കേരളം കരാളതയിലേക്ക് അനുദിനം കൂപ്പുകുത്തുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വിഷുപ്പിറ്റേന്ന് നടന്ന അപ്രഖ്യാപിത ഹര്‍ത്താലും തുടര്‍ന്നുണ്ടായ അനിഷ്ടസംഭവങ്ങളും. ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയോ സംഘടനയോ പ്രഖ്യാപിച്ചതല്ലായിരുന്നു ആ ഹര്‍ത്താല്‍. അതിനെ ക്രിമിനലുകളുടെ തേര്‍വാഴ്ച എന്നേ പറയാനാകൂ. അത്ര ഭീതിദമായിരുന്നു സ്ഥിതിഗതികള്‍; പ്രത്യേകിച്ച് മലബാറില്‍. കശ്മീരില്‍ എട്ടു വയസ്സുകാരിക്കുണ്ടായ ദുര്‍വിധിയില്‍ പരിതപിച്ചുകൊണ്ടെന്ന വ്യാജേന ഒരു സംഘം മുസ്ലീം തീവ്രവാദികള്‍ നാടൊട്ടുക്കും കലാപത്തിന് മുന്നൊരുക്കം നടത്തുകയായിരുന്നു. സാമൂഹിക മാധ്യമം വഴി ഹര്‍ത്താല്‍ ആഹ്വാനം നടത്തി ചെറുപ്പക്കാരെ സംഘര്‍ഷമുഖത്ത് സജീവമാക്കുകയാണുണ്ടായത്. സമൂഹത്തില്‍ അന്തശ്ഛിദ്രമുണ്ടാക്കി മുതലെടുപ്പ് നടത്തണമെന്ന സുനിശ്ചിത അജണ്ടയ്ക്കൊത്തായിരുന്നു പദ്ധതികള്‍.
ഹര്‍ത്താലിനെക്കുറിച്ചറിയാത്തവര്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങിയപ്പോള്‍ ചെറുസംഘങ്ങളായി അക്രമികള്‍ അഴിഞ്ഞാട്ടം തുടങ്ങി. യാത്രക്കാരുടെ മതം നോക്കി ആക്രമിക്കുകയും ഒഴിവാക്കുകയും ചെയ്യുന്ന അപകടകരമായ സ്ഥിതിവിശേഷമായിരുന്നു പിന്നീട്. അതിന്റെ മ്ലേച്ഛവും രൂക്ഷവുമായ മുഖമാണ് മലപ്പുറം ജില്ലയിലെ പലയിടത്തും ദൃശ്യമായത്. മണ്ണാര്‍ക്കാട്, താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളില്‍ 1921 ലെ മാപ്പിളലഹളയെ അനുസ്മരിപ്പിക്കുന്ന കലാപസദൃശമായ ആക്രമണങ്ങളായിരുന്നു. ഒരു വിഭാഗക്കാരുടെ കടകള്‍ക്കു നേരെ കൊള്ളിവെപ്പുണ്ടായപ്പോള്‍ മറുവിഭാഗത്തിന്റെ തുറന്നുവെച്ച കടകള്‍ക്ക് പോറല്‍പോലും ഏല്ക്കാതെ സംരക്ഷിക്കാന്‍ നിതാന്തജാഗ്രത പുലര്‍ത്തി എന്നറിയുമ്പോഴാണ് എത്ര ഗുരുതരമാണ് അന്തരീക്ഷമെന്നു മനസ്സിലാവുക. കശ്മീരിലെ ഹതഭാഗ്യയായ ബാലികയുടെ ചിത്രം സഹിതം മുഖ്യമന്ത്രി പിണറായി വിജയന് തന്റെ ഫേസ്ബുക്കില്‍ അസംബന്ധജടിലമായ കുറിപ്പിട്ടതിന്റെ ബാക്കിപത്രമെന്നോണമാണ് അക്രമികളുടെ പേക്കൂത്തുണ്ടായത്. തികഞ്ഞ ഐഎസ് ക്രൂരതയിലേക്കും താലിബാനിസത്തിലേക്കും കേരളത്തിന്റെ സാമൂഹികാന്തരീക്ഷം മാറിപ്പോയി എന്നതാണ് ഇതിലെ ഞെട്ടിക്കുന്ന വശം. കാറ്റ് വിതച്ച് കൊടുങ്കാറ്റുകൊയ്യാനുള്ള ബോധപൂര്‍വമായ ശ്രമം നടന്നുവെന്ന് വ്യക്തം. സംഗതിവശാല്‍ മുഖ്യമന്ത്രിയുടെ നെറികെട്ട ഫേസ്ബുക്ക് കൈയാങ്കളി അക്രമികള്‍ക്ക് പ്രചോദനമായെന്ന് സാരം. വോട്ടുരാഷ്ട്രീയത്തിന്റെ പിന്നാമ്പുറത്തേക്ക് ആയുധമെത്തിച്ചുകൊടുക്കുന്ന കങ്കാണിപ്പണിയാണ് പിണറായി വിജയന് ബോധപൂര്‍വ്വം ചെയ്തത്. അതേ സാമൂഹികമാധ്യമം വഴി തന്നെ അക്രമികള്‍ ഹര്‍ത്താലാഹ്വാനം കൊടുക്കുകയും ചെയ്തു.
വിഷു നാളില്‍ത്തന്നെ ഹര്‍ത്താല്‍ ഊഹാപോഹങ്ങള്‍ പരന്നിരുന്നു. ഒരു വിഭാഗം ഇക്കാര്യത്തില്‍ മുന്നൊരുക്കം നടത്തിയത് ഇന്റലിജന്‍സിന് കണ്ടെത്താനായില്ലെന്ന് വിശ്വസിക്കാനാകില്ല. അക്രമികള്‍ക്ക് ഒത്താശ ചെയ്തിരുന്നോ എന്ന സംശയം അസ്ഥാനത്തല്ല. മാപ്പിളലഹളയുടെ ശതാബ്ദിയിലേക്ക് ഇനി മൂന്നാണ്ടേയുള്ളൂ എന്നറിയുമ്പോഴാണ് കഴിഞ്ഞ ദിവസത്തേത് അതിന്റെ റിഹേഴ്സലായി നിഷ്പ്പക്ഷമതികള്‍ വിലയിരുത്തുന്നത്.
സമൂഹത്തെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യുന്ന ശക്തികള്‍ ചിലരുടെ വോട്ടുബാങ്കായതുകൊണ്ടാണ് അക്രമികള്‍ക്കെതിരെ പോലീസ് ചെറുവിരല്‍പോലുമനക്കാതിരുന്നത്. ആളു മാറി കസ്റ്റഡിയിലെടുത്ത് ചവിട്ടിക്കൊല്ലുന്ന പോലീസ് കഴിഞ്ഞ ദിവസത്തെ അക്രമങ്ങളില്‍ നിശ്ശബ്ദ സാക്ഷികളായി നിലയുറപ്പിച്ചതിനു പിന്നില്‍ ഉന്നത ഇടപെടലുണ്ട്. കശ്മീരിലെ ബാലികയെ പോലെ ഒട്ടേറെ പേര് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പീഡിപ്പിക്കപ്പെട്ട ശേഷം കൊലചെയ്യപ്പെട്ടിട്ടുണ്ട്. അന്നൊന്നും ഇല്ലാതിരുന്ന വ്യാപകമായ പ്രചാരണങ്ങള്‍ ഇപ്പോഴുണ്ടായത് എന്തൊക്കെയോ ലക്ഷ്യമിട്ടെന്ന് വ്യക്തം. പ്രത്യേകിച്ചും ഐഎസ് റിക്രൂട്ട്മെന്റിന് വളക്കൂറുള്ള സംസ്ഥാനമായ സാഹചര്യത്തില്‍. കോളേജ് പ്രൊഫസര്‍ പോലും അക്രമികള്‍ക്ക് പാലൂട്ടുന്ന അപകടകരമായ അവസ്ഥയെ ഉരുക്കുമുഷ്ടികൊണ്ട് നേരിട്ടില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ വിവരണാതീതമാകുമെന്നതില്‍ സംശയമില്ല. ഇക്കാര്യത്തിലെങ്കിലും സര്‍ക്കാര്‍ ലജ്ജാകരമായ മൗനം വെടിഞ്ഞ് ക്രിയാത്മകമായി രംഗത്തു വരണമെന്നാണ് പൊതുസമൂഹം ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: