കാവാലം ശശികുമാര്‍
ചിലരുടെ വര്‍ത്തമാനങ്ങള്‍ കേട്ടാല്‍ 2014 മെയ് മാസം നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷമാണ് ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ സാധ്യതയും പരിമിതിയും ഒക്കെ വ്യക്തമായിത്തുടങ്ങിയതെന്നു തോന്നിപ്പോകും. പക്ഷേ അങ്ങനെയല്ല കാര്യങ്ങളെന്ന് ചരിത്രം പറയുന്നു.
1) 1959- ആദ്യത്തെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ പിരിച്ചുവിടപ്പെട്ടു: ബിജെപിയുടെ സമ്മര്ദ്ദത്തിലായിരുന്നുവോ. ഗവര്‍ണറോ പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ ബിജെപി-ആര്‍എസ്എസ്-സംഘപരിവാര്‍ അംഗമോ ആയിരുന്നില്ല. അതിനാല്‍ തികച്ചും ജനാധിപത്യപരമായിരുന്നു!!??
2) ജമ്മു കശ്മീരില്‍ സ്ഥിരമായി ഒരു സര്‍ക്കാരേ ഇല്ലായിരുന്നു ഏറെക്കാലം- മഹാ ജനാധിപത്യ വാദിയായ പണ്ഡിറ്റ് നെഹൃവിന്റെ ജനാധിപത്യ തീവ്രബോധമായിരുന്നു കാരണം!!
3) 1975- അടിയന്തരാവസ്ഥ- സംസ്ഥാനങ്ങളെയല്ല, രാജ്യത്തെയാകെ ചങ്ങലയ്ക്കിട്ട കാലം. ഇന്ദിരാ ഗാന്ധിയുടെ ജനാധിപത്യബോധ പരകോടിയായിരുന്നു കാരണം. (അതെ, അവിടെ ആര്‍എസ്എസിന് പങ്കുണ്ട്, രണ്ടു വര്‍ഷത്തിലേറെ ആ ഏകാധിപത്യത്തിനെതിരേ പോരാടിയതിന്. ജനാധിപത്യം തിരിച്ചുകൊണ്ടുവന്നതിന്. എട്ടുകാലി മമ്മൂഞ്ഞുമാരായി മറ്റുചിലര്‍ ചരിത്രം ചമയ്ക്കുന്നെങ്കിലും)
4) പൊതു തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റു കിട്ടിയ കോണ്‍ഗ്രസ് പാര്‍ട്ടിയെ (197) മാറ്റി നിര്‍ത്തി, 143 സീറ്റു നേടിയ ജനതാദളിനെ കേന്ദ്രഭരണം ഏല്‍പ്പിച്ച് വി.പി. സിങ്ങിനെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ബിജെപിയും സിപിഎമ്മും ഉള്‍പ്പെടെ കക്ഷികള്‍ ഇറങ്ങിത്തിരിച്ചത് ജനാധിപത്യം കശാപ്പു ചെയ്തൊന്നുമായിരുന്നില്ല. സര്‍ക്കാര്‍ ഉണ്ടാക്കുന്നില്ല, തെരഞ്ഞെടുപ്പു നടക്കട്ടെ എന്ന് കോണ്‍ഗ്രസ് നേതാവ് രാജീവ് ഗാന്ധി രാഷ്ട്രപതിയെ അറിയിച്ചതിനാലായിരുന്നു.
5) 1947 മുതല്‍ 1992 വരെ ഇടയ്ക്കുള്ള കാലത്തെ ജനാധിപത്യ വിക്രിയകളെക്കുറിച്ച് പറയുന്നില്ല, ഏറെയുണ്ടെങ്കിലും.
6) 1992: യുപിയിലെ കല്യാണ്‍ സിങ് സര്‍ക്കാരിനെ പിരിച്ചു വിട്ടത് കോണ്‍ഗ്രസിന്റെ നരസിംഹ റാവു സര്‍ക്കാരായിരുന്നു, ആ ന്യൂനപക്ഷ സര്‍ക്കാരിനെ തുണച്ചു നിര്‍ത്തിയിരുന്നത് സിപിഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത്തായിരുന്നു. അന്ന്, അയോദ്ധ്യാ സംഭവത്തിന്റെ പേരില്‍ യുപി സര്‍ക്കാരിനൊപ്പം ബിജെപി ഭരണത്തിലായിരുന്ന രാജസ്ഥാനിലെ ഭൈരോണ്‍സിങ് ഷെഖാവത്ത് സര്‍ക്കാരിനേയും മധ്യപ്രദേശിലെ സുന്ദര്‍ലാല്‍ പട്വ സര്‍ക്കാരിനേയും പിരിച്ചു വിട്ടത് ഏത് ജനാധിപത്യം പുലരാനായിരുന്നു?
7) 1996 ല്‍ കേന്ദ്രത്തില്‍ ഐക്യമുന്നണി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ദേവെ ഗൗഡയായിരുന്നു പ്രധാനമന്ത്രി. സിപിഐ നേതാവ് ഇന്ദ്രജിത് ഗുപ്തയായിരുന്നു ആഭ്യന്തരമന്ത്രി. സിപിഎം നേതാവ് ഹര്‍കിഷന്‍സിങ് സുര്‍ജിത്തായിരുന്നു സൂപ്പര്‍ പ്രധാനമന്ത്രി, അതായത്, ഡോ. മന്മോഹന്സിഗ് പ്രധാനമന്ത്രിയായിരിക്കെ യുപിഎയുടെ അധ്യക്ഷയായി സോണിയാ ഗാന്ധി നിഴല്‍ ഭരണം നടത്തി, സൂപ്പര്‍ പ്രധാനമന്ത്രി ആയിരുന്നതുപോലെ. ഗൗഡയെ നിയന്ത്രിക്കാന്‍ സ്റ്റിയറിങ് കമ്മിറ്റി ഉണ്ടാക്കി അതിന്റെ തലവനായിരുന്നത് സുര്‍ജിത്തായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയായിരുന്നു അന്ന് ദേവെഗൗഡയെ പിന്തുണച്ച് ഭരണത്തില്‍ നിര്‍ത്തിയിരുന്നത്. ആ സര്‍ക്കാരാണ് ഗുജറാത്തിലെ ബിജെപി സര്‍ക്കാരിനെ പിരിച്ചുവിട്ടത്. ആ ദേവെഗൗഡ-കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് കൂട്ടുകെട്ടാണ് യുപിയില്‍ റൊമേഷ് ഭണ്ഡാരിയെന്ന ഗവര്‍ണര്‍ക്ക് രാഷ്ട്രപതിക്കും മേലേ എന്ന പോലെ ഇല്ലാത്ത അധികാരങ്ങള്‍ കൊടുത്ത് ജനാധിപത്യം കൊന്നത്.
എന്തിനേറെ ഇങ്ങനെ അകലത്തു നോക്കി പറയുന്നു?
കേരളക്കാര്യം ഓര്‍ത്തു നോക്കിക്കേ:
1. ഇഎംഎസിനെ ഇറക്കി ഓടിച്ചത് ജനാധിപത്യമായിരുന്നോ?
2. നിയമസഭയില്‍ നിഷ്പക്ഷനായിരിക്കേണ്ട സ്പീക്കര്‍ എ.സി. ജോസ് കാസ്റ്റിങ് വോട്ടുചെയ്ത് കെ. കരുണാകരനെ രക്ഷിച്ചത് ഏതു ജനാധിപത്യമായിരുന്നു?
3. കെ.എം. മാണിയെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ച് സിപിഎം പരാജയപ്പെട്ടത് ഏത് ജനാധിപത്യത്തിന്റെ പേരിലായിരുന്നു?
4. സെല്‍വരാജ് എംഎല്‍എയെ രായ്ക്കു രാമാനം ചാക്കിട്ടോ വലയിട്ടോ പിടിച്ച് ഒപ്പം നിര്‍ത്തിയതും ഉമ്മന്‍ചാണ്ടി ഭൂരിപക്ഷം ഉറപ്പിച്ച് ഭരിച്ചതും ജനാധിപത്യംതന്നെയല്ലായിരുന്നോ?
5. പഴയ സംഭവങ്ങളൊന്നും അധികം ഓര്‍മിപ്പിക്കേണ്ടതില്ല. കര്‍ണാടക ബന്ധമുള്ള ജനതാദള്‍ പാര്‍ട്ടിയുടെ കേരളത്തിലെ കാര്യം എടുക്കാം. എംപി വീരേന്ദ്രകുമാര്‍ എംപിയെ യുഡിഎഫില്‍നിന്ന് എംപി സ്ഥാനം രാജിവെപ്പിച്ച് എല്‍ഡിഎഫില്‍ കൊണ്ടുവന്നതും പിന്നെയും എംപിയാക്കിയതും ഏത് ജനാധിപത്യമായിരുന്നു?
ജനാധിപത്യത്തിന്റെ ബലാല്ക്കാരമാണെന്നോ ബലാത്സംഗമാണെന്നോ, കരിദിനമാണെന്നോ ഒക്കെ പറയാം. പക്ഷേ, ഇത് ഭരണഘടനയുടെ കൊലക്കയറേറ്റമാണെന്നൊക്കെ പറയുമ്പോള്‍ ഉദ്ദേശ്യം വ്യക്തമാകുന്നു.
1. ജനാധിപത്യ സ്ഥാപനങ്ങളെയും സ്ഥാനങ്ങളെയും നുണപ്രചാരണത്തിലൂടെ വിലകെടുത്തിയവരാണ് ഇപ്പറയുന്നവര്‍.
2. വോട്ടിങ് മെഷീനുകള്‍ക്കെതിരേ നുണ പറഞ്ഞു, ബിജെപിക്ക് തെരഞ്ഞെടുപ്പ് തീയതി ചോര്‍ത്തിയെന്നു പരാതിപ്പെട്ടും തെരഞ്ഞെടുപ്പു കമ്മീഷനെ വിലകെടുത്താന്‍ ശ്രമിച്ചു. സുപ്രീം കോടതിക്കെതിരേയായി പിന്നെ. ഉപരാഷ്ട്രപതിയോട് സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെക്കുറിച്ച് പരാതിപ്പെട്ട് തോറ്റപ്പോള്‍ ഉപരാഷ്ട്രപതിക്കെതിരേ തിരിഞ്ഞു. സുപ്രീം കോടതിക്കെതിരേ രാഷ്ട്രപതിയോട് പരാതിപ്പെട്ടു. ഗവര്‍ണര്‍മാരെ സംശയ നിഴലിലാക്കി….
3. പ്രധാനമന്ത്രിക്കെതിരേ എന്നേ തുടങ്ങിയതാണിതൊക്കെ…
4. മാന്യതകള്ക്കുമേലേ ചെളിവെള്ളം തെറിപ്പിച്ച് അതിവേഗം പോകുന്ന നിരത്തുവാഹനങ്ങളെയായിരിക്കും പലര്‍ക്കും ഓര്മ വരിക.
5. ഇനി, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ. മനസാക്ഷിയും ലജ്ജയുമില്ലാത്തവര് ഒളിഞ്ഞുനിന്നെറിയുമായിരിക്കും.
6. പക്ഷേ, കൂറുമാറ്റം, കാസ്റ്റിങ് വോട്ട്, പിരിച്ചുവിടല്‍, തെരഞ്ഞെടുപ്പ്, ഗവര്‍ണര്‍ അധികാരം, രാഷ്ട്രപതിയുടെ റോള്‍, ഉപരാഷ്ട്രപതിയുടെ വിവേചനാധികാരം, പ്രധാനമന്ത്രിയുടെ പരിധി… ഇതിലേതെങ്കിലും ഭരണഘടന അനുഭവിക്കുന്നതിനപ്പുറം ചെയ്തിട്ടുണ്ടെങ്കില്‍ അത് നിയമ-ചട്ട വഴിയില്‍ ചോദ്യം ചെയ്യാം.
7. അങ്ങനെ ചോദ്യം ചെയ്തപ്പോള്‍ സുപ്രീം കോടതി ബിജെപി സര്‍ക്കാരിനെ പിരിച്ചു വിട്ടത് തെറ്റായെന്ന് വിധി പറഞ്ഞിട്ടുണ്ട്.
8. പിന്നെ, ”ധാര്‍മികത” എന്ന സുന്ദര വാക്കുപയോഗിച്ചാണ് കളിയെങ്കില്‍ അതും പറയാം: ‘ധര്‍മം അധര്‍മികളോട് ഏറെക്കാലം പറ്റില്ല,’ അതറിയാത്തവരാവില്ല ചാണക്യനീതിയെക്കുറിച്ച് കേട്ടിട്ടുള്ളവരാരും…
പ്രതികരിക്കാൻ ഇവിടെ എഴുതുക: