മലയാളികള്‍ വിഷു ആഘോഷിക്കാനൊരുങ്ങുമ്പോള്‍ മലയാള സിനിമയ്ക്ക് ലഭിച്ച വിഷു സമ്മാനമാകുന്നു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍. പ്രധാനപ്പെട്ട പുരസ്കാരങ്ങള്‍ മലയാളത്തിനു ലഭിച്ചു എന്നതിലുപരി, നമ്മുടെ സിനിമയെ ദേശീയ ചലച്ചിത്ര പുരസ്കാര ജൂറി ഏറെ പ്രശംസിക്കുകയും ചെയ്തു.
അതിലേറ്റവും പ്രധാനപ്പെട്ടതാണ് ഇന്ദ്രന്‍സിനെക്കുറിച്ചുള്ള ജൂറിയുടെ പരാമര്‍ശം. രാജ്യത്തെ ഏറ്റവും മികച്ച നടനാകാനുള്ള അവസരം ഇന്ദ്രന്‍സിന് നഷ്ടപ്പെട്ടത് തലനാരിഴയ്ക്ക്. മികച്ച നടനുള്ള മത്സരത്തില്‍ റിഥി സെന്നിനൊപ്പം മത്സരിച്ച് ഒപ്പത്തിനൊപ്പം നില്ക്കാന് അദ്ദേഹത്തിനായി.
ആളൊരുക്കം എന്ന സിനിമയിലെ അഭിനയത്തിന് തന്നെയാണ് ഇന്ദ്രന്‍സ് പരിഗണിക്കപ്പെട്ടത്. ആളൊരുക്കത്തിലെ മിന്നുന്ന പ്രകടനത്തിന് ഇന്ദ്രന്‍സിനെ സംസ്ഥാനത്തെ മികച്ച നടനായി തെരഞ്ഞെടുത്തിരുന്നു. മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമായി ദേശീയ പുരസ്കാരത്തിന് ആളൊരുക്കം തെരഞ്ഞെടുക്കപ്പെട്ടു.
തൊണ്ടിമുതലും ദൃക്സാക്ഷിയും, ഭയാനകം, ടേക്ക് ഓഫ് എന്നീ ചലച്ചിത്രങ്ങള്‍ മൂന്ന് പുരസ്കാരങ്ങള്‍ വീതമാണ് കരസ്ഥമാക്കിയത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ അംഗീകരിക്കപ്പെടാത്ത ചിത്രമായിരുന്നു തൊണ്ടിമുതലും ദൃക്സാക്ഷിയും. എന്നാല്‍ മലയാളികള്‍ ഏറ്റെടുത്ത ആ സിനിമ ദേശീയതലത്തില്‍ അംഗീകരിക്കപ്പെടുമ്പോള്‍ ദീലീഷ് പോത്തനും സജീവ് പാഴൂരുമടക്കമുള്ളവരുടെ പ്രയത്നത്തിന് ഫലമുണ്ടാകുന്നു.
ജയരാജ് സൃഷ്ടിച്ച നവരസപരമ്പരയിലെ ആറാമത്തെ ചിത്രമായിരുന്നു ഭയാനകം. രണ്ടാം ലോക മഹായുദ്ധ കാലത്തെ ഒരു പോസ്റ്റുമാന്റെ ജീവിതാനുഭവങ്ങള്‍ കുട്ടനാടന്‍ ഗ്രാമ പശ്ചാത്തലത്തില്‍ പറയുകയായിരുന്നു ജയരാജ്. ഈ പരമ്പരയില്‍ ഒരുക്കിയ മറ്റ് സിനിമകള്‍ക്ക് ലഭിച്ച അംഗീകാരത്തിനേക്കാള് ഉയരത്തിലാണ് ഇപ്പോള്‍ ഭയാനകം എത്തിനില്‍ക്കുന്നത്. മികച്ച അവലംബിത കഥയ്ക്കുള്ള പുരസ്കാരവും ഭയാനകത്തിനാണ്. നിഖില്‍ എസ്.പ്രവീണിന്റെ മികച്ച ക്യാമറ ഭയാനകത്തിന്റെ പ്രത്യേകതയാണ്. ക്യാമറകൊണ്ട് അദ്ദേഹം കാട്ടിയ കരവിരുതിന് ദേശീയ പുരസ്കാരത്തിന്റെ അംഗീകാരം ലഭിച്ചു.
ഗാനഗന്ധര്വ്വന് യേശുദാസിനെ തേടി എട്ടാം തവണയും പുരസ്കാരമെത്തുമ്പോള്‍ വാനോളമുയരുന്നത് മലയാളിയുടെ അഭിമാനമാണ്. ദിലീഷ് പോത്തന് സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളും ദേശീയ പുരസ്കാരത്തിന് അര്‍ഹമായി എന്ന പ്രത്യേകതയുമുണ്ട്. 2016ല്‍ അദ്ദേഹത്തിന്റെ മഹേഷിന്റെ പ്രതികാരം എന്ന ചലച്ചിത്രം മലയാളത്തിലെ ഏറ്റവും നല്ല സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയിരുന്നു. ഇത്തവണ അദ്ദേഹത്തിന്റെ തന്നെ തൊണ്ടിമുതലും ദൃക്സാക്ഷിയും ആ സ്ഥാനത്തേക്കെത്തി. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരവും ഇതേ സിനിമ നേടിയപ്പോള്‍ അത് ഇരട്ടിമധുരമുള്ളതായി. മാധ്യമ പ്രവര്‍ത്തകനായ സജീവ് പാഴൂരിന്റെ ആദ്യ സിനിമാ സംരംഭമായിരുന്നു തൊണ്ടിമുതലും ദൃക്സാക്ഷിയും. സംസ്ഥാന തലത്തിലും മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം അദ്ദേഹം കരസ്ഥമാക്കിയിരുന്നു.
സമാനതകളില്ലാത്ത നടനെന്ന് പലതവണ, വ്യത്യസ്തങ്ങളായ ചലച്ചിത്രങ്ങളിലൂടെ ഫഹദ്ഫാസില്‍ തെളിയിച്ചിട്ടുണ്ട്. തൊണ്ടിമുതലും ദൃക്സാക്ഷിയിലൂടെ അത് കൂടുതല്‍ തെളിയിക്കപ്പെട്ടു. രാജ്യത്തെ മികച്ച സഹനടനായാണ് അദ്ദേഹം ദേശീയ പുരസ്കാരത്തില്‍ തെരഞ്ഞെടുക്കപ്പെട്ടതെങ്കിലും മലയാളിക്കത് മികച്ച നടനുലഭിച്ച പുരസ്കാരം തന്നെയാണ്.
ടേക്ക് ഓഫ് എന്ന സിനിമ വരണ്ടുകിടന്ന മലയാള സിനിമാ ഭൂമികയിലേക്കൊഴുകിയ തെളിനീരായിരുന്നു. മലയാള സിനിമാ പ്രേക്ഷകര്‍ അത്രത്തോളം സ്വീകരിച്ചു ഈ ചലച്ചിത്രത്തെ. ഇറാഖിലെ യുദ്ധഭൂമിയില്‍ കുടുങ്ങിപ്പോയ നഴ്സുമാരെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ നടപടികളെ പ്രമേയമാക്കി എടുത്ത സിനിമ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുമുണ്ടായി. സംസ്ഥാന സര്‍ക്കാര്‍ നിരവധി പുരസ്കാരങ്ങള്‍ നല്കി ആദരിച്ച ഈ സിനിമയ്ക്ക് ദേശീയ പുരസ്കാരത്തിലൂടെയും ആദരവു ലഭിച്ചു. ടേക്ക് ഓഫിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചപ്പോള്‍ ഇതിലെ നഴ്സിന്റെ വേഷം അവിസ്മരണീയമാക്കിയ പാര്‍വതിക്കും പ്രത്യേക പരാമര്‍ശം ലഭിച്ചു. ടേക്ക് ഓഫിലൂടെ പ്രൊഡക്ഷന്‍ ഡിസൈനിങ്ങിന് സന്തോഷ് രാമനും അവാര്‍ഡിന് അര്‍ഹനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: