കേരളം എക്കാലവും മുഴങ്ങിക്കേട്ട മുദ്രാവാക്യമാണ് കേന്ദ്ര അവഗണന. കേരളത്തിന് പദ്ധതികളില്ല. പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് പണവും സാങ്കേതിക അനുമതികളുമില്ല. കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചപ്പോഴെല്ലാം ശക്തിയോടെ മുഴങ്ങിയ മുദ്രാവാക്യമായിരുന്നു അവഗണനക്കെതിരെ. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ കേന്ദ്രസര്‍ക്കാരിനെതിരെ സമരം നടത്തിയതാണ് ചരിത്രം. ഭരണവും സമരവുമെന്ന പേരുവീണതും ഇതിന്റെ പേരിലാണ്. കേരളത്തിന് അനുവദിച്ച കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് വലിച്ചുകൊണ്ടുപോയ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ രൂക്ഷമായി വിമര്‍ശിക്കുകയും ‘കേരളത്തിലും പഞ്ചാബ് മോഡല്‍’ സമരം നടത്തേണ്ടിവരുമെന്ന് പറഞ്ഞ കേരളമന്ത്രിക്ക് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിയും വന്നിട്ടുണ്ട്. എന്നിട്ടും കേരളത്തോട് കനിവ് കാട്ടാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. എന്നാല്‍ വാജ്പേയി പ്രധാനമന്ത്രി ആയപ്പോഴും നരേന്ദ്രമോദി പ്രധാനമന്ത്രിസ്ഥാനത്തെത്തിയപ്പോഴും കേന്ദ്ര അവഗണന എന്ന മുദ്രാവാക്യത്തിന് പ്രസക്തിയില്ലാതാക്കി. കേന്ദ്രവും കേരളവും ഒരേകക്ഷി ഭരിച്ചാലേ പുരോഗതി കൈവരിക്കാനാവൂ എന്ന കോണ്‍ഗ്രസിന്റെ കാഴ്ചപ്പാട് ഇപ്പോള്‍ കാറ്റില്‍പറത്തി.
കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും കിട്ടാവുന്ന വേദികളിലെല്ലാം പ്രധാനമന്ത്രിയെ പരിഹസിക്കാന്‍ ശ്രദ്ധിക്കുന്ന യുഡിഎഫ്, എല്‍ഡിഎഫ് ഭരണകാലത്ത് കേരളത്തിന് കലവറയില്ലാത്ത പിന്തുണയാണ് ഇന്നത്തെ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. എന്നാല്‍ അത് യഥാവിധി പ്രയോജനപ്പെടുത്താനുള്ള ശ്രദ്ധയോ ശ്രമമോ നടക്കുന്നില്ല. അതിലേക്കാണ് കഴിഞ്ഞദിവസം കേന്ദ്രമന്ത്രി വിജയ് ഗോയല്‍ വിരല്‍ചൂണ്ടിയത്. കേന്ദ്ര പദ്ധതികള്‍ നടപ്പാക്കാന്‍ കേരളം താല്പര്യമെടുക്കുന്നില്ലെന്നും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. ഇതുമൂലം ആറായിരം കോടിയിലേറെ രൂപയുടെ നഷ്ടമാണ് രാജ്യത്തിന് സംസ്ഥാനം വരുത്തിവച്ചത്. കേരളത്തിന്റെ ഗതാഗത മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട് ‘ജന്മഭൂമി’ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ് കേരളത്തിന്റെ അനാസ്ഥയിലേക്ക് വിരല്‍ചൂണ്ടിയത്. അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ 21,774.25 കോടിരൂപ ചെലവില്‍ 21 പദ്ധതികള്‍ കേന്ദ്രം കേരളത്തിന് അനുവദിച്ചിരുന്നു. പദ്ധതി വൈകിയതോടെ ചെലവ് 27,871.82 കോടിയിലെത്തി. 6,097.57 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാരിന്റെ മെല്ലപ്പോക്ക് കാരണം പാഴാകുന്നത്. വികസനത്തില്‍ കേരളത്തിന് പൂര്‍ണ സഹകരണം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുണ്ട്. കൊച്ചി പുതുവൈപ്പിനിലെ എല്‍എന്‍ജി ടെര്‍മിനല്‍ പദ്ധതിക്കെതിരേ പ്രദേശവാസികളുടെ എതിര്‍പ്പുണ്ടായപ്പോഴും പ്രശ്നങ്ങള്‍ പരിഹരിച്ചെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്. പദ്ധതി 2019 മെയ് മാസത്തില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടത്. ഇനി എന്താകും ഭാവിയെന്ന് അറിയില്ലെന്ന് മന്ത്രി പറയുകയുണ്ടായി.
കൊച്ചി-സേലം ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിയില്‍ ഭൂമി ഏറ്റെടുക്കാനും അലൈന്മെന്റ് നിശ്ചയിക്കാനും സംസ്ഥാനം നടപടിയെടുത്തില്ല. ശബരിമല റെയില്‍ പാതയുടെ ചെലവ് കേന്ദ്രവും സംസ്ഥാനവും തുല്യമായി വഹിക്കാമെന്ന് ആദ്യം അറിയിച്ച കേരളം ഇപ്പോള്‍ പറ്റില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. പദ്ധതിയിലൂടെ 130 കിലോമീറ്റര്‍ പുതിയ റെയില്‍ പാളമുണ്ടായാല്‍ അഞ്ച് നഗരസഭകളിലും 11 ചെറിയനഗരങ്ങളിലും പുതിയ റെയില്‍വേ സ്റ്റേഷനുണ്ടാകും. പദ്ധതി കേന്ദ്രം അവസാനിപ്പിക്കില്ല. സംസ്ഥാനത്തിന്റെ സ്ഥിതിവിവര സമാഹരണ ശേഷി മെച്ചപ്പെടുത്താനും അടിസ്ഥാന സൗകര്യം വികസിപ്പിക്കാനും കേന്ദ്രം 15 കോടി രൂപ നല്‍കിയതായും മന്ത്രി വ്യക്തമാക്കി. ദശാബ്ദങ്ങളായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തട്ടിക്കളിച്ചുകൊണ്ടിരിക്കുന്ന പദ്ധതിയായിരുന്നു വിഴിഞ്ഞം തുറമുഖം. നരേന്ദ്രമോദി സര്‍ക്കാരാണ് അന്തിമ അനുമതി നല്കി പ്രവര്‍ത്തനം തുടങ്ങിയത്. അത് സമയബന്ധിതമായി പൂര്‍ത്തിയായില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം കേന്ദ്രത്തിനല്ല. കേന്ദ്ര പദ്ധതികളോട് നിസ്സംഗത പുലര്‍ത്തുകയും പേരുമാറ്റി നടപ്പാക്കുകയും ചെയ്യുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ സ്ഥിരം പരിപാടി. പിണറായി വിജയന് സര്‍ക്കാര്‍ അത് ഭംഗിയായി നിര്‍വഹിക്കുകയാണ്. സംസ്ഥാനത്തിനോ ജനങ്ങള്‍ക്കോ ഉപകാരപ്രദമായ കാര്യങ്ങളിലൊന്നും ശുഷ്കാന്തി കാണിക്കാത്ത ഇങ്ങനെയൊരു സര്‍ക്കാര്‍ എന്തിനെന്ന ചോദ്യമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: