കുഞ്ഞുന്നാളില്‍ മണ്ണപ്പം ചുട്ടും, ചെടികളില്‍ വടികൊണ്ടടിച്ച് ടീച്ചറായും, ചിരട്ടയില്‍ കഞ്ഞിയും കറിയും വച്ചും കളിക്കാത്തവര്‍ ചുരുക്കമായിരിക്കും. ആ കളികളെല്ലാം അഭിനയത്തിന്റെ ബാലപാഠങ്ങളാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നും. ഇന്ന് ഗ്രാമങ്ങളില്‍നിന്നുപോലും അകന്നുപോയ അത്തരം കളികളിലൂടെ അമ്പത് വര്‍ഷമായി കുട്ടികളിലെ കലാപരമായ കഴിവുകളെ പരിപോഷിപ്പിക്കുകയാണ് കുട്ടികളുടെ നാടകവേദിയായ ‘രംഗപ്രഭാത്.’ തിരുവനന്തപുരം വെഞ്ഞാറമ്മൂട് ആലുന്തറ എന്ന ഗ്രാമത്തില്‍ ഭാരതത്തില്‍ത്തന്നെ ആദ്യത്തെ കുട്ടികളുടെ നാടക വേദിക്ക് തുടക്കമായപ്പോള്‍ വിഭാവനം ചെയ്ത ആശയങ്ങളും ലക്ഷ്യങ്ങളും ഇന്നും പിന്തുടരുന്നു.
കുട്ടികളുടെ വിദ്യാഭ്യാസപരവും കലാപരവുമായ കഴിവുകളെ വികസിപ്പിച്ചെടുത്ത് അവരെ നല്ല മനുഷ്യരാക്കി വളര്‍ത്തുകയാണ് ഈ കളിയരങ്ങ്. നടനേയോ നടിയേയോ സൃഷ്ടിക്കുന്നതിനുപരി ഒരു കുട്ടിയില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകളെ വികസിപ്പിക്കുന്നതിനുള്ള പരിശീലന പരിപാടികളാണ് 2020- ല്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാകുന്ന രംഗപ്രഭാതിലുള്ളത്.
രംഗം ഒന്ന്
1970 സെപ്തംബര്‍ 19. രംഗപ്രഭാതിന് ജി.ശങ്കരപ്പിള്ള തിരിതെളിച്ചപ്പോള്‍ മുതല്‍ കേള്‍ക്കുന്നതാണ് ‘രചന ജി.ശങ്കരപ്പിള്ള, സംവിധാനം കൊച്ചുനാരായണപിള്ള.’ രംഗപ്രഭാത് എന്ന നാടകവേദിയുടെ സൃഷ്ടികര്‍ത്താക്കളാണ് ഇരുവരും. കുട്ടികളുടെ നാടകത്തിന്റെ പിതാവായിരുന്നു പ്രൊഫ.ജി.ശങ്കരപ്പിള്ള. നാടകപ്രവര്‍ത്തകനും പ്രൈമറി സ്കൂള്‍ അധ്യാപകനുമായിരുന്നു കെ.കൊച്ചുനാരായണപിള്ള.
കുട്ടികളുടെ നാടകത്തോടുള്ള കൊച്ചുനാരായണ പിള്ളയുടെ അഭിനവിശേവും ജി.ശങ്കപ്പിള്ളയുടെ പ്രചോദനവുമാണ് രംഗപ്രഭാതിന്റെ തുടക്കം. വാമനപുരം എല്‍പിഎസില്‍ (ഇന്ന് യുപിസ്കൂള്‍) അധ്യാപകനായിരുന്നു കൊച്ചുനാരായണപിള്ള. അവിടത്തെ കുട്ടികളെ ഉള്‍പ്പെടുത്തി ജി.ശങ്കരപ്പിള്ളയുടെ ‘പുഷ്പകിരീടം’ എന്ന നാടകം കൊച്ചുനാരായണപിള്ളതന്നെ സംവിധാനം ചെയ്തു. അതായിരുന്നു രംഗപ്രഭാതിന്റെ തുടക്കം. തുടര്‍ന്ന് ജി.ശങ്കരപ്പിള്ളയുടെതന്നെ നിഴല്‍, ഗുരുദക്ഷിണ, പണ്ഡിതന്മാരും പരേതനായ സിംഹവും, ഗംഗേയന്, നിധിയും നീതിയും തുടങ്ങി 11 നാടകങ്ങള്‍ക്ക് കൊച്ചുനാരായണ പിള്ള രംഗഭാഷയൊരുക്കി സംസ്ഥാനത്തുടനീളം അവതരിപ്പിച്ചു. വിവിധ മത്സരങ്ങളില്‍ സമ്മാനം നേടി. 1979-ല്‍ തമിഴ്നാട് കുലശേഖരത്ത് ‘ഗുരുദക്ഷിണ’ അവതരിപ്പിച്ചത് ദേശീയ തലത്തിലേക്കുള്ള രംഗപ്രഭാതിന്റെ ആദ്യകാല്‍വയ്പായി.
രംഗം രണ്ട്
1980 ഡിസംബര്‍. പ്രബോധന സ്വഭാവം ഇല്ലാത്ത കേരളത്തിലെ ആദ്യത്തെ നാടക ശില്പശാല കുട്ടികള്‍ക്കായി രംഗപ്രഭാത് ആലുന്തറ യുപിഎസില്‍ നടത്തി. നാടകാചാര്യന് പ്രൊഫ.എസ്.രാമാനുജം, പി.കെ. വേണുക്കുട്ടന്‍ നായര്‍ ഉള്‍പ്പെടെയുള്ളവര്‍ നാലുദിവസത്തെ ക്യാമ്പിന് നേതൃത്വം നല്കി. ആ ക്യാമ്പിലാണ് ‘കുട്ടികളില്‍ നിന്ന് നാടകം’ എന്ന ചിന്തയിലേക്ക് രംഗപ്രഭാത് നീങ്ങുന്നത്. 1981-ല്‍ ആലുന്തറയില്‍ രംഗപ്രഭാതിനുവേണ്ടി 11 സെന്റ് ഭൂമി വാങ്ങുന്നതുവരെ വാമനപുരം സ്കൂള്‍ ആയിരുന്നു ആസ്ഥാനം. ആ വര്‍ഷംതന്നെ രംഗപ്രഭാതിന് പുതിയ ആസ്ഥാന മന്ദിരം തുറന്നു. തുടര്‍ന്ന് ‘കളികളില്‍ നിന്ന് നാടകം’ ചിന്തയ്ക്ക് ആക്കം കൂടി. അതിനായി 1981 ഡിസംബര്‍ 19 മുതല്‍ സപ്തദിന ശില്പശാല നടത്തി. അവിടെനിന്നാണ് രംഗപ്രഭാത് ഇന്നും മാറ്റമില്ലാതെ പിന്തുടരുന്ന ‘കളികളിലൂടെയുള്ള നാടകത്തി’ന് ജീവന് വയ്ക്കുന്നത്.
കളികളില്‍നിന്നുള്ള നാടക പഠനം രംഗപ്രഭാതിന്റെ വളര്‍ച്ചയ്ക്ക് കൂടുതല്‍ ഉത്തേജനമായി. പുതിയ ആസ്ഥാന മന്ദിരംകൂടി ആയതോടെ നാടക പ്രവര്‍ത്തനങ്ങള്‍ക്ക് വേഗമേറി. തുടര്‍ന്നാണ് ‘നാടക ഗ്രാമം’ എന്ന സങ്കല്പത്തിലേക്ക് നീങ്ങുന്നത്. 1983 ഡിസംബറില്‍ നാടകഗ്രാമത്തിന് ജി. ശങ്കരപ്പിള്ള തറക്കില്ലിട്ടു. ആ വര്‍ഷം കോഴിക്കോട് സ്കൂള്‍ ഓഫ് ഡ്രാമയുടെ പാരമ്പര്യ കലാപദ്ധതി ആദ്യമായി രംഗപ്രഭാതില് അവതരിപ്പിക്കപ്പെട്ടു. 1983-ല്‍ ആദ്യമായി നടത്തിയ കുട്ടികളുടെ നാടകോത്സവം ആലുന്തറ ഗ്രാമം മുഴുവന്‍ ഏറ്റെടുത്തു. 1985-ല്‍ നാടകഗ്രാമത്തിന്റെ കെട്ടിടം അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന് ഉദ്ഘാടനം ചെയ്തതോടെ കുട്ടികളുടെ നാടക വേദി, നാടക ഗ്രാമമായി ഉയര്‍ന്നു.
രംഗം മൂന്ന്
ആകാശവാണിയിലും ദൂരദര്‍ശനിലുമൊക്കെയായി രംഗപ്രഭാതിന്റെ നാടകങ്ങള്‍ക്ക് ശ്രോതാക്കളും കാണികളും ഏറിവന്നു. ഖ്യാതി വിദേശത്തും എത്തി. നിരവധി വിദേശ നാടക പഠിതാക്കള്‍ രംഗപ്രഭാതിനെ തേടിവന്നു. 1987-ല്‍ രംഗപ്രഭാതില് ‘നാട്ടുപൊറാട്ട്’ എന്ന പേരില്‍ നാടന്‍ കലാരൂപങ്ങള്‍ അവതരിപ്പിച്ചു. ഫിന്‍ലന്റിലെ നാടകാചാര്യന് മായാതാങ് ബര്‍ഗ് അതില്‍ പങ്കെടുത്തു. ഫോര്‍ഡ് ഫൗണ്ടേഷന് അഡൈ്വസര്‍ റസ്റ്റം ബറൂച്ച, ബ്രിട്ടീഷ് ലീഡ്സ് യൂണിവേഴ്സിറ്റി സംവിധായകന് ടി.ജെ.ആപ്പിള്‍ ബീ, ലണ്ടന്‍ താരാ ആര്‍ട്സ് ഗ്രൂപ്പ് നാടക പ്രവര്‍ത്തകരായ പോള്‍ ഭട്ടാചാര്യ, ആര്‍ത്തി പ്രഷാര്‍, അമേരിക്കയില്‍ നിന്നുള്ള ഷെറോണ് ഗ്രേസി തുടങ്ങി നിരവധി പേര് രംഗപ്രഭാതിനെ തേടിയെത്തി. ഇന്നും നിരവധി നാടകപ്രവര്‍ത്തകര്‍ രംഗപ്രഭാതിനെ അറിയാന്‍ എത്തുന്നു.
രംഗപ്രഭാതിന്റെ പതിനെട്ടാമത്തെ വര്‍ഷത്തിലാണ് ജി.ശങ്കരപ്പിള്ള ആര്‍ട്ടിസ്റ്റിക് ഡയറക്ടറായി ചുമതലയേല്‍ക്കുന്നത്. അതോടെ അര്‍ത്ഥപൂര്‍ണമായ നാടക വേദി എന്ന നിലയിലേക്ക് രംഗപ്രഭാത് ഉയര്‍ന്നു. 1989-ല്‍ സാംസ്കാരിക വകുപ്പിന്റെ ഗ്രാന്റ് കമ്മിറ്റി പരിശോധന നടത്തി. കുട്ടികളുടെ നാടകവേദി വിവിധ ഇടങ്ങളില്‍ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ 1995-ല്‍ 33 ദിവസം നീണ്ടുനിന്ന ദേശാടന നാടകപരിപാടി നടത്തി. 1996 മുതല്‍ ബാലഭവന് പ്രവര്‍ത്തനങ്ങള്‍കൂടി രംഗപ്രഭാതില് ആരംഭിച്ചു. കേരളത്തില്‍നിന്ന് നാഷണല്‍ ബാലഭവനില്‍ അഫിലിയേറ്റ് ചെയ്യുന്ന ആദ്യത്തെ എന്‍ജിഒ ബാലഭവനായി രംഗപ്രഭാത് മാറി. സിസിആര്‍ടി, ഐജിഎന്‍സിഎ, ഗാന്ധിസ്മൃതി ദര്ശന് സമിതി തുടങ്ങിയ കേന്ദ്ര സ്ഥാപനങ്ങള്‍ റിസോഴ്സ് സെന്ററായി അംഗീകരിച്ചു. ജി. ശങ്കരപ്പിള്ളയുടെ സ്മരണാര്‍ത്ഥം പ്രൊഫ. ജി. ശങ്കരപ്പിള്ള മെമ്മോറിയല്‍ സെന്റര്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്സും പ്രവര്‍ത്തിക്കുന്നു. പ്രവര്‍ത്തന മികവിന് നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ തേടിയെത്തി. അതില്‍ എടുത്തുപറയേണ്ട അംഗീകാരമാണ് 2005-ല്‍ ലഭിച്ച ജി.ഡി.ബിര്‍ള അന്താരാഷ്ട്ര പുരസ്കാരം. നാഷണല്‍ ബാലഭവന്റെ സഹായത്തോടുകൂടി ലൈബ്രറി, മൊബൈല്‍ ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ്, സ്റ്റിച്ചിങ് സെന്റര്‍ തുടങ്ങിയവയും പ്രവര്‍ത്തിക്കുന്നു.
രംഗം നാല്
പ്രൊഫ. ജി.ശങ്കരപ്പിള്ള, കെ.കൊച്ചുനാരായാണ പിള്ള, സഹധര്‍മ്മിണി ഡോ.എസ്.ശാന്തകുമാരി എന്നിവരുടെ വിയോഗത്തോടെ ഡോ.എന്‍.രാധാകൃഷ്ണന് പ്രസിഡന്റായി. പുതുതലമുറയിലേക്ക് രംഗപ്രഭാതിന്റെ നിയന്ത്രണം എത്തി. പി.കെ.വേണുക്കുട്ടന്‍ നായര്‍, പ്രൊഫ.എസ്.രാമാനുജം, നരേന്ദ്ര പ്രസാദ്, വയലാ വാസുദേവന്‍പിള്ള ഉള്‍പ്പെടെയുള്ള നാടകരംഗത്തെ അതികായന്മാരുടെ ശിക്ഷണത്തില്‍ വളര്‍ന്നവര്‍ ഗുരുക്കന്മാരുടെ ആശയങ്ങള്‍ ഇന്നും പിന്തുടരുന്നു. കൊച്ചുനാരായണ പിള്ളയുടെ മകളും സംഗീത നാടക അക്കാദമി കലാശ്രീ പുരസ്കാര ജേതാവുമായ കെ.എസ്.ഗീതയാണ് രംഗപ്രഭാതിന്റെ ഇപ്പോത്തെ പ്രസിഡന്റ്. ഗീതയുടെ ഭര്‍ത്താവ് എസ്. ഹരികൃഷ്ണനാണ് കോഡിനേറ്റര്‍. ആര്‍ട്ടിസ്റ്റ് ഡയറക്ടറായി നാടകങ്ങള്‍ക്ക് രംഗഭാഷയൊരുക്കുന്നത് കെ.ശശികുമാര്‍(അശോക് ശശി). സെക്രട്ടറി എസ്.അനില്‍കുമാര്‍, ആലുന്തറ.ജി.കൃഷ്ണപിള്ള, കവി വിഭു പിരപ്പന്‍കോട്, പി.അനില്‍കുമാര്‍ തുടങ്ങിയവരുടെ നിയന്ത്രണത്തിലുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ രംഗപ്രഭാതിനെ സജീവമാക്കുന്നു.
രംഗം അഞ്ച്
രംഗപ്രഭാതിന്റെ ചുവടുപിടിച്ച് കുട്ടികളുടെ നാടക കേന്ദ്രങ്ങള്‍ നിരവധി സ്ഥലങ്ങളില്‍ ആരംഭിക്കുകയുണ്ടായി. പക്ഷേ കുട്ടികളെ കിട്ടാതായതോടെ വാരാന്ത്യത്തിലും മാസത്തില്‍ ഒരിക്കലുമൊക്കെയായി പ്രവര്‍ത്തനം ചുരുങ്ങി. എന്നാല്‍ രംഗപ്രഭാതില് എപ്പോഴും കുട്ടികളുണ്ടാകും; അവര്‍ക്കുവേണ്ടിയുള്ള നാടക പരിശീലനവും. ജനുവരി ഒന്നിന് പ്രൊഫ.ജി.ശങ്കരപ്പിള്ള ചരമദിനാചരണത്തിന്റെ ഭാഗമായി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന നാടകക്കളരി, നാടകാവതരണം, ജി.ശങ്കരപ്പിള്ള പുരസ്ക്കാര സമര്‍പ്പണം എന്നിവ നടക്കുന്നു. ഏപ്രില്‍-മേയ് മാസങ്ങളില്‍ 45 ദിവസം നീണ്ടുനില്‍ക്കുന്ന ബാലവികാസ് മേള, ജൂണ്‍ മാസം 22-മുതല്‍ പ്രൊഫ.ജി.ശങ്കരപ്പിള്ളയുടെ ജന്മദിനാചരണവും സ്മാരകപ്രഭാഷണങ്ങളും നാടകാവതരണങ്ങളും. ഓണത്തിന് ഉറിയടി, ഓണപ്പാട്ടുകള്‍, ഓണക്കളികള്‍, തിരുവാതിര എന്നിവ ഉള്‍പ്പെടുത്തി ആട്ടപ്പൊറാട്ട്.
കൊച്ചുനാരായണ പിള്ളയുടെ ചരമദിനാചരണത്തോടനുബന്ധിച്ച് ഒക്ടോബര്‍ ഒന്നിന് അവസാനിക്കുന്ന തരത്തില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ദേശീയ നാടകോത്സവം സംഘടിപ്പിക്കുന്നുണ്ട്. പ്രൊഫ.എസ്.രാമാനുജം അനുസ്മരണം, നാടക ദിനങ്ങള്‍ എന്നിവയും ആഘോഷിക്കും. ഭജനകള്‍, നൃത്തം, സംഗീതാര്‍ച്ചന, എഴുത്തിനിരുത്ത് എന്നിവയോടെ പൂജാമഹോത്സവം ആഘോഷിക്കുന്നു. രംഗപ്രഭാത് ചിട്ടപ്പെടുത്തിയ രംഗോത്സവം നിരവധി വേദികളില്‍ അവതരിപ്പിക്കപ്പെടുന്നു. വര്‍ഷം മുഴുവന്‍ കുട്ടികളുടെ പരിപാടികള്‍ നടക്കും.
രംഗം ആറ്
ഇന്നും ഇവിടെ നാടകങ്ങള്‍ രൂപപ്പെടുത്തുന്നത് കളികളിലൂടെയും കൊച്ചുകൊച്ചു കഥകളിലൂടെയുമാണ്. കുട്ടികള്‍ക്ക് മനസ്സിലാകാത്തതൊന്നും രംഗപ്രഭാതിന്റെ വേദയില്‍ ഉണ്ടാകില്ല. കുട്ടികളുടെ കളികളും അവരുടെ തമാശയും സങ്കടവും മോഹങ്ങളും ഇഷ്ടങ്ങളും സംശയങ്ങളുമാകും നാടകങ്ങള്‍ നിറയെ. കാബൂളി വാലയും മകളും, കുട്ടിയും ശലഭവും, ദുരവസ്ഥ, പൂവന്‍പഴം, ടൈഗര്‍ തുടങ്ങി കേന്ദ്രസാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തെ ബാലസാഹിത്യ പുരസ്കാരം നേടിയ ‘കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം’ വരെ പുത്തന്‍ നാടക സങ്കേതങ്ങളുടെ അകമ്പടിയില്‍ ഇന്ന് അവതരിപ്പിക്കുന്നുണ്ട്. ഒപ്പം ഗുരുക്കന്മാര് പകര്‍ന്നുനല്‍കിയ തനത് നാടകങ്ങള്‍ കാത്തുസൂക്ഷിക്കുന്നു. നൂറോളം കുട്ടികളുടെ നാടകങ്ങളും ഭരതവാക്യം, മൂധേവിത്തെയ്യം, ചണ്ഡാലിക, ഭീമഘടോല്‍ക്കച, ബൊമ്മലാട്ടം തുടങ്ങി നിരവധി അമച്വര്‍ നാടകങ്ങളും അവതരിപ്പിക്കുന്നു. അമ്പതാം വര്‍ഷത്തില്‍ അന്തര്‍ദേശീയ തലത്തിലേക്ക് രംഗപ്രഭാതിന്റെ ആശയങ്ങളെ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
നിരവധി പ്രഗത്ഭര്‍ രംഗപ്രഭാതിന്റെ ശിഷ്യരായുണ്ട്. നാടക-സിനിമാ രംഗത്ത് മാത്രമല്ല, അധ്യാപകരും ഡോക്ടര്‍മാരും ഗവേഷകരുമൊക്കെയായി അമ്പത് വര്‍ഷത്തെ ശിഷ്യപരമ്പരയുണ്ട് ഈ കലാക്ഷേത്രത്തിന്. കലാകാരനെ വാര്ത്തെടുക്കുന്നതിനുമപ്പുറം അവന്റെയുള്ളിലെ കഴിവുകളെ അവനറിയാതെ കളിച്ചും ചിരിച്ചും ഉല്ലസിച്ചും കണ്ടെത്തുന്നു. അതുകൊണ്ടുതന്നെയാണ് കുട്ടികള്‍ രംഗപ്രഭാതിന്റെ ഗ്രമാന്തരീക്ഷത്തിലേക്ക് പൂമ്പാറ്റകളെപ്പോലെ പറന്നെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: