കുമാരമംഗലം സര്‍ക്കാര്‍ സ്കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന സമയം. ക്ലാസ് ടീച്ചര്‍ മൈതീന്‍ സാര്‍ വരാത്തതിനാല്‍ രണ്ട് എ യിലേക്ക് ഞങ്ങളെ മാറ്റി. ശിക്ഷണത്തിലും ശിക്ഷയിലും പേരുകേട്ട ജോസഫ് സാറാണ് കണക്ക് പഠിപ്പിക്കുന്നത്. ഭയവും അങ്കലാപ്പും കാരണം ഒരു ചോദ്യത്തിന് ഉത്തരം നല്‍കാനായില്ല. അന്ന് സാര്‍ തുടയ്ക്കിട്ടടിക്കുമ്പോള് ചോദിച്ചത് ഇന്നും ഓര്‍ക്കുന്നു, ”നിന്റെ അച്ഛനെ ഈ രാജ്യം മുഴുവന്‍ അറിയുമല്ലോ, പിന്നെന്താ നീ ഇങ്ങനെയായത്.” അടിയുടെ വേദനയും മനസ്സിന്റെ വിങ്ങലും പിന്നീട് പോയെങ്കിലും അറിയപ്പെടുന്നയാളാണ് അച്ഛന് എന്ന തോന്നല്‍ ഉണ്ടായത് അവിടെനിന്നാണെന്നു പറയാം.
വെള്ളിയാഴ്ചകളിലെ ‘പൂമ്പാറ്റകള്‍’
തൊടുപുഴയ്ക്കടുത്ത് നഗരമായി മാറിക്കൊണ്ടിരുന്ന കുമാരമംഗലത്തായിരുന്നു ഞങ്ങളുടെ വീട്. വാഹനം വരാത്ത നടവഴി. കുറുക്കനും മുയലും പാമ്പുമുള്ള കാടുപിടിച്ച വീട്ടില്‍ അമ്മയുമൊത്ത് കഴിഞ്ഞ ഓര്‍മകളാണ് കൂടുതലും. വെള്ളിയാഴ്ചകളില്‍ രാത്രി ഏഴ് മണിയോടെ വീടെത്തുന്ന അച്ഛന്റെ ബാഗില്‍ പൂമ്പാറ്റ പുസ്തകമോ അല്ലെങ്കില്‍ എന്തെങ്കിലും മധുരപലഹാരമോ ഉണ്ടോയെന്ന് നോക്കുന്ന ബാല്യം.
അച്ഛന്റെ ജോലിയെന്താണെന്ന ചോദ്യം നേരിടുന്നത് അഞ്ചാം ക്ലാസിലാണ്. അന്ന് പത്രാധിപരാണെന്നു പറയുമ്പോള്‍ കുട്ടികള്‍ക്കെല്ലാം അദ്ഭുതം. ‘ജന്മഭൂമി’ പത്രത്തിന്റേതെന്നു പറയുമ്പോള്‍ ടീച്ചര്‍മാര്‍ക്ക് അല്പം മുന്‍വിധി വന്നോയെന്നും സംശയം. എങ്കിലും സ്കൂളിലെ കന്യാസ്ത്രീ ടീച്ചര്‍മാര്‍ക്കും അച്ഛനെ ഏറെ ബഹുമാനമായിരുന്നു. ചേട്ടന്റെ ആസ്മയ്ക്ക് പ്രതിവിധിയായി പാലായിലെ നാട്ടുവൈദ്യന്റെ ചികിത്സ നിര്‍ദ്ദേശിക്കുകയും മറ്റും ചെയ്തത് അവിടുത്തെ കന്യാസ്ത്രീ ടീച്ചര്‍മാരായിരുന്നു.
ആദ്യകാലങ്ങളിലൊക്കെ ആഴ്ചയില്‍ ഒരിക്കലാണ് അച്ഛന് വീട്ടില്‍ വന്നുകൊണ്ടിരുന്നത്. പത്രപ്രവര്‍ത്തകന്റെ അക്രഡിറ്റേഷന് കിട്ടിയപ്പോള്‍ കെഎസ്ആര്‍ടിസി ബസ്സില്‍ സൗജന്യ യാത്രാപാസ് ലഭിച്ചു. പിന്നീട് എന്നും വീട്ടില്‍ വരുമായിരുന്നു. അക്കാലത്താണ് അദ്ദേഹത്തിന്റെ സാമൂഹിക കാഴ്ചപ്പാടും, ആര്‍എസ്എസിനോടുള്ള ബന്ധവും മറ്റും കൂടുതല്‍ മനസ്സിലാക്കി തുടങ്ങുന്നത്.
അക്കാലത്ത് വീട്ടില്‍ ‘ജന്മഭൂമി’ കിട്ടില്ല. ‘ജന്മഭൂമി’യെന്നല്ല, ഒരു പത്രവും കിട്ടാനില്ലായിരുന്നു. കാരണം സൈക്കിള്‍പോലും വരാത്ത വഴിയായിരുന്നു വീട്ടിലേക്ക്. വീടിനടുത്ത് അച്ഛന്റെ അമ്മായി താമസിക്കുന്ന തറവാടു വീടായ ഈശ്വരീപുരത്ത് (കരിമ്യാലില്) ‘മാതൃഭൂമി’യും, പാടത്തിനക്കരെ കൊച്ചച്ഛന്റെ വീടായ ഹരിഭവനില്‍ (മുരിങ്ങപ്പിള്ളില്) ‘മലയാളമനോരമ’യും വരുന്നതിനാല്‍ ‘കേരളകൗമുദി’യാണ് വീട്ടില്‍ ആദ്യമായി വരുത്തിത്തുടങ്ങിയ പത്രം. ‘ജന്മഭൂമി’ എന്നും വൈകീട്ട് അച്ഛന് കൊണ്ടുവരുമായിരുന്നു.
നാട്ടിലെ ബന്ധുക്കള്‍ക്കിടയില്‍ അച്ഛന് ഉണ്ണിച്ചേട്ടനായിരുന്നു. നാട്ടുകാര്‍ക്ക് നാരായണ്‍ജിയും. ഔറംഗാബാദിലായിരുന്ന രവി കൊച്ചച്ഛന്റെ വക കുറച്ചു നിലമുണ്ടായിരുന്നു. അതില്‍ കൃഷി ചെയ്തുവന്നിരുന്നത് അച്ഛന്റെ മേല്‍നോട്ടത്തിലാണ്. കൊയ്ത്തിന്റെ സമയമായാല്‍ അച്ഛന് രണ്ടുമൂന്നു ദിവസത്തേക്ക് വീട്ടില്‍ കാണും. അതിനാല്‍ വികൃതികള്‍ക്ക് ബ്രേക്കിടാതെ വയ്യെന്നാകും. അല്ലെങ്കില്‍ എപ്പോഴാണ് ആ വീതിയുള്ള കൈത്തലം തുടയില്‍ വീഴുകയെന്നറിയില്ല. അക്കാലത്ത് അച്ഛന് വീട്ടില്‍ വന്നാല്‍ അധികം എഴുതി കണ്ടിട്ടില്ല. കൂടുതലും വീട്ടുകാര്യങ്ങളില്‍ വ്യാപൃതനാവുകയാണ് പതിവ്.
ആല്‍ബത്തിലെ അടല്‍ജി
അച്ഛന്റെ പഴയ ഫോട്ടോയെല്ലാം ചേര്‍ത്ത് ഒരാല്ബമുണ്ടായിരുന്നു. അതും അച്ഛന്-അമ്മ കല്യാണ ഫോട്ടോയും നോക്കുന്നത് എന്റെയും ചേട്ടന്റെയും പ്രധാന ഹോബിയായിരുന്നു. എ.ബി. വാജ്പേയി, എല്‍.കെ. അദ്വാനി, സുന്ദര്‍സിങ് ഭണ്ഡാരി തുടങ്ങിയവരോടൊപ്പമുള്ള ഫോട്ടോകളിലൂടെ അവരും ഞങ്ങള്‍ക്ക് ചിരപരിചിതരായി. അന്നൊക്കെ വാജ്പേയി, അദ്വാനി, അല്ലെങ്കില്‍ ഏതെങ്കിലും ഉത്തരേന്ത്യന്‍ ബിജെപി നേതാക്കള്‍ കേരളത്തില്‍ വന്നാല്‍ അച്ഛന് ഒരാഴ്ച കഴിഞ്ഞേ വീട്ടില്‍ വരൂ. പക്ഷേ അങ്ങനെ വരുമ്പോള്‍ കൊണ്ടുവരുന്ന മധുരപലഹാരങ്ങള്‍ വളരെ വ്യത്യസ്തമായിരുന്നു. അതിനാല്‍ അച്ഛന്റെ ആ പോക്ക് ഞങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നുവെന്നതാണ് സത്യം.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കുട്ടികളെ കയ്യിലെടുക്കാന്‍ അച്ഛന് പ്രത്യേക പ്രാവീണ്യമുണ്ട്. വിരലുകള്‍കൊണ്ട് തോക്കുണ്ടാക്കുക, ഇടതുകയ്യുടെ പെരുവിരലില്‍ മുഖം വരയ്ക്കുക, ചെറുപാട്ടുകള്‍ പാടുക തുടങ്ങിയ നുറുങ്ങുകളാണ് അവര്‍ക്കിടയില്‍ അച്ഛനെ പ്രിയങ്കരനാക്കിയതെന്നു തോന്നുന്നു. അച്ഛന്റെ ഒരു സുഹൃത്തിന്റെ കുട്ടിക്ക് ‘സെറിബ്രല്‍ പാള്‍സി’ രോഗം ബാധിച്ചിരുന്നു. അവര്‍ തൊടുപുഴയില്‍ താമസിക്കവേ ഒരിക്കല്‍ അവരുടെ വീട്ടില്‍ പോയി. അച്ഛനെ കണ്ടയുടന്‍ ആ കുട്ടി പെരുവിരല്‍ ഉയര്‍ത്തിക്കാണിച്ചത് ഇന്നും ഓര്‍ക്കുന്നു.
അക്കാലത്ത് അപൂര്‍വമായി മാത്രമേ അച്ഛനോടൊപ്പം പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. കൂടുതലും ആര്‍എസ്എസ് പരിപാടികളാകും. ഗുരുവായൂര്‍ ഭാഗത്തേക്കാണെങ്കില്‍ വല്ലപ്പോഴും അത് ക്ഷേത്രദര്‍ശനവുമായി കൂട്ടിക്കെട്ടി കുടുംബസമേതമാണ് യാത്ര. ജനസംഘം നേതാവായിരുന്ന പുന്നയൂര്‍ക്കുളത്തെ വിനോദിനിയമ്മയുടെ വീടാണ് സ്ഥിരമായി പോകുന്ന സ്ഥലം. പിന്നീടുള്ളത് എറണാകുളം ആര്‍എസ്എസ് പ്രാന്തകാര്യാലയമാണ്. ആര്‍എസ്എസ് പ്രചാരകന്മാരായ പി. മാധവ്ജി, ഹരിയേട്ടന് (ആര്. ഹരി), സേതുവേട്ടന് (എസ്. സേതുമാധവന്) തുടങ്ങിയിങ്ങോട്ട് എല്ലാവരുടെയും സ്നേഹ വാല്സല്യങ്ങള് കുട്ടിക്കാലത്ത് അനുഭവിക്കാന്‍ ഭാഗ്യം ലഭിച്ചു.
ബിജെപി നേതാക്കളായ സുന്ദര്‍സിങ് ഭണ്ഡാരി, അദ്വാനി, ഒ. രാജഗോപാല്‍ എന്നിവരുടെ കത്തുകളാണ് അന്നൊക്കെ പാര്‍ട്ടിയില്‍നിന്ന് അച്ഛന് വന്നുകൊണ്ടിരുന്നത്. രാജേട്ടന്റെ കത്തിന്റയെല്ലാം അവസാന വരി മാത്രമേ ഞാനും ചേട്ടന് മനു നാരായണനും വായിക്കുമായിരുന്നുള്ളൂ. ”വികൃതികള്‍ എന്തെടുക്കുന്നു? സുഖമാണെന്ന് വിശ്വസിക്കുന്നു” എന്ന വാചകം പലവുരു വായിച്ചിട്ടുണ്ട്.
ആര്‍എസ്എസ് സര്‍കാര്യവാഹ് ഏകനാഥ് റാനഡെയുമായി അടുത്ത വ്യക്തിബന്ധം അച്ഛനുണ്ടായിരുന്നു. കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രവുമായി ബന്ധപ്പെട്ട് ഏറെക്കാലം ഒരുമിച്ച് പ്രവര്‍ത്തിച്ചു. ഏതു പ്രതിസന്ധിയേയും കയ്യടക്കത്തോടെ നേരിടുന്ന ഏകനാഥ്ജിയുടെ മികവ് അച്ഛനെ എന്നും ആകര്‍ഷിച്ചു. ഏകനാഥ്ജി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അയോധ്യയില്‍ എത്രയോ മുന്‍പേ രാമക്ഷേത്രം ഉണ്ടായേനെയെന്ന് പല പ്രാവശ്യം പറഞ്ഞു കേട്ടിട്ടുണ്ട്. അയോധ്യാ പ്രശ്നത്തെ കൈകാര്യം ചെയ്ത വിഷയത്തില്‍ ഉത്തമബോധ്യമുള്ള നിലപാടുണ്ട്.
അദ്വാനിജിയും പിജിയും
ബിജെപി നേതാവ് പ്രമോദ് മഹാജന് കൊല്ലപ്പെട്ടതിനു പിന്നാലെ അക്കാര്യം പറയാന്‍ അച്ഛന് ഫോണ്‍ ചെയ്തു. കൂട്ടത്തില്‍ പറഞ്ഞ ഒരു ചെറിയ കാര്യത്തില്‍നിന്ന് നല്ലൊരു വാര്‍ത്തയാണ് കിട്ടിയത്. ആര്‍എസ്എസിലേയും ജനസംഘത്തിലേയും പല പ്രമുഖ നേതാക്കളും അമ്പത് വയസ്സില്‍ താഴെ മരണമടഞ്ഞവരാണെന്നായിരുന്നു അച്ഛന് പറഞ്ഞത്. ഡോക്ടര്‍ ഹെഡ്ഗേവാര്‍, പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ അങ്ങനെ പലരും. അപ്പോള്‍ത്തന്നെ അത് വാര്‍ത്തയായി കൊടുക്കാന്‍ സാധിച്ചു. അതുപോലെ ഉമാഭാരതിയെ പാര്‍ട്ടി പുറത്താക്കിയപ്പോള്‍, അദ്ധ്യക്ഷനായിരിക്കെ പുറത്താക്കിയ ആളുകള്‍വരെ ജനസംഘത്തിലുണ്ടായിരുന്നു എന്ന അപൂര്‍വ വിവരവും അച്ഛനില്‍നിന്ന് ലഭിച്ചു. അതും വ്യത്യസ്തമായ വാര്‍ത്തയായി.
2008-ല്‍ അച്ഛനും അമ്മയും ദല്‍ഹിയില്‍ കുറച്ചു ദിവസം താമസിക്കാനെത്തി. വരുംമുന്പേ അദ്വാനിജിയേയും വാജ്പേയിയേയും കണ്ടാല്‍ കൊള്ളാം എന്ന ആഗ്രഹം പറഞ്ഞിരുന്നു. സാധാരണ ചെയ്യുന്നതുപോലെ അദ്വാനിജിയുടെ വീട്ടിലേക്ക് കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ച് വിളിച്ച് വിശദാംശങ്ങള്‍ ഫാക്സ് ചെയ്തു. എന്നാല്‍ അവരെത്തിയിട്ടും കാര്യത്തില്‍ പുരോഗതിയില്ല. അക്ഷര്‍ധാം ക്ഷേത്രത്തിലേക്ക് കയറുന്നതിനു തൊട്ടുമുന്‍പ് അദ്വാനിജിയുടെ സെക്രട്ടറിയെ വിളിച്ചപ്പോള്‍ ആ ഫോണ്‍ അച്ഛന് വാങ്ങി. ഇന്നയാളാണെന്നും, അത് അദ്വാനിജിയെ അറിയിക്കണമെന്നും പറഞ്ഞു. ഫോണ്വച്ച് ഒരു മിനിട്ടിനുള്ളില്‍ എന്റെ മൊബൈലില്‍ അദ്വാനിജിയുടെ ഫോണ്‍ വന്നു. നാരായണ്‍ജിയുമായി സംസാരിക്കണമെന്ന് പറഞ്ഞു. അപ്പോഴേക്കും അച്ഛന് ഗേറ്റ് കടന്നതിനാല്‍ ഫോണ്‍ നല്‍കാനായില്ല. പിറ്റേന്നു കാലത്ത് ചായസമയത്ത് കാണാമെന്നറിയിക്കണമെന്ന് പറഞ്ഞു. ആഴ്ചകളായി ഞാന്‍ ശ്രമിച്ചിട്ട് നടക്കാത്ത കാര്യമാണ് അദ്ദേഹം ഒരു ഫോണ്‍കോളില്‍ സാധിച്ചത്.
മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍ പി. ഗോവിന്ദപ്പിള്ളയുമായി അച്ഛന് അടുത്ത പരിചയമുണ്ടായിരുന്നു. തന്റെ പത്രപ്രവര്‍ത്തന രംഗത്തെ വിലപ്പെട്ട പല ഉപദേശങ്ങളും ലഭിച്ചത് പിജിയില്‍ നിന്നാണെന്ന് അച്ഛന് പറഞ്ഞിട്ടുണ്ട്. രണ്ട് പേര്‍ക്കും പുസ്തകങ്ങളോട് കടുത്ത അഭിനിവേശം. പിജിക്കുണ്ടായിരുന്ന അത്രയും ഇല്ലെങ്കിലും അച്ഛനും മോശമല്ലായിരുന്നു. ഒരിക്കല്‍ ഏതോ പുസ്തകത്തിന്റെ കാര്യം പിജിയോട് പറഞ്ഞപ്പോള്‍ ലൈബ്രറിയില്‍ പോയി അതെടുത്ത് അച്ഛന് കൊടുത്തിട്ടേ അദ്ദേഹത്തിന് സ്വസ്ഥത ഉണ്ടായുള്ളൂവെന്നാണ് കേട്ടിട്ടുള്ളത്.
യാത്രകളുടെ അച്ഛന്
സന്ദര്‍ശിച്ചിട്ടുള്ള സ്ഥലങ്ങളെ ഇത്രയധികം സൂക്ഷ്മമായി നിരീക്ഷിക്കുന്ന മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല. അച്ഛനെ മുന്നിലിരുത്തി കാറോടിക്കുന്നത് ഏറ്റവും വിജ്ഞാനപ്രദമാണ്. എല്ലായിടത്തും വഴി പറഞ്ഞു തരും. അല്പംകൂടി എളുപ്പമുള്ള വഴിയുണ്ടെങ്കിലും അച്ഛന് തീരുമാനിച്ച വഴിയേതന്നെ പോകണമെന്ന നിര്‍ബന്ധമുണ്ട്. 2006-ല്‍ വന്ന പക്ഷാഘാതത്തിനുശേഷമാണ് യാത്ര സ്ഥിരമായി കാറിലാക്കിയത്. ഏതുവഴി പോയാലും അതിന്റെ ചരിത്രം, അവിടുത്തെ ജനങ്ങള്‍, കഥ, ആര്‍എസ്എസ് ബന്ധം എന്നിവ വിശദമായി അറിയാം. ആര്‍എസ്എസ് പ്രചാരകനായിരിക്കെ സന്ദര്‍ശിച്ച സ്ഥലങ്ങളിലൂടെയുള്ള പോക്ക് അദ്ദേഹത്തിന്റെ ആരോഗ്യത്തെയും മനസിനേയും ഏറെ ഉന്മേഷവാനാക്കുന്നുണ്ട്.
ഭാരതീയ ജനസംഘം സംസ്ഥാന സംഘടനാ സെക്രട്ടറിയായിരുന്ന കാലത്ത് രാജ്യത്ത് വ്യാപകമായി അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. അക്കാലത്തെ തീവണ്ടി യാത്രയുടെ കഷ്ടപ്പാട്, ചെല്ലുന്ന സ്ഥലങ്ങളിലെ രീതികള്‍, അതത് സംസ്ഥാനത്തെ പ്രമുഖ പ്രാദേശിക ജനസംഘം പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാ കാര്യവും ഓരോ യാത്രയിലും പറഞ്ഞുതന്നിരുന്നു. ബിജെപി മുന്‍ ദേശീയ അധ്യക്ഷന്‍ ജനകൃഷ്ണമൂര്‍ത്തി, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കൈലാസ് ജോഷി, പ്യാരേലാല്‍ ഖണ്ഡേല്‍വാള്‍, മദന്‍ലാല്‍ ഖുരാന, വി.കെ. മല്‍ഹോത്ര, ജെ.പി. മാഥുര്‍ തുടങ്ങിയവരെല്ലാം അച്ഛന്റെ ഇത്തരത്തിലുള്ള പരിചയക്കാരാണ്. കൈലാസ് ജോഷിയൊഴികെ(അദ്ദേഹത്തെ കാണാന്‍ അവസരം ലഭിച്ചിരുന്നില്ല) ബാക്കിയെല്ലാവരില്നിന്നും അത് നേരിട്ട് മനസ്സിലാക്കാന്‍ ദല്‍ഹി ജീവിത കാലത്ത് എനിക്കവസരമുണ്ടായി.
അച്ഛനും അമ്മയും
ആര്‍എസ്എസ് പ്രചാരകനായിരുന്ന അച്ഛന് നാല്‍പ്പത്തിമൂന്നാം വയസ്സിലാണ് വിവാഹം കഴിക്കുന്നത്. എറണാകുളത്തെ സംഘകുടുംബമായ പച്ചാളം അനുഗ്രഹയില്‍ എം.എ. രാജേശ്വരിയാണ് അമ്മ. അച്ഛനെക്കുറിച്ചെഴുതുമ്പോള് അതില്‍ അമ്മയെക്കുറിച്ചും പറഞ്ഞേ തീരൂ. സാമ്പത്തികമായി ഒട്ടും ഭദ്രമല്ലാത്തതായിരുന്നു അച്ഛന്റെ കുടുംബജീവിതത്തിലെ നല്ലൊരു ഭാഗവും. പരാധീനതകളുടെ നടുവില്‍ നില്ക്കുന്ന ‘ജന്മഭൂമി’യില്നിന്ന് ലഭിക്കുന്ന ശമ്പളം മാത്രമായിരുന്നു വരുമാനം. അവിടെയാണ് എറണാകുളം പോലൊരു പട്ടണത്തില്‍ നിന്നുവന്ന അമ്മ അച്ഛന്റെകൂടെ തൂണുപോലെ ഉറച്ചുനിന്നത്. നടവഴിയില്ലാത്ത വിശാലമായ പറമ്പുകള്‍ക്ക് നടുവിലുള്ള വീട്ടില്‍ രണ്ട് കുട്ടികളുമായി ആഴ്ചയില്‍ ആറ് ദിവസവും ഒറ്റയ്ക്ക് കഴിയുക എളുപ്പമുള്ള കാര്യമല്ല. എങ്കിലും പരാധീനതകള്‍ മനസ്സിലാക്കി, അച്ഛനൊപ്പം അമ്മ നിന്നു. വീട്ടില്‍ പശുവിനെ വളര്‍ത്തി, എടുത്താല്‍ പൊങ്ങാത്ത പണികള്‍ മുഴുവന്‍ ഒറ്റയ്ക്ക് ചെയ്തു. ആസ്മ രോഗമുണ്ടായിരുന്ന ചേട്ടന് എപ്പോഴാണ് അസുഖം വരുന്നതെന്ന് നിശ്ചയമില്ല. നാളുകള്‍ നീണ്ട ആശുപത്രിവാസവും മറ്റും അമ്മ ഒറ്റയ്ക്കാണ് പലപ്പോഴും നേരിട്ടത്. എന്തു സഹായത്തിനും ഒപ്പമുണ്ടായിരുന്ന അച്ഛന്റെ ബന്ധു ബാലന് ചേട്ടനും മറ്റ് ബന്ധുക്കളും അടുത്തുണ്ടായിരുന്നതും അമ്മയ്ക്ക് സഹായമായി. പത്രപ്രവര്‍ത്തനത്തിലും പൊതുമണ്ഡലത്തിലും അച്ഛനുണ്ടായിരുന്ന ഇടം ശരിയായി മനസ്സിലാക്കി എന്നതാണ് അമ്മയുടെ മഹത്വം.
വേണ്ടസമയത്ത് അമ്മയ്ക്കൊപ്പം ഉണ്ടാകാന്‍ സാധിച്ചില്ലെന്ന ബോധം അച്ഛനുണ്ടാകാം. അതിനാലാണ് വിരമിച്ചശേഷം നന്നേ കുറച്ചു വേളകളിലൊഴിച്ചാല് എല്ലായിടത്തും അമ്മയെ കൂടെക്കൊണ്ടു പോകാന്‍ അച്ഛന് ശ്രദ്ധിക്കുന്നു. മാത്രമല്ല, സംഘടനാ കാര്യത്തിനല്ലാതെ വീടു വിട്ടുനില്‍ക്കുന്നത് ഇപ്പോള്‍ നിര്‍ബന്ധപൂര്‍വം ഒഴിവാക്കുന്നു.
രണ്ട് അധ്യക്ഷ പദവികള്‍
നാരായണ്‍ജി പേന കടലാസില്‍ വച്ചാല്‍ വാക്കുകളും വാചകങ്ങളും തനിയെ വരുമെന്നാണ് ഒരിക്കല്‍ പി. പരമേശ്വര്‍ജി പറഞ്ഞത്. ഇപ്പോള്‍ നയിക്കുന്ന വിശ്രമ ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും വായനയും എഴുത്തുമാണ്. കമ്പ്യൂട്ടര്‍, സ്മാര്‍ട്ട്ഫോണ്‍ യുഗത്തിലേക്ക് അദ്ദേഹം മനഃപൂര്‍വം കടന്നിട്ടില്ല. നവമാധ്യമങ്ങളില്‍ അറിയണമെന്ന് തോന്നുന്ന പല കാര്യങ്ങളും ഞാനാണ് വായിക്കാനെത്തിക്കുന്നത്.
ജനസംഘത്തിലോ ബിജെപിയിലോ തുടര്‍ന്നിരുന്നെങ്കില്‍ ഇന്ന് കുറഞ്ഞത് ഒരു കേന്ദ്രമന്ത്രിയുടെ മകനായിരുന്നേനെയെന്ന് അച്ഛന്റെയടുത്ത്, പണ്ട് വാജ്പേയി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഞങ്ങള്‍ തമാശയ്ക്ക് പറയുമായിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം ‘ജന്മഭൂമി’യുടെ ചുമതല ഏറ്റെടുക്കണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടപ്പോള്‍ സന്തോഷത്തോടെയാണ് അദ്ദേഹം ഉത്തരവാദിത്തമേറ്റത്. അതില്‍ നിരാശരായിരുന്ന പല പഴയ ജനസംഘം പ്രവര്‍ത്തകരെ 2016-ലെ കോഴിക്കോട്ടെ ബിജെപി സമ്മേളന സമയത്ത് എനിക്ക് നേരിട്ട് കാണാന്‍ സാധിച്ചു.
‘ജന്മഭൂമി’യില്‍ ജോലിചെയ്യവേ മാരാര്ജിക്കുശേഷം ബിജെപി അധ്യക്ഷനാകാമോയെന്ന് പരമേശ്വര്‍ജി അച്ഛനോട് ചോദിച്ചിരുന്നു. വിനയപൂര്‍വം അദ്ദേഹം അത് നിരസിച്ചു. ‘ജന്മഭൂമി’യില്‍ നിന്ന് വിരമിച്ചശേഷം വിശ്വഹിന്ദു പരിഷത്തിന്റെ അധ്യക്ഷനാകാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താരതമ്യേന ശൈശവാവസ്ഥയിലായിരുന്ന സ്വദേശി ജാഗരണ്‍ മഞ്ചിന്റെ സംഘടനാ കാര്യദര്ശിയാകാനാണ് അച്ഛന് താല്പര്യപ്പെട്ടത്.
ആകര്‍ഷകമായ ജോലിയും മറ്റ് സൗകര്യങ്ങളും വേണ്ടെന്നുവച്ചാണ് അച്ഛനെപ്പോലുള്ളവര്‍ ആദ്യ കാലത്ത് ആര്‍എസ്എസ് പ്രവര്‍ത്തനത്തിനിറങ്ങിയത്. ഞാനടക്കമുള്ള പുതുതലമുറയ്ക്ക് ചിന്തിക്കാന്‍ പോലുമാവാത്തതാണ് ആ നിശ്ചയദാര്‍ഢ്യം. കടന്നുപോകുന്ന പ്രായത്തിനോ, രോഗങ്ങള്‍ക്കോ ആ നിഷ്ഠയെ ഒന്നിളക്കാന്‍ പോലുമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: