ചര്‍ച്ചകളും സംവാദങ്ങളും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ തീരുമാനമെടുക്കേണ്ട പരമോന്നത സഭയാണ് പാര്‍ലമെന്റ്. അതിനെ അപഹാസ്യമാക്കുക എന്നാല്‍ അതില്‍പ്പരം തെറ്റും കുറ്റവും വേറെയില്ല. പാര്‍ലമെന്റിന്റെ രണ്ടാംപാദ ബജറ്റ് സമ്മേളനം പ്രതിപക്ഷം അക്ഷരാര്‍ത്ഥത്തില്‍ അപഹാസ്യമാക്കിയിരിക്കുന്നു. ജനങ്ങളോടും പാര്‍ലമെന്റിനോടും ഭരണഘടനയോടുപോലും കൂറും ഭക്തിയുമില്ലാത്തവരാണ് തങ്ങളെന്ന് പ്രതിപക്ഷം ഒന്നടങ്കം തെളിയിച്ചിരിക്കുകയാണ്. 23 ദിവസത്തെ സമ്മേളനകാലത്ത് ഒരു ദിവസംപോലും നേരാംവണ്ണം സഭ ചേരാനായില്ല. ബഹളങ്ങളും തടസ്സങ്ങളും ഒരു തടസ്സവുമില്ലാതെ തുടര്‍ന്നു. ലോക്സഭാ സ്പീക്കറുടെയും രാജ്യസഭാ അദ്ധ്യക്ഷന്റെയും വാക്കുകളെ തൃണവല്ഗണിച്ചു എന്നുപറയുന്നത് ജനാധിപത്യത്തിന് നാണക്കേടാണ്. എന്തുവേണമെങ്കിലും ചര്‍ച്ച ചെയ്യാമെന്ന അദ്ധ്യക്ഷന്മാരുടെ വാക്കുകള്‍ ഗൗനിച്ചതേയില്ല. ആര്‍പ്പും അട്ടഹാസവും ഗോഗ്വാവിളികളുംകൊണ്ട് ഒരു സമ്മേളനകാലം മുഴുവന്‍ അലങ്കോലപ്പെട്ടതിന്റെ ചരിത്രം ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇതിന് മുമ്പെങ്ങും ഉണ്ടായിട്ടില്ല. ഏറ്റവും വലിയ ജനാധിപത്യപാര്‍ട്ടി എന്ന് ഊറ്റംകൊള്ളുന്ന, 47 വര്‍ഷം രാജ്യം തനിച്ച് ഭരിച്ച കോണ്‍ഗ്രസ്സിന്റെ പ്രേരണയോടെയും പിന്തുണയോടെയുമാണ് ഈ കോപ്രായങ്ങള്‍ എന്നറിയുമ്പോഴാണ് രാജ്യം ലജ്ജകൊണ്ട് തലകുനിക്കേണ്ടി വരുന്നത്.
ജയവും തോല്‍വിയും ജനാധിപത്യത്തിന്റെ അനിവാര്യ ഘടകങ്ങളാണ്. അത് അംഗീകരിക്കുക എന്നതാണ് മാന്യതയും മര്യാദയും. അത് അംഗീകരിക്കാത്ത സ്വഭാവവും ജനാധിപത്യവിരുദ്ധമാണ്. ജനഹിതത്തിന് ചേരാത്തതുമാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി നയിച്ച ദേശീയ ജനാധിപത്യ സഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം പൂര്‍ണമായും പാലിച്ച് അഴിമതിമുക്ത ഭരണവും ജനോപകാരപ്രദമായ പദ്ധതികളുമായി മുന്നോട്ടുപോവുകയാണ്. അഞ്ചുവര്‍ഷത്തെ ജനവിധി അംഗീകരിക്കാന്‍ ഭരണകക്ഷിയെപ്പോലെ പ്രതിപക്ഷത്തിനും ബാധ്യതയുണ്ട്. പക്ഷേ ജനവിധിയെ അട്ടിമറിക്കാന്‍ അവിഹിതമാര്‍ഗ്ഗം സ്വീകരിക്കാനാണ് പ്രതിപക്ഷം ഒരുമ്പെട്ടത്. അതിന്റെ ഭാഗമായിരുന്നു ഒരു സമ്മേളനകാലം മുഴുവന്‍ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്ന നടപടി. യഥാവിധി അവിശ്വാസപ്രമേയം അവതരിപ്പിക്കാനുള്ള അവകാശം പ്രതിപക്ഷത്തിനുള്ളതാണ്. എന്നാല്‍ ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി, കീഴ്വഴക്കങ്ങളെ ലംഘിച്ച് അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പാര്‍ലമെന്റ് സ്തംഭിപ്പിച്ചത്. ഭരണഘടനാപരമായ ബാധ്യതകള്‍ പോലും നിര്‍വ്വഹിക്കാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്നായിരുന്നു അവരുടെ വാശി. അനാവശ്യമായ പിടിവാശികള്‍ക്ക് കീഴടങ്ങുന്ന സര്‍ക്കാരും പ്രധാനമന്ത്രിയുമല്ല കേന്ദ്രത്തിലുള്ളതെന്നറിഞ്ഞുകൊണ്ടുതന്നെ പ്രതിപക്ഷം സമ്മേളനക്കാലം മുഴുവന്‍ കരഞ്ഞു തീര്‍ത്തു എന്നതാണ് കൗതുകകരം.
മുമ്പും പാര്‍ലമെന്റ് നടപടികള്‍ പല ദിവസങ്ങളില്‍ സ്തംഭിച്ചിട്ടുണ്ട്. ലോകം കണ്ടിട്ടില്ലാത്ത അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അത് പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യപ്പെടണമെന്ന ആവശ്യം ഉയര്‍ന്നു. അത് അംഗീകരിക്കപ്പെടാത്തപ്പോള്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് സഭാസ്തംഭനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്നത്തെ അവസ്ഥ അങ്ങനെയല്ല. ഒരു മിനിട്ട് പാര്‍ലമെന്റ് നടപടി ക്രമങ്ങള്‍ സ്തംഭിച്ചാല്‍ നഷ്ടപ്പെടുന്നത് 2.5 ലക്ഷം രൂപയാണെന്ന് 2012-ല്‍ പാര്‍ലമെന്ററികാര്യമന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ പ്രസ്താവിച്ചിട്ടുണ്ട്. ഇന്ന് അഞ്ച് ലക്ഷമായി ഉയര്‍ന്നിട്ടുണ്ടാകും. സര്‍ക്കാരിന്റെ നേട്ടങ്ങളും കോട്ടങ്ങളും നിരത്താനുള്ള സന്ദര്‍ഭമാണ് പാര്‍ലമെന്റ് ചര്‍ച്ച. പ്രത്യേകിച്ച് ബജറ്റിന്റെ പൊതുചര്‍ച്ച. നിര്‍ഭാഗ്യവശാല്‍ ഇത്തവണ ധനബില്ലും നിര്‍ദ്ദേശങ്ങളും ചര്‍ച്ചയില്ലാതെയാണ് പാര്‍ലമെന്റ് പാസാക്കിയത്. 96 ലക്ഷത്തോളം കോടി രൂപയുടെ ധനബില്ല് ചര്‍ച്ച കൂടാതെ പാസ്സാക്കാന്‍ കഴിഞ്ഞെന്ന് ആശ്വസിക്കാനാവുമെങ്കിലും അത് ജനാധിപത്യത്തിന് ഒട്ടും ആശാസ്യമല്ല. ആ സാഹചര്യമുണ്ടാക്കിയ പ്രതിപക്ഷം മാപ്പര്‍ഹിക്കാത്ത തെറ്റാണ് ചെയ്തത്.
ലോക്സഭ നിശ്ചിത സമയത്തിന്റെ നാല് ശതമാനമേ പ്രയോജനപ്പെട്ടുള്ളൂ. രാജ്യസഭയാകട്ടെ എട്ടുശതമാനവും. ഈ പാര്‍ലമെന്റ് സമ്മേളനത്തിന് ശമ്പളവും ബത്തയും ഉപേക്ഷിക്കുകയാണെന്ന എന്‍ഡിഎ എംപിമാരുടെ തീരുമാനം സ്വാഗതാര്‍ഹമാണ്. ആ സമീപനം സ്വീകരിച്ച് മാതൃകകാട്ടാന്‍ പ്രതിപക്ഷം തയ്യാറാകുമോ? ആന്ധ്രയ്ക്ക് പ്രത്യേക അവകാശമില്ലാത്തതിന്റെ പേരില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ അഞ്ച് എംപിമാര്‍ രാജി പ്രഖ്യാപിച്ചത് നന്നായി. ദേശീയ ഐക്യത്തിന്റെ സംസ്കാരം ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ക്ക് പറഞ്ഞിട്ടുള്ള ഇടമല്ലല്ലോ പാര്‍ലമെന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: