നടക്കാന്‍ പ്രയാസമുണ്ടായിരുന്ന വ്യക്തിയാണ് പിന്നീട് എഴുത്തുകാരനായി മാറിയ ചാള്‍സ് ഡിക്കന്‍സ്. അന്ധയും മൂകയും ബധിരയുമായിരുന്നു ഹെലന് കെല്ലര്‍. കൂനുമായി ജീവിച്ചയാളാണ് തത്ത്വചിന്തകനായ പ്ലേറ്റോ. ബാല്യത്തില്‍ പോളിയോ ബാധിച്ച് കാലുകള്‍ തളര്‍ന്നയാളായിരുന്നു പിന്നീട് അമേരിക്കന്‍ പ്രസിഡന്റായി തീര്‍ന്ന ഫ്രാങ്ക്ളിന് റൂസ്വെല്‍റ്റ്. പോളിയോ ബാധിച്ചു നടക്കാന്‍ പോലും കഴിയാത്ത പെണ്‍കുട്ടിയാണ് പിന്നീട് ലോകത്തെ മികച്ച ഓട്ടക്കാരിയായി മാറിയ വില്‍മ റുഡോള്‍ഫ്. ഇക്കൂട്ടത്തിലിതാ ഒരാള്‍കൂടി. കൈകളും കാലുകളും തളര്‍ന്ന് വില്‍ചെയറിലായ ജീവിതംകൊണ്ട് വിജയകഥകള്‍ രചിക്കുകയാണ് കൊല്ക്കത്തക്കാരന് ആര്.ജെ.ഡെന്‍.
ജയപരാജയങ്ങള്‍ വ്യക്തിയുടെ മനസ്സിനെ ആശ്രയിച്ചിരിക്കുന്നു. അത്തരം സിദ്ധിയുള്ളവര്‍ തങ്ങളുടെ ജീവിതം മാത്രമല്ല,ലോകഗതിയെത്തന്നെ മാറ്റി മറിക്കും. അങ്ങനെയൊരു അനുഭവമാണ് ആര്.കെ.ഡെന്നിന്റേയും. ജനിച്ച് 25 വര്‍ഷം ഊമയായി ജീവിച്ച യുവാവ്. മൗനത്തിന്റെ ഗുഹയ്ക്കുള്ളില്‍നിന്ന് വാക്കുകളുടെ വെളിച്ചത്തിലേക്കു പറന്നുയരുകയായിരുന്നു ഡെന്‍. അവന് സംസാരം ജീവിതോപാധിയായ റേഡിയോ ജോക്കിയായിയെന്നു മാത്രമല്ല, ആ രംഗത്തെ ഒന്നാമനാവുകയും ചെയ്തു.
കൊല്‍ക്കത്തയിലെ ഏറ്റവും പ്രശസ്തനായ റേഡിയോ ജോക്കിയാണ് ഡെന്‍ എന്ന് ജനങ്ങള്‍ പറയുന്നു. ജീവിതം വീല്‍ച്ചെയറില്‍. ചെറുപ്പത്തില്‍ ബാധിച്ച അപൂര്‍വരോഗം ശരീരത്തെ ദുര്‍ബലമാക്കി. അത് ഡെന്നിന്റെ സംസാരശേഷിയിലും കൈവച്ചു. നടക്കാന്‍ കൊതിച്ച നാളുകള്‍. തളരല്ലേ മകനേയെന്ന് അച്ഛനും അമ്മയും ഓര്‍മിപ്പിച്ച കുഞ്ഞുനാളില്‍ വിധിയെ പഴിക്കാത്തെ ഡെന്‍ നല്ല നിമിഷത്തിനായി കാത്തിരുന്നു.
ഒന്നാം വയസ്സിലാണ് ഡെന്നിന്റെ രോഗം വീട്ടുകാര്‍ തിരിച്ചറിയുന്നത്. അവര്‍ നോക്കിയിരിക്കേ പേശികള്‍ നിശ്ചലമായി. ശരീരം ക്ഷയിക്കാന്‍ തുടങ്ങി. ഒടുവില്‍ വല്ലപ്പോഴും പുറത്തുവന്നിരുന്ന ശബ്ദം നിലച്ചു. തോല്‍വി സമ്മതിക്കാന്‍ തയ്യാറല്ലായിരുന്ന അച്ഛനും അമ്മയും ഡെന്നിന്റെ ജീവിതം മാറ്റിമറിച്ചു. ഡോക്ടര്‍കൂടിയായിരുന്ന പിതാവ് ക്ഷമയോടെ മകനെ പരിചരിച്ചു.
നാട്ടില്‍ ചികിത്സയില്ലാതായപ്പോള്‍ പുറംനാടുകളിലും ആ അച്ഛന് മകനുവേണ്ടി അലഞ്ഞു. കാലിഫോര്‍ണിയയിലെ ചികിത്സയില്‍ നാവിന് അല്പം ബലംവച്ചു. ആദ്യം ചില ശബ്ദങ്ങള്‍, പിന്നെപ്പിന്നെ അക്ഷരങ്ങള്‍. 25 വര്‍ഷം മറഞ്ഞിരുന്ന വാക്കുകള്‍ തിരിച്ചെത്തുകയായിരുന്നു.
കൊല്‍ക്കത്തയിലെ തന്നെ ഫ്രണ്ട്സ് എന്ന എഫ്എം നിലയത്തിലാണ് ആദ്യം ജോലി നേടിയത്. 2011-ല്‍ തുടങ്ങിയ ഡെന്നിന്റെ പ്രോഗ്രാമിന് ലക്ഷങ്ങളായിരുന്നു ആരാധകര്‍. ഡെന്‍ പകര്‍ന്നു നല്കിയ പ്രചോദനം ആരാധകരെ ത്രസിപ്പിച്ചു. അനായാസം ചലിക്കുന്ന ചുണ്ടുകളിലൂടെ തന്റെ ദുരിതകാലത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു. തന്നോടൊപ്പം നിന്ന വീട്ടുകാരെകുറിച്ച്, തന്റെ വികാരവിചാരങ്ങളെക്കുറിച്ച് ഓര്‍മ്മിക്കാറുണ്ട്.
38 വയസ്സുള്ള ഡെന്നിന് പ്രചോദനമായത് ഇരുകൈകളുമില്ലാതെ വിമാനം പറത്തി ഗിന്നസ് റെക്കോഡിട്ട ജെസിക്കാ കോക്സാണത്രേ. സ്വപ്നങ്ങളില്‍ മാത്രമല്ല ജീവിതത്തിലും ജെസിക്കാ പറക്കുകയായിരുന്നല്ലോ.
മൗനത്താല്‍ നിറം മങ്ങിയ ഭൂതകാലത്തെ ശബ്ദം കൊണ്ടുതന്നെ തിരിച്ചുപിടിച്ചത് ഡെന്നിന്റെ അച്ഛന് പബിത്ര ദേബിന്റെ തോല്ക്കാന് തയ്യാറാല്ലാത്ത മനസ്സാണ്.ഒപ്പം ഡെന്നിന്റെ പ്രതീക്ഷയും. 2014-ല്‍ ഏറ്റവും മികച്ച ബംഗാളി റേഡിയോ അവതാരകനുള്ള ഇന്ത്യന്‍ റേഡിയോ ഫോറത്തിന്റെ പുരസ്കാരം ഏറ്റുവാങ്ങുമ്പോള്‍ അത് കാല്‍നൂറ്റാണ്ടോളം ഊമയായ ഒരു യുവാവായിരുന്നുവെന്ന് ആരും വിശ്വസിക്കില്ലായിരുന്നു. ആത്മവിശ്വാസത്തോടെ കഠിനാധ്വാനത്തിന് തയ്യാറുണ്ടോ, നിങ്ങള്‍ക്ക് നിങ്ങളെ മാറ്റിയെടുക്കാമെന്നാണ് ഡെന്‍ പറയുന്നത്.
”മരണം അനിവാര്യമാണ്. പക്ഷേ മരണത്തെക്കാള്‍ മോശമായി ഞാന്‍ കാണുന്നത് ജീവിതത്തില്‍ ഒന്നും തന്റേതായി ചെയ്യാത്തവരുടെ ജീവിതത്തെയാണ്. നമുക്ക് കുറവുകളും വൈകല്യങ്ങളും കൂടുന്തോറും അതിജീവിക്കാന്‍ പ്രകൃതി ഒരു ശക്തി തരും. പലരും അത് കണ്ടെത്താറില്ല എന്നുമാത്രം.” ഒരു അഭിമുഖത്തില്‍ ഡെന്‍ പറഞ്ഞു. അടിപതറുമെന്നു തോന്നുമ്പോഴൊക്കെ ജീവിതത്തെ ഒരു നനുത്ത ചിരിയോടെ നേരിടാന്‍ കഴിയണമെന്ന് ഈ ചെറുപ്പക്കാരന് നിരന്തരം ഓര്‍മപ്പെടുത്തുന്നു.
ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ് ഡെന്‍. യാത്രകള്‍ ഇഷ്ടമായ ഈ യുവാവ് ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്. അമേരിക്കയും ബ്രസീലും ഉള്‍പ്പെടെ നിരവധി രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്.ടിവിയും വായനയും കഥയെഴുത്തും പ്രചോദനമുള്ള പ്രഭാഷണവും പാട്ടും അങ്ങനെ പോകുന്നു ഡെന്നിന്റെ ജീവിതം. ഈ ജീവിതം വിജയിക്കാന്‍ മാത്രമുള്ളതാണ്. ജീവിതത്തിലെ ഇല്ലായ്മകളില്‍ പരിഭവിക്കാതെ അതിനെതിരെ പോരാടാന്‍ കഴിയണം എന്നാണ് ഡെന്നിന്റെ ജീവിതം പഠിപ്പിക്കുന്നത്.
ക്രിക്കറ്റ് താരം കപില്‍ദേവ് ഒരിക്കല്‍ ഡെന്നിന്റെ കാണാന്‍ വന്നു.എന്നിട്ട് ചേര്‍ത്തുപിടിച്ച് കാതിലോതിയത് ഡെന്‍ ഇന്നും ഓര്‍ക്കുന്നു ”തളരരുത് സഹോദരാ, ഒരിക്കലും. എങ്ങനെ ജീവിക്കുന്നു എന്നതല്ല കാര്യം, എന്തിന് ജീവിക്കുന്നു എന്നതാണ്. നിന്നില്‍ പ്രതീക്ഷയുടെ, ഇച്ഛാശക്തിയുടെ കൊടുമുടി എനിക്ക് കാണാനാവും, അത് ഈ ജീവിത വിജയത്തിനുള്ളതാണ്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: