ആധുനിക ചിത്രകലയുടെ കുലപതികളില്‍ ഒരാളും ക്യൂബിസത്തിന്റെ തലതൊട്ടപ്പനുമായ പാബ്ളോ പിക്കാസോയായി പ്രശസ്ത ഹോളിവുഡ് താരം അന്റോണിയോ ബെന്റാറസ് വേഷമിടുന്നു.നാഷണല്‍ ജോഗ്രഫി ചാനല്‍ നിര്‍മിക്കുന്ന ഡ്രാമ പരമ്പരയുടെ ഭാഗമായുള്ള ജീനിയസ് സിലാണ് ബന്റാറസ് പിക്കാസോയാവുന്നത്.
പിക്കാസോയും ബെന്റാറസും സ്പെയിന്‍കാരാണ്.മലാഗയിലാണ് ഇരുവരുടേയും ജനനം.പിക്കാസോ പിന്നീട് ആധുനിക കലയുടെ പറുദീസയായ പാരീസിലേക്കു പോകുകയായിരുന്നു.താന്‍ ജനിച്ചു വളര്‍ന്ന പ്രദേശത്തെ ഹീറോയായിരുന്ന പിക്കാസോയെ ആരാധിക്കുന്ന ബെന്റാറസ് ജീവിതത്തിലെ ഏറ്റവും മൂല്യവത്തായ വേഷമാണിതെന്നു പറയുന്നു. തന്റെ ജന്മ സ്ഥലത്തിന് അല്പം അകലെയായിരുന്നു പിക്കാസോയുടെ ജനനസ്ഥലം. അമ്മയുടെ കൈപിടിച്ച് ആ സ്ഥലത്തുകൂടെ സ്ക്കൂളിലേക്കു പോകുമ്പോള്‍ ഇവിടെയാണ് പിക്കാസോ ജനിച്ചതെന്ന് അമ്മ പറയുമായിരുന്നുവെന്ന് ബെന്റാറസ്. ഇപ്പോള്‍ പിക്കാസോയായി അഭിനയിക്കാനുള്ള ഭാഗ്യവും. സങ്കീര്‍ണ്ണമായ നിരവധി മാനങ്ങളുള്ള വ്യക്തിത്വമുണ്ടായിരുന്ന പിക്കാസോയെ വലിയ രീതിയില്‍ മസിലാക്കിയിട്ടുണ്ട് ഈ നടന്. ജീവിതത്തിലെ സങ്കീര്‍ണ്ണതയെക്കാളും വലിയ മിസ്റ്ററിയുടെ ഭാഗമാണ് പിക്കാസോ എന്നാണ് ബെന്റാറസിന്റെ നിരീക്ഷണം. അത് അദ്ദേഹത്തിന്റെ വൈവിധ്യം നിറഞ്ഞ ജീവിതംകൊണ്ടുണ്ടായതാണ്. ചിത്രകാരനെന്ന നിലയിലും സ്ത്രീകളുമായും മറ്റു സുഹൃത്തുക്കളുമായും പിക്കാസോയ്ക്കുണ്ടായിരുന്ന ബന്ധത്തെ മുന്‍നിര്‍ത്തി നിരവധി നന്മകളും തിന്മകളും ആള്ക്കാര് അദ്ദേഹത്തില്‍ ആരോപിക്കുന്നുണ്ടെന്ന് ബെന്റാറസ് വ്യക്തമാക്കുന്നു.
എക്കാലത്തേയും മികച്ച ചിത്രകാരനും ചിന്തകനും വിപ്ളവകാരിയുമായിരുന്നു പിക്കാസോ. അദ്ദേഹം രൂപം നല്കിയ ക്യൂബിസം ചിത്രകലയിലെ നവ സാന്നിധ്യമാണ്. രണ്ടാം ലോക മഹായുദ്ധത്തെ ആസ്പദമാക്കി പിക്കാസോ വരച്ച ഗോര്‍ണിക്ക അദ്ദേഹത്തിനു വന്‍ പെരുമ നല്കി. കോടിക്കണക്കിനു വിലവരുന്ന പിക്കാസോ ചിത്രങ്ങള്‍ക്ക് ഇന്നും വന്‍ ഡിമാന്റാണ്.
ഒറ്റ നോട്ടത്തില്‍ തന്നെ പിക്കാസോയായി തോന്നും വിധമാണ് ബെന്റാറസിന്റെ വേഷപ്പകര്‍ച്ച. ആ കണ്ണുകളുടെ നോട്ടവും കുപ്പായവും ബ്രഷ്പിടുത്തവുമൊക്കെ കിറുകൃത്യം എന്നു തന്നെ പറയണം. ഇതിനു മുന്‍പ് രണ്ടുതവണ പിക്കാസോയാകാനുള്ള അവസരം കടന്നുപോയെങ്കിലും ഇപ്പോഴാണ് സാധ്യമായത്. ഈ നടനെക്കുറിച്ച് വലിയ മതിപ്പാണ് ഇതിന്റെ നിര്‍മാതാക്കള്‍ക്ക്. വേഷം നടന്റെ കൈയില്‍ ഭദ്രമാണെന്ന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ഹോംവാര്‍ഡ് തലകുലുക്കി സമ്മതിക്കുന്നു.
നിരവധി ഹോളിവുഡ് സിനിമകളില്‍ നായകനായ അന്റോണിയോ ബെന്റാറസിന്റെ കഥാപാത്രങ്ങള്‍ക്കു വളരെ പ്രത്യേകതയുണ്ട്. വന്‍ ഹിറ്റയിരുന്നു ഡെസ്പിറാഡോ,ദ മാസ്ക് ഓഫ് സോറോ,ദ മ്യൂസിക് ഓഫ് സൈലന്‍സ്,ദ കോഡ്,എവിറ്റ,ദ ബോഡി തുടങ്ങി നിരവധി ചിത്രങ്ങളിലെ മാനറിസങ്ങള്‍ എടുത്തു പറയണം.സ്നേഹവും കാരുണ്യവും വീരവും സാഹസികതയും റൊമാന്സും കോമഡിയുമൊക്കെ നന്നായി വഴങ്ങുന്ന ഈ നടന്റെ പുതു ഭാവങ്ങള്‍ ജീനിയസില്‍ വേറിട്ടു കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: