ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗ് കിരീടം. സിറ്റിയുടെ പ്രധാന എതിരാളികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വെസ്റ്റ് ബ്രോം ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചതോടെയാണ് സിറ്റിക്ക് കിരീടം ഉറപ്പായത്. അഞ്ചു മത്സരങ്ങള്‍ ശേഷിക്കെയാണ് അവര്‍ ചാമ്പ്യന്മാരായത്. ഇത് എട്ടാം തവണയാണ് സിറ്റി പ്രീമിയര്‍ ലീഗ് കിരീടം ചൂടുന്നത്.
ഓള്‍ഡ്ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ജേ റോഡ്രിഗ്സ് നേടിയ ഗോളിലാണ് വെസ്റ്റ് ബ്രോം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ അട്ടിമറിച്ചത്. ഈ തോല്‍വിയോടെ യുണൈറ്റഡ് 33 മത്സരങ്ങളില്‍ 71 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുകയാണ്. അടുത്ത മത്സരങ്ങളില്‍ വിജയിച്ചാലും യുണൈറ്റഡിന്, 33 മത്സരങ്ങളില്‍ 87 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയെ മറികടക്കാനാകില്ല.
കഴിഞ്ഞ ശനിയാഴ്ച സിറ്റിക്ക് കിരീടം ലഭിക്കേണ്ടതായിരുന്നു. പക്ഷെ നിര്‍ണായക ലീഗ് മത്സരത്തില്‍ അവര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് തോറ്റു. കഴിഞ്ഞ ദിവസം ടോട്ടനത്തെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് സിറ്റി വീണ്ടും പ്രതീക്ഷ കാത്തു.
അഞ്ചു മത്സരങ്ങള്‍ ശേഷിക്കെ തൊട്ടടുത്ത എതിരാളികളെക്കാള്‍ 16 പോയിന്റു മുന്നിലുള്ള മാഞ്ചസ്റ്റര്‍ സിറ്റി ഈ സീസണിന്റെ അവസാനത്തോടെ റെക്കോഡുകള്‍ പലതും ഭേദിക്കും. ശേഷിക്കുന്ന മത്സരങ്ങളില്‍ വിജയിച്ചാല്‍ അവര്‍ക്ക് 100 പോയിന്റ് തികയ്ക്കാനാകും. 2013-14 സീസണിലാണ് മാഞ്ചസ്റ്റര്‍ സിറ്റി അവസാനമായി പ്രീമിയര്‍ ലീഗ് കിരീടം നേടിയത്.
ഈ സീസണിന്റെ തുടക്കം മുതല്‍ സിറ്റി മുന്നേറി. എട്ട് മത്സരങ്ങള്‍ക്ക് കഴിഞ്ഞപ്പോള്‍ അവര്‍ മുന്നിലെത്തി. പതിനഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അവര്‍ എതിരാളികളെക്കാള്‍ പതിനഞ്ച് പോയിന്റ് മുന്നിലെത്തി. തുടര്‍ച്ചയായി പതിനെട്ടുമത്സരങ്ങളില് വിജയം നേടി. ലിവര്‍പൂള്‍ (5-0), വാറ്റ്ഫോര്‍ഡ് (6-0), ക്രിസ്റ്റല്‍ പാലസ് (5-0) ,
സ്റ്റോക്ക് സിറ്റി (7-2), ആഴ്സണല്‍ (3-1), മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (2-1), സ്വാന്‍സി സിറ്റി (4-0), ടോട്ടനം (4-1), ബോണ്‍മൗത്ത് (4-0) തുടങ്ങിയ ടീമുകളെ അവര്‍ മറികടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: