എഴുത്തിന്റെ വഴിയിലാണ് ആദര്‍ശ് .പി .സതീഷ് എന്ന പതിനഞ്ചുകാരന്. കുട്ടിക്കവിതകളല്ല, കഥകളും നോവലുകളുമാണ് എഴുതുന്നത്. ആദര്‍ശ് രചിച്ച നിറച്ചാര്‍ത്തണിഞ്ഞ ജീവിതങ്ങള്‍ എന്ന നോവല്‍ ഇതിനോടകം ജനശ്രദ്ധ നേടി. ഇരുപതു മാസത്തിനകം രണ്ടാമത്തെനോവല് വായനക്കാരുടെ കൈകളില്‍ എത്തിക്കുകയാണു അടുത്ത ലക്ഷ്യം. ചുനക്കര എന്‍.എസ്.എസ്.സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദര്‍ശ് മാവേലിക്കര സബ് ജില്ലാ കലോത്സത്തിലും, ജില്ലാ കലോത്സവത്തിലും കഥാരചനയ്ക്ക് ഒന്നാം സ്ഥാനം നേടി. കഥാരചന മത്സരത്തില്‍ സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനവും ആദര്‍ശ് സ്വന്തമാക്കി. നിറച്ചാര്‍ത്തണിഞ്ഞ ജീവിതങ്ങള്‍ എന്ന നോവലിന്റെ അവതാരിക എഴുതിയ സാഹിത്യകാരന് ബെന്യാമില്‍ ആദര്‍ശിന്റെ രചനയെ ഇങ്ങനെ വിലയിരുത്തുന്നു. സാധാരണ കൗമാരക്കാരനായ
ഒരു തുടക്കക്കാരന് എഴുതാന്‍ ഇടയുള്ള തരം ചപലമായ ബാലകഥകള്‍ അല്ല നാം ഈ പുസ്തകത്തില്‍ കാണുന്നതെന്നാണ്. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ആദര്‍ശിന്റെ കഴിവ് മുത്തശ്ശനും മുത്തശ്ശി രാജമ്മയും മനസ്സിലാക്കിയത്. മുത്തശ്ശന് തങ്കപ്പന്, ഹരിപ്പാട് ബോയിസ് സ്കൂളിലെ റിട്ട. ഹെഡ്മാസ്റ്ററാണ്. ഇവര്‍ക്കൊപ്പമായിരുന്നു നാലാംതരം വരെയുള്ള വിദ്യാഭ്യാസം. സംസ്ഥാന ആരോഗ്യ വകുപ്പില്‍ ഉദ്യോഗസ്ഥയായ പി.ആര്.ആശാലതയുടെയും മാവേലിക്കര കോടതിയിലെ അഭിഭാഷകനായ അഡ്വ.സതീഷ്.ടി.പത്മനാഭന്റെയും മകനാണ് ആദര്‍ശ്. കഥകള്‍ വായിച്ച് അഭിപ്രായങ്ങള്‍ പറയാനും അത്യാവശ്യം തിരുത്തലുകള്‍ വരുത്തുവാനും സഹോദരി ആദര്ശയും നിഴല്‍ പോലെ കൂടെയുണ്ട്.
ആദര്‍ശിന്റെ കഥാ ക്യാന്‍വാസില്‍ നിറയുന്നത് ഗ്രാമീണ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളും, പ്രകൃതി സൗന്ദര്യവും, നാട്ടാരും, നാട്ടുവഴികളുമാണ്. എഴുതാന്‍ പ്രത്യേക സമയം നിശ്ചയിച്ചിട്ടില്ല. മനസ്സിലേക്ക് കടന്നു വരുന്ന കാര്യങ്ങള്‍ പകലായാലും രാത്രിയിലായാലും പേപ്പറിലേക്ക് പകര്‍ത്തുക എന്നതാണ് രീതി. ആദര്‍ശിന്റെ അച്ഛനും ആനുകാലികങ്ങളില്‍ ലേഖനങ്ങളും കഥകളും എഴുതാറുണ്ട്. സാഹിത്യകാരനായി മകന് അറിയപ്പെടുന്നതിന്റെ അഭിമാനത്തിലാണ് മാവേലിക്കര ചുനക്കര നടുവില്‍ പത്മാലയത്തിലെ കുടുംബാംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: