വരവര്ണങ്ങളിലൂടെ നവോത്ഥാന പ്രവാഹത്തിന്റെ ഭാഗമായ വ്യക്തിയായിരുന്നു കഴിഞ്ഞ ദിവസം വിടപറഞ്ഞ ചിത്രകാരന് ശിവഗംഗ. 1982-ലെ വിശാലഹിന്ദു സമ്മേളനത്തിനായി ശിവഗംഗ വരച്ച പണ്ഡിറ്റ് കറുപ്പന്, അയ്യന്‍കാളി, ശ്രീനാരായണ ഗുരുദേവന്, ചട്ടമ്പിസ്വാമികള്‍ എന്നിവരുടെ ഛായാചിത്രങ്ങളുടെ പൂര്‍ണ്ണത ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. ഇന്ന് സാര്‍വ്വത്രികമായി ഉപയോഗിക്കുന്ന ‘ഓം’ ചിത്രം വിശാലഹിന്ദു സമ്മേളനത്തോടനുബന്ധിച്ച് ശിവഗംഗ തയ്യാറാക്കിയതാണ്. വരകളിലെ ഈ മായിക സ്പര്‍ശത്തിനുള്ള അംഗീകാരമായി സമ്മേളനത്തില്‍ ഡോ. കരണ്‍സിങ് ശിവഗംഗയെ പൊന്നാട അണിയിച്ച് അനുമോദിച്ചിരുന്നു.
ചിത്രശില്പകലയുടെ പൂര്‍ണ്ണതയാണ് ശിവഗംഗയെ വ്യത്യസ്തനാക്കുന്നത്. കേരളം കണ്‍കുളിര്‍ക്കെ കണ്ടും ഇന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നവയുമായ അപൂര്‍വ്വസൃഷ്ടികളാണ് ശിവഗംഗയുടേത്. ആയിരത്തിലേറെ എണ്ണച്ചായാച്ചിത്രങ്ങള്‍, എണ്ണമറ്റ ശില്പങ്ങള്, ക്ഷേത്രഗോപുരങ്ങള്‍ തുടങ്ങി അനന്തമായിരുന്നു ശിവഗംഗയുടെ സൃഷ്ടികള്‍. നേട്ടങ്ങള്‍ക്ക് വേണ്ടിയോ പുരസ്കാരങ്ങള്ക്കായോ ആരുടെയും പുറകെപോകാതെ ആദിശങ്കരന്റെ ജന്മഭൂമിയായ കാലടിക്കടുത്തുള്ള ശിവജിപുരമെന്ന ഗ്രാമത്തില്‍ ഒതുങ്ങിക്കൂടുകയായിരുന്നു ചിത്രകലയിലെ ഈ ജ്ഞാനതപസ്വി.
1974 മുതലാണ് ശില്പകലാരംഗത്തേക്ക് ശിവഗംഗ തിരിയുന്നത്. 1976-ല്‍ കാലടി ശിവരാത്രി മണല്പുറത്ത് ശിവക്ഷേത്രം നിര്‍മ്മിച്ചത് ഏറെ പ്രശംസപിടിച്ചു പറ്റി. 1978-ല്‍ കാഞ്ചികാമകോടി പീഠത്തിന്റെ ആദിശങ്കരകീര്‍ത്തിസ്തംഭത്തിന് കമാനം ഉണ്ടാക്കി. മനോഹരമായ ഈ കമാനം സഞ്ചാരികളെ ഇന്നും ഏറെ ആകര്‍ഷിക്കുന്നു. കാഞ്ചി ആചാര്യന്മാരായ ജയേന്ദ്രസരസ്വതിസ്വാമികളുടെയും ഗുരു ചന്ദ്രശേഖരസരസ്വതി സ്വാമികളുടെയും ഛായാചിത്രങ്ങളുടെ പൂര്‍ണ്ണതകണ്ട് സന്തോഷം തോന്നിയ ജയേന്ദ്രസരസ്വതി സ്വാമികള്‍ ശിവഗംഗയെ പൊന്നാടചാര്‍ത്തി ദക്ഷിണനല്‍കി ആദരിച്ചു.
1990 മുതലാണ് മുഴുവന്‍ സമയവും ശില്പകലയ്ക്കായി ഉഴിഞ്ഞുവച്ചത്. നിരവധി ക്ഷേത്രങ്ങളില്‍ ദ്വാരപാലകന്മാര്, മറ്റൂര്‍ നീലംകുളങ്ങര ക്ഷേത്രം, മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം ക്ഷേത്രം തുടങ്ങി ക്ഷേത്രങ്ങളിലെ അലങ്കാരഗോപുരങ്ങള്‍ ശിവഗംഗയുടെ കരസ്പര്ശത്തില് വിരിഞ്ഞതാണ്. അങ്കമാലി എസ്എന്‍ഡിപി ആസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന ശ്രീനാരായണ ഗുരുവിന്റെ വിഗ്രഹം എടുത്തുപറയേണ്ടതാണ്. ഇത്ര ചൈതന്യവത്തായ ശ്രീനാരായണ വിഗ്രഹം മറ്റാരും നിര്‍മ്മിച്ചിട്ടില്ല.
ചങ്ങനാശ്ശേരി തിരുവെങ്കിടം ക്ഷേത്രത്തിലെ അനന്തശയനം ഏറെ പ്രശംസപിടിച്ചു പറ്റിയതാണ്. ക്ഷേത്രപ്രവേശനവിളംബരത്തിന്റെ അന്‍പതാം വാര്‍ഷികവേളയില്‍ വരച്ച കേളപ്പജിയുടെ ചിത്രം ഇന്നും അനശ്വരമായി നിലനില്ക്കുന്നു. ശിവജിപുരം ശ്രീലളിതാംബികാദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാചിത്രം, കോട്ടയം പൊന്നരിക്കുളം ക്ഷേത്രത്തിലെ ദുര്‍ഗ്ഗാദേവി, ഐരാപുരം ശിവപുരിക്ഷേത്രത്തിലെ പ്രതിഷ്ഠാ ചിത്രം, വാര്യാട്ട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ചിത്രങ്ങള്‍, ആര്‍എസ്എസ് കാര്യാലയങ്ങളിലെ ഡോക്ടര്‍ ഹെഡ്ഗേവാറിന്റെയും ഗുരുജി ഗോള്‍വല്‍ക്കറുടേയും ചിത്രങ്ങള്‍, ആര്‍എസ്എസ് പ്രാന്തകാര്യാലയത്തില്‍ ദാദാജി പരമാര്‍ത്ഥിന്റെ ചിത്രം, കാലടിയിലെ അയ്യപ്പശരണ കേന്ദ്രത്തിലെ അയ്യപ്പവിഗ്രഹം, പറവൂര്‍ കോട്ടയ്ക്കകം ക്ഷേത്രത്തിലെ ശില്പങ്ങള്, കലൂര്‍ പാവക്കുളം ക്ഷേത്രത്തിലെ 12 അടി വിഗ്രഹം, തൃശൂര്‍ ചിറക്കല്‍ ക്ഷേത്രത്തില്‍ സപ്തമാതൃക്കള്‍, കാലടി ആശ്രമം സ്ക്കൂളില്‍ സരസ്വതി വിഗ്രഹം, ബാലഗോകുലത്തിനായി നിര്‍മ്മിച്ച ശ്രീകൃഷ്ണ വിഗ്രഹങ്ങള്‍ എന്നിങ്ങനെ നീളുകയാണ് ഈ നിര. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഗണേശോത്സവത്തിനുള്ള വിഗ്രഹങ്ങളും നിര്‍മ്മിച്ചിരുന്നു.
കാലടി ശ്രീശങ്കരാ കോളേജിലെ ഭാരതീതീര്‍ത്ഥ ഓഡിറ്റോറിയം ആചാര്യസ്വാമികളുടെയും ശിഷ്യപരമ്പരകളുടെയും ശില്പങ്ങളാല് അലംകൃതമാവണമെന്ന ചിന്തവന്നപ്പോള്‍ കോളജ് അധികൃതര്‍ ആ ദൗത്യം ശിവഗംഗയെയായിരുന്നു എല്പ്പിച്ചത്. കോളജ് സൂപ്രണ്ടും ആര്‍എസ്എസ് കാലടി താലൂക്ക് സംഘചാലകുമായിരുന്ന പി.എന്‍. രാജന് ഇക്കാര്യത്തില്‍ മാര്‍ഗ്ഗദര്‍ശനം നല്കി. ഭാരതീതീര്‍ത്ഥ ഓഡിറ്റോറിയത്തില്‍ ശിവഗംഗയുടെ കരവിരുതില്‍ വിരിഞ്ഞ ശ്രീശങ്കരാചാര്യരും ശിഷ്യന്മാരും, ശാരദാംബ, അഭിനവ വിദ്യാതീര്‍ത്ഥസ്വാമികള്‍, ഭാരതീതീര്‍ത്ഥ സ്വാമികള്‍ എന്നിവരുടെ മനോഹരമായ ശില്പങ്ങള് ഇന്നും അനശ്വരമായി നില്ക്കുന്നു.
പഴങ്ങനാട് സമരിറ്റന്‍ ആശുപത്രിയിലെ നല്ലസമരിയാക്കാരന്‍ ശില്പം, നിരവധി പള്ളികളില്‍ യേശുദേവന്, മാതാവ്, മലയാറ്റൂര്‍ ദര്‍ശന ആശ്രമത്തില്‍ ഏഴ് അടിയുള്ള കൊച്ചു ത്രേസ്യ തുടങ്ങിയവ ക്രൈസ്ത മതവിശ്വാസികളില്നിന്നുള്ള അംഗീകാരമായി നിലനില്ക്കുന്നു. ഏഴടി മൂന്നടി വലിപ്പത്തിലുള്ള ‘അവസാനത്തെ അത്താഴം’ തുടങ്ങിയവ എടുത്തുപറയേണ്ട സൃഷ്ടികളാണ്.
ആര്‍എസ്എസിനൊപ്പം അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ പങ്കെടുക്കുകയും പോലീസിന്റെ ക്രൂരമര്ദ്ദനമേല്ക്കുകയും ജയില്‍വാസമനുഷ്ഠിക്കുകയും ചെയ്തിരുന്നു. അന്നത്തെ പോലീസ് മര്‍ദ്ദനത്തിന്റെ വേദനകള്‍ ജീവിതാവസാനംവരെ അദ്ദേഹത്തെ വേട്ടയാടിയിരുന്നു. അകാലത്തില്‍ വിടപറയേണ്ടി വന്നത് ഒരുപക്ഷേ അതുകൊണ്ടാകാം.
അസാമാന്യ പ്രതിഭയായിരുന്നെങ്കിലും അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെയാണ് ശിവഗംഗ വിടവാങ്ങിയത്. വരയില്‍മാത്രമല്ല, രൂപത്തിലും ജ്ഞാനതേജസ്സ് പകര്‍ന്ന ശിവഗംഗ ഇനി തന്റെ സൃഷ്ടികളിലൂടെ ജനഹൃദയങ്ങളില്‍ ജീവിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: