കരുത്തും ആഡംബര ഇന്റീരിയറും ആകര്‍ഷക രൂപവുമായി മഹീന്ദ്ര എക്സ്യുവി 500-ന്റെ പരിഷ്കരിച്ച മോഡലുകള്‍ നിരത്തിലെത്തി. സസ്പെന്‍ഷനിലും കാബിനിലും വരുത്തിയ മാറ്റങ്ങളിലൂടെ ആയാസരഹിതമായ യാത്ര ഒരുക്കുകയാണ് പുതിയ എക്സ്യുവി. കരുത്തിലും ടോര്‍ക്കിലും പ്രീമിയം എസ്യുവി രംഗത്ത് എതിരാളികളെയെല്ലാം മറികടക്കുന്ന വണ്ടി, ശരിക്കും മഹീന്ദ്രയുടെ ഇന്ദ്രജാലമെന്ന് വേണമെങ്കില്‍ പറയാം.
12.45 ലക്ഷം രൂപ മുതലാണ് കൊച്ചിയിലെ എക്സ്ഷോറൂം വില. പുതിയ പതിപ്പിന്റെ മോഡലുകള്‍ രാജ്യമെമ്പാടുമുള്ള മഹീന്ദ്ര ഡീലര്‍ഷിപ്പുകളില്‍ ലഭ്യമായിത്തുടങ്ങി. ഹൈടെക് സവിശേഷതകളും അതുല്യമായ പ്രകടനവും സുരക്ഷയും തരുന്ന എക്സ്യുവി 500 പ്രീമിയം എസ്യുവി വിഭാഗത്തിലെ ട്രെന്‍ഡ് സെറ്ററായിക്കഴിഞ്ഞെന്ന് വാഹനം അവതരിപ്പിച്ച് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോ മോട്ടീവ് സെയില്‍സ് വിഭാഗം വൈസ് പ്രസിഡന്റ് അമിത് സാഗര്‍ പറഞ്ഞു.
ഡാഷ് ബോര്‍ഡിലെയും ഡോര്ട്രിമ്മിലെയും സോഫ്റ്റ് ടച്ച് ലതര്‍, ആഡംബര ലതര്‍ സീറ്റ്, നഗര സവാരിയില്‍ മികച്ച ടോര്‍ക്ക് പ്രദാനം ചെയ്യാന്‍ കഴിയുന്ന ആറാം തലമുറ ഇലക്ട്രോണിക്കലി കണ്ട്രോള്ഡ് വേരിയബിള്‍ ജ്യോമട്രി ടര്‍ബോ ചാര്‍ജര്‍, വലിയ സ്പോട്ടി 45.72 സെന്റീമീറ്റര്‍ ഡയമണ്ട് കട്ട് അലോയ് വീല്‍, ആര്കമീസിന്റെ പുതിയ ഓഡിയോ തുടങ്ങിയ ഒട്ടേറെ സവിശേഷതകളുമായാണ് പുതിയ മോഡലുകള്‍ കമ്പനി അവതരിപ്പിക്കുന്നത്. ആദ്യമായി സ്മാര്‍ട് വാച്ച് കണക്ടിവിറ്റി, കണക്ടഡ് ആപ്, എക്കോ സെന്‍സ് ടെക്നോളജി എന്നിവയും പ്രത്യേകതയാണ്.
ക്രോം ഇന്സെര്ട്ടുകളോടുകൂടിയ വീതിയേറിയ ഗ്രില്‍, ക്രോംബീസലോടു കൂടിയ ഫോഗ് ലാമ്പ്, ടെയില്‍ ഗേറ്റോടുകൂടിയ പുതിയ സ്പ്ലിറ്റ് ടെയില്‍ ലാംമ്പും സ്പോയിലറും, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ് തുടങ്ങിയവയും എടുത്തുപറയേണ്ടതുതന്നെ. പുതിയ ടാന്‍, ബ്ലാക് തീമോടുകൂടിയതാണ് ഇന്റീരിയര്‍. പിയാനോ ബ്ലാക്കിലാണ് സെന്റര്‍ കണ്‍സോള്‍. ഒപ്പം ക്വില്റ്റ്ഡ് ടാന്ലതര് സീറ്റുകള്‍ യാത്ര സുഖകരമാക്കും.
155 ബിഎച്ച്പി കരുത്തും 360 എന്‍എം ടോര്‍ക്കും ഏകുന്ന എം ഹോക് എന്‍ജിനാണിതിന്. സുരക്ഷിത യാത്രക്കായി ഫ്രണ്ട്, സൈഡ്, കര്ട്ടന് എന്നിവിടങ്ങളിലായി ആറ് എയര്‍ ബാഗുകള്‍, ഇബിഡിയോടുകൂടി എബിഎസ്, ഇഎസ്പി, ഹൈറേഞ്ച് യാത്രകള്‍ക്കായി ഹില്‍ ഹോള്‍ഡ് ആന്‍ഡ് ഡിസെന്റ് കണ്ട്രോള്, എല്ലാ വീലിലും ഡിസ്ക് ബ്രേക് എന്നിവയാണ് മറ്റു സവിശേഷതകള്‍. ആദ്യമായി എമര്‍ജെന്‍സി കോളിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ഉപഭോക്താക്കള്‍ക്കായി പര്‍പ്പിള്‍ ക്ലബ് എന്‍ഗേജ്മെന്റ് പ്രോഗ്രാം പങ്കാളിത്തവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിനകം രണ്ടു ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച എക്സ്യുവി 500 മുപ്പതില്‍ അധികം പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: