തൃപ്തി ഷെട്ടിയെ നിങ്ങളറിയും. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ സംരംഭക. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗത്തില്‍നിന്ന് കഠിന പ്രയത്നത്തിലൂടെ സ്വന്തമായ ബിസിനസ്സ് കെട്ടിപ്പടുത്ത കാസര്‍കോടുകാരിയായ തൃപ്തിയുടെ ജീവിതം സിനിമയാവുന്നു എന്നതാണ് പുതിയ വാര്‍ത്ത. ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥനായ ആറ്റിങ്ങല്‍ സ്വദേശി അനുശീലന്‍ കഥയും തിരക്കഥയുമൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ നടിയായിരിക്കും തൃപ്തിയുടെ വേഷത്തില്‍ നായികയായി എത്തുക.
മഞ്ചേശ്വരത്താണ് തൃപ്തിയുടെ ജനനം. നാലാം ക്ലാസു മുതല്‍ നാടക അഭിനയത്തോട് താല്പര്യമായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കളിക്കുന്നതിനിടെ വീണ് ഗുരുതരമായി പരിക്കേറ്റു. മാസങ്ങളോളം വിശ്രമത്തിനുശേഷം സ്കൂളില്‍ ചെന്നപ്പോള്‍ ടിസി നല്കി മടക്കി. പഠനം തുടരണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും നടന്നില്ല. നാടുവിട്ട് മംഗലാപുരത്തെത്തി. ആദ്യം ഓഫീസ് ബോയിയുടെ ജോലി ചെയ്തു. പിന്നീടാണ് ട്രാന്‍സ്ജെന്‍ഡര്‍ സംഘടനയില്‍ അംഗത്വം നേടുന്നത്.
ജോലി വാഗ്ദാനം ചെയ്ത് ഒരാള്‍ മുംബൈയിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെയെത്തി കുറച്ചു ദിവസം കഴിഞ്ഞ് അയാള്‍ മുങ്ങി. പിന്നീട് കാറ്ററിങ് ജോലി ചെയ്തു. ആറുമാസം ജോലി ചെയ്തെങ്കിലും ശമ്പളം കിട്ടിയില്ല. നാട്ടിലുള്ള അമ്മയുടെ നമ്പര്‍ ഒരു കൊച്ചു ഡയറിയില്‍ എഴുതിവച്ചിരുന്നു. ബാഗ് നഷ്ടപ്പെട്ട കൂട്ടത്തില്‍ അത് പോയി. ഒടുവില്‍ ഭിക്ഷയെടുത്തു കിട്ടിയ തുക സ്വരുക്കൂട്ടി നാട്ടിലെത്തിയപ്പോള്‍ കേട്ട വാര്‍ത്ത നെഞ്ച് തകരുന്നതായിരുന്നു. മകനെ കാണാത്ത വേദനയില്‍ എല്ലാമെല്ലാമായ അമ്മ ആത്മഹത്യചെയ്തിരിക്കുന്നു. അച്ഛനുമായി അകന്ന് ഒറ്റയ്ക്കായിരുന്നു അമ്മ താമസിച്ചിരുന്നത്.
ചെന്നൈയിലെ ഹിജഡ കമ്മ്യൂണിറ്റിയില്‍ ചേര്‍ന്ന തൃപ്തി അവിടെ വച്ചാണ് അവനില്‍നിന്ന് അവളിലേക്ക് മാറാന്‍ തീരുമാനിച്ചത്. ഭിക്ഷ യാചിച്ച് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുള്ള തുക കണ്ടെത്തി. അവിടെയും സ്വസ്ഥത ലഭിക്കാതായപ്പോള്‍ വീണ്ടും മുംബൈയിലേക്ക്. ഒടുവില്‍ 2013-ല്‍ ബെംഗളൂരുവിലെത്തി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി. അങ്ങനെ കിരണ്‍, തൃപ്തിയായി. ആ ദിവസങ്ങളിലൊക്കെ അസഹ്യമായ വേദനയായിരുന്നു. ഓപ്പറേഷന് കഴിഞ്ഞാല്‍ അന്നുതന്നെ ഡിസ്ചാര്‍ജാകണം, അതായിരുന്നു വ്യവസ്ഥ. ആശുപത്രിയില്‍നിന്ന് ഓട്ടോ വിളിച്ചായിരുന്നു മടക്കം. മാസങ്ങളോളം വേദനയായിരുന്നു. മൂത്രസഞ്ചിയും തൂക്കി, ജീവിക്കാനായി കഠിനമായ ജോലിയെടുത്തു.
2016-ല്‍ കൊച്ചിയിലെത്തി ഒരു ഹോട്ടലില്‍ കാഷ്യറായി ജോലി ചെയ്തു. അന്നൊക്കെ സിനിമാ മോഹമായിരുന്നു. ‘കള്ളന്മാരുടെ രാജാവ്’ എന്ന ചിത്രത്തില്‍ അഭിനയിച്ചു. എന്നാന് ആ പടം റിലീസായില്ല. ആ സമയത്തായിരുന്നു എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ ആനിയെ കാണുന്നത്. ഇതോടെ തൃപ്തിയുടെ ജീവിതം മാറ്റിമറിക്കപ്പെട്ടു.
ഡോ. ആനിയുടെ സഹായത്തോടെ ആഭരണനിര്‍മാണം പഠിച്ചു. വളരെ വേഗത്തില്‍ തൃപ്തി ആ മേഖലയില്‍ പ്രാവീണ്യം നേടി. പതിനേഴ് ദിവസങ്ങള്‍കൊണ്ട് നിരവധി ആഭരണങ്ങള്‍ നിര്‍മിക്കുകയും, കലൂര്‍ ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ തൃപ്തീസ് ഹാന്‍ഡ്മെയ്ഡ് ജൂവലറി എന്ന പേരില്‍ പ്രദര്‍ശനം സംഘടിപ്പിക്കുകയും ചെയ്തു. നല്ല സ്വീകാര്യതയാണ് ലഭിച്ചത്. പിന്നീട് നിരവധി വേദികളില്‍ തൃപ്തി പ്രദര്‍ശനം നടത്തിയിട്ടുണ്ട്.
പ്രതിസന്ധികളെ തരണംചെയ്ത് മുപ്പത്തിയൊന്നുകാരി തൃപ്തി നേടിയെടുത്തത് കേരളത്തിലെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള ആദ്യ സംരംഭകയെന്ന ഖ്യാതി മാത്രമല്ല. മുദ്ര വായ്പ, സിനിമ അഭിനയം എന്നിവയിലെല്ലാം ആദ്യപേരുകാരിയെന്ന അംഗീകാരം തൃപ്തിക്ക് മാത്രമുള്ളതാണ്. ആഭരണ നിര്‍മ്മാണത്തിനുപുറമെ ഫാഷന്‍ രംഗത്തും കരകൗശലത്തിലും ചിത്രകലയിലും പ്രഭാഷണത്തിലും തൃപ്തി ഷെട്ടിക്ക് പ്രാവീണ്യമുണ്ട്. ഹാന്‍ഡിക്രാഫ്റ്റ് ഡെവലപ്പ്മെന്റ് കോര്പ്പറേഷന് ഓഫ് കേരളയുടെ കീഴിലുള്ള ‘കൈരളി’യില്‍ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ കലാകാരിയായി അംഗത്വം നേടി. തൃപ്്തീസ് ഹാന്റിക്രാഫ്റ്റ് ആന്‍ഡ് സ്റ്റോണ്‍ എന്ന പേരിലാണ് ഇപ്പോള്‍ പ്രദര്‍ശനങ്ങള്‍ നടത്തുന്നത്.
ഫാഷന്‍ രംഗത്ത് ആലുവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദയ ആര്‍ട്സ് ആന്‍ഡ് സൊസൈറ്റിയില്‍ തൃപ്തിക്ക് അംഗത്വമുണ്ട്. 2017-ല്‍ ക്യൂന്‍ ഓഫ് ദയ മത്സരത്തില്‍ പങ്കെടുത്ത് 300 പേരില്‍ പതിനഞ്ചാമതായി. കേരള ലളിതകലാ അക്കാദമയില്‍ അംഗത്വം, കൊച്ചി മെട്രോയില്‍ ജോലിക്കായി പരിശീലനം നേടിയ ട്രാന്‍സ്ജെന്‍ഡര്‍ എന്നിങ്ങനെ തൃപ്തിയുടെ കിരീടത്തില്‍ പിന്നെയുമുണ്ട് തൂവലുകള്‍.
ഫാഷന്‍ രംഗത്തും കരകൗശലത്തിലും ചിത്രകലയിലും പ്രഭാഷണത്തിലും തൃപ്തി ഷെട്ടിക്ക് പ്രാവീണ്യമുണ്ട്. കേരള സംസ്ഥാന കരകൗശല കോര്‍പ്പറേഷന്റെ ആര്‍ട്ടിസാന്‍ ഐഡന്റിറ്റി കാര്‍ഡ് ലഭിച്ചിട്ടുള്ള തൃപ്തിയുടെ അടുത്ത ലക്ഷ്യം കൊച്ചിയില്‍ നടക്കുന്ന ‘കൈരളി’യുടെ പ്രദര്‍ശനമാണ്. ഇതിനകംതന്നെ ധാരാളം കോളജുകളില്‍ പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. മോഡലിങ് രംഗത്തും തൃപ്തി സജീവമാണ്.
തൃപ്തിയുടെ സങ്കീര്‍ണവും സംഭവബഹുലവുമായ ജീവിതം അടുത്തറിഞ്ഞാണ് സിനിമയെടുക്കണമെന്ന അഗ്രഹമുണ്ടായതെന്ന് സംവിധായകന് അനുശീലന്‍ ‘ജന്മഭൂമി’യോട് പറഞ്ഞു. വെല്ലുവിളികള്‍ നിറഞ്ഞ തൃപ്തിയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്നതോടെ ട്രാന്‍സ്ജെന്‍ഡറുകളോടുള്ള സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വരുമെന്നാണ് പ്രതീക്ഷ. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും.
സ്വന്തമായി വീടോ സ്ഥിര മേല്‍വിലാസമോ ഇല്ലെങ്കിലും തൃപ്തിയുടെ സ്വപ്ന സാക്ഷാത്കാരത്തിനായി കുടുംബശ്രീയുണ്ട് ഒപ്പം.
$
പ്രതികരിക്കാൻ ഇവിടെ എഴുതുക: