അഡ്വ. കെ.ബാലചന്ദ്രന് ഇന്ന് ഒഴിയുന്നു- 21 വര്‍ഷം മുന്‍പ് രജിസ്റ്റര്‍ ചെയ്യപ്പെട്ട ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിന്റെ അധ്യക്ഷസ്ഥാനത്തുനിന്ന്! ഇത് ഇത്ര പറയാനെന്തിരിക്കുന്നു എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്. പറയേണ്ടത് ബാലചന്ദ്രന് എന്ന വ്യക്തിയുടെ സംഘാടന സാമര്‍ത്ഥ്യത്തെക്കുറിച്ച് മാത്രമല്ല, അതുവഴി കേരളീയ സമൂഹത്തിന് വിനിമയം ചെയ്തുകിട്ടിയ സംസ്കാര പൈതൃകത്തെക്കുറിച്ചുകൂടിയാണ്.
വര്‍ഷത്തില്‍ 365 ദിവസവും ഇതുപോലെ സക്രിയമായി വര്‍ത്തിക്കുന്ന ഒരിടം കേരളത്തിലില്ല; ലോകത്ത് മറ്റെവിടെയെങ്കിലുമുണ്ടോ എന്നറിയില്ല. നഗരമധ്യത്തില്‍ ഒന്നര ഏക്കര്‍ വിസ്തൃതിയില്‍, പൂമരങ്ങളും വൃക്ഷങ്ങളും ഉദ്യാനവും കുളവും മണല്‍വിരിച്ച മുറ്റവും നടപ്പാതയും കുട്ടികള്‍ക്കുള്ള വിനോദോപകരണങ്ങളുമുള്ള ചങ്ങമ്പുഴ പാര്‍ക്ക്-ഇതുപോലെയോ ഇതിലും മനോഹരമോ ആയ വിശ്രമ-വിനോദകേന്ദ്രങ്ങള്‍ ധാരാളമുണ്ടാവും, കേരളത്തില്‍ തന്നെ. പക്ഷേ, ഇത്രയേറെ വൈവിധ്യമാര്‍ന്ന സാംസ്കാരിക പ്രകടനങ്ങള്‍ നടക്കുന്ന മറ്റൊരിടം ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ?
കഥകളി-കൂടിയാട്ട മഹോത്സവം, സെമിനാറുകള്‍, ചൊല്ലിയാട്ടങ്ങള്‍, സോദാഹരണ പ്രഭാഷണങ്ങള്‍, കഥകളിപ്പദക്കച്ചേരികള്‍ എന്നിവയുമുണ്ട്-മുപ്പതോളം പ്രോഗ്രാമുകളുണ്ടാവും ഒരുവര്‍ഷം. ഇവയുടെ സംഘാടനമെന്ന ഭാരിച്ച ഉത്തരവാദിത്വം നിര്‍വഹിക്കുന്നത് ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സ് എന്ന മറ്റൊരു അനുബന്ധ സംഘടനയാണ്. 1800 ഓളം അംഗങ്ങളുള്ള കഥകളി ആസ്വാദക സദസ്സിന്റെ 15-ാം വാര്‍ഷികം, മൂന്നുദിവസത്തെ പരിപാടികളോടെ കഴിഞ്ഞയാഴ്ച നടന്നു. സ്ഥാപകരില്‍ പ്രമുഖരായ പി.കെ. ഗോദവര്‍മ്മ, കലാമണ്ഡലം കേശവന് എന്നിവരെ വര്‍ഷംതോറും അനുസ്മരിക്കുന്നു. പേരെടുത്ത കലാകാരന്മാരോടൊപ്പം യുവകലാകാരന്മാര്‍ക്കും അവസരങ്ങള്‍ നല്‍കിവരുന്നുണ്ട്. മികച്ച യുവ കഥകളി കലാകാരന്മാര്ക്ക് അവാര്‍ഡുകളും പ്രോത്സാഹനങ്ങളും നല്‍കുന്നുണ്ട്.
ഇടപ്പള്ളി സംഗീത സദസ്സാണ് സാംസ്കാരിക കേന്ദ്രത്തിന്റെ മറ്റൊരു സഹോദര സംഘടന. അവര്‍, നവരാത്രി സംഗീതോത്സവത്തിനുപുറമെ എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന ഇടപ്പള്ളി സംഗീതോത്സവവും ശ്രദ്ധേയമായ രീതിയില്‍ നടത്തിവരുന്നു. പ്രതിമാസ കച്ചേരികള്‍ക്കു പുറമേ, നെയ്യാറ്റിന്‍കര വാസുദേവന്‍ എന്ന അനുഗൃഹീത ഗായകന്റെ സ്മരണയ്ക്കായി, എല്ലാ വര്‍ഷവും, മികച്ച കലാകാരന് അവാര്‍ഡ് നല്കിവരുന്നു. മുത്തയ്യാ ഭാഗവതര്‍ അനുസ്മരണമാണ് മറ്റൊരു പ്രധാന പരിപാടി.
എണ്ണൂറോളം അംഗങ്ങളുള്ള ഇടപ്പള്ളി നൃത്താസ്വാദക സദസ്സാവട്ടെ, ചുരുങ്ങിയ കാലംകൊണ്ട് ഏറെ കലാസ്വാദകരേയും നര്‍ത്തകരേയും ചങ്ങമ്പുഴ പാര്‍ക്കിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. കലാമണ്ഡലം സത്യഭാമ അനുസ്മരണം, അഖിലകേരള തിരുവാതിരകളി മത്സരം എന്നിവ കൊല്ലംതോറും അവര്‍ നടത്തിവരുന്നു. വര്‍ഷങ്ങളായി ചിലങ്കയണിഞ്ഞിട്ടില്ലാത്ത കുടുംബിനികള്‍ക്കും ഉദ്യോഗസ്ഥകള്ക്കുമായി പ്രത്യേക വാര്‍ഷിക അരങ്ങുകള്‍ സംഘടിപ്പിച്ചുവരുന്നു. തങ്ങള്‍ പഠിച്ച കലയോടുള്ള അഭിനിവേശവും, അതിനെ അരങ്ങത്താവിഷ്കരിക്കാനുള്ള അവരുടെ അത്യുത്സാഹവും, അതിനുവേണ്ടിയുള്ള പരിശ്രമങ്ങളുമൊക്കെ ശ്ലാഘനീയമാണ്. വളര്‍ന്നുവരുന്ന നര്‍ത്തകികള്‍ക്ക് (നര്‍ത്തകന്മാര്‍ക്കും) വേദിയൊരുക്കുന്ന പ്രതിമാസ പരിപാടികള്‍ക്കു പുറമെ, വാര്‍ഷിക നൃത്തോത്സവത്തില്‍ ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഒട്ടേറെ കലാപ്രതിഭകള്‍ ഇവിടെ ചുവടുവച്ചിട്ടുണ്ട്.
പത്തുവര്‍ഷമായി, ഒരിക്കല്‍പ്പോലും മുടങ്ങാതെ ചൊവ്വാഴ്ചകളില്‍ നടക്കുന്ന ഒരു പരിപാടിയാണ് ‘ആഴ്ച വട്ടം.’ 1300 ല്‍പരം അംഗങ്ങളുള്ള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ആണ് ഇതിന്റെ സംഘാടകര്‍. മാസംതോറും ആദ്യ ഞായറാഴ്ച വൈകീട്ട് അഞ്ചിന്, അംഗങ്ങള്‍ക്ക് പിറന്നാളാശംസകള്‍ അര്‍പ്പിച്ചുകൊണ്ടുള്ള ആദരിക്കല്ച്ചടങ്ങുണ്ട്. അതിനു മുന്‍പുതന്നെ അവരുടെ വസതികളില്‍ നേരിട്ട് ചെന്ന് ആശംസ അറിയിക്കും. കൂടാതെ സ്വാതന്ത്ര്യദിന, റിപ്പബ്ലിക് ദിനാഘോഷങ്ങള്‍, ഏകദിന ഉല്ലാസയാത്രകള്‍ എന്നിവയും സംഘടിപ്പിക്കാറുണ്ട്.
18 വര്‍ഷമായി, നാലാമത്തെ ഞായറാഴ്ചകളില്‍ മുടങ്ങാതെ നടക്കുന്ന പരിപാടിയാണ് അക്ഷരശ്ലോക സദസ്സ്. കവിയും ചെണ്ട വിദഗ്ദ്ധനും സിനിമാ-സീരിയല്‍ നടനുമായിരുന്ന കലാമണ്ഡലം കേശവന്റെയും കവി എന്‍.കെ. ദേശത്തിന്റെയും ഉത്സാഹത്തിലാണ് സദസ്സുകള്‍ നടന്നിരുന്നത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ശ്ലോകവിദഗ്ദ്ധന്മാര് ഈ സദസ്സുകളില്‍ സംബന്ധിക്കാറുണ്ട്. ശ്ലോകാലാപനം, സമസ്യാപൂരണം എന്നിവയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. ഓണക്കാലത്ത് വാര്‍ഷികവും ഭംഗിയായി നടന്നുവരുന്നു. ശ്ലോകം ചൊല്ലാന്‍ വരുന്നവര്‍ക്ക് യാത്രച്ചെലവും സാംസ്കാരിക കേന്ദ്രം നല്കുന്നു. എല്ലാ ഞായറാഴ്ചകളിലും രാവിലെ 9 ന് നടക്കുന്ന അക്ഷരശ്ലോക പരിശീലന ക്ലാസാണ് മറ്റൊരു പ്രവര്‍ത്തനം.
രണ്ടാം ഞായറാഴ്ചകളില്‍ നടക്കുന്ന ‘കാവ്യമൂല’യില്‍ മുപ്പതോളം കവികള്‍ സ്ഥിരമായി എത്തിച്ചേരുകയും സ്വന്തം കവിതയോടൊപ്പം പൂര്‍വ്വസൂരികളുടെ വരികള്‍ ആലപിക്കുകയും ചെയ്യുന്നു. സാംസ്കാരിക കേന്ദ്രം ജോയിന്റ് സെക്രട്ടറിയും കവിയുമായ കെ. രാധാകൃഷ്ണനാണ് ഇതിന് നേതൃത്വം വഹിക്കുന്നത്. അവതരിപ്പിക്കുന്ന കവിതകളെ പ്രമുഖ നിരൂപകര്‍ വിലയിരുത്താറുമുണ്ട്.
മാസത്തില്‍ ഒരു ദിവസം മൂന്നു വിദ്യാര്‍ത്ഥികളെക്കൊണ്ട് കവിത ചൊല്ലിക്കുന്ന ‘കാവ്യ സന്ധ്യ’, മൂന്നുപേര്‍ കഥകള്‍ അവതരിപ്പിക്കുന്ന ‘കഥാസായാഹ്നം’ എന്നീ സാഹിത്യപരിപാടികളും ഭംഗിയായി നടന്നുവരുന്നു. പ്രശസ്തരും അപ്രശസ്തരുമായ മണ്മറഞ്ഞ കവികളേയും മറ്റ് എഴുത്തുകാരേയും പരിചയപ്പെടുത്തുന്ന അനുസ്മരണ സമ്മേളനങ്ങള്‍ മാസംതോറും നടക്കുന്നു. കൂടാതെ പ്രതിമാസ പുസ്തക വിചാരം, മൂന്നുമാസത്തിലൊരിക്കല്‍ വിചാരോത്സവം എന്നിവയുമുണ്ട്.
കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ നാടകാവതരണങ്ങള്‍ നടന്നുവരുന്നു. ഏഴുദിവസം നീളുന്ന നാടകോത്സവം വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്നു. മൂന്നുമാസം കൂടുമ്പോള്‍ ‘നാടകവായന’ എന്ന പരിപാടിയുമുണ്ട്. കുട്ടികള്‍ക്കായി ഈ മാസം നടത്തിയ അഞ്ചുദിവസത്തെ നാടകശില്പശാലയില് 34 പേര് പങ്കെടുത്തു. സമാപന ദിനത്തില്‍ അവര്‍ സ്വന്തമായി രചനയും സംവിധാനവും നിര്‍വഹിച്ച് മൂന്ന് നാടകങ്ങള്‍ അരങ്ങേറുകയും ചെയ്തു.
പ്രതിമാസം മൂന്ന് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നു. കുടാതെ ഗാനമേളകള്‍, കഥാപ്രദര്ശനങ്ങള്, സമീപപ്രദേശത്തുള്ള വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെ വാര്‍ഷികങ്ങള്‍ തുടങ്ങി ഒട്ടേറെ പരിപാടികള്‍ നടന്നുവരുന്നു. വിശിഷ്ട വ്യക്തികളുടെ പേരിലുള്ള ഫൗണ്ടേഷനുകള്‍, അവരവരുടെ ചുമതലയില്‍ അവാര്‍ഡ് ദാനച്ചടങ്ങുകളും പുസ്തക പ്രകാശനങ്ങളും കലാപ്രകടനങ്ങളും നടത്താറുണ്ട്. ഇതിനൊന്നിനും ഒരുതരത്തിലുള്ള ഫീസും ഈടാക്കുന്നില്ല. അംഗങ്ങളെ ചേര്‍ക്കുമ്പോള്‍ ആജീവനാന്ത അംഗത്വ ഫീസ് മാത്രമാണ് മൂലധനം. വമ്പിച്ച സാമ്പത്തിക ബാധ്യത വരുന്ന കലോത്സവങ്ങളും മറ്റും നടത്തുന്നത്, ജീവിതത്തിന്റെ നാനാ മണ്ഡലങ്ങളിലുള്ള വ്യക്തികളില്‍നിന്നും സംഘടനകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ലഭിക്കുന്ന സംഭാവനകളിലൂടെയാണ്. സര്‍ക്കാരില്‍നിന്നോ, സാഹിത്യ അക്കാദമിപോലുള്ള അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ ഔദ്യോഗികമായി സഹായങ്ങളൊന്നും ലഭിക്കുന്നില്ല. തിരുവനന്തപുരം ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ കൂടിയാട്ടം എന്ന സ്ഥാപനത്തിന്റെ സഹായം അടുത്തകാലത്തായി ലഭിച്ചുവരുന്നുണ്ട് എന്നത് വിസ്മരിക്കുന്നില്ല.
2002 ലും 2003 ലും നടന്ന വിശ്വകലാസംഗമം എന്ന പരിപാടി, ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിന്റെ വളര്‍ച്ചയിലെ നിര്‍ണായക നാഴികക്കല്ലാണെന്ന് കെ. ബാലചന്ദ്രന് പറയുന്നു. എം.വി. ദേവന്, ടി. കലാധരന്‍, സി.എന്‍. കരുണാകരന് തുടങ്ങിയ ചിത്ര-ശില്പകാരന്മാരുടെ ഉത്സാഹത്തില്‍ അന്ന് നടന്ന കലാസംഗമം ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ആദ്യവസാന സാന്നിദ്ധ്യംകൊണ്ട് അനുഗൃഹീതമായിരുന്നുവെന്നും ബാലചന്ദ്രന് ഓര്‍മിക്കുന്നു. അന്ന് പങ്കെടുത്ത കലാകാരന്മാരുടെ സൃഷ്ടികള്‍ സ്ഥിരമായി പ്രദര്‍ശിപ്പിക്കാനുള്ള ഒരു ചിത്രശാല എന്ന സ്വപ്നം ഇപ്പോഴാണ് പൂവണിഞ്ഞത്. ഈയിടെ അതിന്റെ ഔപചാരികമായ ഉദ്ഘാടനം സി.എന്‍. കരുണാകരന്റെ പത്നി ഈശ്വരി നിര്‍വഹിച്ചു. കൂടാതെ, യശഃശരീരരായ കവികള്‍, മറ്റ് സാഹിത്യകാരന്മാര്, സാമൂഹ്യ-നവോത്ഥാന നേതാക്കള്‍, മുന്‍ മുഖ്യമന്ത്രിമാര്‍, മുന്‍ പ്രധാനമന്ത്രിമാര്‍ തുടങ്ങി 350 ഓളം വ്യക്തികളുടെ ഛായാചിത്രങ്ങള്‍ വൃത്തിയായി ഫ്രെയിം ചെയ്ത് സജ്ജീകരിച്ചിട്ടുള്ള ഛായാചിത്ര ഗ്യാലറി എന്ന മോഹവും ഇപ്പോള്‍ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. ഇതു രണ്ടും തന്റെ കര്‍മ്മമണ്ഡലത്തിലെ അവിസ്മരണീയവും അഭിമാനകരവുമായ സാഫല്യങ്ങളായി ബാലചന്ദ്രന് കരുതുന്നു. നിരവധി വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉദാരമായ സഹായങ്ങള്‍ ലഭിച്ചതുകൊണ്ടാണ് ഈ പദ്ധതി ഇത്ര ഭംഗിയായി നടപ്പാക്കാന്‍ കഴിഞ്ഞതെന്ന് സാംസ്കാരികകേന്ദ്രം സെക്രട്ടറിയും മികച്ച വാഗ്മിയും സംഘാടകനുമായ ഡോ. സി.വി. മോഹന്‍ ബോസ് കൃതജ്ഞതയോടെ കൂട്ടിച്ചേര്‍ത്തു.
ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം വിവിധ സെമിനാറുകളും കലാ പ്രദര്‍ശനങ്ങളും നടത്തിവരുന്നു. ഹിന്ദി സാഹിത്യയാത്ര, തമിഴ്-കന്നഡ-തെലുങ്ക് സാഹിത്യ സെമിനാറുകള്‍ എന്നിവ നടന്നുകഴിഞ്ഞു. ഇനിയും അത്തരം സാംസ്കാരിക വിനിമയ പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് സെക്രട്ടറി ഡോ. മോഹന്‍ബോസ് സൂചിപ്പിച്ചു.
ഇന്ത്യയുടെ ഒരു പരിച്ഛേദം എന്ന് പറയാവുന്ന കൊച്ചി നഗരത്തിന്, അത്തരത്തിലുള്ള ഒരു പരിഗണന കേന്ദ്ര-കേരള സര്‍ക്കാരുകളില്‍ നിന്ന് ലഭിക്കുന്നില്ല എന്ന പരാതി ബാലചന്ദ്രന് പങ്കുവയ്ക്കുന്നു. ചങ്ങമ്പുഴ കൃഷ്ണപിള്ളയേയും ഇടപ്പള്ളി രാഘവന് പിള്ളയേയും മാത്രമല്ല, വൈലോപ്പിള്ളിയേയും മഹാകവി ജി. ശങ്കരക്കുറുപ്പിനേയും മേലങ്ങത്ത് അച്യുതമേനോനെയും ഇടപ്പള്ളി കരുണാകര മേനോനെയും കെ.പി. പത്മനാഭ മേനോനെയും പോഞ്ഞിക്കര റാഫിയെയും എ.ഡി. ഹരിശര്മ്മയേയും വിദ്വാന് ടി.എം.ചുമ്മാറിനേയും കെടാമംഗലം സദാനന്ദനേയും പി.ജെ. ആന്റണിയേയും എന്‍. ഗോവിന്ദന് കുട്ടിയേയും മറ്റ് ഒട്ടേറെ സാഹിത്യ-കലാ പ്രതിഭകളേയും സമ്മാനിച്ച ഈ പ്രദേശത്തിന്റെ സര്‍ഗ്ഗചേതനയുടെ ഒരു തിലകക്കുറിയായി പരിലസിക്കുകയാണ് ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം. ഓരോ ദിവസവും ഇവിടെ നടക്കുന്ന കലാ-സാഹിത്യ വിനിമയങ്ങള്‍ വിലയിരുത്തുമ്പോള്‍, ഒരു അനൗപചാരിക സര്‍വകലാശാല എന്ന പദവി അലങ്കരിക്കുകയാണ് ഈ സാംസ്കാരിക കേന്ദ്രം എന്ന് പറയാന്‍ മടിക്കേണ്ടതില്ല. ആ അര്‍ത്ഥത്തില്‍, കേരളത്തിന്റെ വാണിജ്യ-വ്യവസായ തലസ്ഥാനമെന്നതിനപ്പുറം സാംസ്കാരിക തലസ്ഥാമായി അറിയപ്പെടേണ്ടതാണ് കൊച്ചി നഗരം. എന്നാല്‍ അതനുസരിച്ചുള്ള പരിഗണനയോ അംഗീകാരമോ ഇനിയും ലഭിച്ചിട്ടില്ല എന്ന വേദനയും അഡ്വ. ബാലചന്ദ്രന് മറച്ചുവയ്ക്കുന്നില്ല.
ചങ്ങമ്പുഴ പാര്‍ക്കില്‍ നടക്കാന്‍ വരുന്നവരാവട്ടെ, കാറ്റുകൊള്ളാന്‍ വരുന്നവരാവട്ടെ, കല ആസ്വദിക്കാന്‍ വരുന്നവരാവട്ടെ, കല അവതരിപ്പിക്കാന്‍ വരുന്നവരാവട്ടെ, പ്രഭാഷണത്തിനു വരുന്നവരാവട്ടെ, ആര്‍ക്കും വിലക്കുകളില്ല; പ്രത്യേക പരിഗണനയുമില്ല. സീറ്റ് റിസര്‍വേഷനില്ല, സംഭാവന ചോദിച്ചു വാങ്ങുകയുമില്ല. പിന്നെ, എങ്ങനെ ഇതൊക്കെ നടന്നുപോകുന്നു എന്നുചോദിച്ചാല്‍, സമര്‍പ്പണബോധവും സഹൃദയത്വവുമുള്ള കുറെ പ്രവര്‍ത്തകരുടെ കൂട്ടായ്മ, വിവിധ ഉദ്യോഗ-വാണിജ്യ-വ്യവസായ മേഖലകളിലുള്ളവരുടെ സഹകരണം-ഇതൊക്കെത്തന്നെ ഈ സംസ്കാര കേദാരത്തിന്റെ വിജയരഹസ്യം. ഈ മഹാസ്ഥാപനം മേല്ക്കുമേല് അഭിവൃദ്ധി നേടേണ്ടത് കേരളീയ സംസ്കൃതിയുടെ ആവശ്യമാണ്.
ചങ്ങമ്പുഴ പാര്‍ക്ക്
മൂന്നുവര്‍ഷം മുന്‍പ്. മലയാള ഭാഷാവാരാചരണ സമ്മേളനങ്ങളിലൊന്നില്‍ നോവലിസ്റ്റ് സേതു സംസാരിക്കുന്നു. തന്റെ രചനാലോകത്തെക്കുറിച്ച്, തന്നെ സ്വാധീനിച്ച എഴുത്തുകാരെക്കുറിച്ച്, ചങ്ങമ്പുഴയെക്കുറിച്ച്, ചങ്ങമ്പുഴ പാര്‍ക്കിനെക്കുറിച്ച് ഒക്കെ സംസാരിച്ചു. അധികം വൈകാതെ, സേതുവിന്റെ ഒരു കഥ ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പില്‍ വന്നു. അതിലെ കഥാപാത്രം ചങ്ങമ്പുഴ പാര്‍ക്കിലെ നിത്യസന്ദര്‍ശകന്‍. അവിടത്തെ ചങ്ങാത്തങ്ങള്‍, ഇരിപ്പിടങ്ങള്‍, ചെടികള്‍, വൃക്ഷങ്ങള്‍, എന്തിനേറെ അവിടെ വീശുന്ന കാറ്റിന്റെ മണംപോലും അയാള്‍ക്ക് പ്രിയങ്കരം.
പക്ഷേ, വിദേശത്ത്, അമേരിക്കയിലെ കൊടുംതണുപ്പുള്ള ഒരു പ്രദേശത്ത്, വസിക്കുന്ന മകളും മരുമകനും അങ്ങോട്ടുചെല്ലാന്‍ നിര്‍ബന്ധിക്കുന്നു; പോകാന്‍ അയാള്‍ക്ക് മനസ്സില്ല. എങ്കിലും അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി അയാള്‍ പോകുന്നു. അവിടെ ആ വീട്ടിലോ പുറത്തോ അയാള്‍ക്ക് ഉന്മേഷം പകരുന്ന ഒന്നുമില്ല. എങ്ങും മഞ്ഞുമൂടിക്കിടക്കുന്നു; ഇലപൊഴിഞ്ഞ് അസ്ഥിപഞ്ജരം മാത്രമായി നില്ക്കുന്ന ഒരു മരം. അതിനടുത്തേയ്ക്കു പോകാമെന്നുവച്ചാല്‍ മകള്‍ അതിനു സമ്മതിക്കുന്നുമില്ല-പുറത്തിറങ്ങി തണുപ്പടിച്ച് അസുഖം വരുത്തണ്ട. മടുത്തു, എങ്ങനെയും നാട്ടിലേക്ക് തിരിച്ചുപോരണം-അതുമാത്രമായി അയാളുടെ ചിന്ത. മകള്‍ പറയുന്നുണ്ട്, അച്ഛാ, അച്ഛന്റെ ചങ്ങമ്പുഴ പാര്‍ക്ക് ആരും എടുത്തുകൊണ്ടുപോകില്ല. ഒരു മാസം കഴിഞ്ഞ് പോകാം; പാര്‍ക്ക് അവിടെത്തന്നെയുണ്ടാവും; അച്ഛന് വിഷമിക്കാതിരിക്കൂ. പക്ഷേ, അയാള്‍ക്ക് പോയേ പറ്റൂ.
അന്യഥാത്വത്തിന്റെ, വേദന ഉള്ളിലൊതുക്കി എത്രനാള്‍ കഴിയാനാവും? ഗൃഹാതുരത്വത്തിന്റെ അന്യവല്‍ക്കരണത്തിന്റെ, പ്രകൃതിയുമായുള്ള ആത്മൈക്യത്തിന്റെ ഒക്കെ വൈകാരിക പ്രതികരണങ്ങളായി മാറുന്ന, ചേതോഹാരിയായ കഥ. സേതുവിന്റെ അടുത്ത കഥാസമാഹാരം പുറത്തിറങ്ങിയപ്പോള്‍ ഈ കഥയും ഉള്‍പ്പെടുത്തി. അതിന്റെ ടൈറ്റിലും ഇങ്ങനെ-ചങ്ങമ്പുഴ പാര്‍ക്ക്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: