കണ്ണൂര്‍ ജില്ലയിലെ കീഴാറ്റൂര്‍ വയല്‍നികത്തി ഹൈവേ നിര്‍മ്മാണത്തിനെതിരെ സമരം തുടങ്ങിയിട്ട് ഒന്നര വര്‍ഷമായി. ഇതിനിടെ ഒരിക്കല്‍പ്പോലും ആര്‍എസ്എസ് ഒരുനിലയ്‌ക്കും ഈ സമരത്തില്‍ ഇടപെട്ടിട്ടില്ല. എന്നിട്ടും വയല്‍ക്കിളി സമരത്തിന് രൂപം നല്‍കിയത് ആര്‍എസ്എസ് ഉള്‍പ്പെടെ ഏതാനും സംഘടനകളാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിക്കുന്നത്. കീഴാറ്റൂര്‍ പ്രദേശം പാര്‍ട്ടി ഗ്രാമമാണ്. ചെങ്കൊടിയല്ലാതെ മറ്റൊരു കൊടിയും അവിടെ പൊങ്ങാറില്ല, പൊക്കാറുമില്ല. ആര്‍എസ്എസ് എന്ന പ്രസ്ഥാനത്തിന് സംഘടനാപരമായി ഒരു സ്വാധീനവും ഇല്ലാത്ത സ്ഥലത്ത് ആര്‍എസ്എസ് സിപിഎമ്മിനെതിരെ സമരത്തിന് രൂപം നല്‍കി എന്ന പ്രസ്താവന ശുദ്ധമായ ഭാഷയില്‍ പറഞ്ഞാല്‍ ഭോഷ്‌ക്കാണ്. ആടിനെ പട്ടിയാക്കുകയും പട്ടിയെ പേപ്പട്ടിയാക്കുകയും ശേഷം തല്ലിക്കൊല്ലുകയും ചെയ്യുക എന്ന സമീപനമാണ് സിപിഎം എപ്പോഴും ആര്‍എസ്എസിന്റെ കാര്യത്തില്‍ സ്വീകരിക്കുന്നത്. കീഴാറ്റൂര്‍ സമരത്തിന്റെ പേരില്‍ സമീപ പ്രദേശത്തേയോ സംസ്ഥാനത്തിന്റെ തന്നെയോ നേതൃത്വത്തിലുള്ളവരോ ആയ ആര്‍എസ്എസുകാരെ കള്ളക്കേസില്‍പ്പെടുത്തി ദ്രോഹിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് കോടിയേരിയുടെ ആരോപണത്തിന്റെ ലക്ഷ്യം. ഇത് പി. ജയരാജന്റെ കുബുദ്ധിയില്‍ ഉദിച്ചതാണ്. ജയരാജന്‍ നേരത്തെ വാര്‍ത്താലേഖകരോട് പറഞ്ഞതാണ് കോടിയേരി ഇപ്പോള്‍ ഏറ്റുപിടിച്ചിട്ടുള്ളത്.
ആര്‍എസ്എസ് കീഴാറ്റൂര്‍ സമരത്തില്‍ നേരിട്ട് പങ്കെടുക്കുന്നില്ലെങ്കിലും വയല്‍ക്കിളികള്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളോട് വിയോജിപ്പുണ്ടാവില്ല. ഒരു പ്രദേശത്തെ പാവപ്പെട്ടവരുടെ ജീവന്മരണ പ്രശ്‌നമാണ് അവര്‍ ഉയര്‍ത്തിയിരിക്കുന്നത്. മണ്ണും വയലും ജലവും വീടും നഷ്ടപ്പെടുന്നവരുടെ ആകുലതയോടൊപ്പം നില്‍ക്കാനേ മനുഷ്യത്വത്തിന് മുന്‍ഗണന നല്‍കുന്ന പ്രസ്ഥാനത്തിന് സാധിക്കൂ. എന്നാല്‍ മാനവികതയും പാരിസ്ഥിതിക മുദ്രാവാക്യവും ഉയര്‍ത്തുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പാവപ്പെട്ടവരുടെ വയലും കുടിലും കൃഷിയും ജീവനോപാധികളും തരിപ്പണമാക്കിയേ അടങ്ങൂ എന്ന് വാശിപിടിക്കുന്നതിന്റെ പൊരുളാണ് മനസ്സിലാകാത്തത്. നല്ല ദേശീയപാത നാട്ടിന്റെ അതിവേഗ വികസനത്തിന് അനിവാര്യമാണെന്നതിന് ഒരു സംശയവുമില്ല. വികസനം ആര്‍ക്കുവേണ്ടി എന്നതാണ് മുഖ്യവിഷയം. ജനങ്ങളെയും പരിസ്ഥിതിയേയും നശിപ്പിച്ചുള്ള വികസനത്തിനാണോ സിപിഎം പ്രാമുഖ്യം നല്‍കുന്നത്. ആരെതിര്‍ത്താലും കീഴാറ്റൂരില്‍ക്കൂടി തന്നെ ഹൈവേ പണിയുമെന്ന് ധിക്കാരത്തോടെ പ്രസ്താവിക്കുന്ന ഭരണാധികാരികള്‍ക്ക് ജനാധിപത്യത്തിന്റെ ഭാഷയറിയില്ല. വയല്‍ക്കിളികളില്‍ രണ്ട് ശതമാനം മാത്രമേ ഇപ്പോള്‍ എതിരഭിപ്രായക്കാരുള്ളൂ എന്നാണ് സ്ഥലം എംഎല്‍എ പറയുന്നത്. രണ്ട് ശതമാനക്കാരിലാണ് ന്യായമുള്ളതെങ്കില്‍ അവരോടൊപ്പമല്ലേ സര്‍ക്കാര്‍ നില്‍ക്കേണ്ടത്?
‘നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ’ എന്ന് ചൊല്ലിക്കൊടുത്ത പാര്‍ട്ടിയാണ് വയല്‍ക്കിളികളെ തള്ളിപ്പറയുന്നത്. സമരക്കാര്‍ കഴുകന്മാരും എരണ്ടകളുമെന്നാണ് കുറ്റപ്പെടുത്തല്‍. അധികാരത്തിലെത്തുംമുന്‍പ് പൈങ്കിളിയായവര്‍ അധികാരം ലഭിച്ചപ്പോള്‍ കഴുകന്മാരാവുകയാണോ ? കീഴാറ്റുരില്‍ തണ്ണീര്‍ത്തടവും നെല്‍വയലും നഷ്ടപ്പെടാതിരിക്കാന്‍ ആകാശപാത (എലിവേറ്റഡ് ഹൈവേ) നിര്‍മ്മിക്കണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വച്ചു എന്നാണ് കോടിയേരി പറയുന്നത്. അക്കാര്യം എന്തേ മുഖ്യമന്ത്രി ദല്‍ഹിയിലെത്തി കേന്ദ്രമന്ത്രി ഗഡ്ഗരിയെ കണ്ടപ്പോള്‍ ആവശ്യപ്പെട്ടിട്ടില്ല? കേരളത്തില്‍ പറഞ്ഞതിനപ്പുറമൊന്നും പറയാനില്ലെന്നല്ലേ മാധ്യമ പ്രവര്‍ത്തകരെ മുഖ്യമന്ത്രി അറിയിച്ചത്. എന്നിട്ടാണ് ആകാശപാതയ്‌ക്ക് വേണ്ടിയാണ് ബിജെപി ആവശ്യപ്പെടേണ്ടതെന്ന് പാര്‍ട്ടി സെക്രട്ടറി പറയുന്നത്. കീഴാറ്റൂര്‍ വയല്‍ക്കിളി സമരനായകരെല്ലാം സിപിഎമ്മുകാരാണ്. സമരം നടത്തിയതിന് 11 പാര്‍ട്ടി പ്രവര്‍ത്തകരെ ഇതിനകം നീക്കി. പാര്‍ട്ടി നിലപാട് തുടരുകയാണെങ്കില്‍ കീഴാറ്റൂരില്‍ നിന്നും ജനങ്ങള്‍ സിപിഎമ്മിനെ നീക്കും. പശ്ചിമബംഗാളിലെ നന്ദിഗ്രാമും സിംഗൂരുമായി കീഴാറ്റൂര്‍ മാറും. അതിന് ആര്‍എസ്എസിന്റെ മേല്‍ കുതിരകയറിയിട്ട് ഒരു കാര്യവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: