആദ്യം അന്വേഷിച്ച് എത്തുമായിരുന്നത് ചിത്രന്റെ വീട്ടിലായിരുന്നു. എന്നാല്‍ പലവിധത്തില്‍ മരണപ്പെട്ടവരെ എടുക്കാന്‍ ചിത്രന്റെ സഹായം തേടിയായിരുന്നു പോലീസിന്റെ പിന്നീടുള്ള വരവ്. മോഷ്ടാവില്‍നിന്ന് നന്മയുള്ള മനുഷ്യനിലേക്കുള്ള ചിത്രന് നമ്പൂതിരിയുടെ പരിവര്‍ത്തനത്തിന്റെ കഥയിതാണ്. ഏവരും ഭയത്തോടെ നോക്കിയിരുന്ന ആ കള്ളനെ പിന്നീട് ജനം സ്നേഹിച്ചുതുടങ്ങി. അവര്‍ അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ വിഷുത്തലേന്ന് ബൈക്ക് അപകടത്തെ തുടര്‍ന്ന് ചിത്രന് നമ്പൂതിരിയെന്ന മരണപ്പെട്ടവരുടെ തോഴനും മരണത്തിന് കീഴടങ്ങി. ആ വീരപരിവേഷം മാത്രം ബാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: