ഇതു ജനകീയ ഭരണമല്ല, ഗുണ്ടാ ഭരണമാണ്. അങ്ങനെയൊരു അലങ്കാര പ്രയോഗം കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറെ കാലമായി. പക്ഷേ, കേരളത്തില്‍ നടക്കുന്നതാണ് അതിന്റെ ശരിയായ മുഖം. കൊള്ളയും കൊലയും പിടിച്ചുപറിയും ബലാത്സംഗവും ബാലപീഡനവും നടത്താന്‍ തുനിഞ്ഞിറങ്ങിയ വന്‍സംഘങ്ങള്‍. അവര്‍ക്കു നിര്‍ബാധം വിളയാടാന്‍ രംഗമൊരുക്കുന്ന പോലീസ് സേന. ഇരുകൂട്ടര്‍ക്കും സംരക്ഷണത്തിന്റെ വിതാനമൊരുക്കാന് സംസ്ഥാന സര്‍ക്കാര്‍. നാണം, മാനം, മാന്യത, മര്യാദ എന്നീ വാക്കുകള്‍ക്ക് നിഘണ്ടുവിനപ്പുറം ഒരു പ്രസക്തിയുമില്ലാതായിരിക്കുന്നു ഈ നാട്ടില്‍. ഭരണമെന്നാല്‍ എന്തു താന്തോന്നിത്തവും കാണിക്കാനുള്ള ലൈസന്‍സ് എന്നു നിര്‍വചിക്കേണ്ടിവരുന്നു ഇവിടെ. ഇരിക്കുന്ന കസേരയുടെ നിലയും വിലയും മനസ്സിലാക്കാന്‍ മാത്രം മാനസിക വളര്‍ച്ചയെത്താത്തവര്‍ ഭരണ സിരാകേന്ദ്രങ്ങളിലെ സിംഹാസനത്തിലിരുന്നാല്‍ ഇതൊക്കെയല്ലേ സംഭവിക്കുക? ആണെന്ന് ഉറപ്പാക്കണമെങ്കില്‍ കേരളത്തിലെ അവസ്ഥ കണ്ടാല്‍ മതി.
വെട്ടിക്കൊല്ലലും ചവിട്ടിക്കൊല്ലലും ചുട്ടുകൊല്ലലും കുടിയിറക്കലും ഊരുവിലക്കലും കഴിഞ്ഞ് കൊച്ചു കുട്ടികളെ വരെ പീഡിപ്പിക്കുന്ന നിലയിലേയ്ക്ക് നമ്മുടെ നിലവാരം താഴ്ന്നുപോയി. സിനിമാശാലയിലെ പ്രേക്ഷകര്‍ക്കിടയില്‍ വച്ചുപോലും, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവമാണ് സംസ്ഥാനത്തിന്റെ അവസാനത്തെ ഞെട്ടല്‍. വീട്ടിലും കലാലയങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും പൊലീസ് സ്റ്റേഷനിലും ജയിലിലും മാത്രമല്ല പ്രേക്ഷകര്‍ക്ക് നടുവില്‍പോലും പെണ്‍കുട്ടികളുടെ മാനത്തിന് രക്ഷയില്ലാത്ത വ്യവസ്ഥിതിയെ എന്ത് അവസ്ഥയെന്നു വിശേഷിപ്പിക്കണമെന്ന് നിഘണ്ടുവില്‍ പോലും കാണില്ല. മലപ്പുറം ജില്ലയിലെ എടപ്പാളില്‍ തീയേറ്ററില്‍ വച്ചു പത്തു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പരാതി കിട്ടിയിട്ടും ഒരാഴ്ചയിലേറെ പോലീസ് അതിനു മേല്‍ അടയിരുന്നു എന്നു പറയുമ്പോള്‍ ഈ നാട്ടിലെ പൊലീസ് ആര്‍ക്കു വേണ്ടിയാണ് എന്നു ചോദിക്കാതെ വയ്യ. ആഡംബര കാറില്‍ എത്തിയ പ്രതിയെ തൊടാന്‍ പൊലീസിനു പേടി. നടപടിയെടുത്താല്‍ പോലീസിനെതിരെ നടപടി വരും. സത്യം പറഞ്ഞാല്‍ പ്രതികാര നടപടിയും ഭീഷണിയും. ഭരണ കക്ഷിയുടെ രാഷ്ട്രീയത്തിനൊപ്പം നില്ക്കാന് പോലീസിന് പ്രത്യേക ശിക്ഷണവും കര്‍ക്കശ നിര്‍ദേശവും. കേസുകളില്‍ പ്രതിചേര്‍ക്കപ്പെടുന്ന ഉന്നത പോലീസ് മേധാവികള്‍. പോലീസ് മേധാവികള്‍ക്ക് മേലെ ഉപദേശക രൂപത്തില്‍ ഭരണ കക്ഷിയുടെ അനിഷേധ്യ ഭരണകര്‍ത്താവ്. പോലീസില്‍ പാര്‍ട്ടി സെല്‍. പുറത്ത് കാക്കിയും അകത്ത് ചുവപ്പും ധരിച്ച പോലീസ് സേന. എല്ലാം അറിഞ്ഞും ഒന്നും അറിഞ്ഞതായി നടിക്കാതെയും ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രി. ഈ മന്ത്രിസഭയെ അപ്പടി കാഴ്ചബംഗ്ലവില്‍ സൂക്ഷിക്കണം. ഭരണം എങ്ങനെ പാടില്ല എന്ന് വരും തലമുറയ്ക്ക് പഠിക്കാന്‍.
സത്യസന്ധതയ്ക്ക് വിലയില്ലാതായ കേരള പോലീസില്‍ ശരിക്കും ശ്വാസംമുട്ടുന്ന ഒരു വിഭാഗമുണ്ട്. അത് ആവേശപൂര്‍വം ഈ കുപ്പായം സ്വീകരിച്ച യുവ ഐപിഎസ്സുകാരാണ്. സ്വപ്നം കണ്ട ലോകമല്ല ഇതെന്നു മനസ്സിലാക്കിയ അവരില്‍ പലരും കേരളം വിട്ടു രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്. ആത്മാര്‍ത്ഥതയും നട്ടെല്ലും പണയം വയ്ക്കാന്‍ കൂട്ടാക്കാത്തവരൊക്കെ ഇനി മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് സംരക്ഷണമൊരുക്കിയേക്കും. കേരള പോലീസ് അതോടെ ശരിയായ അധോലോക സംഘമായി ശുദ്ധീകരിക്കപ്പെടും. അപ്പോഴും ആ സംസ്ഥാനങ്ങളിലേയ്ക്ക് വിരല്‍ ചൂണ്ടി വിമര്‍ശനങ്ങളും പരിഹാസങ്ങളും അവഹേളനവും ചൊരിയാന്‍ ഇവിടത്തെ ഭരണ, പ്രതിപക്ഷ കക്ഷികളും അവരെ പിന്താങ്ങുന്ന സ്വയംപ്രഖ്യാപിത ബുദ്ധിജീവിക്കൂട്ടങ്ങളും ഉണ്ടാവും. അവര്‍ ഒരു കാര്യം അറഞ്ഞിരുന്നാല്‍ നന്ന്. നിങ്ങള്‍ പരിഹസിക്കുന്ന ഉത്തരേന്ത്യയിലാണ് ഇത്തരമൊരു ബാലപീഡനക്കേസ് ഇരുപത്തിമൂന്നു ദിവസം കൊണ്ട് തീര്‍പ്പാക്കി പ്രതിക്കു വധശിക്ഷ വിധിച്ചത്. മധ്യപ്രദേശിലെ ഇന്ഡോറിലാണത് സംഭവിച്ചത്. ആഗോള തലത്തില്‍ ശ്രദ്ധപിടിച്ചു പറ്റിയ ആ വാര്‍ത്ത പക്ഷെ, ഇവിടെയുള്ളവര്‍ അറിഞ്ഞാലും പുറത്തു മിണ്ടില്ല. കാരണം അവിടെ ഭരിക്കുന്നത് മോദിയുടെ ബിജെപിയാണ്. ഇച്ഛാശക്തിയും കാര്യപ്രാപ്തിയും ആത്മാര്‍ഥതയുമുണ്ടെങ്കില്‍ പ്രവര്‍ത്തിച്ചു വിജയിക്കാനുള്ള എല്ലാം നമ്മുടെ നീതിന്യായ വ്യവസ്ഥയിലും ക്രമസമാധാന പാലന വ്യവസ്ഥയിലുമുണ്ടെന്നു കാണിച്ചു തരുന്നതാണ് ഈ കേസ്.
അതു മനസ്സിലാകണമെങ്കില്‍, ഭരണം കയ്യാളുന്നവര്‍ക്ക് അതിന് തക്ക മാനസിക നിലവാരം വേണം. ഭരണം രാഷ്ട്രീയക്കളിയല്ലെന്ന ബോധം വേണം. ജനങ്ങളെന്നാല് തങ്ങള്‍ക്കു ഭരിക്കാനുള്ള വസ്തുവല്ല, മറിച്ച് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് എന്ന തിരിച്ചറിവു വേണം. കേരളത്തിലെ ഭരണകര്‍ത്താക്കള്‍ക്ക് അത് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതുതന്നെ മണ്ടത്തരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: