റെയില്‍വേയുടെ വികസന കാര്യത്തില്‍ എന്നും കേരളം ഒരു ബാലികേറാ മലയായിരുന്നു. വാജ്പേയി മന്ത്രിസഭയില്‍ റെയില്‍വെ സഹമന്ത്രിയായിരുന്ന ഒ. രാജഗോപാലാണ് കേരളത്തിലെ റെയില്‍വേ ക്കു ജീവന് പകര്‍ന്നത്. റെയില്‍വേ സ്റ്റേഷനുകളും പാതകളുടെ ഇരട്ടിപ്പും വൈദ്യുതീകരണവും അക്കാലത്താണ് ഏറെ പുരോഗതി പ്രാപിച്ചത്. ഇപ്പോഴിതാ ഒരു കാലത്തുമില്ലാത്തവിധം കേരളത്തിലെ റെയില്‍വേ മേഖല മുന്നേറിക്കൊണ്ടിരിക്കുന്നു. പാതകളുടെ നവീകരണവും സ്ലീപ്പറുകളുടെ മാറ്റവും രാപ്പകല്‍ അദ്ധ്വാനത്തിലൂടെ നടക്കുകയാണ്. രാത്രികാലങ്ങളില്‍ നാലു മണിക്കൂറുകള്‍ വണ്ടികളുടെ യാത്ര നിയന്ത്രിച്ച് പണി നടത്തുകയാണ്. ഇതുമൂലം പല വണ്ടികളും വൈകുന്നു. വണ്ടി വൈകുന്നതിന്റെ കാരണം എന്തെന്ന് അന്വേഷിക്കാതെ, വണ്ടികളുടെ വൈകിയ യാത്രകളെ പഴിക്കാനും മന്ത്രാലയത്തെ കുറ്റപ്പെടുത്താനും യാത്രക്കാര്‍ മുതിരുകയാണ്. ഏതാനും മാസങ്ങള്‍ക്കിടെ ഷൊര്‍ണൂര്‍ ഡിവിഷനില്‍മാത്രം 400 കിലോമീറ്റര്‍ സ്ലീപ്പര്‍മാറ്റം നടന്നു എന്ന വാര്‍ത്ത അവിശ്വസനീയമാണെങ്കിലും യാഥാര്‍ത്ഥ്യമാണ്. എല്ലാ രംഗത്തും മാറ്റത്തിന്റെ സുഗന്ധം റെയില്‍വേ അനുഭവിക്കുകയാണ്. ഏറ്റവും തിരക്കേറിയ റെയില്‍വേ പാതയായ ഷൊര്‍ണൂര്‍-എറണാകുളം റൂട്ട് മൂന്നു ലൈനുകളാക്കാന്‍ 196 കോടിയും, കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളില്‍ 20 നടപ്പാലങ്ങള്‍ നിര്‍മ്മിക്കുന്നതിനായി 30 കോടിയും അടുത്തിടെ അനുവദിച്ചു.
തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍ ഈ വര്‍ഷം ചെലവഴിക്കുന്നതിനായി 960 കോടിയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. പാത ഇരട്ടിപ്പിക്കലിനും ഡിവിഷനുകളുടെ മറ്റാവശ്യത്തിനുമായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട തലശ്ശേരി- മൈസൂര്‍ റെയില്‍പാതയ്ക്കെതിരെ പരിസ്ഥിതി പ്രശ്നം ചൂണ്ടിക്കാണിച്ച് കര്‍ണാടക സര്‍ക്കാര്‍ എതിര്‍പ്പ് അറിയിച്ചതിനാല്‍ പദ്ധതിക്ക് അംഗീകാരം ലഭിച്ചില്ല. സിപിഎം കണ്ണൂര്‍ ലോബിയെ സന്തോഷിപ്പിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത പദ്ധതിക്ക് പകരം നഞ്ചങ്കോട്- നിലമ്പൂര്‍ റെയില്‍വേ ലൈനിനു വേണ്ടിയുള്ള ആവശ്യമാണ് ഉന്നയിക്കേണ്ടിയിരുന്നത്. ഈ പാത യാഥാര്‍ത്ഥ്യമായാല്‍ തിരുവനന്തപുരം-മൈസൂര്‍ യാത്രയ്ക്ക് ആറു മണിക്കൂര്‍ വരെ ലാഭിക്കാമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വടക്കുനിന്നും തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനുകള്‍ക്ക് നിര്‍ത്തുവാനാവശ്യമായ ലൈനുകള്‍ ഇല്ലാത്തതും പ്ലാറ്റ്ഫോമുകളുടെ അപര്യാപ്തതയും പരിഹരിക്കുന്നതിനായാണ് കേന്ദ്ര സര്‍ക്കാര്‍ നേമം കോച്ചിങ് ടെര്‍മിനല്‍ എന്ന ആശയം മുന്നോട്ട് വച്ചത്. ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ തത്ത്വത്തില്‍ അംഗീകാരം ലഭിച്ചെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയും 600 കോടി അംഗീകരിക്കുകയും ചെയ്തു. ഇതില്‍ ആദ്യഘട്ടം എന്ന നിലയ്ക്കാണ് 77.30 കോടി അനുവദിച്ചത്.
ഏറെക്കാലമായ സ്വപ്നത്തിന്റെ ആദ്യപടിയായാണ് ഇതിനെ കാണുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നിലവിലുള്ള ഇരട്ടപ്പാതയ്ക്ക് സമാന്തരമായി മൂന്നാമത്തെയും നാലാമത്തെയും പാത നിര്‍മിക്കാനുളള നിര്‍ദേശം ബോര്‍ഡ് ചെയര്മാന് അശ്വനി ലൊഹാനി അംഗീകരിച്ചു. അതിവേഗ ട്രെയിനുകളാണ് നിര്‍ദ്ദിഷ്ട പാതകളില്‍ കേരളം ഉദ്ദേശിച്ചത്. എന്നാല്‍ അതിവേഗ വണ്ടികള്‍ ഓടിക്കാന്‍ സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടെന്നും സെമി സ്പീഡ് ട്രെയിനുകള്‍ പരിഗണിക്കാമെന്നും ലൊഹാനി സര്‍ക്കാരിന് ഉറപ്പുനല്‍കി. ഇത് സംബന്ധിച്ച് സര്‍വെ നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍ വരെ 125 കിലോമീറ്ററില്‍ നിലവിലുളള ബ്രോഡ്ഗേജ് ലൈനിന് സമാന്തരമായി മൂന്നും നാലും ലൈനുകള്‍ ഇടുന്നതിന് റെയില്‍ ഡവലപ്മെന്റ് കോര്പ്പറേഷന് ഇതിനകം വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്. അതേസമയം, കാസര്‍കോട് വരെ പുതിയ പാതകള്‍ പണിയാനാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുളളത്. ഇതിന് മൊത്തം 16,600 കോടി രൂപയാണ് ചെലവ്. ലൈനുകള്‍ക്ക് ശേഷിയില്ലാത്ത സാഹചര്യത്തില്‍ പുതിയ ലൈനുകള്‍ക്ക് റെയില്‍വേയുമായി ചേര്‍ന്ന് മുതല്‍ മുടക്കാന്‍ കേരളം തയാറായിട്ടുണ്ട്.
കഴിഞ്ഞ പത്തു മാസംകൊണ്ട് നേമം മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ വിശദാംശം അത്ഭുതാവഹമാണ്. ഇത് തുടക്കം മാത്രമാണ്. കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഇനി വരുന്ന ദിവസങ്ങളില്‍ മണ്ഡലത്തില്‍ നടപ്പില്‍ വരുത്തുന്നതിന് എംഎല്‍എകൂടിയായ ഒ. രാജഗോപാല്‍ അക്ഷീണ പരിശ്രമത്തിലാണ്. ഏഴ് പിറ്റ് ലൈനുകള്‍ ഉള്‍പ്പെടെ നേമം റെയില്‍വേ സ്റ്റേഷന് വിപുലീകരിക്കുന്നതിനുള്ള വിശദമായ പ്രോജക്ട് തയ്യാറാക്കുന്നതിന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ സ്ഥലം സന്ദര്‍ശിക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ സംസ്ഥാന സര്‍ക്കാരിനോട് എംഎല്‍എ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നേമം പ്രദേശത്തിന്റെ സമ്പൂര്‍ണ വികസനത്തിന് കേന്ദ്രസഹായത്തോടെ ബൃഹത്തായ പദ്ധതികളാണ് വരാന്‍ പോകുന്നതെന്നത് വളരെ ആശ്വാസകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: