ലണ്ടന്‍: കളം നിറഞ്ഞുകളിച്ച ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സാലായുടെ ചിറകിലേറി ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് സെമിയിലെ ആദ്യ കടമ്പ കടന്നു. ആന്‍ഫീല്‍ഡില്‍ റോമയ്ക്കെതിരെ ആദ്യപാദ സെമിയില്‍ ലിവര്‍പൂള്‍ രണ്ടിനെതിരെ അഞ്ചു ഗോളിന്റെ വമ്പന്‍ വിജയം നേടി. ഇതോടെ പത്ത് വര്‍ഷത്തിനുശേഷം ചാമ്പ്യന്‍സ് ലീഗിന്റെ കലാശപ്പോരാട്ടത്തിലേക്ക് കടന്നുവരാനുള്ള ലിവര്‍പൂളിന്റെ മോഹങ്ങള്‍ക്ക് ചിറകുമുളച്ചു. അടുത്തമാസം മൂന്നിന് അരങ്ങേറുന്ന രണ്ടാം പാദത്തില്‍ വന്‍ മാര്‍ജിന്‍ തോല്‍ക്കാതിരുന്നാല്‍ ലിവര്‍പൂളിന് ഫൈനല്‍ ഉറപ്പിക്കാം.
ഈ വര്‍ഷത്തെ മികച്ച കളിക്കാരുള്ള പിഎഫ്എ അവാര്‍ഡ് കരസ്ഥമാക്കിയ മുഹമ്മദ് സാലായാണ് ലിവര്‍പൂളിന്റെ വിജയശില്‍പ്പി. രണ്ട് ഗോള്‍ നേടുകയും രണ്ട് ഗോളിന് വഴിയൊരുക്കുകയും ചെയ്ത സാലാ മത്സരത്തിലുടനീളം മികച്ച പോരാട്ടാണ് പുറത്തെടുത്തത്. രണ്ട് ഗോള്‍ നേടിയതോടെ സാലാക്ക് ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ പത്ത് ഗോളായി. ഇതോടെ ഒരു സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ലിവര്‍പൂള്‍ താരമായി സാലാ.
സാലാക്ക് പുറമെ റോബര്‍ട്ടോ ഫിര്‍മിനോയും രണ്ട് ഗോള്‍ നേടി. ഒരുഗോള്‍ സാദിയോ മാനെയുടെ വകയായിരുന്നു. അവസാന നിമിഷങ്ങളില്‍ തകര്‍ത്തുകളിച്ച റോമ രണ്ട് ഗോള്‍ മടക്കി. ഡെക്കോയും പെറോട്ടിയുമാണ് റോമക്കായി സ്കോര്‍ ചെയ്തത്. തുടക്കത്തില്‍ റോമയുടെ പടയോട്ടമാണ് കണ്ടത്. ലിവര്‍പൂളിന്റെ നീക്കങ്ങളുടെ മുനയൊടിച്ച റോമ അവരുടെ ഗോളി ലോറിസിനെ പലതവണ പരീക്ഷിക്കുകയും ചെയ്തു. അലക്സാണ്ടര്‍ കൊളാരോവിന്റെ ഒന്നാന്തരം ക്രോസ് ബാറിന് തഴുകി പുറത്തേക്ക് പറന്നു.
അലക്സ് ഒക്സ്ലേഡ് ചേമ്പര്ലെയിന് പതിനേഴാം മിനിറ്റില്‍ പരിക്കേറ്റ് പുറത്തായതോടെ ലിവര്‍പൂള്‍ പെട്ടെന്ന് ഒത്തിണങ്ങി. പിന്നീട് റോമയ്ക്ക് പിടിപ്പത് പണിയായി. നിരന്തരം ലിവര്‍പൂള്‍ താരങ്ങള്‍ റോമയുടെ ഗോള്‍ മുഖത്ത് കയറിയിറങ്ങി. സാദിയോ മാനെ രണ്ട് തവണ ഗോള്‍ മുഖത്ത് ഭീഷണിയുയര്‍ത്തി. രണ്ട് തകര്‍പ്പനടികള്‍ നേരിയ വ്യത്യാസത്തിന് പുറത്തേക്ക് പോയി.
ലിവര്‍പൂളിന്റെ നിരന്തരമായ നീക്കങ്ങള്‍ക്ക് 35-ാം മിനിറ്റില്‍ ഫലം കണ്ടു. സാദിയോ മാനെയുടെ ഷോട്ട് റോമ ഗോളിയെ മറികടന്ന് പോസ്റ്റില്‍ കയറി. നിമിഷങ്ങള്‍ക്കകം ഡീജന്‍ ലോവേണിന് ലീഡുയര്‍ത്താന്‍ അവസരം കിട്ടി. ബോക്സിനകത്ത് നിന്നുളള ഡീജന്റെ ഹെഡര്‍ ക്രോസ്ബാറില്‍ തട്ടി തെറിച്ചു.ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ മുഹമ്മദ് സാലാ ഗോള്‍ നേടി. റോമ ഗോളി അലിസണിന്റെ തലയ്ക്ക് മുകളിലൂടെ പന്ത് വലയില്‍ കയറുകയായിരുന്നു. ഇടവേളയ്ക്ക് ലിവര്‍പൂള്‍ 2-0 ന് മുന്നില്‍ നിന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിലും ലിവര്‍പൂളിന്റെ തേരോട്ടമായിരുന്നു. പതിനൊന്ന് മിനിറ്റുകള്‍ക്കുള്ളില്‍ അവര്‍ മൂന്നാം ഗോള്‍ കുറിച്ചു. മുഹമ്മദ് സാലാ നല്കിയ പാസ് സാദിയോ മാനെ ഗോളിലേക്ക് തിരിച്ചുവിട്ടു.അഞ്ചു മിനിറ്റുകള്‍ക്ക് ശേഷം സാലാ വീണ്ടും അവസരമൊരുക്കി. അവസരം മുതലാക്കി ഫിര്‍മിനോ ലിവര്‍പൂളിന്റെ നാലാം ഗോള്‍ നേടി. 68-ാം മിനിറ്റില്‍ ഫിര്‍മിനോ വീണ്ടും വലകുലുക്കി. ജെയിംസ് മില്‍നര്‍ ഉയര്‍ത്തിക്കൊടുത്ത കോര്‍ണര്‍ കിക്കില്‍ ചാടി തലവെച്ചാണ് ഫിര്‍മിനോ തന്റെ രണ്ടാം ഗോള്‍ കുറിച്ചത്. ഇതോടെ ലിവര്‍പൂള്‍ 5-0 ന് മുന്നിലായി.
തുടര്‍ന്ന് കോച്ച് ക്ലോപ്പ്, മുഹമ്മദ് സാലയെ പിന്‍വലിച്ചു. ഇതോടെ ഉയിര്‍ത്തെഴുന്നേറ്റ റോമ 81-ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കി. എഡിന് ഡീക്കോയാണ് സ്കോര്‍ ചെയ്തത്. നാലു മിനിറ്റുകള്‍ക്കുശേഷം അവര്‍ രണ്ടാം ഗോളും കുറിച്ചു. ഗോള്‍ മുഖത്ത്വച്ച് പന്ത് മില്‍നറുടെ കൈയില്‍ തട്ടിയതിന് വിധിച്ച പെനാല്‍റ്റി റോമയുടെ ഡീഗോ പെറോട്ടി അനായാസം ഗോളാക്കി. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ സെമിഫൈനലില്‍ അഞ്ചുഗോളടിച്ച് വിജയിക്കുന്ന രണ്ടാമത്തെ ടീമാണ് ലിവര്‍പൂള്‍. 1995 ല്‍ ബയേണിനെതിരെ അയാക്സ് 5-2 ന് വിജയിച്ചിട്ടുണ്ട്.
റൊണാള്‍ഡോയെയും മെസ്സിയെയും പിന്നിലാക്കി
ലണ്ടന്‍: ലിവര്‍പൂളിന്റെ മുന്നേറ്റ നിരക്കാരന് മുഹമ്മദ് സാലാ ക്രിസ്റ്റിയനോ റൊണാള്‍ഡോയേയും ലയണല്‍ മെസിയേയും മറികടന്ന് യൂറോപ്പിലെ ടോപ്പ് സ്കോററായി. റോമക്കെതിരായ ചാമ്പ്യന്‍സ് ലീഗ് ഒന്നാം പാദ സെമിയില്‍ രണ്ട് ഗോള്‍ നേടിയതോടെയാണ് സാലാ മുന്നിലെത്തിയത്. ഈ സീസണില്‍ നടന്ന മത്സരങ്ങളില്‍ സാലായ്ക്ക് 43 ഗോളായി. റയല്‍ മാഡ്രിഡിന്റെ റൊണാള്‍ഡോയെക്കാള്‍ ഒരു ഗോളിന് മുന്നിലാണ് സാലാ. റൊണാള്‍ഡോ ഇതുവരെ 42 ഗോളുകള്‍ നേടിയിട്ടുണ്ട്. ബാഴ്സലോണയുടെ ലയണല്‍ മെസിയാണ് മൂന്നാം സ്ഥാനത്ത് -40 ഗോള്‍.
സാലായുടെ ഗോളടി തുടര്‍ന്നാല്‍ ലോകത്തെ മികച്ച കളിക്കാരനുള്ള ഫിഫയുടെ ബാലണ്‍ ഡി ഓര് പുരസ്ക്കാരം ലഭിച്ചേക്കും. ഇരുപത്തിയഞ്ചുകാരനായ സാലാ 38 മത്സരങ്ങളില്‍ 31 ഗോളുകള്‍ നേടി പ്രീമിയര്‍ ലീഗില്‍ റെക്കോഡിനൊപ്പം എത്തി. കെവിന് ഡി ബ്രൂയന്, ലിറോയ് സാനെ, ഡേവിഡ് സില്‍വ എന്നിവരെ പിന്തള്ളി സാലാ അടുത്തിടെ പിഎഫ്എ പ്ലേയര്‍ ഓഫ് ഇയര്‍ അവാര്‍ഡ് നേടിയിരുന്നു. റോമയില്‍ നിന്നാണ് സാലാ ലിവര്‍പൂളിലെത്തിയത്.
റഷ്യയിലെ ലോകകപ്പിലും സാലായുടെ മാന്ത്രിക പ്രകടനം കാണാം. ഇരുപത്തിയെട്ടു വര്‍ഷത്തിനുശേഷം ഇതാദ്യമായി സാലായുടെ ഈജിപ്ത് ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. ലോകകപ്പില്‍ ഗ്രൂപ്പ് എ യിലാണ് ഈജിപ്ത് മത്സരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: