ചിത്രീകരണം പൂര്‍ത്തിയായ രണ്ട് ചിത്രങ്ങള്‍ ഉള്‍പ്പെടെ ആറ് ചിത്രങ്ങളാണ് മോഹന്‍ലാലിന്റേതായി 2018-ല്‍ ഒരുങ്ങുന്നത്. നീരാളി, ഒടിയന് എന്നീ ചിത്രീകരണം പൂര്‍ത്തിയായ ചിത്രങ്ങള്‍ക്കു പുറമെ രഞ്ജിത്ത് ചിത്രം ബിലാത്തിക്കഥ, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലുസിഫര്‍, സിദ്ധിഖ് ചിത്രം ബിഗ്ബ്രദര്‍, 100 കോടി മുതല്‍മുടക്കില്‍ പ്രിയദര്ശന് ഒരുക്കുന്ന കുഞ്ഞാലിമരയ്ക്കാര്‍ എന്നിവയുമുണ്ട്.
മണിയന്‍പിള്ള രാജു നിര്‍മ്മിക്കുന്ന ബിലാത്തിക്കഥ മെയ് മാസത്തില്‍ ചിത്രീകരണം ആരംഭിക്കും. മോഹന്‍ലാലിനു പുറമെ മണിയന്‍പിള്ള രാജുവിന്റെ മകന് നിരഞ്ജന്, അനു സിത്താര എന്നിവരും ചിത്രത്തിലുണ്ട്. സേതുവിന്റേതാണ് തിരക്കഥ.
നടന് പൃഥ്വിരാജ് സംവിധാന രംഗത്തേക്കെത്തുന്ന ലുസിഫറിന്റെ ചിത്രീകരണം ജൂണ്‍ മാസത്തില്‍ ആരംഭിക്കും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ മുരളിഗോപിയുടേതാണ്.
സിദ്ധിഖ് നിര്‍മ്മാണവും രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ബിഗ് ബ്രദറും ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കും എന്നാണറിയുന്നത്. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെക്കുറിച്ച് കൂടുതല്‍ അറിവായിട്ടില്ല.
ആകാംക്ഷയ്ക്കും കാത്തിരിപ്പിനുമൊടുവില്‍ പ്രിയദര്ശന്-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലിമരയ്ക്കാര്‍ നവംബറില്‍ ചിത്രീകരണം ആരംഭിക്കും. സന്തോഷ് ശിവന്-മമ്മുട്ടി കൂട്ടുകെട്ടിന്റെ കുഞ്ഞാലിമരയ്ക്കാര്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് പ്രിയദര്ശന് ചിത്രത്തില്‍നിന്നും പിന്മാറിയിരുന്നു. എന്നാല്‍ ഇതുവരെയും മമ്മുട്ടി ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാത്തതിനാലാണ് പ്രിയന് വീണ്ടും കുഞ്ഞാലിമരയ്ക്കാറുമായി എത്തിയത്.
വര്‍ഷങ്ങള്‍ക്കുശേഷം നാദിയ മൊയ്തു- മോഹന്‍ലാല്‍ ജോഡിയുടെ ചിത്രം ‘നീരാളി’ പ്രദര്‍ശനത്തിനൊരുങ്ങി. സാജുതോമസ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന് അജോയ് വര്‍മ്മയാണ്. നാസര്‍, സുരാജ് വെഞ്ഞാറമുട്, സായ്കുമാര്, ദിലീഷ് പോത്തന്, പാര്‍വ്വതിനായര്‍ തുടങ്ങിയ നീണ്ട താരനിര ചിത്രത്തിലുണ്ട്.
നിരവധി നാളത്തെ ചികിത്സയ്ക്കും പരിശീലനത്തിനും ശേഷം വേഷപ്പകര്‍ച്ച നേടിയ ഒടിയനും ചിത്രീകരണത്തിനൊരുങ്ങിയിട്ടുണ്ട്. പരസ്യ സംവിധായകന് ശ്രീകുമാര്‍ മേനോന്റെ ആദ്യചിത്രമാണ് ഒടിയന്. മഞ്ജുവാര്യര്‍ ചിത്രത്തില്‍ നായികയായി എത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: