മലേറിയ മാരകരോഗമാണ്. ലോകജനത അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്ന്. ലോകജനതയുടെ പകുതിയും സദാ മലേറിയ ഭീഷണിയിലാണെന്ന് ലോകാരോഗ്യ സംഘടന. 2015-ല്‍ മലേറിയ ബാധിച്ചവരുടെ എണ്ണം 200 ദശലക്ഷം. അതില്‍ മരിച്ചവര്‍ അഞ്ച് ലക്ഷം. മലേറിയ വാരിവിതറുന്നത് കൊതുകാണെന്ന കാര്യം നമുക്കെല്ലാമറിയാം. കൊതുകിനെ ഒതുക്കിയാല്‍ മാത്രമേ മലേറിയ നിയന്ത്രിക്കാനാവൂയെന്നും നമുക്കറിയാം.
പക്ഷേ കൊതുകിനെ മുച്ചൂടും മുടിക്കുകയെന്നത് വ്യാമോഹം മാത്രം. വിഷം ചാമ്പിയും വൈദ്യുതി പ്രയോഗിച്ചും ബാറ്റിന് തല്ലിയുമൊക്കെ കൊന്നാലും ആയിരത്തിലൊന്ന് കൊതുകിനെപ്പോലും നശിപ്പിക്കാനാവില്ല. അതുകൊണ്ടാണ് ഇംഗ്ലണ്ടിലെ ഗ്രീന്‍വിച്ച് സര്‍വകലാശാല കൊതുകിനുവേണ്ടി അരക്കില്ലമൊരുക്കിയത്. മണപ്പിച്ച് കെണിയില്പ്പെടുത്തുകയെന്നതാണ് സൂത്രം. ‘ഹ്യൂമന്‍ ഡികോയ് ട്രാപ്പ്’ എന്ന് പേരുള്ള ഈ സംവിധാനത്തെ ‘മണക്കെണി’യെന്ന് തല്ക്കാലം വിളിക്കാം.
ചൂടുവെള്ളം നിറച്ച ഒരു ചെണ്ടയാണ് മണക്കെണിയുടെ മര്‍മ്മം. ലോഹംകൊണ്ടാണിത് നിര്‍മിക്കുക. കറുപ്പ് നിറം. ചെണ്ടയുടെ പ്രതലത്തില്‍ കൊതുക് വന്നിരുന്നാല്‍ പിന്നെ പൊങ്ങില്ല ഒട്ടിപ്പിടിക്കും. മനുഷ്യന്റെ സമീപത്തുനിന്നും സ്വീകരിക്കുന്ന സാക്ഷാല്‍ മനുഷ്യഗന്ധം ആവാഹിച്ച് പ്രസരിപ്പിച്ചാണ് ‘ഹ്യൂമന്‍ ഡികോയ് ട്രാപ്പ്’ പ്രവര്‍ത്തിക്കുന്നത്. ആ ഗന്ധത്തില്‍ ഉന്മത്തരായി പറന്നടുക്കുന്ന കൊതുകുകളെ നമുക്ക് കൊന്നൊടുക്കാം.
മലേറിയ പരത്തുന്ന പരജീവികള്‍ പുറത്തുവിടുന്ന ഒരു രാസവസ്തു രോഗികളില്‍നിന്ന് ഒരു പ്രത്യേക ഗന്ധത്തെ ഉത്തേജിപ്പിച്ച് പുറത്തുവിടുമത്രെ. അതാണ് കൊതുകുകളെ ഹരംപിടിപ്പിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. കൂടുതല്‍ ചോരയൂറ്റാന്‍ കൊതുകുകള്‍ക്ക് ആവേശം നല്‍കുന്നതും ഇതേ ഘടകം തന്നെ. ആഫ്രിക്കയിലെ സഹാറാ മേഖലയില്‍ വസിക്കുന്നവരുടെ രക്തത്തില്‍ പോലും മലേറിയ പരത്തുന്ന പരജീവികളുടെ സാന്നിദ്ധ്യം കാണുന്നതായി ഗവേഷകര്‍ പറയുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊതുകിനെ പിടിക്കാനുള്ള മണക്കെണികള് തയ്യാറായി വരികയാണത്രെ. പ്രൊഫ. വില്യം താക്കണ് കെനിയന്‍ ദ്വീപുകളില്‍ നടത്തിയ പരീക്ഷണത്തിലും മണക്കെണി വിജയമാണെന്ന് തെളിഞ്ഞു. ലാക്ടിക് ആസിഡ് വെള്ളത്തില്‍ കലക്കി ചൂടാക്കി കാറ്റൂതുന്ന ഗ്ലോവറിന്റെ സഹായത്തോടെ പ്രസരണം ചെയ്യുന്ന ഗന്ധവും മനുഷ്യഗന്ധത്തിന് സമമായി കൊതുകിനെ ആകര്‍ഷിക്കുമെന്ന് കണ്ടെത്തി.
മാന്സാനിയയിലെ ഫക്കാര ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് മനുഷ്യമണംകൊണ്ട് കൊതുകുകളെ ആകര്‍ഷിച്ച് വീടിന് പുറത്തുകൊണ്ടുവരുന്ന വിധമാണ് രൂപപ്പെടുത്തിയത്. സൗരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന ‘മൊസ്ക്വിറ്റോ ലാന്‍ഡിങ് ബോക്സ്’ ആണ് ഇവിടെ കെണിയായി പ്രവര്‍ത്തിക്കുന്നത്. മനുഷ്യഗന്ധവും കാര്‍ബണ്‍ഡൈ ഓക്സൈഡുമാണ് കൊതുകിനെ ആകര്‍ഷിക്കാനായി പുറത്തുവിടുന്നത്. കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെ തീവ്രത കൊതുകുകള്‍ക്ക് അവഗണിക്കാനാവില്ല. അവ ‘മൊസ്ക്വിറ്റോ ലാന്‍ഡിങ് ബോക്സിലേക്ക്’ പറന്നിറങ്ങുകയും അതില്‍ പുരട്ടിയ വിഷത്താല്‍ മരണപ്പെടുകയും ചെയ്യും.
വെളിച്ചത്തിന്റെ വഴിയാണ് കൊതുകിനെ കൊല്ലുന്നതിന് മലേഷ്യന്‍ ഗവേഷകര്‍ തെരഞ്ഞെടുത്തത്. എല്‍ഇഡി നിറഞ്ഞ തെരുവുവിളക്കുകളില്‍ നിന്ന് മത്സ്യഗന്ധത്തെ അനുകരിക്കുന്ന ഒരു മണം പുറപ്പെടുവിക്കുന്നതാണ് ഈ യന്ത്രസൂത്രം. കാര്‍ബണ്‍ ഡൈ ഓക്സൈഡ്, ടൈറ്റാനിയം ഡൈഓക്സൈഡ് എന്നിവയ്ക്കൊപ്പം അള്‍ട്രാ വയലറ്റ് പ്രകാശകിരണങ്ങളും ചേര്‍ന്നാണ് അത് സാധ്യമാക്കുന്നത്. ഇത് ശ്വസിക്കുന്ന കൊതുകുകള്‍ മത്തുപിടിച്ച് തെരുവു വിളക്കിലേക്ക് പാഞ്ഞടുക്കും. വിളക്കില്‍ ഘടിപ്പിച്ച ഫാന്‍ അവയെ ഉള്ളിലെ വലയിലേക്ക് പിടിച്ചുതള്ളുന്നതോടെ കൊതുകിന്റെ കഥ കഴിയും. കൊലാലംപൂരിലാണ് ഈ വെളിച്ച പരീക്ഷണം നടന്നത്.
മണക്കെണിയും വെളിച്ചക്കെണിയുമൊക്കെ നല്ലതുതന്നെ. പക്ഷേ നമുക്കിഷ്ടം ചൈനാക്കാരന്റെ ‘ബാറ്റു’തന്നെ. ബാറ്റ് വീശി കൊതുകിനെ കിട്ടുമ്പോഴുള്ള ശബ്ദവും വെളിച്ചവും നല്കുന്ന ആത്മസുഖവും സായിപ്പിന് അറിയില്ലല്ലോ.
ഓക്സൈഡ്, ടൈറ്റാനിയം ഡൈഓക്സൈഡ് എന്നിവയ്ക്കൊപ്പം അള്‍ട്രാ വയലറ്റ് പ്രകാശകിരണങ്ങളും ചേര്‍ന്നാണ് അത് സാധ്യമാക്കുന്നത്. ഇത് ശ്വസിക്കുന്ന കൊതുകുകള്‍ മത്തുപിടിച്ച് തെരുവു വിളക്കിലേക്ക് പാഞ്ഞടുക്കും.
വിളക്കില്‍ ഘടിപ്പിച്ച ഫാന്‍ അവയെ ഉള്ളിലെ വലയിലേക്ക് പിടിച്ചുതള്ളുന്നതോടെ കൊതുകിന്റെ കഥ കഴിയും. കൊലാലംപൂരിലാണ് ഈ വെളിച്ച പരീക്ഷണം നടന്നത്.
മണക്കെണിയും വെളിച്ചക്കെണിയുമൊക്കെ നല്ലതുതന്നെ. പക്ഷേ നമുക്കിഷ്ടം ചൈനാക്കാരന്റെ ‘ബാറ്റു’തന്നെ. ബാറ്റ് വീശി കൊതുകിനെ കിട്ടുമ്പോഴുള്ള ശബ്ദവും വെളിച്ചവും നല്കുന്ന ആത്മസുഖവും സായിപ്പിന് അറിയില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: